One nation one election, concept illustration
One nation one election, concept illustrationImage by starline on Freepik

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്: ചെലവിനൊപ്പം ചുരുങ്ങുന്നത് വൈവിധ്യവും ഫെഡറലിസവും

സിഎഎയ്ക്കും യുസിസിക്കും ശേഷം കേന്ദ്ര സർക്കാർ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' എന്ന പദ്ധതിയുമായി മുന്നോട്ടു പോയാൽ ജനാധിപത്യത്തിന്‍റെയും ഫെഡറൽ സംവിധാനത്തിന്‍റെയും അടിസ്ഥാനതത്വങ്ങൾ തന്നെ തകർക്കപ്പെടാം.

അജയൻ

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ കഴിഞ്ഞു. പിന്നാലെ പരിവർത്തനത്തിന്‍റെ ഒരു പരമ്പര തന്നെ അണിയറയിൽ ഒരുങ്ങുകയായി. ഏറെ ചർച്ച ചെയ്യപ്പെട്ട പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന് ഒരു കേന്ദ്രമന്ത്രി ഊന്നിപ്പറയുന്നു. അതോടൊപ്പം, ഏക സിവിൽ കോഡിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിക്കൊണ്ട്, ഉത്തരാഖണ്ഡ് നിയമസഭയിലെ ബില്ലവതരണത്തിലൂടെ ആദ്യ നീക്കവും നടത്തി. ഇപ്പോൾ 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ആശയം രാജ്യത്തുടനീളം വ്യാപിക്കുന്നു. രാജ്യത്തിന്‍റെ മുഖമുദ്രയായ വൈവിധ്യത്തിന്‍റെയും ബഹുസ്വരതയുടെയും സമൃദ്ധിയെ തന്നെ നിരാകരിക്കുന്ന ആശയമാണ് ഈ ഉദ്യമങ്ങളിൽ ഓരോന്നിന്‍റെയും അന്തർലീനമായ ആശയം എന്നത് യാദൃച്ഛികമല്ല.

രാജ്യത്തെ ആശ്ചര്യപ്പെടുത്തുകയും പുതിയതെന്തെങ്കിലും ആഗ്രഹിക്കുന്ന ഒരു ജനതയ്ക്കു മുന്നിൽ പുതിയൊരു മാതൃക മുന്നോട്ടുവയ്ക്കുകയും ചെയ്തുകൊണ്ട്, പതിവ് ചോദ്യോത്തര വേളയില്ലാതെ അസാധാരണമായ ഒരു പാർലമെന്‍റ് സമ്മേളനം വിളിച്ചുകൂട്ടുന്നു. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്‍റെ സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതിയുടെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിക്കുന്നതിന്‍റെ പ്രഖ്യാപനം, ആ സെഷനിൽ പെട്ടെന്നുണ്ടായ വെളിപ്പെടുത്തൽ വരെ, രഹസ്യ അജൻഡയായി തുടരുകയായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയ, സംഘടനാ നേതാക്കളുമായും സുപ്രീം കോടതി ജഡ്ജിമാരുമായും മുൻ രാഷ്‌ട്രപതി മുൻകൂർ കൂടിയാലോചനകളിൽ ഏർപ്പെട്ട സാഹചര്യത്തിൽ, ഇങ്ങനെയൊരു നീക്കത്തിന്‍റെ സൂചനകൾ വ്യക്തമാണ്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ പരമാധികാരമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ ഈ ഉദ്യമത്തിൽ നിന്ന് ബോധപൂർവം ഒഴിവാക്കുന്നത് നടപടിക്രമങ്ങളിൽ അവ്യക്തത സൃഷ്ടിക്കുന്നു. ആകസ്മികമായി, സുപ്രീം കോടതിയുടെ നിർദേശപ്രകാരം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള നാമനിർദേശങ്ങൾ തീരുമാനിക്കാനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്‍റെ യുക്തി എന്നത്, സമയം, ചെലവ്, വിഭവശേഷി എന്നിവ ലാഭിക്കുന്നതിന്‍റെ ഗുണങ്ങളെ ചുറ്റിപ്പറ്റിയാണ്. പ്രാദേശികമോ ഫെഡറലോ ആകട്ടെ, ഓരോ തെരഞ്ഞെടുപ്പും ഭരണഘടനയുടെ അടിസ്ഥാന തത്വമായ ഫെഡറൽ ഘടനയ്ക്കുള്ളിൽ, ഫെഡറൽ ഹിതപരിശോധനയുടെ വിശാലമായ പ്രതിഫലനമായി കണക്കാക്കാം. ഓരോ സംസ്ഥാനത്തിനുള്ളിലെയും രാഷ്‌ട്രീയ ചലനാത്മകതയാൽ രൂപീകരിക്കപ്പെട്ട നിയമസഭകളുടെ കാലാവധി ലോക്‌സഭയുടെ കാലാവധിയിൽ നിന്ന് തികച്ചും സ്വതന്ത്രമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. നിയമസഭകളുടെയും പാർലമെന്‍റിന്‍റെയും കാലയളവ് ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതിൽനിന്നുള്ള ഏതു വ്യതിയാനവും ഭരണഘടനയുടെ ലംഘനമാണ്.

നിർണായക വിഷയമായ ചെലവുചുരുക്കലിനു മേൽ അടിസ്ഥാനപരമായ ഒരു ചോദ്യം ഉയരുന്നു: ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ തങ്ങളുടെ ഗവൺമെന്‍റിനെ തെരഞ്ഞെടുക്കാനുള്ള അന്തർലീനമായ അവകാശം ജനങ്ങൾക്കില്ലേ, ഈ വിശുദ്ധ ജനാധിപത്യ പ്രക്രിയയ്ക്കുവേണ്ടി ചെലവഴിക്കുന്ന ഏതു തുകയും ആ രീതിയിൽ ന്യായീകരിക്കപ്പെടുന്നില്ലേ? തെരഞ്ഞെടുപ്പുകളിൽ പാർട്ടികളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കും. ഉത്തരവാദിത്വം എത്രത്തോളം കൂടുന്നോ, ചെലവുമായി താരതമ്യം ചെയ്യുമ്പോൾ അതിന്‍റെ ഗുണങ്ങളും അത്രയും അധികമാണ്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുംചെയ്യും.

തെരഞ്ഞെടുപ്പ് രണ്ട് സമയത്തായി നടത്തുമ്പോൾ, സംസ്ഥാനങ്ങളിൽ രണ്ടു വട്ടം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നു എന്ന വാദവും നിലവിലുണ്ട്. എന്നാൽ, ഇതും ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പുതിയ ആശയത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്ര ദീർഘമായ കാലയളവിലേക്ക് ഭരണ നിർവഹണം തടസപ്പെടുത്തുന്നതല്ല പെരുമാറ്റച്ചങ്ങളുടെ കാലപരിധി. കാലക്രമേണ സാധാരണമായിത്തീർന്ന ഒരു സമ്പ്രദായമാണിത്. പെരുമാറ്റച്ചട്ടം കാരണം ഭരണനിർവഹണത്തിൽ ഗുരുതരമായ തടസം നേരിട്ടതായി ഇതുവരെ ഒരു അനുഭവവും രാജ്യത്തില്ലതാനും. ജനാധിപത്യത്തിൽ വോട്ടർക്കു തന്നെയാണ് മുഖ്യം.

പഴകിപ്പതിഞ്ഞ ക്ലീഷേകൾ ഉപയോഗിച്ചുള്ള ഈ ഉദ്യമത്തിന് പിന്നിലെ യുക്തിയും, രാഷ്‌ട്രീയ മണ്ഡലത്തെ അട്ടിമറിക്കാനുള്ള സാധ്യതയും, അതേസമയത്തു തന്നെ സജീവമായ രാഷ്‌ട്രീയ ഇടപെടലിൽ നിന്ന് ആളുകളെ മാറ്റിനിർത്തുന്നതിനുള്ള സാധ്യതയും പ്രസക്തമായ ചോദ്യങ്ങളായി അവശേഷിക്കുന്നു.

ഖേദകരമെന്നു പറയട്ടെ, പ്രചാരണത്തിന്‍റെ ഒരു ഘടകമെന്ന നിലയിലുള്ള ജനപ്രിയ മുദ്രാവാക്യങ്ങളുടെ അതിപ്രസരം കാലക്രമേണ സ്വതന്ത്രമായ നിലപാടുകൾ രൂപീകരിക്കുന്നതിനുള്ള ജനതയുടെ ശേഷിയെ ഇല്ലായ്മ ചെയ്യുന്നതാണ്. സ്വന്തം അസ്ഥിത്വം ബാഹ്യമായ പ്രേരണകളാൽ നിർണയിക്കപ്പെടുന്ന പ്രവണതയിലേക്കാണ് ഇതു പൗരൻമാരെ നയിക്കുന്നത്. അവർക്കു മുന്നോട്ടുപോകാൻ കാലാകാലങ്ങളിൽ പുതിയ കാഴ്ചപ്പാടുകൾ നൽകേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതായും മാറുന്നു.

നിർഭാഗ്യവശാൽ, ഏകതാനതയിലേക്കു മാറാനുള്ള ഈ ശ്രമം, ജർമൻ തത്ത്വചിന്തകയായ ഹന്ന ആരെൻഡിന്‍റെ ഉൾക്കാഴ്ചകളുമായി ചരിത്രപരമായ യാദൃച്ഛികതയുണ്ട്. ഏകീകൃതവും ഏകതാനവുമായ ആശയത്തിലൂടെ ഒരു ഏകാധിപത്യ ഭരണം രൂപീകരിക്കുന്നതിനെക്കുറിച്ചാണ് അവർ പറയുന്നത്. ജനതയെ വൈവിധ്യമാർന്ന ശബ്ദങ്ങൾക്ക് ഒരേ താളം അടിച്ചേൽപ്പിക്കാനുള്ള ഏതു ശ്രമവും വൈവിധ്യത്തെയും ബഹുസ്വരതയെയും അപകടത്തിലാക്കുന്നതാണ്.

Trending

No stories found.

Latest News

No stories found.