മദർഷിപ്പ് തമ്പാനൂരിലുണ്ട്..!!

quarantine column special story
മദർഷിപ്പ് തമ്പാനൂരിലുണ്ട്..!!
Updated on

കർക്കിടക സംക്രമദിനം. രാമായണ മാസാരംഭത്തിലെ ദക്ഷിണായന പുണ്യകാലം. വിഴിഞ്ഞത്തിന്‍റെ ചക്രവാള സീമയിൽ മദർഷിപ്പ് പ്രത്യക്ഷയായി.

കരയിൽ കാത്തുനിന്നവരുടെ ദൂരദർശിനികളിൽ അമ്മക്കപ്പലിന്‍റെ രൂപം തെളിഞ്ഞതോടെ കടപ്പുറത്ത് ഉത്സവമായി. കരകാണാത്ത കടലലകളുടെ മേലേ മോഹപ്പൂങ്കുരുവി പറന്നുകളിച്ചു. അറബിപ്പൊൻ നാണ്യം പോലെ ആകാശത്ത് അമ്പിളി വിടർന്നു. വിഴിഞ്ഞത്തിന്‍റെ പഞ്ഞം തീർന്നെന്ന് തിരമാലകൾ ചൊല്ലി രസിച്ചു.

മദർ ഇന്ത്യയിലെ മദർപോർട്ടിലേക്ക് മദർഷിപ്പ് വന്നെത്തുന്ന വേളയിൽ വന്ദേമാതര ഗീതം ചൊല്ലണമെന്ന കേന്ദ്ര നിർദേശം കടൽക്കാറ്റിൽ പറന്നുപോയി.

ആദിമ നവോത്ഥാന നായകനായ വാസ്കോ ഡ ഗാമ നയിക്കുന്ന അമ്മക്കപ്പലിന്‍റെ വരവു പ്രമാണിച്ച് ശംഖുമുഖത്തെ ആറാട്ടു മണ്ഡപത്തിൽ വരുണപൂജയും അഷ്ടദിക്പാലകർക്ക് നമസ്ക്കാര സദ്യയും കാരണഭൂത ബലിയും അമ്മദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും സർക്കാർ വകയായി ഏർപ്പെടുത്തിയിരുന്നു. കപ്പിത്താനായ ഗാമയുടെ പേരിൽ പപ്പനാഭന് പ്രത്യേക വഴിപാടുകളും കോൺട്രാക്റ്റർമാരായ അദാനിയും ഭവാനിയും ചേർന്ന് ചീട്ടാക്കുകയുണ്ടായി.

കലാമണ്ഡലത്തിലേക്കുള്ള ബിയറും ബീഫും ബിരിയാണിയും പത്മനാഭ സ്വാമിയുടെ മുറജപ അടിയന്തിരത്തിനു വേണ്ടതായ ചിക്കനും ഷവർമയും മറ്റ് ഉപദംശങ്ങളുമായിരുന്നു ഷിപ്പിലെ നൂറുകണക്കിന് ചീന ഭരണികളിൽ ആവോളം നിറച്ചിരുന്നത്.

മദർഷിപ്പിന്‍റെ ഫാദർമാർ

മ. രാ. രാ. ശ്രീ. വാസ്കോ ഡ ഗാമ ക്യാപ്റ്റനായുള്ള ആധുനിക നൗക അലമ്പൊന്നും കൂടാതെ വിഴിഞ്ഞം ബോട്ടു ജെട്ടി കടന്ന് അനന്തൻകാടിന്‍റെ ഓരത്തു കൂടെ ആമയിഴഞ്ചാൻ തോട്ടിലേക്കും അവിടെ നിന്ന് തമ്പാനൂരിലേക്കും തുഴഞ്ഞെത്തിയപ്പോൾ വെപ്പ്, ഓടി, ഇരട്ടുകുത്തി വള്ളങ്ങളും കാവാലം ചുണ്ടനും അകമ്പടിസേവിച്ചു.

അനേകം ഗോഡ്ഫാദർമാരും വിവിധ പൊളിറ്റിക്കൽ ഏജന്‍റുമാരും അമ്പാരിയിലേറിയ അബാനി - അദാനിമാരും രക്തഹാരങ്ങളുമായി തോട്ടിൻകരയിൽ ഉപചാരം ചൊല്ലാനായി കാത്തുനിന്നിരുന്നു. മറ്റുള്ള പ്രബുദ്ധ കേരളീയർ ആചാരവെടികൾ മുഴക്കിയും ചാണകവെള്ളം തളിച്ചും പാല്, താംബൂലം, കർപ്പൂരം, ഹാരം എന്നിവ കൊടുത്തും യാനപാത്രത്തെ സ്വീകരിച്ചപ്പോൾ സാധാരണക്കാർ ആർപ്പും ആട്ടും വിളിച്ചും "വാട്ടർ' സല്യൂട്ട് നൽകിയുമാണ് സ്വാഗതമോതിയത്.

ഷിപ്പ് ടു ഷോർ സെമി- ഓട്ടോമാറ്റിക് ക്രെയ്‌ൻ, ഓട്ടോമാറ്റിക് യാർഡ് ക്രെയ്ൻ, ഇന്‍റർട്രാൻസിറ്റ് വെഹിക്കിൾ എന്നിവ ഉപയോഗിച്ച് ആമയിഴയുന്ന തോട്ടിൽ നിന്ന് കപ്പലിനെ തമ്പാനൂരിലേക്ക് ഖലാസികൾ വലിച്ചു കയറ്റിയപ്പോൾ മലിനജല അഥോറിറ്റിയുടെ സഹായവും ലഭിച്ചു. ഈ മനോഹര രംഗം ചാനൽപ്പയ്യന്മാരുടെ ഉപഗ്രഹ ചാനലുകൾ ലോകമെങ്ങും സംപ്രേഷണം ചെയ്യുകയുണ്ടായി.

അതിനുശേഷം മസ്കറ്റു വിലാസം നായർ ഹോട്ടലിൽ നാടകശാലാ സദ്യ അരങ്ങേറി. കപ്പലിലെ തുഴച്ചിൽക്കാർക്ക് ധർമക്കഞ്ഞി വിതരണവും നടന്നു. രാത്രിയിൽ ഗാമയുടെ ബഹുമാനാർഥം സാമൂതിരി വധം കഥകളിയും പൊടിപൊടിച്ചു. ചിക്കനും ബീഫും മട്ടണും വെട്ടിവിഴുങ്ങിയ കലാമണ്ഡലം പൈതങ്ങളുടെ ചവുട്ടിക്കലാശം ആലപ്പുഴയിലും ആറാട്ടുപുഴയിലും നേരിയ കടൽക്ഷോഭത്തിനു കാരണമായി എന്നതൊഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല.

ഗാമയ്ക്ക് പുതിയ നിയോഗം

പക്ഷേ, ഇതിനിടയിൽ മറ്റു ചില സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. ചെറുതുരുത്തിയിലും പത്മതീർഥക്കരയിലും ചരക്കുകളിറക്കിയ ശേഷം സ്വദേശത്തേക്ക് കരിമണലുമായി മടങ്ങാനായിരുന്നു പോർച്ചുഗീസുകാരൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഒരു ഇടനിലക്കാരനായ അന്വേഷകന്‍റെ റോൾകൂടി ഏറ്റെടുക്കുണമെന്ന് പൊതു ആവശ്യമുയർന്നു.

ആദ്യമാക്കെ പറങ്കിവീരൻ ഇതിനു തെല്ലും സമ്മതം മൂളിയില്ലെങ്കിലും അനന്തപുരിയിലെ പൗരാവലിയുടെയും ബുദ്ധിജീവികളുടെയും കനത്ത സമ്മർദമുണ്ടായതോടെ മൂപ്പർക്ക് വഴങ്ങാതെ വയ്യെന്ന നിലയായി. കേരളക്കരയിലെ രണ്ടാമത്തെ മാവേലി മന്നനായ ഗാമയ്ക്ക് സ്വന്തം പ്രജകളോടു മറുത്തുപറയാനുള്ള മനക്കട്ടിയില്ലായിരുന്നു എന്നതായിരുന്നു യാഥാർഥ്യം. അതോടെ വിഴിഞ്ഞം ബോട്ടു ജെട്ടിയുടെ തലതൊട്ടപ്പനെ തൊട്ടറിഞ്ഞു കണ്ടെത്താനുള്ള ഭരണഘടനാപരമായ ചുമതല ചുമലിൽ വന്നുവീണു. ആരാണ് വിഴിഞ്ഞത്തിന്‍റെ പിതാവ് എന്ന ചോദ്യത്തിന് ഒരു ചാനൽ ചർച്ചയിലും കൃത്യമായി മറുപടി കിട്ടാതിരുന്നതാണ് ഇതിനൊക്കെ കാരണമായത്.

എന്തായാലും ചരിത്രപരമായ ഈ വെല്ലുവിളി ഗാമത്തിരുമേനി സ്വീകരിച്ചത് നമ്മുടെ ഭാഗ്യം. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ദൗത്യം മാനുവൽ ഒന്നാമൻ രാജാവ് പണ്ട് ഏൽപ്പിച്ചപ്പോൾ തെല്ലും പതറാതിരുന്ന ഗാമയ്ക്ക് വിഴിഞ്ഞത്തിന്‍റെ കുടുംബ ചരിത്ര പര്യവേക്ഷണം ഒരു ഭാരമല്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?

അതുകൊണ്ടുതന്നെ, സ്വീകരണത്തിനും സദ്യയ്ക്കും കഥകളിക്കും ശേഷം തമ്പാനൂരിൽത്തന്നെ കപ്പൽ നങ്കൂരമിടാൻ അദ്ദേഹം ഉത്തരവിട്ടു.

ഗാമയുടെ സത്യാന്വേഷണങ്ങൾ

ശ്രീപദ്മനാഭന്‍റെ മതിലകം രേഖകളുടെ പിൻബലത്തിൽ ഡിഎൻഎ ടെസ്റ്റ് നടത്തി വിഴിഞ്ഞത്തിന്‍റെ പിതാവിനെയും പുത്രനെയും കണ്ടെത്താമെന്നായിരുന്നു ബുദ്ധിരാക്ഷസനായ ഗാമച്ചേട്ടൻ കരുതിയത്. പക്ഷെ, ക്ഷേത്രത്തിലെ സുരക്ഷാകാരണങ്ങളാൽ ഈ പരിപാടി സാധ്യമായില്ല.

അതുകൊണ്ടൊന്നും നിരാശനാകാതെ അദ്ദേഹം അന്വേഷണം തുടർന്നു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും ഇന്ത്യൻ കോഫി ഹൗസിലും സി.പി സത്രത്തിലും പുരാരേഖാ മ്യൂസിയത്തിലും മുസിരിസിലും നിലയ്ക്കലും ഉദയംപേരൂരിലും മറയൂരിലും സഞ്ചരിച്ച് ഓലകൾ പലതും പരിശോധിച്ചു. ചാണകക്കുഴികളിലും മുനിയറകളിലും മുങ്ങിത്തപ്പി. ആഴക്കടലിലും വേമ്പനാട്ടു - കൈതപ്പുഴക്കായലുകളിലും പലവട്ടം മുങ്ങാംകുഴിയിട്ടു. രാമാരാജ ബഹദൂർ, മാർത്താണ്ഡവർമ്മ, ഇന്ദുലേഖ, പൂരപ്രബന്ധം, ഇണപ്രാവുകൾ, ചന്ദ്രോത്സവം, മീശ, പ്രെയ്സ് ദ ലോർഡ്, കവളപ്പാറക്കൊമ്പൻ തുടങ്ങിയ വിശ്രുത ഗ്രന്ഥങ്ങൾ പരിശോധിച്ചു. എന്നിട്ടും വിഴിഞ്ഞത്തിന്‍റെ യഥാർഥ കുടുംബ ചരിത്രം കിട്ടിയില്ല.

ഹതാശനായ ഗാമ, പഴവങ്ങാടിയിലെ ഒരു ചായപ്പീടികയിൽ ഇതികർത്തവ്യതാ മൂഢനായി നിൽക്കുമ്പോൾ അവിചാരിതമായി കാണാനിടയായ ഒരു പക്ഷിശാസ്ത്രക്കാരനാണ് വിഴിഞ്ഞത്തിന്‍റെ മാതാപിതാക്കളുടെ രഹസ്യം ഒരു പൈങ്കിളിക്കഥയായി വിശദമാക്കിക്കൊടുത്തത്. കുറവന്‍റെ കൂട്ടിലെ കിളിമകൾ ചീട്ടു കൊത്തിയെടുത്തു കഥകളതിസാദരം ചൊല്ലിയ കാര്യങ്ങൾ ഗാമയുടെ സ്‌റ്റെനോഗ്രാഫർ ഷോർട്ട്ഹാൻഡിൽ അതിവേഗം ഒപ്പിയെടുത്തു.

ആയ് രാജപ്രമുഖനായിരുന്ന വിക്രമാദിത്യ വരഗുണനും രാജരാജ ചോളനും വേണാട്ടു കുലശേഖരപ്പെരുമാളും സി.പി. രാമസ്വാമി അയ്യരും എം.വി. രാഘവനും ഉമ്മനും ചാണ്ടിയും ദാസനും വിജയനുമാക്കെ കഥാപാത്രങ്ങളായി ചരിത്രത്തിന്‍റെ ഇടവഴികളിലൂടെ തേരാപ്പാരാ നടന്നുതുടങ്ങി.

സ്റ്റോപ്പ് പ്രസ്

തിരുവനന്തപുരം: രാമായണ മാസാരംഭത്തിൽ കാക്കാലന്‍റെ ശാരികപ്പൈതൽ മൊഴിഞ്ഞ വിഴിഞ്ഞം ജെട്ടിയുടെ യഥാർഥ ചരിത്രം പുസ്തക രൂപത്തിലാക്കി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ എൽപ്പിച്ചശേഷം മാത്രമേ ഗാമയും മദർഷിപ്പും തമ്പാനൂർ വിടുകയുള്ളൂയെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഇനിയും രചിക്കാൻ തുടങ്ങിയിട്ടില്ലാത്ത ഈ ഉത്തരാധുനിക കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ്, ബുക്കർ പ്രൈസ്, ഗുരുവായൂരപ്പൻ പുരസ്കാരം, സ്വദേശാഭിമാനി കേസരി പുരസ്ക്കാരം എന്നിവ യഥോചിതം സമ്മാനിക്കാനും തീരുമാനമായിട്ടുണ്ട്. അതുവരെ മദർഷിപ്പ് തിരുനക്കരത്തന്നെ, സോറി - തമ്പാനൂരിൽത്തന്നെ വിശ്രമിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. (ലേഖകന്‍റെ ഫോൺ: 9447809631)

Trending

No stories found.

Latest News

No stories found.