ചന്ദ്രയാനിലുണ്ട് രാധാംബികയുടെ കൈയൊപ്പ്

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) വിക്ഷേപിക്കുന്ന എല്ലാ ബഹിരാകാശ ഉപഗ്രഹങ്ങളിലും രാധാംബികയുടെ സ്ഥാപനമായ ശിവവാസു ഇലക്‌ട്രോണിക്സിന്‍റെ കൈയൊപ്പുണ്ട്
രാധാംബിക
രാധാംബിക
Updated on

തിരുവനന്തപുരം: അമ്പിളിയിൽ രാജ്യത്തിന്‍റെ അഭിമാനനേട്ടത്തിന്‍റെ വെന്നിക്കൊടി ഉയരുമ്പോൾ സന്തോഷിക്കുന്നയൊരാളുണ്ട്. തിരുവനന്തപുരം അമ്പലംമുക്ക് സ്വദേശി രാധാംബിക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) വിക്ഷേപിക്കുന്ന എല്ലാ ബഹിരാകാശ ഉപഗ്രഹങ്ങളിലും രാധാംബികയുടെ സ്ഥാപനമായ ശിവവാസു ഇലക്‌ട്രോണിക്സിന്‍റെ കൈയൊപ്പുണ്ട്. ഇക്കുറിയും തെറ്റിയില്ല. ചന്ദ്രയാൻ 3 ൽ പിസിബി വയറിങ് ( പ്രിന്‍റഡ് സർക്യൂട്ട് ബോർഡ്) എക്യുപെമെന്‍റ് ബേ എന്നിവയാണു ശിവവാസുവിൽ നിന്നു നിർമിച്ചു നൽകിയത്.

ഉപഗ്രഹങ്ങള്‍ക്കു വേണ്ടിയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നല്‍കുന്ന ശിവവാസു ഇലക്‌ട്രോണിക്സിന്‍റെ സാരഥിയാണ് രാധാംബിക. രണ്ടാമത്തെ വയസില്‍ പോളിയോ ബാധിച്ച് അംഗപരിമിതി സംഭവിച്ചെങ്കിലും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരുന്നതില്‍ അതൊന്നും തടസമായില്ല. 1981 ൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ഐഎസ്ആര്‍ഒയില്‍ നിന്നും ലഭിച്ച പരിശീലനമാണു രാധാംബികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 83 ല്‍ വിഎസ്എസ്‌സിയുടെ ആദ്യ പുറംകരാര്‍ ഒപ്പിട്ടു. പീന്നീടങ്ങോട്ട് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന എല്ലാ ഉപഗ്രഹങ്ങളിലും ശിവവാസു ഇലക്ട്രോണിക്‌സിലെ പിസിബി വയറിങ് ഇടംപിടിച്ചു. എഎസ്എല്‍വി മുതല്‍ 2018ലെ പിഎസ്എല്‍വി സി 42, പിഎസ്എല്‍വി സി 43, മംഗള്‍യാന്‍ ഉള്‍പ്പടെ ഏറ്റവുമൊടുവിൽ ചന്ദ്രയാൻ 3 വരെ എത്തിനിൽക്കുന്നു രാധാംബികയുടെ യാത്ര.

ഭിന്നശേഷിക്കാരായ 7 പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 150 ഓളം പേര്‍ ജോലി ചെയ്യുന്നു. ജോലികളെല്ലാം കൃത്യനിഷ്ഠയോടെ ആത്മാര്‍ഥമായി പൂര്‍ത്തികരിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തുടർന്നും പങ്കാളിയാവാന്‍ സാധിക്കുന്നതെന്ന് രാധാംബിക പറയുന്നു. മികച്ച ഭിന്നശേഷി തൊഴില്‍ദാതാവിനുള്ള പുരസ്‌കാരവും സംസ്ഥാന അവാർഡും രാധാംബികയെ തേടിയെത്തിയിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ചു ഐഎസ്ആർഒയിൽ നിന്നു ലഭിച്ച പുരസ്കാരവും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി രാധാംബിക ചേർത്തു നിർത്തുന്നു.

Trending

No stories found.

Latest News

No stories found.