#വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി
സ്കൂള് വിദ്യാഭ്യാസമേഖലയില് ഒന്നര പതിറ്റാണ്ടിനു ശേഷം നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട്- 2023 (സ്കൂള് വിദ്യാഭ്യാസം) പ്രകാശനം ചെയ്യുകയാണ്. കേന്ദ്ര സര്ക്കാര് ദേശീയ വിദ്യാഭ്യാസ നയം (2020) പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലും, ഒരു ദശാബ്ദത്തിന് മുമ്പു നടത്തിയ പരിഷ്കരണത്തിൽ കാലിക മാറ്റങ്ങള് അനിവാര്യമായ സാഹചര്യത്തിലുമാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് കേരളം നീങ്ങിയത്. സ്കൂള് വിദ്യാഭ്യാസം, പ്രീസ്കൂള് വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്ന്നവരുടെ വിദ്യാഭ്യാസം എന്നീ 4 മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂടുകള് വികസിപ്പിക്കുന്നത്. ഇതില് സ്കൂള് പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. മറ്റുള്ളവ ഒക്റ്റോബര് 9ന് പ്രകാശനം ചെയ്യും.
1997ലാണ് അന്നേവരെ നിലവിലുണ്ടായിരുന്ന പഠനരീതിയില് സമഗ്രമായ മാറ്റം വരുത്തിയ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചത്. കുട്ടികള് തന്നെ അറിവ് നിര്മിക്കുന്നു എന്ന സങ്കല്പ്പത്തിന് പ്രാധാന്യം കൊടുത്ത ആ സമീപനം കുട്ടികളുടെ പക്ഷത്തു നിന്നുള്ളതും പ്രവര്ത്തനാധിഷ്ഠിതവുമായിരുന്നു. പരിസരബന്ധിത സമീപനം, പ്രശ്നോന്നിത സമീപനം, ബഹുമുഖ ബുദ്ധി, വിമര്ശനാത്മക ബോധനം എന്നിവയ്ക്ക് പ്രാധാന്യം നല്കിയതായിരുന്നു 2007ലെ പാഠ്യപദ്ധതി. 2013ല് ഉള്ളടക്കം, പഠനനേട്ടം എന്നിവയ്ക്ക് കൂടുതല് ഊന്നല് നല്കി ഇത് പരിഷ്കരിച്ചു. ഇവ അടിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങളാണ് നിലവില് ഉപയോഗിക്കുന്നത്. പാഠ്യപദ്ധതി ചട്ടക്കൂട് (2023) സ്കൂള് തലത്തില് നിലവില് വരുന്നതോടെ അടുത്ത അധ്യയന വര്ഷം പുതിയ പാഠപുസ്തകങ്ങള് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്പത് ക്ലാസുകളിലെ കുട്ടികള്ക്ക് ലഭ്യമാകും.
പരമാവധി ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാന് കഴിഞ്ഞുവെന്ന് അഭിമാനപൂര്വം അറിയിക്കട്ടെ. കേരളം എക്കാലത്തും പൊതുവിദ്യാഭ്യാസ നയങ്ങള് രൂപപ്പെടുത്തിയത് ജനകീയ അഭിപ്രായങ്ങളും അഭിലാഷങ്ങളും പരിഗണിച്ചാണ്. ലോകത്തിനു തന്നെ മാതൃകയാകും വിധം ലക്ഷോപലക്ഷം ജനങ്ങളുടെ അഭിപ്രായങ്ങള് കേട്ടും വിദ്യാര്ഥികളുടെ അഭിപ്രായങ്ങള് മാനിച്ചുമാണ് ഇതിന് രൂപം നല്കുന്നത്. വ്യത്യസ്ത മേഖലകളില് നിലപാട് രൂപീകരിക്കാൻ 26 ഫോക്കസ് ഗ്രൂപ്പുകള് രൂപീകരിച്ചു. അവർ നടത്തിയ പഠനങ്ങള്, ജനകീയ ചര്ച്ചകള്, 30 ലക്ഷത്തിലധികം വരുന്ന വിദ്യാര്ഥികള് ക്ലാസ് മുറിയില് നടത്തിയ ചര്ച്ചകള്, പൊതുജനങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഒരുക്കിയ ടെക്പ്ലാറ്റ്ഫോം എന്നിവയുടെ കരുത്തിലാണ് ചട്ടക്കൂട് രൂപീകരിക്കുന്നത്. സ്കൂള് വിദ്യാഭ്യാസം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ലോകക്രമത്തില് കേരളം നല്കുന്ന മികച്ച മാതൃകയാണ് ജനാധിപത്യ പ്രക്രിയയിലൂടെ പൂര്ത്തിയാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്. അതില്ത്തന്നെ കുട്ടികളുടെ അഭിപ്രായങ്ങളെ പരിഗണിക്കാന് നടത്തിയ ചര്ച്ചകള് ലോകത്താദ്യമാണ്.
ദേശീയതലത്തില് സ്കൂള്പ്രാപ്യത ഒരു പ്രശ്നമായി തുടരുമ്പോള് സ്കൂള് പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളെയും സ്കൂളിലേക്ക് എത്തിക്കാന് കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അവര്ക്ക് 12 വര്ഷം നീളുന്ന വിദ്യാഭ്യാസഘട്ടം പൂര്ത്തിയാക്കാനാവശ്യമായ സാഹചര്യങ്ങളും ഇവിടെയുണ്ട്. ഇനിയുള്ള മുന്നേറ്റം എല്ലാ കുട്ടികള്ക്കും തുല്യതയില് ഊന്നിയുള്ള ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്.
കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ നിലനിര്ത്തുകയും പരിമിതികളെ മറികടക്കുകയും ഭാവി ആവശ്യങ്ങളെ നിറവേറ്റാന് കഴിയുന്നതുമായ ഒരു സ്കൂള് വിദ്യാഭ്യാസ സംവിധാനമാണ് ആഗ്രഹിക്കുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, ശാസ്ത്രാവബോധം എന്നിവയിലാണ് ഇതിന്റെ ലക്ഷ്യവും മാര്ഗവും അടിയുറച്ചിരിക്കേണ്ടത്.
അറിവിനെയും അധ്വാനത്തെയും പരസ്പരബന്ധിതമായും പരസ്പരപൂരകമായും കാണാനും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയാനും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള് സ്വായത്തമാക്കി ജീവിത സാഹചര്യങ്ങളില് പ്രയോജനപ്പെടുത്താനും പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്ദേശങ്ങള് സഹായകമാകും. ഒപ്പം പ്രകൃതിദത്തവും മനുഷ്യനിര്മിതവുമായ വെല്ലുവിളികളെ നേരിടാനും, അവയെ പ്രായോഗികമായി അതിജീവിക്കാനുമുള്ള അറിവും നൈപുണിയും ഓരോരുത്തരും ആര്ജിക്കേണ്ടതായിട്ടുണ്ട്. നവകേരള നിര്മിതിക്കായി ഇടപെടാനും ഗുണപരമായ സംഭാവനകള് നല്കാനും വിദ്യാര്ഥികളെ ആശയപരമായി സജ്ജരാക്കുന്നതിന് ഈ പാഠ്യപദ്ധതിക്ക് കഴിയും.
പുരോഗമന വിദ്യാഭ്യാസ ദര്ശനങ്ങള് മുന്നോട്ടുവയ്ക്കുന്ന അനുഭവങ്ങളിലൂടെ അറിവ് നേടല്, തീരുമാനങ്ങള് എടുക്കാനുള്ള കഴിവ്, പ്രവര്ത്തനങ്ങളില് ഏര്പ്പെടാനുള്ള ശേഷി എന്നിവ വികസിപ്പിക്കുന്നതിന് സഹായകമായ പുതിയ പാഠ്യപദ്ധതി കുട്ടികളുടെ ജിജ്ഞാസ, സര്ഗാത്മകത, യുക്തിബോധം, സ്വതന്ത്രചിന്ത തുടങ്ങിയവയെല്ലാം വളരാനും വികസിക്കാനും ഇടനല്കും.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് പ്രകടമാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ സവിശേഷതകളെ അംഗീകരിക്കേണ്ടതുണ്ട്. അറിവ് നിര്മാണത്തിന് പ്രാധാന്യം നല്കി, കുട്ടിയുടെ എല്ലാവിധ കഴിവുകളുടെയും വികാസം ഉറപ്പുവരുത്തി ജനാധിപത്യത്തിലും കൂട്ടായ തീരുമാനങ്ങളിലും അധിഷ്ഠിതമായ സ്കൂള് സംവിധാനവും പഠനരീതിയുമാണ് ഈ പാഠ്യപദ്ധതി സ്വീകരിക്കുക. കുട്ടിക്ക് തന്റെ അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ലോകത്തു നിന്നുകൊണ്ട് ഏതൊരു സാമൂഹിക യാഥാര്ഥ്യത്തെയും സമീപിക്കാനും അഭിപ്രായങ്ങള് പ്രകടിപ്പിക്കാനും ക്ലാസ് മുറിയില് അവസരങ്ങള് ഉണ്ടാകും.
കൂട്ടായി പഠിക്കാനുള്ള അവസരങ്ങളും എല്ലാ കുട്ടികളെയും ഉള്ക്കൊണ്ടുള്ള വിദ്യാഭ്യാസ പ്രവര്ത്തനങ്ങളും വിവേചന രഹിതമായ ക്ലാസ് മുറികളും ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രീയ ധാരണയും കാഴ്ചപ്പാടും മനോഭാവങ്ങളും വളര്ത്താനും, സാങ്കേതികവിദ്യാ സൗഹൃദമായ ക്ലാസ് മുറികളില് അവ ഉപയോഗപ്പെടുത്താനും കുട്ടികള്ക്ക് കഴിയേണ്ടതുണ്ട്. തൊഴില് ഉദ്ഗ്രഥിതമായ പഠനം ഉറപ്പു വരുത്തല് പുതിയ പാഠ്യപദ്ധതിയുടെ സവിശേഷതയാകും. കലാ- കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ വളര്ച്ചയിലും വികാസത്തിലുമുള്ള പരമപ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ടാണ് ഇതു തയാറാക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്ഥികള്ക്ക് ഉറപ്പാക്കാൻ പിന്തുണ നല്കേണ്ട വിവിധ ഏജന്സികളുടെയും വകുപ്പുകളുടെയും ഏകോപിത പ്രവര്ത്തനം സാധ്യമാക്കും. പ്രാദേശിക തലത്തില് ജനകീയ സംവിധാനങ്ങളുടെ പിന്തുണാ രീതികള് മെച്ചപ്പെടുത്തും. വാര്ഡ്തല വിദ്യാഭ്യാസ സമിതികള്, ഗോത്ര വിദ്യാഭ്യാസ സമിതികള് എന്നിവ ജനകീയ വിദ്യാഭ്യാസ ഇടപെടലുകളുടെ പുതിയ അന്തരീക്ഷമൊരുക്കും. പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്യുന്നതിനൊപ്പം ജനങ്ങള്ക്ക് അഭിപ്രായങ്ങള് രേഖപ്പെടുത്തുന്നതിനും അവസരങ്ങളുണ്ട്. നമ്മുടെ കുട്ടികള്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസമുറപ്പാക്കാന് സര്ക്കാര് നടപ്പാക്കുന്ന പ്രവര്ത്തനങ്ങളെ കുട്ടികളുടെ പക്ഷത്തു നിന്നു നോക്കിക്കാണാനും നിര്ദേശങ്ങള് നല്കാനും പൊതുസമൂഹത്തിന് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.