#ജിബി സദാശിവൻ
കോൺഗ്രസ് തറവാട്ടിലെ കാരണവർ കൂടിയാണ് വിട വാങ്ങിയ വക്കം പുരുഷോത്തമൻ. കണിശത കൊണ്ട് രാഷ്ട്രീയത്തിൽ വേറിട്ട വഴി തെരഞ്ഞെടുത്ത അപൂർവ നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി ആദ്യമത്സരത്തിൽ തന്നെ പഞ്ചായത്തംഗമായെങ്കിലും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് അലിഗഡ് സർവകലാശാലയിൽ നിയമത്തിൽ ഉപരിപഠനത്തിനായി ചേരുകയായിരുന്നു. മടങ്ങിവന്ന്, അഭിഭാഷകനായെങ്കിലും ആർ. ശങ്കറാണ് പുരുഷോത്തമനിലെ രാഷ്ട്രീയക്കാരനെ തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് സജീവ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവന്നത്.
അങ്ങനെയൊന്നും ആർക്കും വഴങ്ങുന്ന പ്രകൃതമായിരുന്നില്ല അന്നും ഇന്നും വക്കത്തിന് ഉണ്ടായിരുന്നത്. ശങ്കർ പറയുന്നതിനപ്പുറമൊരു നിലപാടെടുക്കാൻ പക്ഷേ വക്കത്തിനോ പിതാവിനോ കഴിയുമായിരുന്നില്ല. അന്നത്തെ രാഷ്ട്രീയക്കാർക്കെല്ലാം ഏതാണ്ട് ആർ. ശങ്കർ തെളിച്ച വഴി തന്നെയായിരുന്നു. നിലപാടുകളിലെ കാർക്കശ്യവും കാര്യപ്രാപ്തിയും മരിക്കുവോളം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു.
മന്ത്രിയായും സ്പീക്കറായും ഗവർണറായും പ്രവർത്തിച്ച കാലങ്ങളിലൊക്കെ ആലോചിച്ചു മാത്രം തീരുമാനമെടുത്ത നേതാവ്. ഒരു തീരുമാനമെടുത്താൽ പിന്നെ ആര് പറഞ്ഞാലും മാറില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാനോ പ്രീണിപ്പിക്കാനോ വേണ്ടി യാതൊന്നും പറയില്ല. ഇതാണ് മറ്റു നേതാക്കളിൽ നിന്ന് വക്കത്തെ വ്യത്യസ്തനാക്കിയത്. ജീവിതത്തിൽ ചില നിർബന്ധ ബുദ്ധികളും അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിലും രാഷ്ട്രീയത്തിലും വേറിട്ട ശൈലിയായിരുന്നു. ജനിച്ചതും വളർന്നതുമെല്ലാം ഉയർന്ന കുടുംബത്തിലായിരുന്നതിനാൽ ഗോൾഫ് ക്ലബ്, ലയൺസ് ക്ലബ്, ട്രിവാൻഡ്രം ക്ലബ് തുടങ്ങിയ സമ്പന്നന്മാരുടെ കൂട്ടായ്മകളിലൊക്കെ വക്കവും ഭാഗമായി. പക്ഷെ ഇതേ വക്കം പുരുഷോത്തമൻ തന്നെയാണ് രാജ്യത്താദ്യമായി കർഷകത്തൊഴിലാളി നിയമം നടപ്പാക്കിയത്. ചുമട്ടു തൊഴിലാളി നിയമം അവതരിപ്പിച്ചതും വക്കമായിരുന്നു. തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള ചട്ടങ്ങൾ ഏറെയും കൊണ്ടുവന്നതും വക്കം തൊഴിൽ മന്ത്രിയായിരിക്കെയാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ വരെ യോഗ്യതയുണ്ടായിരുന്ന വക്കം പക്ഷേ, പാർട്ടിക്കുള്ളിൽ തനിക്കൊപ്പം ആളെ കൂട്ടാനുള്ള ശ്രമങ്ങളൊന്നും നടത്തിയില്ല. അനാവശ്യ ലോബിയിങ്ങിനും താത്പര്യം കാണിച്ചില്ല. ഉദ്യോഗസ്ഥരോട് വളരെ കാർക്കശ്യത്തോടെയായിരുന്നു ഇടപെട്ടിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിൽ ധനമന്ത്രിയായിരിക്കെ സാമ്പത്തിക അച്ചടക്കം പാലിക്കാൻ കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഗൗരിയമ്മയും എം.കെ. മുനീറും അടക്കമുള്ള മന്ത്രിമാർ അദ്ദേഹത്തോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വക്കം ആദ്യ തവണ സ്പീക്കർ ആയിരിക്കെയാണ് സഭക്കുള്ളിൽ കൈയാങ്കളി നടന്നത്. സഭാ ചട്ടങ്ങൾ കർശനമായിത്തന്നെ പാലിക്കണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം.
രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത സ്ഥാനാർഥിയെ പരാജയപ്പെടുത്താനും കോൺഗ്രസിനെ രക്ഷിക്കാനും സ്പീക്കറായിരുന്ന വക്കം ഇടപെട്ടു എന്ന ആരോപണം വിവാദമായിരുന്നു. എഐസിസിയിൽ നിന്ന് ഫാക്സ് സന്ദേശം സ്പീക്കറുടെ ഓഫിസിൽ എത്തിയെന്നും തുടർന്ന് അയോഗ്യത എന്ന ആയുധം കാട്ടി വക്കം എംഎൽഎമാരെ വിരട്ടി എന്നും ആരോപണം ഉയർന്നിരുന്നു. കോൺഗ്രസിനുള്ളിൽ നേതൃത്വത്തിലുള്ള സ്വാധീനവും ഗ്രൂപ്പിസവും സ്ഥാനമാനങ്ങളിലെത്താനുള്ള ചവിട്ടുപടിയായപ്പോൾ അതിനെതിരെ ശക്തമായ താക്കീത് നൽകാനും അഭിപ്രായങ്ങൾ തുറന്നു പറയാനും വക്കത്തിന് മടിയുണ്ടായിരുന്നില്ല. 80 വയസു കഴിഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
മന്ത്രിയും സ്പീക്കറുമൊക്കെ ആയിരുന്നെങ്കിലും ആൻഡമാൻ നിക്കോബാറിലെ ലഫ്റ്റനന്റ് ഗവർണർ പദവിയാണ് ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയതെന്ന് വക്കം തുറന്നു പറഞ്ഞിരുന്നു. "കോൾ വക്കം, സേവ് ആൻഡമാൻ' എന്നൊരു മുദ്രാവാക്യം പോലും പിൽകാലത്ത് ആൻഡമാനിൽ ഉയർന്നിരുന്നു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമായി വക്കം കരുതുന്നു. അദ്ദേഹം ആൻഡമാനിൽ നൽകിയ സേവനങ്ങളെ പ്രകീർത്തിച്ച് മദർ തെരേസ നേരിട്ട് കത്തയച്ചിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ വക്കത്തോട് പ്രത്യേക താത്പര്യം പുലർത്തി. കേന്ദ്രമന്ത്രിയായി അവസാന നിമിഷം വരെ വക്കം പുരുഷോത്തമൻ എന്ന പേരുണ്ടായിരുന്നെങ്കിലും കെ.ആർ. നാരായണനാണ് അന്ന് നറുക്കു വീണത്.
ബാറുകൾ പൂട്ടാനുള്ള തീരുമാനം ബുദ്ധിശൂന്യമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതാണ് സുപ്രീം കോടതിയുടെ ജോലിയെന്നും, നയരൂപീകരണം സർക്കാർ ചുമതലയാണെന്നും വക്കം ഉറച്ചു വിശ്വസിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം സുപ്രീം കോടതിയെ ഓർമപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് താനേ നേതാവാകണം, സ്ഥാനമാനങ്ങൾ വേണമെന്ന അത്യാഗ്രഹം പാടില്ല എന്ന് അദ്ദേഹം പുതുതലമുറ രാഷ്ട്രീയക്കാരെ പലതവണ ഓർമപ്പെടുത്തി.
സേവ ചെയ്ത് ഒരു പദവിയും വേണ്ട എന്നതായിരുന്നു വക്കം സ്വീകരിച്ച നിലപാട്. പാർട്ടിക്കുള്ളിൽ ആർക്കും വിധേയനാകാതെ നിന്നതിനാൽ ഒട്ടേറെ സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹത്തിന് നഷ്ടമായിട്ടുമുണ്ട്.