ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടലും ഇന്ത്യയും

മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയും, ഇപ്പോൾ കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ് എഴുതുന്നു
ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടലും ഇന്ത്യയും
Updated on

ഇത്തവണത്തെ ഇസ്രയേൽ - പലസ്തീൻ ഏറ്റുമുട്ടൽ ലോകത്തെ വല്ലാതെ അമ്പരപ്പിച്ചിരിക്കുന്നു. എന്നാൽ ഈ ഏറ്റുമുട്ടലിൽ ധാരാളം ചോദ്യങ്ങളും ഉയരുന്നു. പലസ്തീൻ നേരിട്ടല്ല ആക്രമണം നടത്തിയത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗാസ മുനമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹമാസ് എന്ന സംഘടനയാണ് അതിർത്തി ഭേദിച്ച് ഇസ്രയേലിലേക്കു കടന്നുകയറിയത്.

ഒളിബോംബുകൾ നിറഞ്ഞ യുദ്ധഭൂമിക്കു സമാനമാണ് ഇസ്രയേൽ- പലസ്തീൻ ഭൂപ്രദേശം. 1948ൽ ബ്രിട്ടീഷുകാർ പലസ്തീനിൽ നിന്ന് പിന്മാറിയതോടെ സംഘർഷം തുടങ്ങി. ലോകത്തെമ്പാടും ചിതറിക്കിടന്നിരുന്ന ജൂത സമൂഹം തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് ഇരച്ചു കയറി. അതോടെ തോളോടുതോൾ ചേർന്നു നിന്നിരുന്ന അറബ് രാജ്യങ്ങളുമായി ഇസ്രയേൽ ജനത ഏറ്റുമുട്ടലുകൾ തുടങ്ങി. ആ യുദ്ധം ഒരു വർഷം നീണ്ടുനിന്നു. ലോകരാജ്യങ്ങളുടെ സമ്മർദം മൂലം യുദ്ധം അവസാനിച്ചെങ്കിലും ഇസ്രയേൽ രാജ്യം ഒരു യാഥാർഥ്യമായി. എന്നാൽ പലസ്തീൻ ജനതയ്ക്ക് സ്വന്തം അസ്തിത്വം നിലനിർത്താനുള്ള പടപ്പുറപ്പാട് ആവർത്തിക്കേണ്ടിവന്നു. അന്ന് ഭൂരിപക്ഷം അറബ് രാജ്യങ്ങളും ഇന്ത്യ പോലുള്ള നിഷ്പക്ഷ രാജ്യങ്ങളും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു.

ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്‍റെ അധീനതയിലായിരുന്ന പലസ്തീന്‍ രാജ്യത്തെ ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടൻ വരുതിയിലാക്കി. അതിനായി തങ്ങളോടൊപ്പം നിന്ന ജൂതര്‍ക്ക് പലസ്തീനില്‍ ഒരു രാജ്യം സ്ഥാപിക്കാനുള്ള ആവശ്യത്തെ ബ്രിട്ടന്‍ അംഗീകരിക്കുകയും ചെയ്തു. അതിനുള്ള പ്രമേയം ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ചതോടെ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചു. ആ പ്രമേയപ്രകാരം പലസ്തീൻ പ്രദേശം അറബ് വംശജര്‍ക്കായും ജൂത വിശ്വാസികള്‍ക്കായും ബ്രിട്ടൻ വിഭജിച്ചു. അമെരിക്ക ഉൾപ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളിലെ ശക്തരായ ജൂത പ്രമാണിമാരുടെ പിന്തുണയും ആ നീക്കത്തിന് ലഭിച്ചു. 1948 മെയ് 14ന് ഇസ്രയേല്‍ രാജ്യം രൂപീകരിക്കപ്പെട്ടു. ഒപ്പം നടന്ന അറബ്- ഇസ്രയേല്‍ യുദ്ധത്തിൽ, ഐക്യരാഷ്‌ട്ര സഭയുടെ മധ്യസ്ഥ പ്രഖ്യാപനത്തിലൂടെ പലസ്തീന് ലഭിച്ച കുറെ പ്രദേശങ്ങളും ഇസ്രയേൽ നേടിയെടുത്തു.

1967ൽ ഈജിപ്തിനും സിറിയയ്ക്കുമെതിരെ തനിച്ച് ഏറ്റുമുട്ടി ഇസ്രയേൽ നിർണായക വിജയം നേടി. യുദ്ധം അവസാനിച്ചപ്പോൾ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, സീനായ്, ജറുസലേം, ഗോലാന്‍ കുന്നുകൾ തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങൾ ഇസ്രയേലിന്‍റെ കരങ്ങളിലായി. 6 വർഷങ്ങൾക്കു ശേഷം 1973ല്‍ ഈജിപ്തും സിറിയയും ചേർന്ന് തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാൻ അപ്രതീക്ഷിതമായ ഒരാക്രമണം ഇസ്രയേലിനെതിരേ നടത്തി. എന്നാൽ അത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ല. വെടിനിർത്തലിൽ മുൻപുള്ള സ്ഥിതി തന്നെ നിലനിർത്താൻ ധാരണയായി.

2008ൽ വീണ്ടും യുദ്ധം തുടങ്ങി. ഇന്നത്തെപ്പോലെ ഹമാസാണ് ഗാസാ മുനമ്പിൽ റോക്കറ്റ് ആക്രമണങ്ങൾ നടത്തിയത്. ഗാസാ യുദ്ധം എന്നറിയപ്പെടുന്ന ആ ഏറ്റുമുട്ടൽ 2009ൽ വെടിനിർത്തലോടെ അവസാനിച്ചു. 2014ലും ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. ഈജിപ്തിന്‍റെ മധ്യസ്ഥതയിലുണ്ടായ കരാറിന്‍റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 2021ൽ ജെറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ 11 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായി. പിന്നീടും പല ചെറിയ സംഘർഷങ്ങൾ തുടർന്നിരുന്നു.

ഇപ്രാവശ്യം തികച്ചും അപ്രതീക്ഷിതമായ സമയത്ത് ഹമാസിന്‍റെ പ്രവര്‍ത്തകര്‍ റോക്കറ്റുകൾ വർഷിച്ച് ഇരച്ചെത്തി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിവരികയാണ്. 1973ലെ അറബ്- ഇസ്രയേൽ യുദ്ധത്തിന്‍റെ 50ാം വാർഷികത്തിലൂടെ കടന്നുപോകുമ്പോഴാണ് രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജൂത ജനത പ്രാർഥനയുടെയും ഒത്തുചേരലിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും ആചരണത്തിൽ മുഴുകിയിരിക്കുന്ന സമയത്താണ് ഹമാസ് ആക്രമണം ഉണ്ടായത്.

അതിർത്തി കടന്ന് ഹമാസ് സംഘങ്ങൾ ചാവേറുകളായി കടന്നുവന്നത് ഇസ്രയേൽ ജനതയുടെ അഭിമാനത്തിനും കരുത്തിനും വെല്ലുവിളിയായി. ലോകത്തെ ഏറ്റവും കരുത്തുള്ള ഇസ്രയേൽ സൈന്യവും ചാര സംഘടനയായ മെസാദും എന്തുകൊണ്ട് എതിരാളികളുടെ നീക്കങ്ങൾ അറിഞ്ഞില്ല എന്നത് എല്ലാവരെയും വിസ്മയിപ്പിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആധുനിക ആയുധ പരിശീലനം നൽകുന്നത് ഇസ്രയേലാണ്. ഡൽഹിയിലെ മിസൈൽ കവചവും ഇസ്രയേലിന്‍റേതാണ്.

കുറേ വർഷങ്ങളായി ഇസ്രയേലുമായി വലിയ ഏറ്റുമുട്ടലുകൾ ഇല്ലാതെ ഒരു സമാധാനാന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ചു കൊണ്ടുള്ള അതിശക്തമായ ആഞ്ഞടിയായി ഹമാസിന്‍റെ ആക്രമണത്തെ ഇപ്പോൾ ലോക രാജ്യങ്ങൾ കാണുന്നു. റഷ്യൻ ആക്രമണത്തെ ഒരു വർഷമായി തടഞ്ഞു നിർത്തുകയും ഒരു പരിധി വരെ തിരിച്ചടിക്കുകയും ചെയ്യുന്ന യുക്രെയ്‌ൻ തന്ത്രങ്ങളെപ്പോലും ഹമാസ് കടത്തിവെട്ടി.

അവർ ഇത്തരം ഒരു കടന്നാക്രമണത്തിനു മുതിർന്നതിന് പല കാരണങ്ങളുണ്ട്. തങ്ങളുടെ പഴയ പ്രഭാവം നഷ്ടപ്പെട്ടു എന്നതും പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുന്നു എന്നതും ഹമാസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. 1973ല്‍ നിന്നും വ്യത്യസ്തമായി പല അറബ് രാജ്യങ്ങളുമായി സുഹൃദ്ബന്ധം സ്ഥാപിക്കാൻ ഇസ്രയേലിന് കഴിഞ്ഞതും ഹമാസിന്‍റെ ഭയപ്പാടിനെ ശക്തിപ്പെടുത്തുന്നു. 1978ൽ ഈജിപ്റ്റുമായി ഇസ്രയേൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി, 1994ൽ ജോർദാനുമായുള്ള സമാധാന ഉടമ്പടി, 2020ൽ ബഹ്റൈൻ, മൊറാക്കോ, സുഡാൻ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ സമാധാന കരാറുകൾ, സുന്നി അറബ് രാജ്യങ്ങളുമായുണ്ടായ പുതിയ സൗഹൃദം, ഷിയാ മുസ്‌ലിം രാജ്യമായ ഇറാനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞത്, യുഎഇയുമായും സൗദിയുമായുമുണ്ടായ ബന്ധം എന്നിവയൊക്കെ ഇസ്രയേലിന്‍റെ നയതന്ത്ര വിജയത്തിന്‍റ ഭാഗമായി മാറിയപ്പോൾത്തന്നെ അത് അവരുടെ സുരക്ഷിതമേഖലയിൽ പിഴവുകൾ വർധിപ്പിച്ചെന്നും ഈ ആക്രമണങ്ങൾ തെളിയിക്കുന്നു.

രാഷ്‌ട്രീയ രംഗത്ത് വലിയ വിടവുകളും ബലഹീനതകളും ഇസ്രയേലിൽ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹുവിനെതിരെ ശക്തമായ ആരോപണങ്ങൾ അവിടത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടികൾ ഉയർത്തിയിരിക്കുന്നു. ഭരണക്കാർക്ക് ജനങ്ങളിലും പട്ടാളത്തിലുമുള്ള സ്വാധീനം കുറയുകയും ചെയ്തു. (ഹമാസിന്‍റെ മിന്നലാക്രമണത്തോടെ യുദ്ധം കൈകാര്യം ചെയ്യാൻ ഒരു കൂട്ടുകക്ഷി ഭരണം ആരംഭിച്ചു എന്നത് ഇസ്രയേൽ ജനതയുടെ സ്വയം നിലനിൽപ്പിന്‍റെ ഭാഗമായി വീണ്ടും രൂപം കൊണ്ടതാണ്).

ലോകവ്യാപകമായി സ്വാധീനമുണ്ടായിരുന്ന യാസർ അറഫാത്തിനെ പോലുള്ള നേതാക്കൾ ഇപ്പോൾ പലസ്തീനിലില്ല. ചെറിയ ഗ്രൂപ്പുകളായി പലസ്തീൻ പാർട്ടികൾ മാറി. അതിൽ പ്രമുഖരായ ജെനിൻ ബ്രിഗേഡ്, ലയൺസ് ഡെൻ എന്നീ സംഘടനകളും മിതവാദികളായ ഫത്തായും ഹമാസിന്‍റെ നേതൃത്വത്തിന് വെല്ലുവിളിയായി മാറി.

മറ്റൊന്ന്, അടുത്തകാലത്ത് ഇസ്രയേലിലെ രാഷ്‌ട്രീയ- പട്ടാള നേതൃത്വം പലസ്തീൻകാരെ ഭയപ്പെടുത്തി നടത്തിയ ചില നീക്കങ്ങളാണ്. മുസ്‌ലിം ജനവിഭാഗം പ്രാധാന്യം നൽകുന്ന അൽ അഖ്സ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം യഹൂദർക്കും മുസ്‌ലിങ്ങൾക്കും തുല്യ പ്രാധാന്യമുള്ള സ്ഥലമാണ്. ടെംപിൾ മൗണ്ട് എന്ന് ജൂതരും വിശുദ്ധ ദേശം എന്ന് മുസ്‌ലിങ്ങളും വിളിക്കുന്ന ഈ പ്രദേശം സാവധാനം ഇസ്രയേലിന്‍റെ കൈകളിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയം പലസ്തീൻ ജനതയ്ക്കുണ്ട്. ടെംപിൾ മൗണ്ടിൽ ഇസ്രേലി സുരക്ഷാകാര്യ മന്ത്രി സെൻഗ്വീർ ഉൾപ്പെടെയുള്ള പ്രമുഖർ തുടരെത്തുടരെ സന്ദർശിച്ചതും ജൂതവത്കരണത്തിനുള്ള ശ്രമമായി പലസ്തീൻകാർ സംശയിച്ചു.

ഇസ്രയേലാകട്ടെ, സുന്നി സംഘടനയായ ഹമാസിനെക്കാൾ ഭയപ്പെടേണ്ടത് ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ളയെയാണെന്ന് കരുതുകയും ചെയ്തു. എന്നാൽ ഹമാസ് ഒരു ഭാഗത്ത് നിന്ന് ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങിയപ്പോൾ മറുഭാഗത്തു നിന്ന് ഹിസ്ബുള്ളയും ആക്രമണം ആരംഭിച്ചു.

റോക്കറ്റ് ആക്രമണങ്ങളെ നേരിടാനുള്ള ശക്തമായ കവചങ്ങൾ ഇസ്രയേലിനുണ്ടെങ്കിലും അതിനെയെല്ലാം പരാജയപ്പെടുത്തി അതിർത്തികളിലൂടെ പടയാളികൾ ഇസ്രയേൽ നഗരങ്ങളിൽ ഇരച്ചു കയറി. ഉത്സവാഘോഷങ്ങൾ നടന്ന സ്ഥലങ്ങളിൽ പോലും കൂട്ടക്കൊല നടത്തി. അത് ഇസ്രയേലിനെ മാത്രമല്ല ലോക രാജ്യങ്ങളെ തന്നെ ഞെട്ടിച്ചു. 365 ചതുരശ്ര കി.മീ. മാത്രം വലിപ്പമുള്ള ഗാസയിൽ നിന്ന് ഇത്രമാത്രം ശക്തമായ ഒരു ആക്രമണം നടത്താൻ ഹമാസിന് എങ്ങിനെ കഴിഞ്ഞു എന്നതാണ് പ്രധാന ചോദ്യം. ശക്തമായ നിരീക്ഷണ ക്യാമറകളും കംപ്യൂട്ടർ ശാലകളും സെൻസറുകളും എങ്ങിനെ ഈ മാസം ഏഴിന് ശനിയാഴ്ച പുലർച്ചെ നിശ്ചലമായി എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. ഏതായാലും ഒറ്റ ദിവസം കൊണ്ടല്ല ഹമാസ് ഇതൊക്കെ ആസൂത്രണം ചെയ്തതെന്നുറപ്പ്.

1946ൽ ഇസ്രയേൽ- പലസ്തീൻ പ്രശ്നങ്ങളുണ്ടായപ്പോൾ മുതൽ സമാധാനത്തിലൂടെ അത് പരിഹരിക്കണമെന്നു പറയുമ്പോഴും, പലസ്തീനികളുടെ സ്വയംഭരണത്തിനും അവരുടെ ആത്മീയവും ഭൗതികവുമായ ജീവിതസംസ്കാരം നിലനിർത്താനും പലസ്തീന്‍റെ ഒപ്പം നിൽക്കുക എന്നതാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മുതൽ എടുത്ത സമീപനം. പ്രധാനമന്ത്രിയായിരുന്ന ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിയും വ്യത്യസ്ത നിലപാടെടുത്തില്ല. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ ഇസ്രയേലുമായി കൂടുതൽ അടുത്തു. അവരുമായുള്ള ബന്ധം എക്കാലത്തെക്കാൾ ശക്തമായി. മോദി ഇസ്രയേലിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത് ഇന്ത്യൻ രാഷ്‌ട്രീയത്തെ ഞെട്ടിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കും മുമ്പ് സ്വന്തം പാർട്ടിയിലോ മറ്റു പാർട്ടി നേതാക്കളോടോ പ്രധാനമന്ത്രി ആശയവിനിമയം നടത്തിയതായി കാണുന്നില്ല. ഏകപക്ഷീയമായ ഈ തീരുമാനം ഇന്ത്യയിലും പ്രത്യാഘാതമുണ്ടാക്കും എന്നതിൽ സംശയമില്ല.

അതിനേക്കാൾ അത്ഭുതപ്പെടുത്തിയത് എക്കാലത്തും പലസ്തീനൊപ്പം നിന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നിലപാടാണ്. വർക്കിങ് കമ്മിറ്റി ചേരാതെ തന്നെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പലസ്തീനെ തള്ളിപ്പറഞ്ഞു. പിന്നീട് ചേർന്ന വർക്കിങ് കമ്മിറ്റിയിൽ ജയറാം രമേശിന്‍റെ അഭിപ്രായത്തെ രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. അഭിപ്രായ ഭിന്നതകളോടെ നടന്ന ചർച്ചകൾക്ക് ശേഷം ജയറാം രമേശിന്‍റെ അഭിപ്രായം കമ്മറ്റി മാറ്റിപ്പറഞ്ഞു. ഇസ്രയേൽ- പലസ്തീൻ പ്രശ്നം സൗഹാർദ അന്തരീക്ഷത്തിൽ ചർച്ച ചെയ്തു തീർക്കണം എന്നാക്കി. കോൺഗ്രസ് നയിക്കുന്ന "ഇന്ത്യ' മുന്നണിയിൽ ഈ കാര്യം ചർച്ച ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാൽ സിപിഎം വളരെ വ്യത്യസ്തവും വ്യക്തവുമായ നിലപാടാണെടുത്തത്. ഹമാസ് ഭീകര സംഘടനയാണെങ്കിൽ ഇസ്രയേൽ ഭീകര രാജ്യമാണെന്നു വരെ സിപിഎം തുറന്നടിച്ചു. ഹമാസിനെയും ഇസ്രയേലിനെയും ഒരു പോലെയല്ല സിപിഎം അളന്നത്. എലിയെയും പുലിയെയും ഒരുപോലെ കാണരുത് എന്നതായിരുന്നു സിപിഎം നിലപാട്.

Trending

No stories found.

Latest News

No stories found.