പദയാത്രകള്‍ ഒരു പരീക്ഷണമാണ്. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും നേതാക്കൾ ദീര്‍ഘദൂര യാത്രകള്‍ എത്രയോ നടത്തിയിരിക്കുന്നു. ഈ പദയാത്രകളൊക്കെ വന്‍ വിജയം കണ്ടിട്ടുണ്ട് എന്നുള്ളതാണ് ചരിത്രം പറയുന്നത്. ദീര്‍ഘ പദയാത്രകള്‍ ലോക ഭൂപടത്തില്‍ വലിയ രാഷ്‌ട്രീയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട് എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. പദയാത്ര നയിച്ചവര്‍ വലിയ പ്രതാപത്തോടെ രാജ്യങ്ങൾ ഭരിക്കുന്നതും നാം കണ്ടതാണ്.
1934 ഒക്റ്റോബര്‍ 16ന് 4,000 മൈല്‍ ദൂരം താണ്ടിയ ചൈനയിലെ ലോങ് മാര്‍ച്ചില്‍ മാവോ സേതുങ് നേതൃനിരയിലെ ഒരംഗം മാത്രമായിരുന്നു. 1949ല്‍ ചിയാങ്ങ് കൈഷക്ക് സ്ഥാനഭ്രഷ്ടനായതു മുതല്‍ 1976ല്‍ മരിക്കുന്നതു വരെ മാവോ ചൈനയെ നയിച്ചത് പില്‍ക്കാല ചരിത്രം.
ഇന്ത്യയില്‍ മഹാത്മാ ഗാന്ധി നടത്തിയ ദീര്‍ഘ പദയാത്രകള്‍ പ്രശസ്തമാണ്. 1930 മാര്‍ച്ച് 12ന് സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385 കിലോമീറ്റര്‍ മാര്‍ച്ച് ഇന്ത്യന്‍ സ്വാതന്ത്രസമര രംഗത്ത് നൽകിയ ആവേശം ചെറുതല്ല. ദണ്ഡിയാത്ര രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് വലിയ ഇന്ധനമായി. അതൊക്കെ കൊണ്ടു കൂടിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍ ബ്രിട്ടീഷ് ഭണകൂടത്തിന് പ്രേരണ നല്‍കിയത് എന്നത് ഒരു സത്യാവസ്ഥയാണ്.
മഹാത്മാ ഗാന്ധിക്ക് ശേഷം ഒട്ടേറെ പദയാത്രകള്‍ രാജ്യത്ത് നടക്കുകയുണ്ടായി. കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണമായ ജനതാ മുന്നേറ്റം ഉണ്ടായത് ഒരു പദയാത്രയിലൂടെയാണ്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ കര്‍ഷകരും വിദ്യാർഥികളും സമരത്തിനിറങ്ങി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവര്‍ ജെ.പിയുടെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും സാധാരണ ജനങ്ങളും പങ്കാളികളായി. അന്ന് 352 അംഗങ്ങളുണ്ടായിരുന്ന പാര്‍ലമെന്‍റില്‍ ഇന്ദിര സര്‍ക്കാരിന്‍റെ ഏകാധിപത്യ തേര്‍വാഴ്ച്ചയ്‌ക്കെതിരേ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം ജെപിയുടെ നേതൃത്വത്തില്‍ പദയാത്രകള്‍ നടന്നു. ആ കത്തിക്കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടുവന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും അവരെ രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കി. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയം കര്‍ഷകര്‍ വലിയൊരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്‌ടോബറിൽ മഹേന്ദ്ര സിങ് ടിക്കായത്തിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ട്രാക്റ്ററുകളും കാളവണ്ടികളും സൈക്കിളുകളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയിലെത്തി. അന്ന് മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതിക്കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടിയെടുക്കുക, കാര്‍ഷിക വില നിര്‍ണയ കമ്മിഷനില്‍ കര്‍ഷക പ്രാതിനിധ്യം നൽകുക എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍.
ഭൂപ്രഭുക്കരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷേ, വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റി. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്‌ട്രീയ തിരിച്ചടിയേറ്റു. 89ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ബിജെപിയുടെയും ഇടതുപക്ഷത്തിന്‍റെയും പുറമെയുള്ള പിന്തുണയോടെ മുൻ കോൺഗ്രസ് നേതാവ് വി.പി. സിങ് അധികാരത്തിലെത്തി.
സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പദയാത്രയായിരുന്നു ജനത നേതാവ് എസ്. ചന്ദ്രശേഖറിന്‍റെ ഭാരതയാത്ര. 4,260 കിലോമീറ്റര്‍ താണ്ടിയ ആ യാത്രയ്ക്ക് ചന്ദ്രശേഖര്‍ തുടക്കമിട്ടത് 1983 ജനുവരി 6നാണ്. കന്യാകുമാരിയിൽ നിന്നുള്ള യാത്രയില്‍ അദ്ദേഹം ഗ്രാമങ്ങളില്‍ താമസിച്ചും ജനങ്ങളുമായി ആശയങ്ങള്‍ കൈമാറിയുമാണ് മുന്നേറിയത്. അദ്ദേഹത്തിന്‍റെ ജനപ്രീതിക്കും പിന്തുണ വർധിപ്പിക്കാനും പദയാത്ര കാരണമായി. കേരളത്തിൽ വയനാട്ടിലും അദ്ദേഹം യാത്രയുടെ ഭാഗമായി താമസിച്ചു. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയാകാവാന്‍ വരെ അത് കാരണമായി. 1991 നവംബര്‍ 10ന് എസ്. ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുറച്ചു കാലമേ അവിടെ തുടരാൻ കഴിഞ്ഞുള്ളൂ.
ബിജെപി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ മുഖ്യ കാരണമായത് ലാൽ കൃഷ്ണ അഡ്വാനി നടത്തിയ രഥയാത്രകളായിരുന്നു. ബിജെപി പ്രസിഡന്‍റായിരിക്കെ 1991ൽ ഡോ. മുരളീ മനോഹർ ജോഷിയും കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഏകതാ യാത്ര എന്ന പേരിൽ വലിയൊരു യാത്ര നടത്തി. അതിന്‍റെ മുഖ്യ സംഘാടകനായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിനകത്തും പുറത്തും ദീര്‍ഘ ദൂരപഥയാത്രകള്‍ തീര്‍ത്ത ഇത്തരം രാഷ്‌ട്രീയ വിജയങ്ങള്‍ ചരിത്രങ്ങളിലുണ്ട്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് അതുകൊണ്ടാണ്. തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിനെ ഉണര്‍ത്താന്‍ രാഹുലിന്‍റെ യാത്രയ്ക്ക് സാധിച്ചു.
രാജ്യ തലസ്ഥാനമായ ഡല്‍ഹി പിടിച്ചടക്കുന്നതിന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ എടുത്ത തന്ത്രവും പദയാത്ര തന്നെയായിരുന്നു. നമ്മുടെ നാട്ടിലെ ഓരോ ഗ്രാമവും പട്ടണവും പോലെയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്‍റുകള്‍. ഡല്‍ഹിയിലെ ഒട്ടുമിക്ക അപ്പാര്‍ട്ട്‌മെന്‍റുകളിലൂടെയും അരവിന്ദ് പദയാത്ര നടത്തിയിട്ടുണ്ട്. ആ പദയാത്രകളുടെ ഫലമായിട്ടാണ് രാജ്യതലസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കി ആംആദ്മിയെ വിജയിപ്പിച്ചത്.
കേരളത്തില്‍ മഞ്ചേശ്വരം തൊട്ട് തിരുവനന്തപുരം വരെ എല്ലാ പാര്‍ട്ടികളും മുന്നണിയും കേരള പര്യടനം നടത്തുന്നത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. ആന്ധ്ര പ്രദേശിലും തെലങ്കാനയിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി പദയാത്രകളോ വാഹനജാഥകളോ പതിവാണ്. ആന്ധ്രയില്‍ അധികാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡി (വൈ.എസ്.ആര്‍.) 2003ല്‍ രണ്ടരമാസക്കാലമാണ് ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തിയത്. 1,500 കിലോമീറ്റര്‍ താണ്ടിയ ജാഥ വൈഎസ്ആറിനെ ജനപ്രിയ നേതാവാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം അധികാരത്തില്‍വന്നു. പിന്നീടദ്ദേഹം ഹെലികോപ്റ്റർ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ചരിത്രം സൃഷ്ടിച്ച വൈഎസ്ആർ യാത്രയുടെ കഥയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം "യാത്ര'.
ഫെബ്രുവരിയിൽ നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പദയാത്രകളുടെ കാലമാണ് ഇപ്പോള്‍. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷം ഒരു പദയാത്രയ്ക്ക് ചേര്‍ന്നത് തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുത. അരവിന്ദ് കേജരിവാള്‍ മുന്‍പ് പദയാത്ര നടത്തി വന്‍വിജയം നേടിയ പ്രദേശമാണ് ഡല്‍ഹി. ഇപ്പോള്‍ വീണ്ടും അരവിന്ദ് കേജരിവാള്‍ പദയാത്രയ്ക്ക് യാത്രയില്‍ തുടക്കം കുറിച്ചിരിക്കുന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി. കേജരിവാളിന്‍റെ ഒന്നാംഘട്ട പദയാത്രയില്‍ വന്‍ജനക്കൂട്ടം ഉണ്ടായി എന്നത് കോണ്‍ഗ്രസിനെയും ബിജെപിയെയും ഇപ്പോള്‍ ആശങ്കപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബിജെപിയും പദയാത്രയ്ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷവും ആംആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിച്ചത് പദയാത്രില്‍ നിന്ന് ലഭിച്ച വിജയം കൊണ്ടാണ്. ഡിസംബര്‍ അവസാനം വരെ പദയാത്ര തുടരും. ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതോടൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് പദയാത്രയിലൂടെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഡല്‍ഹി ന്യായ് യാത്ര എന്ന പേരില്‍ കോണ്‍ഗ്രസ് പദയാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിന്‍റെ പരിഹാരങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയും സര്‍ക്കാര്‍ പരാജയമാണെന്നതും ജനങ്ങളെ ബോധ്യപ്പെടുത്തി 70 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്തിരിക്കുന്നത്.
ഈ മാസം പകുതിയോടെ ബിജെപി അവരുടെ പരിവര്‍ത്തന്‍ യാത്ര ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ നിയോജക മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യുന്ന അവസരത്തില്‍ അതത് മണ്ഡലങ്ങളിലെ പാര്‍ലമെന്‍റ് അംഗങ്ങളായിരിക്കും പദയാത്രയ്ക്ക് നേതൃത്വം കൊടുക്കുക. ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചിരിക്കുന്നത് എന്നത് എടുത്തുപറയണം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായിട്ടാണ് ഈ പദയാത്രകളൊക്കെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടിപ്പിക്കുന്നത്.