കേരള വികസനത്തിന് ദിശാബോധം നല്‍കിയ നേതാവ്

പുതുപ്പള്ളിയിലെ ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഒന്നൊഴിയാതെ പങ്കുചേരുന്ന നിയമസഭാ സാമാജികനായി ഇരിക്കെത്തന്നെ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഒരാശ്രയമായി വിളിപ്പുറത്തു അദ്ദേഹം ഉണ്ടായിരുന്നു
oommen chandy who gave direction to the development of kerala
കേരള വികസനത്തിന് ദിശാബോധം നല്‍കിയ നേതാവ്
Updated on

അഡ്വ. പി.എസ്. ശ്രീകുമാര്‍

ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്‍റെ ശക്തിയും ദൗര്‍ബല്യവും ആള്‍ക്കൂട്ടമായിരുന്നു. അദ്ദേഹം എവിടെ പോയാലും ജനങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ച് അവിടെ എത്തുമായിരുന്നു. അദ്ദേഹം തെല്ലും ഇഷ്ടപ്പെടാതിരുന്നത് ഏകാന്തതയായിരുന്നു. അദ്ദേഹം ജനങ്ങളോട് കാണിച്ച സ്‌നേഹവും, കരുണയും അനുകമ്പയും ജനങ്ങള്‍ പതിന്മടങ്ങായി തിരിച്ചുനല്‍കുന്ന കാഴ്ചയാണ് അദ്ദേഹത്തിന്‍റെ കല്ലറയിലേക്കുള്ള ഒരു വര്‍ഷത്തോളമായി തുടരുന്ന ജനപ്രവാഹം..

പുതുപ്പള്ളിയിലെ ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഒന്നൊഴിയാതെ പങ്കുചേരുന്ന നിയമസഭാ സാമാജികനായി ഇരിക്കെത്തന്നെ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഒരാശ്രയമായി വിളിപ്പുറത്തു അദ്ദേഹം ഉണ്ടായിരുന്നു. അതിലൊന്നും രാഷ്‌ട്രീയ പരിഗണനകള്‍ കടന്നുവന്നിരുന്നില്ല. ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും അതിനു യാതൊരു മാറ്റവുമിലായിരുന്നു. 2004ല്‍ സുനാമി തിരമാലകള്‍ തീരപ്രദേശങ്ങളില്‍ ആഞ്ഞുവീശിയപ്പോളും, 2018 ല്‍ കേരള ജനതയെ പ്രളയം വിഴുങ്ങിയപ്പോളും, 2020ല്‍ കേരളത്തിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികളെ കൊറോണ മഹാമാരി കാര്‍ന്നു തിന്നപ്പോളും മലയാളികളുടെ ആശ്രയവും അത്താണിയുമായി ഉമ്മന്‍ ചാണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. കോറോണയുടെ പിടിയില്‍ നാടു മുഴുവന്‍ അമര്‍ന്നപ്പോള്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികളാണ് അദ്ദേഹത്തിന്‍റെ സഹായത്തിനായി ഫോണില്‍ വിളിച്ചത്. കേരള ജനത ഇത്രമാത്രം സ്‌നേഹവും വാത്സല്യവും നല്‍കിയ മറ്റൊരു നേതാവില്ല.

വിമര്‍ശനം അനിവാര്യം

രണ്ടാം തവണ മുഖ്യമന്ത്രി അവസരത്തില്‍ പ്രമുഖ നടനായ സിദ്ദീഖ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍, പൊതുരംഗത്ത് അദ്ദേഹത്തെ നയിക്കുന്ന തത്വം എന്താണെന്ന് വ്യക്തമാക്കി. ""ജനാധിപത്യത്തില്‍ എതിര്‍പ്പ് തെറ്റല്ല. സമരങ്ങള്‍ വേണ്ടിവരും. അതൊക്കെ ജനാധിപത്യത്തിന് ശക്തിപകരുന്ന ഘടകങ്ങളാണ്. എനിക്കുള്ള ഏറ്റവും വലിയ ശക്തി, എനിക്കെതിരെയുള്ള വിമര്‍ശനങ്ങളാണ്. കാരണം, ഞാനെപ്പോഴും കെയര്‍ ഫുള്ളായിരിക്കും. ചെറിയ തെറ്റുപോലും വിമര്‍ശിക്കപ്പെടുമെന്നു പറയുമ്പോള്‍ വളരെ സൂക്ഷിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ജനാധിപത്യത്തില്‍ വിമര്‍ശനവും പ്രതിപക്ഷവും എല്ലാം വേണം''.

വിശ്വസിക്കുന്നത് പറയുകയും, പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം, ഭരണത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയൊന്നും അസഹിഷ്ണതയോടെ കാണുകയോ, വിമര്‍ശകരെ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതുള്‍ക്കൊള്ളാന്‍ അദ്ദേഹം മടിച്ചിട്ടുമില്ല. ഇതേ സമീപനം തന്നെയായിരുന്നു വികസന കാര്യങ്ങളിലും അദ്ദേഹത്തെ നയിച്ചത്. ദീര്‍ഘ ദൃഷ്ടിയോടെയായിരുന്നു വികസനകാര്യങ്ങളെ അദ്ദേഹം സമീപിച്ചിരുന്നത്.

ഭരണരംഗത്തേക്കുള്ള പ്രവേശനം

ഭരണ രംഗത്ത് അദ്ദേഹം പ്രവേശിച്ചത്, 1977ല്‍ ആദ്യം കെ. കരുണാകരന്‍റെയും, പിന്നീട് എ.കെ.ആന്‍റണിയുടേയും മന്ത്രിസഭകളില്‍, തൊഴില്‍-ഭവന മന്ത്രിയായായിട്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയിലെ അധസ്ഥിത വിഭാഗങ്ങള്‍ താമസിച്ചിരുന്ന, ചേരികള്‍ മാറ്റി ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ഇന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം അദ്ദേഹം തൊഴില്‍ മന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ് നടപ്പിലാക്കിയത്. അസംഘടിതരായിരുന്ന ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി ക്ഷേമനിധി ബില്ലു പാസാക്കിയതും തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ശ്രമത്തിലായിരുന്നു..

1981ല്‍ ആഭ്യന്ത മന്ത്രി എന്ന നിലയില്‍ പൊലീസില്‍ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചു. ബ്രിട്ടീഷ് ഭരണ കാലം മുതല്‍ പൊലീസിന്‍റെ യൂണിഫോം ആയിരുന്ന ട്രൗസര്‍ മാറ്റി പാന്‍റ്‌സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളി പോലത്തെ തൊപ്പി മാറ്റി ഇപ്പോള്‍ ഉപയോഗത്തിലുള്ള തൊപ്പി നല്‍കി. ധനകാര്യ മന്ത്രിയായിരുന്ന അവസരത്തില്‍ കേരളത്തിന്‍റെ ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തന്‍റെ വികസന സ്വപ്നങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുവാന്‍ അദ്ദേഹം ശുഷ്‌കാന്തി കാട്ടി.

2004 ല്‍ മുഖ്യമന്ത്രി ആയപ്പോള്‍, തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ ആധുനികവത്കരിച്ചു. പാളയം അടിപ്പാത സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. ഇതിന്‍റെ ഭാഗമായി രണ്ടു ഫ്ളൈഓവറുകള്‍ നിര്‍മിക്കാനും നടപടി തുടങ്ങി . കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്‌ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി. കോട്ടയവും, ഇടുക്കിയും ഉള്‍പ്പെടെയുള്ള, മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാതാ പദ്ധതിക്ക് തുടക്കമിട്ടു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ ജോലി ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ആഗോള ഐടി കമ്പനികളെ ആകർഷിക്കാന്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനെതിരേ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ കേസുമായി പോയി. അക്കാരണത്താല്‍ കാലതാമസമുണ്ടായെങ്കിലും, ഈ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ചാണ്ടി 2011 ല്‍ വീണ്ടും മുഖ്യമന്ത്രി ആയപ്പോഴാണ്.

വന്‍കിട പദ്ധതികള്‍ക്കായി

സ്ഥലത്തിന്‍റെ ദൗര്‍ലഭ്യവും ഉയര്‍ന്ന വിലയും കാരണം വന്‍കിട വ്യവസായികള്‍ കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്. സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള വന്‍കിട പദ്ധതികള്‍ മാത്രമാണ് കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ഉണ്ടായിരുന്നത്. അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം. കാനഡ സര്‍ക്കാരിന്‍റെ സഹായത്തോടെ 1973 ല്‍ ഇടുക്കി ജലപദ്ധതി നടപ്പിലാക്കിയതിന് ശേഷം, പിന്നീടുണ്ടായ ഒരു വന്‍കിട പദ്ധതി എന്ന് പറയാവുന്നത് പൊതു- സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശേരി വിമാനത്താവളം മാത്രമായിരുന്നു.

ഡല്‍ഹി മെട്രൊ റെയ്ൽ യാഥാര്‍ഥ്യമായ സമയത്താണ് കൊച്ചി മെട്രൊ എന്ന ആശയം കേരളത്തില്‍ ഉണ്ടാകുന്നത്. ഡല്‍ഹി മെട്രൊയില്‍ ഒരു യാത്ര കഴിഞ്ഞു വന്ന ഉടന്‍ തന്നെ ഇക്കാര്യം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. 2005 ഓഗസ്റ്റില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കൊച്ചി മെട്രൊ നടപ്പാക്കാന്‍ തീരുമാനിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. അപ്പോഴേക്കും തെരഞ്ഞെടുപ്പുകഴിഞ്ഞു അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ അഞ്ചു വർഷവും കൊച്ചി മെട്രൊയെക്കുറിച്ചു ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നതല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതിനൊരു മാറ്റം വരുത്തുവാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ശ്രമിച്ചു. 2005ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ച കൊച്ചി മെട്രൊ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചു.

കൊച്ചി മെട്രൊയ്ക്ക് തടസമായി ഒട്ടേറെ കാര്യങ്ങള്‍ പൊന്തിവന്നു. ഡൽഹി മെട്രൊ റെയ്‌ൽ കോർപ്പറേഷനെ (ഡിഎംആർസി) പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ തടസവാദങ്ങള്‍ ഒരുപാടു ഉന്നയിച്ചു. അതിനെ അതിജീവിച്ചു ഡിഎംആർസിക്ക് ചുമതല നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതേറ്റെടുക്കാന്‍ ഡിഎംആർസി തയാറായില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടിയും, അന്ന് സംസ്ഥാനത്തു റെയ്‌ല്‍വേയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമല്‍നാഥിനെയും ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും നേരിട്ടു കണ്ടാണ് 5,500 കോടി മുതല്‍ മുടക്കുള്ള കൊച്ചി മെട്രൊയുടെ നിര്‍മാണം ഏറ്റെടുപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പു തന്നെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണും നടത്തി.

കൊച്ചി റിഫൈനറി

സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ 1966ല്‍ കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോർപറേഷൻ ഏറ്റെടുത്തു. 2012 ലെ "എമേര്‍ജിങ് കേരള' ആഗോള സംഗമത്തില്‍ പങ്കെടുത്തപ്പോഴാണ് 20,000 കോടി രൂപയുടെ വികസന പദ്ധതിക്ക് ബിപിസിഎല്‍ രൂപരേഖ ഉണ്ടാക്കിയത്. ആഗോള സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബൃഹത്തായ ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. ഇത് നടപ്പിലാക്കാന്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയതിന് പുറമെ, നികുതി ഇളവുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. നാല് വർഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍, ബിപിസിഎല്ലിന്‍റെ കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി ഇത് മാറി. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടിയ മുതൽമുടക്കുള്ള പൊതുമേഖലയിലെ പദ്ധതിയും ഇതാണ്.

വേഴാമ്പലിനെ പോലെ വികസനത്തിന് നോക്കിയിരുന്ന ഉത്തര മലബാറിന് പ്രതീക്ഷനല്‍കിയാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയ ശേഷമാണ് 2,300 കോടി ചെലവ് പ്രതീക്ഷിച്ച നിര്‍മാണ കരാര്‍ എല്‍ആന്‍ഡ്ടി കമ്പനിയെ ഏല്‍പ്പിച്ചത്. 2016 ഫെബ്രുവരിയില്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയാക്കി എയര്‍ഫോഴ്‌സ് വിമാനത്തിന്‍റെ ട്രയല്‍ റണ്ണും നടത്തിക്കുവാന്‍ ഉമ്മന്‍ചാണ്ടിക്കു സാധിച്ചു. വീണ്ടും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഔപചാരിക ഉദ്ഘാടനം പിണറായി സര്‍ക്കാര്‍ നടത്തിയത്.

ബൈപാസുകള്‍ യാഥാര്‍ഥ്യത്തിലേക്ക്

നാല് പതിറ്റാണ്ടായുള്ള കേരളത്തിന്‍റെ ആവശ്യമാണ് പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള നാലുവരി ദേശീയ പാത. ഭൂമി ഏറ്റെടുക്കല്‍, അലൈന്‍മെന്‍റ്, തുടങ്ങിയ തര്‍ക്കങ്ങളില്‍ പെട്ട് ഈ ആവശ്യം ശീതീകരണപ്പെട്ടിയിലായപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനസിലുദിച്ച ആശയമാണ് പ്രധാന നഗരങ്ങളിലെ ഗതാഗത തടസങ്ങള്‍ മറികടക്കാനായി ബൈപാസുകള്‍ മാത്രമായി, ദേശീയപാതാ അഥോറിറ്റിയുടെ അംഗീകാരത്തോടെ നിര്‍മിക്കുവാന്‍ സാധിക്കുമോ എന്നുള്ളത്. തലശേരി, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ദേശീയ പാതയ്ക്കൊപ്പമേ ബൈപാസ് നിര്‍മാണവും നടത്താന്‍ സാധിക്കൂ എന്നായിരുന്നു കേന്ദ്ര നയം.

ദേശീയപാതാ വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. ദേശീയ പാതയ്ക്കായി 45 മീറ്ററില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ പല സംഘടനകളും പ്രക്ഷോഭം നടത്തി സര്‍വെ പോലും നിര്‍ത്തിവയ്ക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്. സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത ബൈപാസുകളെ ഇതില്‍ നിന്നും ഒഴിവാക്കുവാന്‍ പറ്റുമോ എന്ന് ആരായാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ബൈപാസ് വികസന ചെലവിന്‍റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസുകളെയെല്ലാം സ്റ്റാന്‍ഡ് എലോണ്‍ പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തു തന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുകയും, ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവർത്തനങ്ങള്‍ക്കു തുടക്കം കുറിക്കുവാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞു.

വിഴിഞ്ഞം തുറമുഖം

സംസ്ഥാന രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണം. തീരത്തു നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ സ്വാഭാവികമായ 20 മീറ്റര്‍ ആഴം വിഴിഞ്ഞത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താല്‍ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവില്‍, ഇന്ത്യയില്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്‍റ് ടെർമിനലുകളൊന്നും ഇല്ല. ഇതിനായി നമ്മള്‍ ആശ്രയിക്കുന്നതു ദുബായ്, കൊളംബോ, സിംഗപ്പുര്‍ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാല്‍ രാജ്യത്തിന് വിദേശനാണ്യ ഇനത്തില്‍ കോടിക്കണക്കിനു രൂപ ലാഭിക്കാം.

2001ലെ ആന്‍റണി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും കേസുകള്‍ കാരണം മുന്നോട്ടു പോകുവാന്‍ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തും പദ്ധതി കടലാസില്‍ തന്നെയിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. 7,250 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉന്നയിച്ചത്. തിരുവന്തപുരത്തിന്‍റെയും കേരളത്തിന്‍റെയും വികസനത്തില്‍ നിര്‍ണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എല്ലാ തടസവാദങ്ങളെയും അതിജീവിച്ചാണ് അദാനി പോര്‍ട്ടുമായി കരാറുണ്ടാക്കിയത്.

1,000 ദിവസങ്ങള്‍ക്കുള്ളില്‍ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് ശേഷം 2016ല്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്‍റെ പിടിപ്പുകേടു കാരണം, നിർമാണത്തിന്‍റെ ഒമ്പതാം വര്‍ഷത്തിലേക്കു കടന്നപ്പോളാണ് തുറമുഖം പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിച്ചിട്ടുള്ളത്. വിഴിഞ്ഞത്തു നിന്നുമുള്ള റെയ്‌ല്‍വേ ലൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

സബര്‍ബന്‍ റെയ്‌ല്‍

റെയ്‌ല്‍വേ ഗതാഗതത്തിലെ കാലതാമസം ഒഴിവാക്കാനും, റെയ്‌ല്‍വേ ഗതാഗതതിന്‍റെ വേഗത വർധിപ്പിക്കുന്നതിന്‍റെയും ഭാഗമായി, തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്റര്‍ ദൂരത്തില്‍ സബര്‍ബന്‍ ട്രെയ്‌ന്‍ സര്‍വീസ് ആരംഭിക്കാൻ റെയ്ല്‍വേയുമായി ധാരണാപത്രം ഒപ്പുവച്ചു. റെയ്‌ല്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി മുതല്‍ മുടക്കി വേഗതയാര്‍ന്ന ട്രെയ്‌ന്‍ സര്‍വീസ് ആരംഭിക്കുവാനും പിന്നീട് വടക്കന്‍ ഭാഗങ്ങളിലേക്ക് സര്‍വീസ് നീട്ടുവാനുമാണ് ഉദ്ദേശിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിച്ചാണ് കെ- റെയ‌്‌ലിനായി ശ്രമിച്ചത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതത്തിരക്ക് ഒഴിവാവാക്കാൻ മോണോ റെയ്‌ല്‍ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും, അതും പിണറായി സര്‍ക്കാര്‍ വേണ്ടെന്നു വച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ ആശയമായിരുന്നു കേരളത്തില്‍ ഒരു ജീവശാസ്ത്ര പാര്‍ക്ക് സ്ഥാപിക്കണമെന്നത്. ആന്ധ്രയും, തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തില്‍ എത്രയും വേഗം ജീവശാസ്ത്ര പാര്‍ക്ക് സ്ഥാപിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. കെഎസ്ഐഡിസിയോട് പദ്ധതി രേഖ തയാറാക്കാന്‍ ആവശ്യപ്പെു. ഇതിനായി ആദ്യ ഘട്ടത്തില്‍ 75 ഏക്കര്‍ സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലില്‍ ഏറ്റെടുത്തുകൊണ്ട് 2013 ല്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ബിയോടെക്‌നോളജി വിഭാഗം ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ ലൈഫ് സയന്‍സസ് ഇന്‍സ്റ്റിട്യൂട്ടില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാര്‍ക്കുകളില്‍ ഒന്നായി ഇത് മാറി.

കേരളത്തിന് ഐഐടി

കേരളത്തിന്‍റെ ദീര്‍ഘനാളായുള്ള ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐഐടി വേണമെന്നുള്ളത്. ആ സ്വപ്നമാണ് അദ്ദേഹത്തിന്‍റെ ശ്രമഫലമായി 2015ല്‍ പാലക്കാട് സാധിതമായത്. അതുപോലെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തിരുവനന്തപുരത്തെ വിതുരയില്‍ തുടങ്ങാന്‍ സാധിച്ചതും അദ്ദേഹത്തിന്‍റെ നിരന്തരമായ ശ്രമഫലമായാണ്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട് ഒരു സാങ്കേതിക സര്‍വകലാശാല എന്നതും സംസ്ഥനത്തിന്‍റെ ദീര്‍ഘകാല ആവശ്യമായിരുന്നു. അതാണ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത്. മികവിന്‍റെ കേന്ദ്രങ്ങളായ 16 കോളെജുകള്‍ സ്വയംഭരണ കോളെജുകളായി മാറ്റിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു.

ദേശീയ ഗെയിംസ്

2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ നടത്തുവാന്‍ സാധിച്ചത് വലിയ വിജയമായിരുന്നു. കായിക രംഗത്ത് വിവിധ ജില്ലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുവാനും അന്തര്‍ ദേശീയ നിലവാരമുള്ള കളിക്കളങ്ങള്‍ പടുത്തുയര്‍ത്തുവാനും അത് നമ്മെ സഹായിച്ചു. 240 കോടി രൂപ ചെലവില്‍ കാര്യവട്ടത്തു നിര്‍മിച്ച ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം, സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ ആസ്‌ട്രോ ടര്‍ഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂര്‍ മുണ്ടായതെ ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ രാമപുരത്തെ ഷൂട്ടിങ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌ക്വാഷ് കോര്‍ട്ട്, നെട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിങ് റേഞ്ച്, തുടങ്ങി അന്താരാഷ്‌ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്നത്. ഇവ ഇന്ന് വളര്‍ന്നു വരുന്ന കായിക പ്രതിഭകള്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.

പുതിയ മെഡിക്കല്‍ കോളെജുകള്‍

മനസ് മുഴുവന്‍ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മന്‍ ചാണ്ടിയെ ഏറ്റവും ആശങ്കാകുലനാക്കുന്നത് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നമാണ്. കേരളത്തില്‍ ഇതൊരു സാമൂഹിക പ്രശ്‌നം ആണെന്നും, ഒരു പരിധി കഴിഞ്ഞാല്‍ അത് സാമൂഹിക പിരിമുറുക്കമായി മാറും എന്നും, സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരമായി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യ, ശ്രുതി തരംഗം, സുകൃതം, ആരോഗ്യ കിരണം, അമൃത ആരോഗ്യം തുടങ്ങി നിരവധി പദ്ധതികള്‍ക്കാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയത്.

അദ്ദേഹം നടത്തിയ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പടെ ഒട്ടേറെ പേര്‍ മരുന്ന് വാങ്ങുവാന്‍ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യപ്പെടാറുണ്ടായിരുന്നു. അതില്‍ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളെജുകളില്‍ വരെ ജനറിക് മെഡിസിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍, സംസ്ഥാനത്ത് 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുക എന്നത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു. തിരുവനന്തപുരത്തും, ആലപ്പുഴയിലും, നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ക്കും പുറമെ പുതുതായി ഓരോ മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പടെ 16 സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ സജ്ജമായിക്കഴിഞ്ഞാല്‍, എല്ലാ ജില്ലാകളിലെയും ജനങ്ങള്‍ക്ക് അതത് ജില്ലകളില്‍ത്തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്‍റെ വിശ്വാസം.

പിന്നീട് വന്ന പിണറായി സര്‍ക്കാര്‍, ഈ മെഡിക്കല്‍ കോളെജുകളില്‍ ചിലതു വേണ്ടെന്നു വച്ചു. കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത് ഒരു വലിയ റെക്കോഡാണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യമുള്ളതാണ് മനുഷ്യരുടെ ആരോഗ്യവും എന്ന കാഴ്ചപ്പാടില്‍ ഊന്നിയുള്ള ക്രാന്തദര്‍ശിത്വമാണ് അദ്ദേഹത്തിന്‍റെ വികസന കാഴ്ചപ്പാടിന്‍റെ അന്തഃസത്ത.

മലയാളം ശ്രേഷ്ഠ ഭാഷയാകുന്നു

മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ മലയാള സര്‍വകലാശാല എന്നത് കേരളീയരുടെ, വിശേഷിച്ചും, സാഹിത്യകാരന്മാരുടെ ചിരകാല അഭിലാഷമായിരുന്നു. 2012ലെ കേരളപ്പിറവി ദിനത്തില്‍ ഈ സര്‍വകലാശാല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കു സമര്‍പ്പിച്ചു. തമിഴിനും, തെലുങ്കിനും, കർണാടകയ്ക്കും പിറകെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമാക്കാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ചത് വലിയ നേട്ടമാണ്. മലയാളം ഏക ഔദ്യോഗിക ഭാഷയാക്കി നിയമ നിര്‍മാണവും നടത്തി.

അങ്ങിനെ കേരളം പതിറ്റാണ്ടുകളായി സ്വപ്നം കണ്ടിരുന്ന നിരവധി വന്‍പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയ ക്രാന്തദര്‍ശിയായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹം നടപ്പാക്കിയ വന്‍ പദ്ധതികളിലൂടെ അദ്ദേഹം ജനമനസുകളില്‍ എന്നും നിറസാന്നിധ്യമായി തുടരും എന്നതില്‍ സംശയമില്ല.

(ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍

പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

Trending

No stories found.

Latest News

No stories found.