# റീന വർഗീസ് കണ്ണിമല
''എനിക്കെന്‍റെ അമ്മേം ഭാഷേം എന്തിഷ്ടാന്നറ്യോ...!''
പനക്കൂൽ പയമകളിലാകൃഷ്ടയായി രചയിതാവിനെ വിളിച്ച ഈ ലേഖികയോട് അന്നൊരിക്കൽ സതീശൻ പനക്കൂൽ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. സതീശൻ പനക്കൂൽ എന്ന ധീരസൈനികന് തന്‍റെ രാജ്യവും ഭാഷയും അമ്മയും മനസിലൊന്നാണ്. ഓരോ വാക്കിലുമുണ്ട് ആ സ്നേഹപൂർണിമയും കരുതലും.
വീണ്ടുമൊരു പിറന്നാളായതു പോലും സതീശൻ മറന്നു പോയി. അമ്മ പോയതോടെ സ്വന്തം പിറന്നാൾ പോലും മറന്നു പോയി എന്നതാണ് സത്യം.
സതീശൻ പനക്കൂൽ- തന്‍റേതായ ശൈലി രൂപപ്പെടുത്തി, പുതുമയാർന്ന വഴികളിലൂടെ വാക്കിന്‍റെ പാത വെട്ടിത്തെളിച്ചവൻ. സതീശന്‍റെ 'പനക്കൂൽ പയമകൾ' ഇന്നു സോഷ്യൽ മീഡിയയിൽ മാത്രമല്ല,മലയാള സാഹിത്യ ലോകത്തും സംസാരവിഷയമാണ്. തന്‍റെ അമ്മയുടെ ചേലുള്ള കാസർഗോഡൻ ഭാഷയിലെ പതിവു സംസാരങ്ങളെയാണ് സതീശൻ പനക്കൂൽ പയമകൾ എന്ന പേരിൽ പുസ്തകമാക്കിയത്.
ആദ്യം ഫെയ്‌സ്‌ബുക്കിലാണ് പനക്കൂൽ പയമകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കാസർഗോട്ടുകാർക്കു മാത്രം മനസിലാകുന്ന ആ ചേലുള്ള അമ്മപ്പായാരങ്ങൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി അംഗീകാരങ്ങളും ആദരവുകളും സതീശനെ തേടിയെത്തി.
2021ലെ, 24 ഗ്ലോബൽ എക്സലൻസി ഫിലിം ചെറുകഥാ പുരസ്‌കാരം സതീശൻ പനക്കൂലിനായിരുന്നു. പട്ടാള ജീവിതത്തിനിടെ വീണു കിട്ടുന്ന അപൂർവ നിമിഷങ്ങളിലാണ് സതീശൻ ഈ അമ്മപ്പേച്ചുകളത്രയും കോറിയിട്ടത്. പലപ്പോഴും ഛത്തിസ്‌ഗഡിലോ മറ്റേതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഉൾപ്രദേശങ്ങളിലോ ഒക്കെയാവും ഡ്യൂട്ടി. ചിലയിടങ്ങളിൽ ഇന്‍റർനെറ്റ് സൗകര്യം പോലുമുണ്ടായെന്നു വരില്ല.
പനക്കൂൽ പയമയുടെ നട്ടെല്ലായ പാറ്വമ്മ എന്ന കഥാപാത്രത്തിന്‍റെ വീട്ടു വർത്താനങ്ങളിലൂടെ കരിവെള്ളൂരിലും സമീപപ്രദേശങ്ങളിലും ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ നിരവധി പേരിലൂടെ ഇതൾ വിരിക്കുന്നതാണ് സതീശന്‍റെ സാഹിത്യം. പനക്കൂൽ പയമയിലെ പാറ്വമ്മയായി സതീശൻ പനക്കൂൽ വരച്ചു കാട്ടിയത് തന്‍റെ അമ്മയെ തന്നെയായിരുന്നു. നാട്ടുകാർക്ക് അവർ കരിവെള്ളൂർ പലിയേരിയിലെ പരേതനായ പുലിക്കോടൻ കണ്ണാട്ടന്‍റെ ഭാര്യ പനക്കൂൽ മീനാക്ഷിയേട്ടിയായിരുന്നു. തന്‍റെ എൺപത്തിനാലാം വയസിൽ നാട്ടുകാരുടെ പ്രിയപ്പെട്ട മീനാക്ഷിയേട്ടി, പനക്കൂൽ പയമയുടെ തമ്പുരാട്ടി, യാത്രയായി, ആരോടും പറയാതെ.
അമ്മയെ സർവസ്വമായി കണ്ട ആ ധീരസൈനികൻ അപ്പോഴും മാവോയിസ്റ്റുകളുമായി യുദ്ധത്തിലായിരുന്നു. പെറ്റമ്മയ്ക്ക് ഒരു അന്ത്യചുംബനമർപ്പിക്കാൻ പോലും അവസരം ലഭിക്കാതെ... സിആർപിഎഫിൽ അസിസ്റ്റന്‍റ് ആർഒയാണ് സതീശൻ അന്ന്.
അമ്മയെ ജീവനു തുല്യം സ്നേഹിച്ച സതീശൻ അമ്മയ്ക്കരികിലെത്തുമ്പോഴെല്ലാം അഞ്ചു വയസുള്ള പൈതലായി മാറും... കെട്ടിപ്പിടിച്ച്, ഉമ്മ വച്ച്... അമ്മയോടുളള സതീശന്‍റെ സ്നേഹം എല്ലാവരിലും കൗതുകമുണർത്തുന്നതായിരുന്നു. ആ മകന് ജന്മം നൽകിയ മാതാവിന്‍റെ അന്ത്യ സമയത്തും ഭാരതാംബയ്ക്കായി പോരാടാനായിരുന്നു അദ്ദേഹത്തിന്‍റെ നിയോഗം.
പനക്കൂൽ പയമയിലെ ആദ്യ കഥ സതീശന്‍റെ അമ്മൂമ്മ പന്തക്കായലെ പാട്ടിയേട്ടിയെക്കുറിച്ചായിരുന്നു. അമ്മൂമ്മയുടെ സവിധത്തിലേക്ക് ഇപ്പോൾ അമ്മയും യാത്രയായിരിക്കുന്നു. പലിയേരി പൊതു ശ്മശാനത്തിൽ മീനാക്ഷിയേട്ടിയെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ, പാറ്വമ്മ അനശ്വരയായി തുടരുകയായിരുന്നു, കാതങ്ങളകലെ വിതുമ്പലോടെ ഒരു ധീരസൈനികൻ തന്‍റെ അമ്മയെ മനസിലേറ്റി ഭാരതാംബയ്ക്കായുള്ള പോരാട്ടത്തിലും....
കഴിഞ്ഞ ജനുവരി പത്തൊമ്പതിന് സതീശൻ പനക്കൂൽ കോറിയിട്ട പനക്കൂൽ പയമ കഥയിലെ ചില ഭാഗങ്ങൾ. (ഇതിനു ശേഷം പാറ്വമ്മയ്ക്കു ജീവൻ നൽകിയ മീനാക്ഷിയേട്ടിയുടെ ചരമവാർത്തയാണ് സോഷ്യൽ മീഡിയ കണ്ടത്.)
* #വഴിയാത്രക്കാരും #പാറ്വമ്മേം *
. . .പനക്കൂൽ പയമ
മഴ കുറച്ചൊന്നു നിന്നപ്പോൾ മോനാച്ച മുട്ടോളിപ്പാറ ബസ് സ്റ്റോപ്പിൽ സ്കൂളിൽ നിന്ന് വരുന്ന കൊച്ചു മകനെ കാത്തു നിൽക്കുകയായിരുന്നു പാറ്വമ്മ.
പതിനൊന്നു മണിക്കുള്ള ബസ്സിൽ
സുമുഖരായ രണ്ട് ചെറുപ്പക്കാർ വന്നിറങ്ങി! അപരിചിതരെപ്പോലെ ചുറ്റും നോക്കുന്ന ചെറുപ്പക്കാരെ പാറ്വമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു!
" ഏയ് കുഞ്ഞളെ... ഏട്ന്ന് ബെര്ന്ന്?
ഈട എടീം ഇത് വരെ കണ്ടിറ്റ്യല്ല! "
"വെല്ലുമ്മേ നമ്മളങ്ങ് വടക്ക്ന്നാന്ന് ഒരു മംഗലം പറയാൻ വന്നത്. "
( ഒരാൾ പറഞ്ഞു )
" വടക്ക്ന്ന് പറഞ്ഞാല് സ്ഥലത്തിന് പേരില്ലെ? ( പാറ്വമ്മ വിട്ട് കൊടുത്തില്ല)
" ബോവിക്കാനത്ത് ! അറിയൊ? "
" അല്ല കുഞ്ഞളെ നിങ്ങക്ക് ഏത് വീട്ടിലാ
പോണ്ടത് "?
" ഇവിട ഒര് കൃഷ്ണൻ എന്ന ആളെ വീട്ടിലാ പോണ്ടത്.. " ( കൂട്ടത്തിൽ ഒരുവൻ പറഞ്ഞു )
" ഈ കരക്ക് കൃഷ്ണനും നാരാണനും തമ്പായീം കൊറേയ്ണ്ട്!
കൈയ്യില് കൃഷ്ണൻ, മാവില വളപ്പില് കൃഷ്ണൻ
പുലിക്കോടൻ കൃഷ്ണൻ,
മൊളവിനി കൃഷ്ണൻ, വടക്കേക്കര കൃഷ്ണൻ....! ഈല് ആരെങ്കില്വാന്ന? "
അല്ല എന്നർത്ഥത്തിൽ ചെറുപ്പക്കാർ തലയാട്ടി....
" എനിയിപ്പം നാരാണനൊന്ന്വല്ലല്ല " ?
പാറ്വമ്മ സംശയം പ്രകടിപ്പിച്ചു....
മോനച്ച നാരാണൻ, പാഞ്ഞാൻ നാരാണൻ, പൂച്ചക്കാടൻ നാരാണൻ, പുലിക്കോടൻ നാരാണൻ, പാറ്റേൻ നാരാണൻ, പെരിയെടത്ത് നാരാണൻ,
പിന്നെ ആരീപ്പാ! ങാ... നമ്മളെ പനക്കൂല് നാരാണൻ മൂസോറ്!... "
" ങാ... വെല്ലുമ്മേ അവരെന്നെ പനക്കൂല് കൃഷ്ണൻ! "
(പനക്കൂലിന്‍റെ പേര് കേട്ടപ്പഴ് ഒരാൾ ഇടയിൽ കയറി പറഞ്ഞു... )
" യ്യോ എന്‍റെ കുഞ്ഞളെ..! ഓന്‍റെ പേരാന്ന് ഞാൻ പറയാൻ വിട്ട് പോയത്, ഓൻ നമ്മളെ കുഞ്ഞിയല്ലെ അതാ ആ കാണ്ന്നെ കരണ്ട് തൂണിന്‍റെ അപ്പർത്തില്ലെ ബൈക്കേ പോയാല് നേരേ ഓന്‍റെ വീട്ടിലേക്കെന്നെ! "
നാട്ടുമ്പൊറത്തെല്ലം വീട്ട് പേര് പറയാണ്ട് ആള തിരിയ്വ കുഞ്ഞളെ? "
" ഏ.. കുഞ്ഞളെ ആട നിക്ക് ഞാൻ ബെര...! ഓന്‍റട്ക്ക വെല്ല്യ നരിപോലത്തെ നായി ഇണ്ട്! അറിയാത്തോറ കണ്ടാ നെഞ്ഞുമ്മലോളം കേറി പിടിക്കും..! ചെക്കന്‍റെ ഉസ്കൂള് വണ്ടി
വരാൻ എനിയും നേരുണ്ടത്രേ... അപ്പൾത്തേക്ക് നിങ്ങള അങ്ങോട്ടാക്ക.. "
പാറ്വമ്മ മുന്നിലായ് നടന്ന് തുടങ്ങി....
" ഇപ്പൾത്തെ കാലത്ത് ആരെങ്കിലും മംഗലം പറയാൻ വീട്ടില് പോല്ണ്ട! പോണിലേക്കൂട പറയലല്ലെ! എന്നിറ്റ് പോൺ വെക്കുമ്പം ഒര് നൊടിച്ചലും! " എനി ഞാൻ പറയാൻ വീട്ടിലേക്ക് ബെരണ! " എന്നാലും നിങ്ങ കുഞ്ഞളേ ഇത്രേം ദൂരത്ത്ന്ന് വന്നില്ലേപ്പാ....
സന്തോഷായി പാറ്വമ്മക്ക് "..