അരിയിലെ രാഷ്‌ട്രീയം

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ അഞ്ചേക്കര്‍ ഭൂമിയില്‍ 40 കോടിയുടെ റൈസ് ടെക്നോളജി പാര്‍ക്കിനായാണ് കെട്ടിടം നിര്‍മാണം ആരംഭിച്ചത്
അരിയിലെ രാഷ്‌ട്രീയം
Updated on

#എം.ബി. സന്തോഷ്

കേരളം സുഗന്ധ ദ്രവ്യങ്ങൾ ഉൾപ്പെടെ കൃഷി ചെയ്ത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് ഗണ്യമായ സംഭാവന ചെയ്യുന്നത് കണക്കിലെടുത്ത് കേരളത്തിന് ഉയർന്ന തോതിൽ അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യ വിഹിതം അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ആറ് പതിറ്റാണ്ട് മുമ്പായിരുന്നു. അതിന്‍റെ ഫലമായാണ് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം 1960 മുതൽ നിലവിലുള്ള സംസ്ഥാനമായി കേരളം മാറിയത്. നാണ്യവിളകൾ കൂടുതൽ ഉത്പാദിപ്പിച്ചതിനാൽ ഭക്ഷ്യധാന്യ കൃഷി കുറഞ്ഞു എന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നും അന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി. പിൽക്കാലത്ത് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്ന് പിന്നോട്ടുപോയി. കോൺഗ്രസിന്‍റെ കേന്ദ്ര സർക്കാരുകൾ തുടർന്ന ആ നിലപാട് ബിജെപി കൂടുതൽ തീവ്രമാക്കി എന്നതാണ് വാസ്തവം.

അങ്ങനെ, സ്റ്റാറ്റ്യൂട്ടറി റേഷൻ ചടങ്ങുമാത്രമായ കേരളത്തിൽ ഇപ്പോൾ അരിയുടെ പേരിൽ രാഷ്‌ട്രീയ യുദ്ധം മുറുകുകയാണ്. "ഭാരത് അരി' എന്ന പേരിൽ കിലോഗ്രാമിന് 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ വരുന്നു. അതുപക്ഷെ, ബിജെപി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രതീക്ഷ കൽപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ മാത്രമേ ഇപ്പോൾ വിതരണം ചെയ്യുന്നുള്ളൂ! അവിടെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ പോലും ഭാരത് അരി കിട്ടും!

ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത് പൊന്നി എന്ന പച്ചരിയാണ്. നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് ഭാരത് അരിയുടെ വിൽപ്പന നടക്കുന്നത്. ഒരാള്‍ക്ക് ഒരു തവണ 10 കിലോ വരെ അരി വാങ്ങാം. ലോറികളിലും വാനുകളിലും ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് വില്പന. നാഫെഡിന് കിലോഗ്രാമിന് 18 രൂപയ്ക്ക് കേന്ദ്രം നൽകുന്ന പച്ചരിയാണ് "ഭാരത് അരി'യായി 29 രൂപയ്ക്കു വിൽക്കുന്നത്!

ബിജെപി "രാഷ്‌ട്രീയ അരി' വിൽപ്പന നടത്തുമ്പോൾ സംസ്ഥാന സർക്കാരും വെറുതെ ഇരിക്കുന്നില്ല. "കെ-റൈസ്' എന്ന പേരിൽ അരി അടിയന്തരമായി വിപണിയിലിറക്കാനാണ് ആലോചന. കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡ് എന്ന പേരില്‍ ഇറക്കാനിരുന്ന പദ്ധതിയാണ് "കെ അരി അഥവാ കെ റൈസ്'. പദ്ധതി പ്രഖ്യാപിച്ച് അഞ്ചു വര്‍ഷമായിട്ടും കേരള റൈസ് പദ്ധതി "സർക്കാരു കാര്യം മുറപോലെ'യാണ്.1

കെ റൈസിന്‍റെ പ്ലാന്‍റിന് കരാര്‍ പോലുമായില്ല. പാലക്കാട് കഞ്ചിക്കോട്ടും ആലപ്പുഴ ചെങ്ങന്നൂരും റൈസ് ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. 2019 ല്‍ കെട്ടിടനിര്‍മാണം ആരംഭിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ അഞ്ചേക്കര്‍ ഭൂമിയില്‍ 40 കോടിയുടെ റൈസ് ടെക്നോളജി പാര്‍ക്കിനായാണ് കെട്ടിടം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കരാറുകാരെ കിട്ടിയില്ല. ഇതിനായി പ്ലാന്‍റിനും സംഭരണശാലയ്ക്കും 5 തവണ ടെന്‍ഡര്‍ വിളിച്ചു. ഏറ്റവും ഒടുവില്‍ വിളിച്ച ടെന്‍ഡറില്‍ കഞ്ചിക്കോട്ടെ റൈസ് ടെക്നോളജി പാര്‍ക്കിന് കരാറുകാരെ കിട്ടിയെന്നും പരിശോധന നടത്തിയ ശേഷം പ്ലാന്‍റ് നിര്‍മാണത്തിന് അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടു തന്നെ മാസങ്ങളേറെയായി. ചെങ്ങന്നൂരിലെ കോട്ട പ്രഭുറാം മില്‍സ് വളപ്പില്‍ റൈസ് പാര്‍ക്കിന് 66.05 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കെട്ടിട നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും പ്ലാന്‍റിനുള്ള ടെന്‍ഡര്‍ നടപടി ഇഴഞ്ഞുനീങ്ങുകയാണ്.

ഇപ്പോൾ, ഭാരത് അരി വന്നപ്പോൾ "കേരള അരി' കൊണ്ടുവന്ന് മറുപടി നൽകണമെന്നു വന്നപ്പോഴാണ് 5 കൊല്ലം മുമ്പ് തീരുമാനിച്ച "കെ -റൈസ്' ഒച്ചുകളെയും കവച്ചു വച്ച് കുതിച്ചുപായുകയാണെന്ന് എൽഡിഎഫ് നേതൃത്വത്തിന് തിരിച്ചറിയാനായത്. അതുകൊണ്ട് ബദല്‍ അരി വില്‍പനയ്ക്കുള്ള മാർഗങ്ങൾ തേടുകയാണ് സംസ്ഥാന സർക്കാർ. പൊന്നി എന്ന പച്ചരിയാണ് ഭാരത് അരിയിലൂടെ വിതരണം ചെയ്യുന്നത് എന്നതിനാൽ മലയാളികള്‍ക്ക് പ്രിയമായ ജയ, കുറുവ, മട്ട എന്നീ അരികളുണ്ടെങ്കിലേ ബദൽ ജനങ്ങൾ ഏറ്റെടുക്കുകയുള്ളൂ എന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനായി ജയ അരി കുറഞ്ഞ നിരക്കില്‍ ആന്ധ്ര അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കിട്ടാനുള്ള സാധ്യത കേരളം തേടുകയാണ്. റേഷൻകടകൾ വഴിയും സപ്ലൈകോ വഴിയും കെ അരി വിൽക്കാനാണ് സർക്കാർ താല്പര്യപ്പെടുന്നത്.

"കെ-അരി' നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം വീതം നൽകാൻ എത്ര വേണമെന്ന കണക്കെടുപ്പ് നടത്തിവരികയാണ്. റേഷൻ കാർഡുകാർക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരി ലഭ്യമാക്കും. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തിൽ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാൻഡിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകാർക്ക് നൽകുന്നത് സംബന്ധിച്ച് തീരുമാനം ആയതായാണ് അറിവ്.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നേരത്തെ നാലര രൂപയ്ക്ക് നല്‍കിയിരുന്ന അരിയാണ് ഇപ്പോള്‍ ഭാരത് അരിയെന്ന പേരില്‍ 29 രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നാണ് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ചൂണ്ടിക്കാട്ടിയത്. പൊതു വിപണിയിലെ അരി വിലയില്‍ നിന്നും കുറവാണെന്ന് കാണിക്കാനുള്ള ശ്രമാണ് ഭാരത് അരിയിലൂടെ നടത്തുന്നത്. ഫെഡറല്‍ വ്യവസ്ഥയുള്ള രാജ്യത്ത് പൊതുവിതരണ സംവിധാനത്തെ തകിടം മറിച്ചുകൊണ്ട് കേന്ദ്രം അരി വിതരണം നടത്താനിറങ്ങുന്നത് ഫെഡറല്‍ മര്യാദകളുടെ ലംഘനമാണെന്ന മന്ത്രിയുടെ വാദം തള്ളിക്കളയാനാവില്ല.

മുൻപ് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് (ഒഎംഎസ്എസ്) ലേലത്തില്‍ കേരളത്തിനു ലഭിച്ചിരുന്ന അരി സപ്ലൈകോ വഴി 24 രൂപയ്ക്കു വിതരണം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ സംസ്ഥാന സർക്കാരിനും ഏജൻസിക്കും ഈ അരി കേന്ദ്രസർക്കാർ നൽകുന്നില്ല. ഒഎംഎസ്എസ് വഴി അരി നൽകണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഇതുവരെ കിട്ടിയില്ലെന്നുമാത്രമല്ല, "ഭാരത് അരി' വിതരണത്തിന്‍റെ പശ്ചാത്തലത്തിൽ അതിന് അനുമതി ലഭിക്കാനുള്ള സാധ്യത കുറവുമാണ്.

ബിപിഎല്‍ ഇതര വിഭാഗങ്ങള്‍ക്ക് സൗജന്യ അരി വിതരണം ചെയ്യുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. എന്നാല്‍ 95 ലക്ഷം റേഷൻ കാര്‍ഡ് ഉടമകളുള്ള കേരളത്തില്‍ 14,172 റേഷന്‍ കടകളിലൂടെ പൊതുവിതരണ സംവിധാനം വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ബിപിഎല്‍ വിഭാഗത്തിന് മാത്രമായി കേന്ദ്രം സൗജന്യ അരി വിഹിതം വെട്ടിച്ചുരുക്കിയപ്പോള്‍ കേരളം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീമിലൂടെ ഭക്ഷ്യധാന്യങ്ങള്‍ സമാഹരിച്ച് ബിപിഎല്‍ ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) 4.50 രൂപ നിരക്കിലും 10.90 രൂപ നിരക്കിലും റേഷന്‍ കടകളിലൂടെ വിതരണം ചെയ്തു. സംസ്ഥാനത്ത് അരിവില നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ഇത് സഹായിച്ചു.

എന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് ലേലത്തില്‍ സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പങ്കെടുക്കാനാവില്ല എന്ന് ഉത്തരവിറക്കിയ കേന്ദ്ര സർക്കാർ അതിൽ സ്വകാര്യ ഏജന്‍സികള്‍ക്ക് പങ്കെടുക്കാമെന്നും നിഷ്‌ക്കര്‍ഷിച്ചു! എന്നുവച്ചാൽ സർക്കാർ ഈ അരി വാങ്ങി കുറഞ്ഞ വില‍യ്ക്ക് പൊതു വിപണിയിൽ വിൽക്കാൻ പാടില്ല. അതേ അരി മുതലാളിമാർ വാങ്ങി എത്ര വിലകൂട്ടി വിൽക്കുന്നതിനും ഒരു തടസ്സവുമില്ല!

ഭാരത് ബ്രാൻഡിൽ അരി മാത്രമല്ല, ആട്ട (27.50 രൂപ), പരിപ്പ് (60), പഞ്ചസാര, ഉള്ളി (25 രൂപ) എണ്ണ തുടങ്ങിയവയും കുറഞ്ഞ വിലയില്‍ വിപണിയിലുണ്ട്. പക്ഷെ, കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തെ ഇന്ത്യയുടെ ഭാഗമായി കാണാത്തതിനാൽ ഇവിടെ അത് വിതരണം ചെയ്യാൻ തുടങ്ങിയിട്ടില്ല. ബിജെപി സ്ഥാനാർഥികൾക്ക് പ്രതീക്ഷയുള്ളിടങ്ങളിലെങ്കിലും അത് വിതരണം ചെയ്യണം. അവിടത്തെ പാവപ്പെട്ട ബിജെപിക്കാർക്ക് അതിന്‍റെ ഫലം കിട്ടട്ടെ!

"കെ- അരി' തെരഞ്ഞെടുപ്പടുക്കും വരെയെങ്കിലും കിട്ടട്ടെ. ഇപ്പോഴത്തെ പ്രതീക്ഷയനുസരിച്ച് ഭാരത് അരിയെക്കാൾ വിലക്കുറവിലായിരിക്കും വില്പന. അതും നല്ലതാണ്. കാരണം, ഇത്തരം വില്പന പൊതു വിപണിയിലെ വില വർധനയെ പിടിച്ചു നിർത്തും. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും കേരളീയർക്ക് ന്യായവിലയ്ക്ക് അരി വാങ്ങി കഞ്ഞി കുടിക്കാൻ വഴിയൊരുങ്ങട്ടെ!

Trending

No stories found.

Latest News

No stories found.