വോട്ടിങ് മെഷീൻ തിരിമറി സാധ്യം: പഴയ ഗവേഷണം വീണ്ടും ചർച്ചയിൽ | Possibilities of EVM Tampering
യഥാർഥം എന്നവകാശപ്പെടുന്ന വോട്ടിങ് മെഷീനുമായി ഗവേഷകർ

വോട്ടിങ് മെഷീൻ തിരിമറി സാധ്യം: പഴയ ഗവേഷണം വീണ്ടും ചർച്ചയിൽ

വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനും തെരഞ്ഞെടുപ്പു ഫലങ്ങൾ അട്ടിമറിക്കാനുമുള്ള സാധ്യതകള്‍ യഥാര്‍ഥ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ തെളിയിച്ചു എന്നാണ് അവകാശവാദം

വി.കെ. സഞ്ജു

2010 ഓഗസ്റ്റ് 21, സ്ഥലം നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയര്‍ ഹരി കെ. പ്രസാദിന്‍റെ ഹൈദരാബാദിലെ വസതി.

പുലര്‍ച്ചെ അഞ്ചരയോടെ അവിടെ ക്ഷണിക്കപ്പെടാത്ത ചില സന്ദര്‍ശകരെത്തി- പത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍.

ഇന്ത്യയിലെ പ്രമുഖ ഇലക്ഷന്‍ സെക്യൂരിറ്റി റിസെര്‍ച്ചര്‍ എന്നാണു ഹരിപ്രസാദിനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നത്. പൊലീസുകാര്‍ക്കാകട്ടെ, ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (EVM) മോഷ്ടിച്ച കേസിലെ പ്രതിയും.

ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനും തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പു ഫലങ്ങളും അട്ടിമറിക്കാനുമുള്ള സാധ്യതകള്‍ യഥാര്‍ഥ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ ഹരി തെളിയിച്ചു എന്നാണ് ഒപ്പം ഗവേഷണത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്.

പക്ഷേ, അതീവ സുരക്ഷയില്‍ കാത്തുസൂക്ഷിക്കുന്ന, തെരഞ്ഞെടുപ്പ് ഉള്ളപ്പോള്‍ മാത്രം പുറത്തെടുക്കാറുള്ള വോട്ടിങ് മെഷീനുകളിലൊന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹരിയുടെ കൈയില്‍ എങ്ങനെ വന്നു? മെഷീനുകള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുള്ള, ഉത്തരവാദപ്പെട്ട ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരോ കൈമാറിയെന്നു വേണം കരുതാന്‍. ഗവേഷണം നടത്താന്‍ മെഷീന്‍ സംഘടിപ്പിച്ചു കൊടുത്ത ആളാരാണെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നു ഹരിയും കൂട്ടരും തറപ്പിച്ചു പറഞ്ഞു. അതാരാണെന്നു മാത്രമായിരുന്നു പൊലീസുകാര്‍ക്കും സര്‍ക്കാരിനും അറിയേണ്ടതും!

ഹൈദരാബാദിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ഹരിയെ മുംബൈയിലേക്കാണു കൊണ്ടുപോയതെന്നാണ് അന്നു പുറത്തുവന്ന വിവരം. 14 മണിക്കൂര്‍ റോഡ് യാത്ര. ഹരിക്കൊപ്പം ഗവേഷണത്തില്‍ പങ്കെടുത്ത, മിഷിഗണ്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ ജെ. അലക്സ് ഹോള്‍ഡര്‍മാനുമായി ഹരി പൊലീസ് വാഹനത്തിലിരുന്ന് സംസാരിച്ചു എന്നാണു പറയുന്നത്. ഈ സംഭാഷണത്തില്‍നിന്നു ലഭിച്ചു എന്നു പറയുന്ന വിവരങ്ങളാണു മുകളില്‍ സൂചിപ്പിച്ചത്.

''മെഷീന്‍ ആരു നല്‍കിയെന്നു പറഞ്ഞാല്‍ പിന്നെ ഒരാളും നിങ്ങളെ തൊടില്ല. മുകളില്‍നിന്നു ഞങ്ങള്‍ക്കു നല്ല പ്രഷറുണ്ട്'', പൊലീസുദ്യോഗസ്ഥര്‍ ഹരിയോടു പറഞ്ഞതായി ഹോള്‍ഡര്‍മാന്‍ വെളിപ്പെടുത്തുന്നു.

''ഞാന്‍ രഹസ്യം വെളിപ്പെടുത്തിയാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരാന്‍ ഇനിയാരും ധൈര്യപ്പെടില്ല. ഈ മെഷീനുകള്‍ തെരഞ്ഞെടുപ്പിനു യോഗ്യമല്ലെന്നു ബോധ്യപ്പെടുത്തുകയാണു ഞങ്ങളുടെ അന്തിമ ലക്ഷ്യം. ഞങ്ങൾ ചെയ്തതെല്ലാം ശരിയാണെന്നു തന്നെ ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു'', ഹരിയുടെ വാക്കുകളായി ഹോള്‍ഡര്‍മാന്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നു.

ആരോപണമല്ല, ഗവേഷണം

സെക്യൂരിറ്റി അനാലിസിസ് ഒഫ് ഇന്ത്യന്‍ വോട്ടിങ് മെഷീന്‍സ് എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധം തയാറാക്കിയിരിക്കുന്നത് എട്ടു പേര്‍ ചേര്‍ന്നാണ്. ഹരിയെയും ഹോള്‍ഡര്‍മാനെയും കൂടാതെ, മിഷിഗണ്‍ യൂനിവേഴ്സിറ്റിയില്‍നിന്നുള്ള സ്കോട്ട് വോല്‍ചോക്ക്, എറിക് വുസ്ട്രോ, നെറ്റ് ഇന്ത്യയില്‍നിന്നുള്ള അരുണ്‍ കന്‍കിപതി, സായ്കൃഷ്ണ സഖമൂരി, വാസവ്യ യാഗതി, പ്രത്യേകിച്ചു വിലാസമൊന്നും നല്‍കിയിട്ടില്ലാത്ത റോപ് ഗോന്‍ഗ്രിജ്പ് എന്നീ പേരുകളാണ് പ്രബന്ധത്തിലുള്ളത്.

ഈ സായിപ്പന്‍മാര്‍ക്കൊക്കെ നമ്മുടെ വോട്ടിങ് മെഷീന്‍ പഠിക്കാന്‍ കൊടുത്തത് ഏതവനായാലും പിടിക്കപ്പെടണം എന്നു ധാര്‍മിക രോഷം കൊള്ളുന്നതിനു മുന്‍പ് ഒരു നിമിഷം- ഇവരുടെ വെളിപ്പെടുത്തലുകള്‍ സത്യമാണെങ്കിലോ? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കാനുള്ള മാര്‍ഗത്തിനു നേരെയാണു സംശയത്തിന്‍റെ മുള്‍മുന നീളുന്നത്.

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന ഹോള്‍ഡര്‍മാന്‍റെ ആരോപണം നമ്മള്‍ മുഖവിലയ്ക്കെടുക്കണമെന്നില്ല. പരമ സുരക്ഷയില്‍ വച്ചിരിക്കുന്ന വോട്ടിങ് മെഷീന്‍ എങ്ങനെ പുറത്തു പോയി എന്നന്വേഷിക്കേണ്ടത് സര്‍ക്കാരിന്‍റെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും ചുമതലയാണ്. ഒപ്പം, ശരിയോ തെറ്റോ എന്ന് ഇനിയും നിര്‍ണയിക്കെപ്പെടേണ്ട മാര്‍ഗത്തിലൂടെ ഇവര്‍ കണ്ടെത്തിയതു സത്യമോ എന്നറിയുക ഓരോ ഇന്ത്യക്കാരന്‍റെയും അവകാശവുമാണ്.

തിരിമറി എങ്ങനെ?

വോട്ട് ചെയ്തിട്ടില്ലാത്തവര്‍ക്കു പോലും മാധ്യമങ്ങളിലൂടെ വര്‍ഷങ്ങളായി കണ്ടു പരിചയമുണ്ടാകും ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ രൂപം. പക്ഷേ, അതിന്‍റെ ഉള്‍വശം എങ്ങനെയിരിക്കുമെന്നു നമ്മളൊന്നും കണ്ടിട്ടില്ല. പീസ് പീസായി ഇളക്കിയിട്ടിരിക്കുന്ന മെഷീന്‍റെ ദൃശ്യങ്ങള്‍ ഹരി കെ. പ്രസാദിന്‍റെയും ജെ. അലക്സ് ഹോള്‍ഡര്‍മാന്‍റെയും സംഘത്തിന്‍റെയും ഗവേഷണ പ്രബന്ധത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു. കണ്‍ട്രോള്‍ യൂനിറ്റ്, മെയിന്‍ ബോര്‍ഡ്, ഡിസ്പ്ലേ ബോര്‍ഡ് എന്നിവയൊക്കെ ഇത്തരത്തില്‍ കാണിച്ചിട്ടുണ്ട്. ഗവേഷകര്‍ മെഷീനും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം വേറെ.

ഇവിഎമ്മിന്‍റെ ഡിസൈനും പ്രവര്‍ത്തനരീതിയും ഗവേഷണ പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. രണ്ടു തരത്തില്‍ തിരിമറി നടക്കാനുള്ള സാധ്യതകളാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, ഡിസ്പ്ലേ ബോര്‍ഡില്‍ നടത്തുന്ന തിരിമറി. യഥാര്‍ഥ ബോര്‍ഡിനു പകരം, കണ്ടാല്‍ ഒരു വ്യത്യാസവും തോന്നാത്ത മറ്റൊന്ന് ഘടിപ്പിക്കും. വോട്ടര്‍മാര്‍ എങ്ങനെയൊക്കെ വോട്ടു ചെയ്താലും, ഏതു സ്ഥാനാര്‍ഥിക്കനുകൂലമായിരിക്കണം വിധി എന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു സിഗ്നല്‍ നല്‍കുന്നതു പ്രകാരം ഈ ബോര്‍ഡ് ഡിസ്പ്ലേ ചെയ്യിക്കും.

രണ്ടാമത്തേത്, മെമ്മറിയില്‍ തന്നെയുള്ള തിരിമറി. ഇതില്‍ ഘടകങ്ങളൊന്നും അപ്പാടെ മാറ്റിവയ്ക്കേണ്ട ആവശ്യം വരുന്നില്ല. പകരം ഒരു ചെറിയ ഹാര്‍ഡ്വെയര്‍ താത്കാലികമായി പ്രവര്‍ത്തിപ്പിക്കുക മാത്രം ചെയ്യുന്നു. വോട്ടുകള്‍ രേഖപ്പെടുത്തുന്ന മെമ്മറി ചിപ്പില്‍ ഇതു ക്ലിപ്പ് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ വോട്ടെടുപ്പു കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം മാത്രം വോട്ടെണ്ണുന്ന സമ്പ്രദായമായതിനാല്‍, ഇതിനിടെ എപ്പോള്‍ വേണമെങ്കിലും റിമോട്ട് കണ്‍ട്രോള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പു ഫലത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്നും ഇവര്‍ സ്ഥാപിക്കുന്നു.

ഇതുകൂടാതെ, തെരഞ്ഞെടുപ്പിന്‍റെ രഹസ്യാത്മകത പരസ്യമാക്കാനും മെഷീനുകളിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. വോട്ട് രേഖപ്പെടുത്തുന്ന മുറയ്ക്കു തന്നെയാണ് ഇതില്‍ രേഖപ്പെടുത്തുന്നത്. ഗവേഷകര്‍ വികസിപ്പിച്ചെടുത്ത സംവിധാനം ഉപയോഗിച്ച് ഇതിന്‍റെ പ്രിന്‍റൗട്ട് എടുക്കാം. ഇത് പോളിങ് ബൂത്തിലെ രേഖകളുമായി ഒത്തുനോക്കിയാല്‍ ആര് ആര്‍ക്ക് വോട്ടു ചെയ്തു എന്നു വ്യക്തമാകുമത്രെ.

കൃത്രിമം കാണിക്കാൻ വഴികൾ പലത്

വോട്ടിങ് മെഷീന്‍ മാനിപ്പുലേറ്റ് ചെയ്യാമെന്ന് ഒരാള്‍ പറഞ്ഞതോടെ ഇതേ അവകാശവാദവുമായി ബ്ലോഗുകളിലും മറ്റും സാങ്കേതിക വിദഗ്ധരെന്നവകാശപ്പെടുന്ന പലരും പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിഎമ്മിനെ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ ചിപ്പുകളെ ഏതു രീതിയിലും പ്രതികരിക്കാന്‍ കഴിയും വിധം പ്രോഗ്രാം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിലൊരു വാദം. അതായത്, നിശ്ചിത എണ്ണം ആളുകള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ബാക്കി വോട്ടുകള്‍ യാതൊരു സംശയവും ഉണ്ടാകാത്ത തരത്തില്‍, ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്കു മറിക്കാന്‍ കഴിയുമത്രെ.

പതിനായിരക്കണക്കിനല്ല, ആയിരക്കണക്കിനോ നൂറു കണക്കിനോ മാത്രമായിരിക്കും ഇത്തരത്തില്‍ മറിക്കുന്നത്. ഭൂരിപക്ഷം ലക്ഷക്കണക്കിനായിരിക്കില്ല, ആയിരക്കണക്കിനു മാത്രമായിരിക്കും. വിജയിക്കുന്ന സ്ഥാനാര്‍ഥിക്കനുകൂലമായ പോളിങ് 90-95 ശതമാനമായിരിക്കില്ല, 40-45 ശതമാനമായിരിക്കും. അതിനാല്‍ സംശയത്തിന് അവസരമുണ്ടാകണമെന്നില്ല.

ഇലക്ഷന്‍ കഴിയുന്നതോടെ ആവശ്യത്തിന് അട്ടിമറികള്‍ നടത്തിയ ശേഷം സ്വയം നശിപ്പിക്കാന്‍ കഴിയുന്ന ട്രോജന്‍ പ്രോഗ്രാമുകള്‍ എഴുതാന്‍ കഴിയുമെന്നൊരവകാശവാദവും ഉയര്‍ന്നുവന്നിരുന്നു. തെരഞ്ഞെടുപ്പു ഫലത്തില്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തിയ ശേഷം ഈ ട്രോജന്‍ പ്രോഗ്രാമിനു സ്വയം നശിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ തെളിവുകളൊന്നും ശേഷിക്കില്ല. വോട്ടിങ്ങിനു മുന്‍പുള്ള പരിശോധനകളിലും ഇവ കണ്ടെത്താന്‍ കഴിയില്ല. കാരണം, വോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന കീ സ്ട്രോക്കുകള്‍ നിശ്ചിത എണ്ണം പിന്നിടുമ്പോള്‍ മാത്രമാണത്രെ ഇവ പ്രവര്‍ത്തനക്ഷമമാകുക.

തോൽക്കുന്നവരുടെ മാത്രം പരാതി

ഇലക്‌ട്രോണിക് വോട്ടിങ് വേണ്ടെന്ന ശക്തമായ ആവശ്യം ഇന്ത്യയിൽ ആദ്യമായി ഉന്നയിക്കുന്നത് ബിജെപിയും അണ്ണാ ഡിഎംകെയും പോലുള്ള രാഷ്ട്രീയ കക്ഷികളാണ്. കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഗവേഷണം നടത്തുന്ന സമയത്ത് രാജ്യത്തെ 16 രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കണ്ടെത്തലുകളോടു യോജിക്കുന്നു എന്നാണു ഹോള്‍ഡര്‍മാന്‍ അന്ന് അവകാശപ്പെട്ടത്.

അതേസമയം, മാഗ്നറ്റിക് ഫീല്‍ഡ് ഉപയോഗിച്ച് തിരിമറി നടത്തുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇതില്‍ അട്ടിമറികള്‍ നടക്കാന്‍ യാതൊരു സാധ്യതയും നിലനില്‍ക്കുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മിഷനും നിര്‍മാതാക്കളായ പൊതുമേഖലാ കമ്പനികളും അവകാശപ്പെട്ടു വരുന്നത്.

1990ലും 2006ലും ഇത്തരം സാങ്കേതിക പരിശോധനകള്‍ നടന്നതായി ഗവേഷകര്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇതു ശരിയായ മോഡലുകള്‍ ഉപയോഗിച്ചായിരുന്നില്ലെന്നും കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധര്‍ ഇതില്‍ പങ്കെടുത്തിട്ടില്ലെന്നും ഇവർ പറയുന്നു. സ്വതന്ത്ര പരിശോധനകള്‍ക്ക് മെഷീനുകള്‍ ഒരിക്കലും വിധേയമായിട്ടില്ലെന്നും, ഇവയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പൊതുജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുത്തിട്ടില്ലെന്നുമാണു ഹോള്‍ഡര്‍മാന്‍റെ പക്ഷം.

സംശയനിവാരണം എങ്ങനെ?

ഹരി കെ. പ്രസാദും സഹപ്രവര്‍ത്തകരും മെഷീനുകളുടെ സുരക്ഷ പരിശോധിക്കാന്‍ സഹകരിക്കാമെന്നു തെരഞ്ഞെടുപ്പു കമ്മിഷനു പല തവണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു പറയുന്നത്. ഒരിക്കലും അനുമതി കിട്ടിയിട്ടില്ലത്രെ. അങ്ങനെയിരിക്കെയാണു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനിൽനിന്ന് അവർ പരിശോധനയ്ക്ക് മെഷീന്‍ സംഘടിപ്പിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, ഇലക്‌ട്രോണിക്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ ചേര്‍ന്നാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ വോട്ടിങ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. എങ്ങനെയാണിവ പ്രവര്‍ത്തിക്കുന്നതെന്നു പുറത്താര്‍ക്കുമറിയില്ല. സോഫ്റ്റ്വെയറിന്‍റെ സോഴ്സ് കോഡ് പുറത്തുവിടണമെന്ന ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. സോഴ്സ് കോഡ് കിട്ടാതെ ഇവിഎമ്മിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കഴിയില്ലെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, സോഴ്സ് കോഡ് പുറത്തുവിട്ടാല്‍ അട്ടിമറികള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നതു മറ്റൊരു വശം.

ഇലക്‌ട്രോണിക്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഇന്ത്യയില്‍ ആദ്യമായി വോട്ടിങ് മെഷീന്‍ അവതരിപ്പിക്കുന്നത്, 1980കളുടെ തുടക്കത്തില്‍. ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചതല്ലാതെ രാജ്യവ്യാപകമായി ഇവ സ്വീകരിക്കപ്പെട്ടില്ല. വോട്ട് ചെയ്യാനും കൗണ്ട് ചെയ്യാനും പ്രത്യേകം മെഷീനുകളാണ് അന്ന് ഉപയോഗിച്ചത്. പിന്നീടു വന്ന മെഷീനും ഇതേ അടിസ്ഥാന സ്വഭാവം തന്നെ പാലിച്ചു. അവ ഉപയോഗിച്ചു തുടങ്ങുന്നത് 2000ത്തില്‍. 2009 ആയതോടെ ഇത്തരത്തിലുള്ള 1,378,352 വോട്ടിങ് മെഷീനുകള്‍ ഉപയോഗത്തിലായി. ഇതില്‍ 930,352 എണ്ണം 2000നും 2005നുമിടയില്‍ നിര്‍മിക്കപ്പെട്ടതാണ്. ബാക്കി 2006നും 2009നുമിടയിലും. പുതിയവയിലൊന്നാണ് തങ്ങള്‍ക്കു പരീക്ഷണത്തിനു കിട്ടിയതെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്.

കാലിഫോര്‍ണിയ, ഫ്ളോറിഡ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ജര്‍മനി എന്നിവിടങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചു തുടങ്ങിയ ശേഷം ഉപേക്ഷിച്ചിട്ടുണ്ടെന്നു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇവയെ അപേക്ഷിച്ച് അതീവ ലളിതമാണ് ഇന്ത്യയിലെ വോട്ടിങ് മെഷീന്‍റെ ഡിസൈനും പ്രവര്‍ത്തനവും. അതുകൊണ്ടു തന്നെ അവിടങ്ങളില്‍നിന്നു വ്യത്യസ്തമായ അട്ടിമറി സാധ്യതകളാണ് ഇവിടെ നിലനില്‍ക്കുന്നത്.

വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വോട്ടിങ് മെഷീനുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പല രാജ്യങ്ങളും ഇന്ത്യയിലേതിനു സമാനമായ സംവിധാനം സ്വീകരിക്കാന്‍ ആലോചിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വിദേശികളുടെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിന്‍റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാം. പക്ഷേ, സംശയനിവാരണം ജനങ്ങളുടെയും അവകാശം തന്നെ.

അവലംബം:

Security Analysis of India_s Electronic Voting Machines

Scott Wolchok, Eric Wustrow, J. Alex Halderman (The University of Michigan)

Hari K. Prasad, Arun Kankipati, Sai Krishna Sakhamuri, Vasavya Yagati (Netindia, (P) Ltd., Hyderabad)

Rop Gonggrijp

Trending

No stories found.

Latest News

No stories found.