പ്രത്യേക ലേഖകൻ
പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ഇതുവഴി സമയവും പണവും ലാഭിക്കാമെന്നു ബിജെപി പറയുമ്പോൾ, ഇത് പ്രായോഗികമല്ലെന്ന വാദമാണ് കോൺഗ്രസ് അടക്കമുള്ള പന്ത്രണ്ട് രാഷ്‌ട്രീയ പാർട്ടികൾ മറുവാദം ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന രീതി ഇന്ത്യയിൽ മുൻപ് നിലവിലുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. ഇന്ത്യ സ്വതന്ത്രമായ ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പ് (1951-52) ഒരുമിച്ചായിരുന്നു. അതിനു ശേഷം 1967 വരെ ഇതേ പതിവാണ് തുടർന്നത്.
എന്നാൽ, 1968, 1969 വർഷങ്ങളിൽ ചില സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുകയും, 1970ൽ ലോക്‌സഭ തന്നെ പിരിച്ചുവിടുകയും ചെയ്തതോടെ ഈ ചാക്രികതയ്ക്ക് മാറ്റം വന്നു.
ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം ഏഴ് സംസ്ഥാന നിയമസഭകളിലേക്കു മാത്രമാണ് തെരഞ്ഞെടുപ്പുള്ളത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം ഈ വർഷം ആന്ധ്ര പ്രദേശ്, സിക്കിം, ഒഡീശ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുണ്ടായിരുന്നു. ഈ വർഷം തന്നെ മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാകും.
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാൻ ഭരണഘടനയുടെ 83ാം അനുച്ഛേദം ഭേദഗതി ചെയ്യണം. അതിനുള്ള ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും. എന്നാൽ, ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഭരണ മുന്നണിക്ക് രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 52 സീറ്റിന്‍റെയും ലോക്സഭയിൽ 72 സീറ്റിന്‍റെയും കുറവുണ്ട്. പ്രതിപക്ഷത്തെ ചില പാർട്ടികളുടെ കൂടി സഹകരണമില്ലാതെ ബിൽ പാസാകില്ലെന്നർഥം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു വേണ്ടി ഒരു ബില്ലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്കു വേണ്ടി മറ്റൊരു ബില്ലുമാണ് അവതരിപ്പിക്കുക. അനുബന്ധമായി, സംസ്ഥാന നിയമസഭകളുടെ കാലാവധി നിഷ്കർഷിക്കുന്ന 172ാം അനുച്ഛേദം, നിയമസഭകൾ പിരിച്ചുവിടുന്നതു സംബന്ധിച്ച 174ാം അനുച്ഛേദം, സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള 356ാം അനുച്ഛേദം എന്നിവയും ഭേദഗതി ചെയ്യേണ്ടതുണ്ട്.
2029ൽ പുതിയ ആശയം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. അതായത്, നിലവിലുള്ള ലോക്സഭയുടെ കാലാവധി പൂർത്തിയാകുന്ന സമയത്ത്. എന്നാൽ, ഇതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി നടത്തുമ്പോൾ, 23 സംസ്ഥാനങ്ങളിലെ നിയമസഭകൾ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയിട്ടുണ്ടാകില്ല. അവയെല്ലാം പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താനാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയിരിക്കുന്ന ശുപാർശ.
ഉദാഹരണത്തിന്, അടുത്ത വർഷം ഡൽഹിയിൽ അധികാരത്തിലേറുന്ന സർക്കാർ 2029ൽ നാലു വർഷമേ പൂർത്തിയാക്കൂ. 2028ൽ കർണാടക ഭരണമേൽക്കുന്ന സർക്കാരിന് 12 മാസമേ ഭരിക്കാനാകൂ.
ഇതിനു പുറമേ, 2029ൽ ഒരുമിച്ച് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നു എന്നു കരുതുക. ലോക്സഭയോ ഏതെങ്കിലും നിയമസഭയോ കാലാവധി കഴിയും മുൻപേ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക തന്നെയാണ് മാർഗം. എന്നാൽ, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സഭയ്ക്ക് അഞ്ച് വർഷം തികയ്ക്കാൻ ശേഷിക്കുന്ന കാലയളവിലേക്ക് മാത്രമായിരിക്കും കാലാവധി. ഉദാഹരണത്തിന്, 2029ൽ തെരഞ്ഞെടുക്കപ്പെടുന്ന കേരള നിയമസഭ 2031ൽ പിരിച്ചുവിട്ടാൽ, തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുന്ന സർക്കാരിന് പിന്നെ മൂന്നു വർഷം മാത്രമായിരിക്കും കാലാവധി.
യഥാർഥത്തിൽ 2015ലെ തെരഞ്ഞെടുപ്പ് കമ്മിഷനും ഇടക്കാല തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച് സമാനമായൊരു ശുപാർശ കേന്ദ്ര സർക്കാരിനു നൽകിയിരുന്നതാണ്.
ഇതിന് അനുബന്ധമായി, നിയമസഭയിലോ ലോക്സഭയിലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ, അതിനൊപ്പം ഒരു വിശ്വാസ പ്രമേയം കൂടി അവതരിപ്പിക്കണമെന്നും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. അതായത്, ഒരു സർക്കാരിൽ സഭയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി പ്രമേയം അവതരിപ്പിക്കുമ്പോൾ, പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരിൽ വിശ്വാസം അർപ്പിക്കുന്നു എന്നു കൂടി വ്യക്തമാക്കണം എന്നു സാരം.
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന മാതൃക ആദ്യമായി മുന്നോട്ടു വയ്ക്കുന്ന രാജ്യമല്ല ഇന്ത്യ ദക്ഷിണാഫ്രിക്ക, സ്വീഡൻ, ബെൽജിയം, യുകെ എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ തന്നെ ഈ രീതി നിലവിലുള്ളതാണ്. 2017ൽ നേപ്പാളും ഈ മാതൃക സ്വീകരിച്ചിരുന്നെങ്കിൽ പിന്നീട് പഴയ രീതിയിലേക്കു തിരിച്ചുപോയിരുന്നു.