തലസ്ഥാനത്തിന്‍റെ 'പന്ന്യൻ' സ്റ്റൈൽ

എന്താണ് മോദിയുടെ ഗ്യാരന്‍റി. അധികാരത്തില്‍ വന്ന് പത്തു വര്‍ഷമായിട്ടും രാജ്യം ഗ്യാരന്‍റിയില്‍ മുങ്ങിയിരിക്കുകയാണ്
തലസ്ഥാനത്തിന്‍റെ 'പന്ന്യൻ' സ്റ്റൈൽ
Updated on

പി.ബി ബിച്ചു

നീളൻ തലമുടി ചെറുതായൊന്നൊതുക്കി ഒരു കട്ടനും കുടിച്ച് രാവിലെ ഇറങ്ങുന്ന പതിവ് ജനസമ്പർക്ക പരിപാടി, ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു എന്നത് മാത്രമാണ് പന്ന്യൻ രവീന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കാലത്തെ ദിനചര്യകളിലുണ്ടായ മാറ്റം. നിത്യേന തലസ്ഥാന നഗരത്തിൽ കാണപ്പെടുന്ന, ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി തന്നെ ജീവിക്കുന്ന തിരുവനന്തപുരത്തുകാരുടെ രവിയേട്ടന് എതിർ സ്ഥാനാർഥികളുടെ സെലിബ്രിറ്റി പരിവേഷമൊന്നും ഒരു വിഷയമേയല്ല.

ഒന്നര ദശാബ്ദക്കാലത്തിന് മുമ്പേ താൻ എംപിയായിരിക്കെ ആസൂത്രണം ചെയ്ത പദ്ധതികളും അതിന് ശേഷമുള്ള കാലവും ബിജെപിയുടെ രാഷ്‌ട്രീയ നിലപാടുകളും ചർച്ച ചെയ്യപ്പെടുമ്പോൾ വിജയം തന്നോടൊപ്പമായിരിക്കുമെന്നതിലും എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരു സംശയവുമില്ല. കടുത്ത ത്രികോണ മത്സരം നടക്കുന്ന, മുൻ കേന്ദ്രമന്ത്രിരായ വിഐപികൾ ഏറ്റുമുട്ടുന്ന തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളും അൽപം രാഷ്‌ട്രീയവും മെട്രൊ വാർത്തയ്ക്കക്കാപ്പം പങ്കുവെക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ.

Q

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിച്ചാൽ തലസ്ഥാനത്തിന് ഒരു കേന്ദ്രമന്ത്രി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്‍റി. സ്ഥലം എംപിയായ ശശി തരൂരും വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് വോട്ടുതേടുന്നു, എന്താണ് പന്ന്യന്‍റെ ഗ്യാരന്‍റി...?

A

ഞാൻ എംപിയായിരുന്നപ്പോൾ തലസ്ഥാനത്തിന് വേണ്ടി എന്ത് ചെയ്തെന്ന് ജനങ്ങൾക്ക് അറിയാവുന്നതാണ്. അതേസമയം മോദിയുടെ ഗ്യാരന്‍റി കഴിഞ്ഞ പത്തുവർഷംകൊണ്ട്‌ ജനം അനുഭവിച്ചറിഞ്ഞതാണ്. ഒടുവിൽ സിഎഎ കൊണ്ടുവന്നത് തന്നെ രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല.

എന്താണ് മോദിയുടെ ഗ്യാരന്‍റി. അധികാരത്തില്‍ വന്ന് പത്തു വര്‍ഷമായിട്ടും രാജ്യം ഗ്യാരന്‍റിയില്‍ മുങ്ങിയിരിക്കുകയാണ്. അധികാരത്തില്‍ വന്നാല്‍ പാവങ്ങളെ സഹായിക്കുമെന്ന് പറഞ്ഞു. അത് വിശ്വസിച്ചു ജനങ്ങള്‍ വോട്ട് ചെയ്തു. എന്നാല്‍ അന്നു പറഞ്ഞ കാര്യങ്ങള്‍ മോദി പിന്നീട് ആവര്‍ത്തിച്ചില്ല. നുണപറഞ്ഞുകൊണ്ട് അധികാരത്തില്‍ വന്ന് തുടരുന്ന ഭരണാധികാരിയാണ് മോദി. തലസ്ഥാനത്തി‌ന്‍റെ സമഗ്ര വികസനമാണ് എൽഡിഎഫിന്‍റെ ഉറപ്പ്.

Q

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്ന് തോന്നുന്നുണ്ടോ...?

A

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്റ്ററൽ ബോണ്ടിലൂടെ പുറത്തുവന്നത്.ബോണ്ട് വാങ്ങുന്നതിൽ ബിജെപിക്കു കൂട്ട് കോൺഗ്രസാണ്. എന്നാൽ ഇലക്റ്ററൽ ബോണ്ട് വാങ്ങാത്തവരാണ് ഇടതുപക്ഷമെന്നത് തെളിഞ്ഞു. ജനങ്ങൾ ഇത് മനസിലാക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഇലക്റ്ററല്‍ ബോണ്ടിന് കൂട്ടുപിടിച്ചത് എസ്ബിഐയെ ആണ്. ഈ വിഷയത്തില്‍ എസ്ബിഐ നടത്തിയത് കള്ളക്കളിയാണെന്നതും അത് കേന്ദ്രത്തിന് വേണ്ടിയാണെന്നതും പകൽപോലെ വ്യക്തം.

Q

ഇലക്റ്ററൽ ബോണ്ട് ഇടതുപക്ഷത്തെ ബാധിക്കില്ലെങ്കിലും വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുന്നണിക്ക് തിരിച്ചടിയല്ലേ..?

A

സിബിഐയേയും ഇഡിയേയും രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ കളിപ്പാവയാക്കുകയാണെന്നതിൽ ഇവിടെ ആർക്കാണ് സംശയം. കേന്ദ്രസര്‍ക്കാരിനെതിരെ പറയുന്ന ഏതൊരാളേയും അറസ്റ്റു ചെയ്യുന്നപോലെയാണ് കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അകത്താക്കിയത്. അകത്താക്കിയാലും പുറത്താക്കിയാലും പോരാടുന്ന നേതാക്കന്മാര്‍ വളര്‍ന്നു വരും. ജനങ്ങൾ സത്യം തിരിച്ചറിയുക തന്നെ ചെയ്യും.

Q

കെജ്‌രിവാളിനെതിരെ ശക്തമായ തെളിവുകളാണ് ലഭിച്ചതെന്നാണ് കേന്ദ്ര സർക്കാർ വാദം. അങ്ങനെയാണെങ്കിൽ അറസ്റ്റ് സ്വാഭാവികമല്ലേ...?

A

ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാളിനെ ജനങ്ങളാണ് തെരഞ്ഞെടുത്തത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലത്ത് അറസ്റ്റു ചെയ്യുന്നത് രാഷ്‌ട്രീയം മാത്രമാണ്. ഭരണഘടനാ തത്വങ്ങള്‍ വലിച്ചെറിഞ്ഞ് രാജ്യത്തെ ഫാസിസ്റ്റ് വഴിയിലേക്ക് കൊണ്ടുപോകുകയാണ് മോദി.

Q

തിരുവനന്തപുരത്ത് മുമ്പ് എംപിയായിരിക്കെ പ്ലാൻ ചെയ്തിട്ട് ഇപ്പോഴും നടക്കാതിരുന്ന പ്രധാന പദ്ധതികൾ ഏതെങ്കിലും ഉണ്ടോ...?

A

പതിനഞ്ച് വർഷം മുമ്പായിരുന്നു താൻ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് മുന്നോട്ടുവച്ച ഹൈക്കോടതി ബഞ്ച് വിഷയത്തിലും തലസ്ഥാനത്ത്‌ എയിംസ് സ്ഥാപിക്കുന്നതു സംബന്ധിച്ചും ഇതുവരെ കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾക്കു മിണ്ടാട്ടമില്ല. കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തിയത് യുഡിഎഫാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍വം ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. കൂടാതെ കഞ്ചിക്കോട് കോച്ച് ഫാക്റ്ററിക്കായി യുഡിഎഫ് എംപിമാര്‍ ഒന്നും ചെയ്തില്ല.

Q

എൽഡിഎഫ് സ്ഥാനാർഥികളിൽ യുവാക്കൾ കുറവാണെന്ന ആക്ഷേപങ്ങൾ എങ്ങിനെ കാണുന്നു. വീണ്ടും പാർലമെന്‍റിലേക്ക് മത്സരിക്കാൻ ആലോചിച്ചിരുന്നോ..?

A

തെരഞ്ഞെടുപ്പിൽ താൻ പുതുതലമുറയ്ക്കായി മാറിനിന്നതാണ്. എന്നാൽ, പ്രസ്ഥാനം മത്സരിക്കാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തെത്തിയത്. എല്ലാ വിഭാഗങ്ങൾക്കും പരിഗണന ലഭിച്ചെന്നാണ് കരുതുന്നത്.

Q

തിരുവനന്തപുരം ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണല്ലോ പറയപ്പെടുന്നത്. കഴിഞ്ഞ തവണകളിൽ രണ്ടാം സ്ഥാനത്തും അവരാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് പുതുക്കുമോ...?

A

ബിജെപിക്ക് കേരളത്തില്‍ ഒരു നേട്ടവും കിട്ടില്ല. തിരുവനന്തപുരത്ത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. ത്രികോണ മത്സരം എന്ന് മറ്റുള്ളവര്‍ പറയും. ബിജെപി ജയിക്കുമെന്ന് പ്രചരിപ്പിക്കുന്നതിലൂടെ അവസാനഘട്ടത്തില്‍ ആ വോട്ടു എല്‍ഡിഎഫിന് ലഭിച്ചെന്ന് പറയാനാണ് ശ്രമം. ആ അടവ് ഇത്തവണ നടക്കില്ല. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. പലരും കണക്കുകൂട്ടുന്നത് 2019 ആണ്. അതിനുശേഷമുള്ള തെരഞ്ഞെടുപ്പുകൾ അവർ മറന്നുപോവുകയാണ്. ആ കാലം മാറി. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഏഴ് അസംബ്ലി മണ്ഡലത്തിൽ ആറിലും ജയിച്ചത് ഇടതുപക്ഷമാണ്.

Q

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ വ്യത്യസ്തമാക്കുന്ന സാഹചര്യം എന്താണ് ?

A

സിഎഎ കൂടി നിയമമായതോടെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഉത്കണ്ഠയിലാണ്. കേരളം സുരക്ഷിതമായ ഇടമാണ്. കേരളത്തിന്‍റെ കാര്യം നോക്കാന്‍ തറവാട്ടു കാരണവരെ പോലെ പിണറായി വിജയനുണ്ട്. നേരിട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ പരിഹാരം ഉണ്ടാകും.

Q

അവസാനമായി വോട്ടർമാരോട് എന്താണ് പറയാനുള്ളത്..?

A

അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അത് ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ മുന്നോട്ടുവരണം. ഒരു കാര്യം ഉറപ്പാണ്, നിങ്ങളുടെ കൂടെ ഞാന്‍ എന്നും ഉണ്ടാകും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും ഞാന്‍ നാട് വിടില്ല, ഇവിടെ തന്നെ കാണും. 40 വര്‍ഷമായി തിരുവനന്തപുരത്താണ് താമസം. മരണം വരെ ഇവിടെ തന്നെ കാണും. ഈ തെരഞ്ഞടുപ്പിന്‍റെ ഗൗരവം എല്ലാവര്‍ക്കും അറിയാം. നമുക്ക് ഈ കേരളത്തില്‍ നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍ കേന്ദ്ര ഭരണാധികാരികള്‍ മാറണം. ആ ഭരണാധികാരികളെ മാറ്റാനുള്ള പോരാട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാകും.

Trending

No stories found.

Latest News

No stories found.