വയനാടൻ ചുരത്തിലെ ചുമ്മാ ഗാന്ധിമാർ

വയനാടൻ ചുരത്തിലെ ചുമ്മാ ഗാന്ധിമാർ

ചര്‍ക്കയില്‍ നൂല്‍ നൂൽക്കാതെയും തോട്ടിവണ്ടി വലിക്കാതെയും വിദേശവസ്ത്രങ്ങള്‍ ഉപേക്ഷിക്കാതെയും അവര്‍ ഗാന്ധിജിയുടെ മേല്‍വിലാസം സ്വന്തമാക്കി...

ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്

എല്ലാവരും ചരിത്രത്തിന്‍റെ ഭാണ്ഡം പേറുന്നവരാണ്. നമ്മള്‍ ജനിക്കുമ്പോള്‍ത്തന്നെ ചരിത്രത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും വിഴുപ്പുകെട്ട് തലയിലായിക്കഴിഞ്ഞു. ആ ചുമട് വലിയൊരു ബാധ്യതയും നിയോഗവുമാണ്. പഴമക്കാര്‍ ചെയ്തുവച്ചിട്ടു പോയ നല്ല കാര്യങ്ങള്‍ക്കു മാത്രമല്ല, അവരുടെ തിന്മകള്‍ക്കും ഉത്തരം പറയാന്‍ പൈതൃകത്തിന്‍റെ ഭാണ്ഡം പേറുന്നവര്‍ ബാധ്യസ്ഥരാണു താനും. പൂര്‍വികരുടെ സഞ്ചിത കര്‍മഫലം അടുത്ത തലമുറയെ വേട്ടയാടുമെന്നതാണ് പ്രകൃതി നിയമം. അതുകൊണ്ട് പാരമ്പര്യത്തിന്‍റെ പേരില്‍ ഊറ്റം കൊള്ളുന്നത് സൂക്ഷിച്ചുവേണം.

ഗാന്ധിജിയുടെ മക്കള്‍ക്ക് ഇക്കാര്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് പൊങ്ങച്ചത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ചാക്കു കെട്ട് തലയില്‍ നിന്നു വലിച്ചെറിഞ്ഞ് അവര്‍ രക്ഷപെടാന്‍ ശ്രമിച്ചത്. പക്ഷെ, അതിന് സാധിക്കാതെ 'ഗാന്ധിജിയുടെ മക്കള്‍' എന്ന മുള്‍ക്കിരീടം പേറി നാട്ടുകാരുടെ പഴിയും പരിഭവവുമേറ്റ്, അവര്‍ പരാജിതരായി മണ്‍മറഞ്ഞു. എന്നാല്‍, ഗാന്ധിജിയുമായി പുലബന്ധം പോലുമില്ലാതിരുന്ന ഇന്ദിരയ്ക്കും സന്തതിപരമ്പരകള്‍ക്കും ഗാന്ധിയുടെ പൈതൃകത്തിന് അവകാശികളാകാന്‍ ഭാഗ്യമുണ്ടാവുകയും ചെയ്തു. ചര്‍ക്കയില്‍ നൂല്‍ നൂൽക്കാതെയും തോട്ടിവണ്ടി വലിക്കാതെയും വിദേശവസ്ത്രങ്ങള്‍ ഉപേക്ഷിക്കാതെയും അവര്‍ ഗാന്ധിജിയുടെ മേല്‍വിലാസം സ്വന്തമാക്കി. വെടക്കാക്കി തനിക്കാക്കി!

ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാര്‍

ഈ ഗാന്ധിസൗഭാഗ്യങ്ങള്‍ ഒരവകാശമെന്ന ഭാവത്തില്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പ്രിയങ്കയും രാഹുലും ഒറിജനല്‍ ഗാന്ധിപുത്രന്മാരെ ദിവസവും ഒരു നിമിഷമെങ്കിലും ഓര്‍മിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍, മഹാത്മജിയുടെയും മക്കളുടെയും ആത്മാക്കള്‍ ക്ഷമിക്കുമെന്നു തോന്നുന്നില്ല. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പ്രിയങ്ക നടത്തിയ ഗംഗാ ആരതിക്കും ഫലം കിട്ടില്ല.

തെക്കുനിന്ന് പ്രിയങ്കയും വടക്കുനിന്നു രാഹുലും രണ്ട് എന്‍ജിനുകളെപ്പോലെ വര്‍ത്തിച്ച് നെഹ്റുവിന്‍റെയും ഇന്ദിരയുടെയും വാഗ്ദത്ത ഭൂമി പുനഃസ്ഥാപിക്കുമെന്നാണു കുരുക്ഷേത്ര ഭൂമിയിലെ ഉപജാപക വേണുവൃന്ദത്തിന്‍റെ വായ്ത്താരി. ഇതൊരു മനഃശാസ്ത്രപരമായ അടവുനയമാണ്. നമ്മളിപ്പോഴും നെഹ്റുവിന്‍റെയും ഇന്ദിരയുടെയും ഹാങ്ങോവറിലാണെന്ന് ഈ ഉപജാപകവൃന്ദത്തെ ഊട്ടിവളര്‍ത്തുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിക്കറിയാം. കേരളത്തിലെയും (വയനാട്ടിലെയും) വലിയൊരു വിഭാഗം മധ്യവയസ്‌ക്കരും വൃദ്ധരും നെഹ്റുവിന്‍റെയും ഇന്ദിരയുടെയും സ്വര്‍ഗരാജ്യം തിരിച്ചുവരണമെന്ന് കൊതിക്കുന്നവരാണെന്ന് കമ്പനിക്കാര്‍ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ, ഇന്ദിരയുമായുള്ള പ്രിയങ്കയുടെ രൂപസാദൃശ്യം എന്നതാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന മൂലധനം.

കാലം മാറി, സര്‍!

പക്ഷേ, അത്ര മാത്രം ലളിതമല്ല കാര്യങ്ങള്‍. നെഹ്റുവിന്‍റെയും ഇന്ദിരയുടെയും കാലമല്ല ഇത്. ഇന്ദിരാഗാന്ധിയുടെ മൂക്കും ഹെയര്‍സ്റ്റെലുമുള്ള ഒരു സ്ത്രീക്ക്, അതവരുടെ പേരക്കുട്ടിയാണെങ്കില്‍പ്പോലും - ഒരു പുരാതന പാര്‍ട്ടിയെ ജീര്‍ണതയുടെയും അഹങ്കാരത്തിന്‍റെയും പാപഫലങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമെന്നതിന് ഒരുറപ്പുമില്ല. മോത്തിലാല്‍ മുതല്‍ നെഹ്റുവും ഇന്ദിരയും രാജീവും വരെ കടന്നുപോന്ന വഴിത്താരകളിലെ അനുഭവങ്ങളും അറിവുകളും ഈ രാജ്യത്തിന്‍റെ സങ്കീര്‍ണ സംസ്‌കൃതികളും തലയില്‍പ്പേറാന്‍ ഈ അമുല്‍ബേബികള്‍ക്കു കരുത്തും നിയോഗവുമുണ്ടാകുമോ എന്നതുതന്നെ ഒരു സംശയമാണ്.

അല്ലെങ്കില്‍, രണ്ടുപേരും ഇന്ത്യയെ കണ്ടെത്തേണ്ടിവരും. ഇതിനായി മുത്തച്ഛന്‍റെ പുസ്തകം വായിച്ചുനോക്കേണ്ടി വരും. "ഗാന്ധി' എന്ന സിനിമ കാണേണ്ടി വരും.

ഇതിഹാസങ്ങളും സ്മൃതികളും പുരാണങ്ങളും പാരായണം ചെയ്യേണ്ടിവരും. അതിലുമൊക്കെ രസവും സൗകര്യവും ഒഴുക്കില്‍പ്പെട്ട കരിക്കട്ട പോലെ സഞ്ചരിച്ച് ജീവിതം ആസ്വദിക്കുന്നതല്ലേ? ഇതുവരെ ചെയ്തിരുന്നതും അതു തന്നെയായിരുന്നല്ലോ.

പഴയ എന്‍ജിന്‍റെ നട്ടും ബോള്‍ട്ടും

എങ്കിലും, വിഗ്രഹങ്ങളുടെ മനഃശാസ്ത്രം നന്നായി മനസിലാക്കിയിട്ടുള്ള കോണ്‍ഗ്രസിന് ഒരു വിഗ്രഹത്തെ വാര്‍ത്തെടുത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായറിയാം. വിഗ്രഹങ്ങളുടെ നാടാണല്ലോ, ഇത്.

ഒരു വിഗ്രഹത്തെ മുന്‍നിര്‍ത്തി ഒരു ഐഡിയോളജി പടച്ചെടുത്ത് പാര്‍ട്ടിയും പണവും സ്വാധീനവും ഉണ്ടാക്കുകയും കാലക്രമത്തില്‍ ഇവയുടെ പ്രസക്തി നഷ്ടപ്പെടുമ്പോള്‍ പഴയവ ഉപേക്ഷിച്ച് പുതിയ വിഗ്രഹങ്ങളെ സൃഷ്ടിച്ചെടുക്കുകയുമാണ് ഫലപ്രദമെന്ന് വിഗ്രഹങ്ങളുടെ യൂസേഴ്‌സ്മാന്വലില്‍ ആചാര്യന്മാര്‍ പറയുന്നുണ്ട്.

അതനുസരിച്ച് കോണ്‍ഗ്രസ് റെഡിയാക്കിയെടുത്ത വിഗ്രഹങ്ങളാണു രാഹുലും പ്രിയങ്കയും. ഉപ്രക്ഷിക്കപ്പെട്ട റോഡ്‌റോളറിന്‍റെ നട്ടും ബോള്‍ട്ടുമാണ് ഇരുവരുമെന്നും പറയാം.

'ഇപ്പ ശര്യാക്കിത്തരാം!' എന്നു പറഞ്ഞ്, പഴയ എന്‍ജിനില്‍ പുതിയ നട്ടും ബോള്‍ട്ടും ഫിറ്റു ചെയ്യുന്ന കമ്പനി എന്‍ജിനീയര്‍മാരെ നമ്മള്‍ക്ക് നല്ല വിശ്വാസമാണ്. കാരണം, ഇതു കേരളമാണല്ലോ. അടിയന്തരാവസ്ഥയ്ക്കു ശേഷവും ഇന്ദിരയുടെ അനുയായികളെ ജയിപ്പിച്ച കേരളം!

നെഹ്റു ബ്രിഗേഡ്, ഇന്ദിര ബ്രിഗേഡ്, സഞ്ജയ് ബ്രിഗേഡ് തുടങ്ങിയ അഹിംസാധിഷ്ഠിതമായ ക്വട്ടേഷന്‍ സംഘങ്ങളുടെ ഊര്‍ജം ഉള്‍ക്കൊണ്ട് പ്രിയങ്ക ബ്രിഗേഡും രാഹുല്‍ ബ്രിഗേഡും ഉടന്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പുകള്‍ സ്ഥാപിക്കപ്പെടുമെന്നും നമുക്ക് പ്രത്യാശിക്കാം. ഇത്തരം ആഗ്രഹങ്ങളും പ്രതീക്ഷകളുമാണല്ലോ ജീവിതത്തിന് അര്‍ഥം പകരുന്നത്.

വാല്‍ക്കഷണം

പഴകിയ വിഗ്രഹങ്ങളെ ഗംഗയിലൊഴുക്കുന്നത് പുണ്യംകിട്ടുന്ന പണിയായതിനാല്‍ ഗംഗയുടെ അടിത്തട്ടില്‍ ഒട്ടേറെ വിഗ്രഹങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുണ്ട്. അവയൊന്നും ഇനി കണ്ണു തുറക്കില്ലെന്നത് നമ്മുടെ ഭാഗ്യം!

(ലേഖകന്‍റെ ഫോണ്‍- 9447809631)

Trending

No stories found.

Latest News

No stories found.