സിപിഎമ്മിലും കോൺഗ്രസിലും പുതിയ ധ്രുവീകരണം; കേരള രാഷ്‌ട്രീയത്തിന്‍റെ 'മുഖം' മാറുന്നു

കോൺഗ്രസിന്‍റെ കേരള ഘടകത്തിൽ കെ.സി. വേണുഗോപാലിന് സ്വീകാര്യത വർധിക്കുമ്പോൾ, സിപിഎമ്മിൽ പിണറായി വിജയനെതിരേ എതിർപ്പിന്‍റെ സ്വരങ്ങൾ ഉയർന്നു തുടങ്ങിയിരിക്കുന്നു
സിപിഎമ്മിലും കോൺഗ്രസിലും പുതിയ ധ്രുവീകരണം; കേരള രാഷ്‌ട്രീയത്തിന്‍റെ 'മുഖം' മാറുന്നു
കെ.സി. വേണുഗോപാൽ, പിണറായി വിജയൻ.
Updated on

പ്രത്യേക ലേഖകൻ

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം സുപ്രധാനമായ രണ്ട് യോഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്‍റെ രാഷ്‌ട്രീയ തലസ്ഥാനം സാക്ഷിയായത്. സിപിഎമ്മിൽ പിണറായി വിജയൻ എന്ന സർവശക്തനായ 'ക്യാപ്റ്റന്‍റെ' അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്ന കാഴ്ചയാണ് എകെജി സെന്‍ററിന്‍റെ അകത്തളങ്ങളില്‍ മുഴങ്ങിയതെങ്കില്‍, കെപിസിസി ആസ്ഥാനത്ത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റത്തിന് ചാലകശക്തിയായി മാറിയ കെ.സി. വേണുഗോപാലിനെ നേതാക്കൾ പ്രശംസാവചനങ്ങളും അനുമോദനങ്ങളും കൊണ്ട് മൂടുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് നേരിട്ട കനത്ത തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാര്‍ഷ്ട്യവും അഹങ്കാരവും കാരണമായെന്ന് സിപിഎം അണികൾ രഹസ്യമായെങ്കിലും പറഞ്ഞുതുടങ്ങിയിരിക്കുന്നു. പിണറായി വിജയന്‍റെ ശൈലിയോട് വിയോജിപ്പുള്ളവര്‍ സിപിഎമ്മില്‍ വര്‍ധിക്കുന്നു എന്നുതന്നെയാണ് പാർട്ടി സംസ്ഥാന കമ്മറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം തെളിയിക്കുന്നത്.

സർക്കാരിനു മേൽ പാർട്ടിക്ക് നിയന്ത്രണമുള്ള പഴയ കമ്യൂണിസ്റ്റ് രീതികളിലേക്കു മടങ്ങാൻ സിപിഎം നിർബന്ധിതമാകുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് സമീപകാലത്തൊന്നും ഇല്ലാത്തവിധത്തിൽ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്താൻ പാർട്ടി സംസ്ഥാന ഘടകം ആലോചിക്കുന്നു എന്നാണ് സൂചന.

പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് തന്നെ പിണറായി വിജയനെതിരായ‌ തെരഞ്ഞെടുപ്പ് കുറ്റപത്രമായി വ്യാഖ്യാനിക്കപ്പെടുകയാണ്. അതേസമയം, കെപിസിസിയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിനും വളര്‍ച്ചയ്ക്കും അത്താണിയായ കെ.സി. വേണുഗോപാലിന് നന്ദി പറഞ്ഞുള്ള പ്രമേയത്തെ കെപിസിസി നേതൃത്വം ഒന്നടങ്കം കൈയടിച്ച് അംഗീകരിക്കുകയായിരുന്നു.

ഘടകക്ഷിയായ സിപിഐ കടുത്ത വിമര്‍ശനങ്ങള്‍ പിണറായി വിജയനെതിരെ ഉയര്‍ത്തിയപ്പോൾ, അതിനെ ശക്തമായി പ്രതിരോധിക്കാന്‍ പോലും സിപിഎം നേതാക്കള്‍ രംഗത്തെത്തിയില്ല. ദുര്‍ബലമായ പ്രതിരോധം പിണറായി പ്രതിച്ഛായയുടെ ഇടിവിന്‍റെ ആഴം വ്യക്തമാക്കുന്നു. നിഴലായി കൂടെ ഉണ്ടായിരുന്ന നേതാക്കള്‍ പിണറായി ശൈലിയെ വിമര്‍ശിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ കെസിയുടെ പ്രവര്‍ത്തനശൈലിക്ക് പ്രാധാന്യം ഏറുന്നത്.

കേരള രാഷ്‌ട്രീയ ഭൂമിക നിരവധി അതികായരുടെ വളര്‍ച്ചകൾക്കും തളര്‍ച്ചകള്‍ക്കും അരങ്ങൊരുക്കിയിട്ടുണ്ട്. അത്തരമൊരു കൗതക കാഴ്ചയാണ് സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃയോഗങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രകടമാകുന്നത്.

സിപിഎമ്മിൽ വിഎസ് - പിണറായി വിഭാഗങ്ങൾ മുഖാമുഖം പോരാടിയ കാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് പിണറായി വിജയനെതിരായ കടുത്ത വിമര്‍ശനങ്ങള്‍ പാർട്ടിക്കുള്ളിൽ ഉയര്‍ന്നുവരുന്നത്. ഭരണവിരുദ്ധതയും ദൗര്‍ബല്യങ്ങളും അടക്കം നേതാക്കള്‍ അക്കമിട്ട് നിരത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാന്‍ പോലും പിണറായി വിജയനു സാധിച്ചില്ല. ഇതിനു കാരണമായ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ് ദേശീയ-സംസ്ഥാന രാഷ്‌ട്രീയത്തില്‍ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനു കെ.സി. വേണുഗോപാലിനെ സഹായിക്കുന്നത് എന്നത് യാദൃച്ഛികമല്ല.

ഉമ്മന്‍ ചാണ്ടിക്കു ശേഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനായൊരു വ്യക്തി പാർട്ടിയിൽ ഇല്ല. വി.ഡി. സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയുമെല്ലാം അവരവരുടെ വഴിക്ക് നീങ്ങുമ്പോൾ പാർട്ടിയിലെ ഭിന്നത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പോലും മറനീക്കി പുറത്തുവന്നതാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വത്തിനു കൂടി പ്രിയപ്പെട്ട കെ.സി. വേണുഗോപാലിന്‍റെ സംസ്ഥാനത്തെ സാന്നിധ്യം കൂടുതൽ പ്രസക്തമാകുന്നത്.

വെല്ലുവിളികളെയും പ്രതിസന്ധിക്കളെയും നേരിടാനും തരണം ചെയ്യാനും ശേഷിയുള്ള ഒരു നേതാവ് എന്ന നിലയില്‍ കെ.സി.വേണുഗോപാല്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി എന്ന പദവിയിലിരുന്ന് കഴിവ് തെളിയിച്ചിട്ടുണ്ട്. ആസൂത്രണ മികവും മികച്ച സംഘാടകത്വവും കെ.സി. വേണുഗോപാലിനെ ദേശീയതലത്തിലെന്നപോലെ സംസ്ഥാനത്തും സ്വീകാര്യനാക്കി. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കെസിയുടെ സംഘടനാപാടവം അനുഭവിച്ചറിയുകയും ചെയ്തു. കൂടാതെ മത-സാമുദായിക നേതാക്കളുമായുള്ള കെസിയുടെ വ്യക്തിബന്ധം കോണ്‍ഗ്രസിനു കൂടുതല്‍ കരുത്ത് പകര്‍ന്നു. ദേശീയ നേതാവെന്ന നിലയിലുള്ള കെസിയുടെ രാഷ്‌ട്രീത്തിന് അതീതമായ സൗഹൃദങ്ങളും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോട് സന്ധി ചെയ്യാത്ത നിലപാടുകളും അദ്ദേഹത്തെ എല്ലാവര്‍ക്കും കൂടുതല്‍ സ്വീകാര്യനാക്കുന്നു. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിക്കു ശേഷം ഒരു ക്രൈസിസ് മാനേജരായി കേരള നേതാക്കള്‍ കെസിയെ കണ്ടുതുടങ്ങുകയാണ്. കെപിസിസിയുടെ രാഷ്‌ട്രീയ പ്രമേയം അതിന് അടിവരയിടുന്നു.

Trending

No stories found.

Latest News

No stories found.