# പായിപ്ര രാധാകൃഷ്ണൻ
കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രശസ്തമായ "പൊതിച്ചോർ' എന്ന കഥയിലെ അധ്യാപകൻ ദാരിദ്ര്യം കൊണ്ട് കുട്ടിയുടെ പൊതിച്ചോർ മോഷ്ടിക്കുന്ന അവസ്ഥയിലായിരുന്നു. അധ്യാപകർക്ക് ഏഴു രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ദാരിദ്ര്യകാലം. അന്നും തിരുവിതാംകൂറിൽ സ്വാതിതിരുന്നാൾ മഹാരാജാവ് അധ്യാപകർക്കു 300 രൂപ ശമ്പളം കൊടുത്തിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലെത്തിയാൽ അധ്യാപകർ നന്നായി പ്രവർത്തിക്കുമെന്ന പ്രത്യാശയായിരുന്നു മഹാരാജാവിനുണ്ടായിരുന്നത്.
എന്നാൽ, ശമ്പളം കൂടുന്തോറും അധ്യാപന നിലവാരം താഴോട്ടുപോകുന്ന അവസ്ഥയാണു പിന്നീടിങ്ങോട്ടു കേരളം കണ്ടത്. യുജിസി ശമ്പളത്തിന്റെ ലോട്ടറി കൂടി അടിച്ചതോടെ ഉന്നതവിദ്യാഭ്യാസവും കടപുഴകി എന്നാണ് അനുഭവം താക്കീതു നൽകുന്നത്.
കാരൂരിന്റെ പൊതിച്ചോർ മറ്റൊരു വിധത്തിൽ ഈയിടെ ശ്രദ്ധേയമാവുകയുണ്ടായി. മെഡിക്കൽ കോളെജ് ആശുപത്രികളുൾപ്പെടെ സർക്കാർ ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പല വീടുകളിലെ അമ്മമാർ തയാറാക്കുന്ന പൊതിച്ചോറുകൾ യഥാസമയം എത്തിച്ചുകൊടുക്കുന്ന ഒരു പരിപാടി ഡിവൈഎഫ്ഐക്കാർ നിർവഹിക്കുന്നുണ്ട്.
ഇപ്രകാരം പൊതിച്ചോർ തയാറാക്കേണ്ട ഒരമ്മ ഒരുദിവസം വീട്ടിലുണ്ടായിരുന്നില്ല. അന്ന് ആ വീട്ടിലെ ചെറിയ കുട്ടി ഉത്തരവാദിത്തം ഏറ്റെടുത്തു. യഥാസമയം പൊതിച്ചോർ കെട്ടി അതിലൊരു ക്ഷമാപണക്കത്തും വച്ചു. ""ചേട്ടാ, ചേച്ചീ, അമ്മേ, താത്താ, ഉമ്മാ... ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണം, അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തത്രപ്പാടിനിടെ ഞാനുണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ..''
ആ പൊതിച്ചോർ ഒരു അധ്യാപകന്റെ കൈയിലാണത്രെ കിട്ടിയത്. അക്ഷരത്തെറ്റുകളുള്ള ഈ കുറിപ്പും അക്ഷരങ്ങൾക്കപ്പുറം സ്പന്ദിക്കുന്ന ആ കുട്ടിയുടെ ആർദ്രമായ മനസും ആ അധ്യാപകനെ സ്പർശിച്ചിരിക്കണം.
ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുത്തു സജീവമാക്കിയ ആ യുവജന സംഘടനയെ, അവരുടെ മറ്റു പിഴകൾ മറന്നും അഭിനന്ദിക്കേണ്ടതുണ്ട്. മുഖപ്രസംഗങ്ങളും പത്രാധിപക്കുറിപ്പുകളും അന്താരാഷ്ട്ര, അന്തർദേശീയ പ്രശ്നങ്ങളിൽ നീന്തിത്തുടിക്കുമ്പോൾ വലിയ ഇരുട്ടിലെ ഇത്തരം മൺചെരാതുകളെ ഗൗനിക്കാറില്ല.
പത്രപ്രവർത്തനത്തിന്റെ പാരമ്പര്യ ഗരിമയുള്ള തങ്ങൾകുഞ്ഞു മുസലിയാരുടെ പിൻഗാമി ടി.കെ. ഷഹാൽ ഹസ്സൻ മുസലിയാർ "പ്രഭാതരശ്മി'യുടെ മുഖവുരയിൽ ഈ പൊതിച്ചോറിന്റെ കഥ എടുത്തുപറഞ്ഞിരിക്കുന്നു.
അടുക്കളയുടെ അടുപ്പവും അമ്മയുടെ കൈപ്പുണ്യവുമുള്ള പൊതിച്ചോർ അങ്ങനെ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ സജീവമായി. അക്ഷരമാല ഇല്ലാത്ത പാഠപുസ്തകം പഠിച്ചിട്ടും ആ കുട്ടിയുടെ മനോഭാവത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അക്ഷരപ്പിശകുകൾ വന്നുഭവിക്കാത്തതു ദൈവാധീനം തന്നെ..!
ആ പൊതിച്ചോറും കുറിപ്പും ഒരു അധ്യാപകന്റെ കൈകളിൽ തന്നെ ചെന്നുപെട്ടു എന്നിടത്താണ് കാരൂർക്കഥയുടെ പാഠഭേദങ്ങൾ തളിർക്കുന്നത്.
(ലേഖകന്റെ ഫോൺ: 9447575156)