കൂടോത്രവും മൃഗബലിയും കർണാടക രാഷ്‌ട്രീയത്തിൽ മാത്രമല്ല, കേരള രാഷ്‌ട്രീയത്തിലും പ്രകമ്പനങ്ങൾ കൊള്ളിക്കുകയാണ്. കർണാടക ഉപമുഖ്യമന്ത്രിയായ തന്നെയും സഹപ്രവർത്തകരെയും താഴെയിറക്കാൻ മലബാറിലെ ഒരു പ്രസിദ്ധ ക്ഷേത്രത്തിനടുത്ത് മൃഗബലി ഉൾപ്പെടെയുള്ള മന്ത്ര- തന്ത്ര- കുതന്ത്രങ്ങൾ നടന്നു എന്നാണ് ഡി.കെ. ശിവകുമാറിന്‍റെ ആരോപണം.
അന്ന് അത് പലരും ചിരിച്ചു തള്ളിയെങ്കിലും കേരളത്തിൽ ഒരു കൂടോത്ര ഭൂകമ്പം തന്നെയാണ് ഇപ്പോൾ നടക്കുന്നത്. ആ കൂടോത്രത്തെക്കുറിച്ച് പൊതുജനം അറിയുന്നത് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനിലൂടെയാണ്. ബഹുമാന്യനുമായ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പരമാധ്യക്ഷനായ കെ. സുധാകരൻ എംപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും, അദ്ദേഹത്തിന്‍റെ ശാരീരിക അസ്വസ്ഥതകൾ വർധിപ്പിക്കാനും, പൊതു സമൂഹത്തിൽ പല തട്ടിപ്പുകാരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു എന്ന ആരോപണം കൊണ്ടുവരാനും കൂടോത്രങ്ങൾ പ്രയോഗിച്ചുവെന്നാണ് ആരോപണം. സാക്ഷാൽ കണ്ണൂർ സിംഹം കെ. സുധാകരനും ഇതു തന്നെയാണു പറയുന്നത്.
പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് പരമസാത്വികനായ കെ. സുധാകരനെ "ടാറ'ടിക്കാൻ ശ്രമിച്ചത് ഇതിന്‍റെ ഭാഗമായിരുന്നത്രെ. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അദ്ദേഹത്തിന്‍റെ ശക്തനായ എതിരാളി എം. വിജയരാജനെ മലർത്തിയടിക്കാൻ കെ. സുധാകരന് കഴിഞ്ഞത് മറുകൂടോത്രം കൊണ്ടായിരുന്നത്രെ..!
ധീരനും വീരനുമായ, സർവോപരി അന്ധവിശ്വാസ വിരോധിയുമായ, വി.എം. സുധീരനെതിരേ കെപിസിസി ആസ്ഥാനത്തും ഭവനത്തിലും കൂടോത്രങ്ങൾ ചെയ്തിരുന്നത്രെ. അല്ലെങ്കിൽ, സുധീരം രാജ്യത്തെയും സംസ്ഥാനത്തെയും നയിക്കാനുള്ള നേതൃസാധ്യത സുധീരന് ലഭിക്കുമായിരുന്നു എന്നാണ് അസൂയാലുക്കൾ പറയുന്നത്.
2022ലെ കേരള അസംബ്ലി തെരഞ്ഞെടുപ്പിൽ ഭുരിപക്ഷം തേടി മുഖ്യമന്ത്രിയാകാൻ പൂജാ മന്ത്രാദികൾ നടത്തിയ അന്നത്തെ പ്രതിപക്ഷ നേതാവിന് ദയനീയ തോൽവിയെ തുടർന്ന് വീണ്ടും പ്രതിപക്ഷ നേതാവെങ്കിലും ആകണമെന്ന ആഗ്രഹം തകർന്നതും ദുർമന്ത്രവാദം കൊണ്ടാണെന്ന് പറയപ്പെടുന്നു. 2026ൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടി മുഖ്യമന്ത്രിയാകാൻ ഡൽഹിയിലെ ഹൈക്കമാൻഡ് മുതൽ കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്നിവർ ജോത്സ്യന്മാരുടെ പുറകെയാണെന്നാണ് പൊതുവേ സംസാരം.
2024 പാർലമെന്‍റ് തെരഞ്ഞടുപ്പിന് മുമ്പ്, രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയിലൂടെ ഇലക്ഷൻ വോട്ടിങ് മെഷീൻ അട്ടിമറിക്കും എന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും മോദി സർക്കാരിന്‍റെ പാർലമെന്‍റിലെ നാനൂറ് അംഗങ്ങൾ എന്ന സ്വപ്നം താഴേയ്ക്കു വീണപ്പോൾ ആരോപണത്തിന് പ്രസക്തിയില്ലാതായി. മോദി തന്നെ ഒരു മികച്ച പൂജാരിയാണ്. അതുകൊണ്ട് തന്ത്ര- കുതന്ത്രങ്ങൾ അദ്ദേഹത്തിന് ഏശിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൈക്കുമായിട്ടുള്ള ഏറ്റുമുട്ടൽ പ്രസിദ്ധമാണ്. അദ്ദേഹം മൈക്കിന് അടുത്തെത്തുമ്പോൾ തന്നെ മൈക്ക് പണിമുടക്കും. അതും ഒരു മന്ത്ര- കുതന്ത്രത്തിന്‍റെ ഭാഗമാണെന്നാണ് പലരും വിശ്വസിക്കുന്നത്. കൂടോത്രം പുരാതനകാലം മുതലേ അറിയപ്പെടുന്ന ഒരു കുതന്ത്രമാണ്. ഇന്നും പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. എന്നാൽ വിദ്യാസമ്പന്നരായ ജനങ്ങളുള്ള കേരളത്തിൽ കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും കടന്നു വരുമ്പോൾ അദ്ഭുതമാണ് ഉണ്ടാവുന്നത്.
പണ്ട് ജനസേവനവും ജനബന്ധവും രാഷ്‌ട്രീയ മുന്നേറ്റത്തിനുള്ള കോണിപ്പടി ആയിരുന്നു. മൃഗബലി, ചാര പ്രയോഗം തുടങ്ങിയവയിലൂടെ അധികാരത്തിൽ കടന്നുവരാം എന്നാണ് ഇപ്പോൾ കേരളത്തിലെ മഹാത്മാ ഗാന്ധിയുടെ ശിഷ്യർ വിശ്വസിക്കുന്നത്. ജോത്സ്യന്മാരും, കൈനോട്ടക്കാരും, മന്ത്രവാദികളും കോൺഗ്രസ് നേതാക്കളുടെ രഹസ്യ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു. ബിജെപിക്കാരും അതിൽ ഒട്ടും പുറകിലല്ല. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും പ്രശസ്ത സിനിമാ നടനുമായ സുരേഷ് ഗോപി ഏത് കാര്യത്തിനും സമയം നോക്കും. തൃശൂരിൽ മത്സരിക്കുന്നതിനു മുമ്പ് ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം തെറിച്ചുപോയപ്പോൾ അത് ഒരു ദുഃശകുനമായാണ് അന്ന് കണ്ടത്. എന്നാൽ ജയിച്ചുവന്നപ്പോൾ പുതിയ സ്വർണ കൊന്ത സമർപ്പിച്ച് മാപ്പ് അപേക്ഷിച്ചു. ഡൽഹിയിലെ മന്ത്രികാര്യാലയത്തിൽ ഔദ്യോഗിക സീറ്റിലിരിക്കാൻ വേണ്ടി കൃത്യമായി സമയം കണ്ടെത്തിയാണ് ചന്തി അമർത്തി ഇരുന്നത്. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിൽ തോറ്റതും ആരുടെയോ കുതന്ത്ര മന്ത്രങ്ങൾ കൊണ്ടാണത്രെ.
ചൈന, പാക്കിസ്ഥാൻ തുടങ്ങിയ നമ്മുടെ അയൽ രാജ്യങ്ങൾക്കെതിരേ കോടികൾ ചെലവഴിച്ച് സന്നാഹങ്ങൾ ഒരുക്കി യുദ്ധോപകരണങ്ങൾ വാങ്ങികൂട്ടുന്നതിന് പകരം കുറേ ദുർമന്ത്രവാദികളെ നിയമിച്ച് കൂടോത്രം ചെയ്തിരുന്നുവെങ്കിൽ പ്രതിരോധ രംഗത്ത് നാം ചെലവഴിക്കുന്ന വലിയ തുക ഒഴിവാക്കാമായിരുന്നു എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.