സച്ചിനും ഗാംഗുലിയും പോലെ റെയിൽവേയും പിഎം ഗതിശക്തിയും

സച്ചിൻ ടെൻഡുൽക്കറുടെയും സൗരവ് ഗാംഗുലിയുടെയും ക്രിക്കറ്റ് ഗ്രൗണ്ടിലെ ആധിപത്യം പോലെയാണ് ഇന്ത്യന്‍ റെയ്‌ല്‍വേയും പ്രധാൻമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനും
സച്ചിനും ഗാംഗുലിയും പോലെ റെയിൽവേയും പിഎം ഗതിശക്തിയും | Railway and PM Gat Shakti like Sachin - Ganguly partnership
സച്ചിനും ഗാംഗുലിയും പോലെ റെയിൽവേയും പിഎം ഗതിശക്തിയും
Updated on

എ.കെ. കണ്ഡേവാൾ

(ഇൻഫ്രാ റെയ്ൽവേ ബോർഡ് മുൻ അംഗം)

ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 26 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇരുവരുടെയും ആധിപത്യം പോലെയാണ് ഇന്ത്യന്‍ റെയ്‌ല്‍വേയും പ്രധാൻമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനും സംയുക്തമായി രാജ്യത്തിന്‍റെ ആവശ്യങ്ങൾക്ക് അനുസൃതമായി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.

ഈ പരിവർത്തനാത്മക സമീപനം വിവിധ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ മറികടക്കാൻ ലക്ഷ്യമിടുന്നു. ഗതിശക്തി പദ്ധതി, ഇപ്പോള്‍ അടിസ്ഥാന സൗകര്യ ആസൂത്രണത്തിലും അതോടൊപ്പം തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും നിര്‍ണായകമാണ്. ഡിവിഷന്‍ തലം മുതലുള്ള റെയ്‌ല്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അതിന്‍റെ കീഴില്‍ വരുന്നു. ഇതിലൂടെ, റെയ്‌ല്‍വേ പൂര്‍ണമായും അതിന്‍റെ സ്ഥാപനസംവിധാനങ്ങളും ഒപ്പം ഭൗമ വിവര സംവിധാനം (ജിഐഎസ്) ഉപയോഗിച്ചുള്ള ഡാറ്റാ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം- പ്രധാൻമന്ത്രി ഗതി ശക്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള രണ്ട് പ്രധാന ഘടകങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തിരിക്കുകയാണ്.

ഗാംഗുലിയുടെ ചാരുതയും നേതൃപാടവവുമാണ് ഗതിശക്തി പ്രദാനം ചെയ്യുന്നതെങ്കില്‍ റെയ്‌ല്‍വേ ടെന്‍ഡുല്‍ക്കറെ പോലെ ഏതൊരു സാഹചര്യത്തോടും പൊരുത്തപ്പെടുകയും വിവിധ വെല്ലുവിളികളെ മറികടക്കുകയും ചെയ്യുകയാണ്.

ഈ സമീപനം, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയവും റെയ്‌ല്‍വേ സോണുകളും തമ്മിലുള്ള ഏകോപനത്തിന് സഹായകമാകുകയും അതിലൂടെ പദ്ധതികളുടെ അനുമതി വേഗത്തിലാക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ നാല് മുതൽ അഞ്ച് മാസങ്ങള്‍ വരെ സമയമെടുത്തിരുന്ന പദ്ധതിക്കുള്ള അനുമതി ലഭിക്കല്‍ ഇപ്പോള്‍ 7 ദിവസം കൊണ്ട് ലഭിക്കുന്നു. ഇത് റെയ്‌ല്‍വേ ശൃംഖലയുടെ മൊത്തം കാര്യശേഷിയെ ഉയര്‍ത്തുകയാണ്. മുൻപ് ഒരു വര്‍ഷത്തില്‍ 50 പദ്ധതികൾക്ക് വരെയാണ് അനുമതി ലഭിച്ചിരുന്നതെങ്കില്‍ 2022-2023 കാലഘട്ടത്തില്‍ 458 പദ്ധതി സര്‍വെകളാണ് അനുവദിക്കപ്പെട്ടത്.

പരമ്പരാഗതമായി മുൻപും റെയ്‌ല്‍വേ വിവിധ ഗവൺമെന്‍റ് ഏജന്‍സികളുമായി സഹകരിച്ചിരുന്നുവെങ്കിലും പ്രധാൻമന്ത്രി ഗതി ശക്തിയിലൂടെ വിവിധതരത്തിലുള്ള ഗതാഗത സംവിധാനങ്ങളുടെ ഏകീകരണം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ മൊത്തം ആവാസ വ്യവസ്ഥയെ തന്നെ മാറ്റമറിച്ചിരിക്കുകയാണ്. വിവിധ റെയ്‌ല്‍വേ സോണുകള്‍, വകുപ്പുകള്‍, സെക്റ്ററുകള്‍ എന്നിവയുടെ ഏകോപനത്തിലൂടെ പ്രധാൻമന്ത്രി ഗതി ശക്തി അടിസഥാനസൗകര്യ വികസനത്തിന്‍റെ സമഗ്രമായ നയരൂപീകരണത്തിലും നിർവഹണത്തിലും ഒരു നിര്‍ണായക സാന്നിദ്ധ്യമായി മാറിയിരിക്കുന്നു.

പ്രധാൻമന്ത്രി ഗതി ശക്തിയുടെ ഏറ്റവും ദൃശ്യമായ മാറ്റമെന്താണെന്നാല്‍ അത് വകുപ്പ്തലത്തിലെ എല്ലാ പ്രതിസന്ധികളെയും എളുപ്പത്തില്‍ മറികടക്കുന്നുവെന്നതാണ്. പരമ്പരാഗതമായി, റെയ്‌ല്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏഴ് വ്യത്യസ്ത വകുപ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കാരണം കാലതാമസവും കാര്യശേഷിക്കുറവും ഉണ്ടാകുമായിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ കാര്യക്ഷമമായപ്പോള്‍ പദ്ധതിക്ക് അനുമതി നൽകൽ വേഗത്തിൽ ആവുകയും അനാവശ്യമായ ഉദ്യോഗസ്ഥ ഇടപെടല്‍ കാരണം വൈകിയിരുന്ന പല സാഹചര്യങ്ങളും ഒഴിവാക്കപ്പെടുകയും ചെയ്തു.

പ്രധാൻമന്ത്രി ഗതിശക്തി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഒരു വര്‍ഷത്തില്‍ ആറോ ഏഴോ പദ്ധതികള്‍ അംഗീകരിക്കപ്പെട്ടിരുന്നത് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 73 ആയി ഉയര്‍ന്നു. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോര്‍ഡും ഇതു തന്നെയാണ്. പദ്ധതികളുടെ അനുമതി നേടിയെടുക്കല്‍ മാത്രമല്ല മറിച്ച് അവ പൂര്‍ത്തീകരിക്കുന്നതിന്‍റെ വേഗതയും സര്‍വകാല റെക്കോഡിലാണ്. 5309 കിലോമീറ്റര്‍ പുതിയ പാതയും ഒപ്പം പാത ഇരട്ടിപ്പിക്കലും അതോടൊപ്പം ഗേജ് മാറ്റവും പൂര്‍ത്തിയായിട്ടുണ്ട്. റെയ്‌ല്‍വേ പാതകളുടെ വൈദ്യുതീകരണവും വളരെ വേഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ്. ഇത് എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 7188 റൂട്ട് കിലോമീറ്ററിലേക്ക് എത്തിയിട്ടുണ്ട്. ട്രാക്കുകളുടെ കമ്മീഷനിംഗ് മുമ്പ് ഒരു ദിവസത്തില്‍ വെറും നാല് കിലോമീറ്റര്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അത് പ്രതിദിനം 15 കിലോമീറ്റര്‍ ആയി മാറി.

പ്രധാൻമന്ത്രി ഗതി ശക്തിയും ദേശീയ മാസ്റ്റര്‍ പ്ലാനും ചേര്‍ന്ന് ഭാവി പദ്ധതികള്‍ എപ്പോള്‍ എവിടെ എങ്ങനെ എന്ന് കൃത്യമായും ഫലപ്രദമായും മാപ്പ് ചെയ്യുന്നു. സാമൂഹിക, സാമ്പത്തിക അടിസ്ഥാനസൗകര്യ വികസനത്തില്‍ കൃത്യമായ ഡാറ്റയുടെ സഹായത്തോടെയാണ് മുന്നോട്ടുള്ള യാത്ര. യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾ, ബഹു മാതൃക കണക്റ്റിവിറ്റി, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ലാന്‍ഡ് റവന്യു മാപ്പുകള്‍, വനമേഖലയിലെ അതിര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിവരങ്ങള്‍ ശേഖരിക്കുന്നത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വളരെ നിര്‍ണായകമാണ്.

സമഗ്രമായ ആസൂത്രണത്തിനായി നെറ്റ് വർക്ക് പ്ലാനിംഗ് ഗ്രൂപ്പ്, എല്ലാ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയങ്ങളുടെയും പദ്ധതികൾ സൂക്ഷ്മമായി പരിശോധിക്കുന്നു. പുതിയതായി പണികഴിപ്പിച്ച റോഡുകള്‍ കേബിളുകള്‍, പൈപ്പുകള്‍ എന്നീ സൗകര്യ വികസനങ്ങൾക്ക് വേണ്ടി പൊളിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയുന്നു.

ഉദാഹരണത്തിന്, ഹൗസിംഗ് സൊസൈറ്റികള്‍ക്ക് ഇപ്പോള്‍ മലിനജല സംസ്കരണ സംവിധാനം, വൈദ്യുതി, മറ്റ് സൗകര്യങ്ങൾ എന്നിവ താമസക്കാര്‍ എത്തുന്നതിനു മുൻപ് തയ്യാറാക്കാം. എന്തെങ്കിലും നടപടിയെടുക്കുന്നതിന് പരാതികള്‍ ഉയരുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നില്ല. വികസന പാതയിലുള്ള പ്രാന്തപ്രദേശങ്ങള്‍ക്ക് സമീപമുള്ള വെയര്‍ഹൗസുകള്‍ക്ക് സമയബന്ധിതമായി റോഡ് കണക്റ്റിവിറ്റി ലഭിക്കും. വിപുലീകരണത്തിന് വിധേയമാകുന്ന തുറമുഖങ്ങള്‍ക്ക് റെയ്‌ല്‍വേ ഒഴിപ്പിക്കലില്‍ നിന്നും മള്‍ട്ടിമോഡല്‍ ലിങ്കുകളില്‍ നിന്നും മതിയായ പ്രയോജനം ലഭിക്കും.

കാര്യക്ഷമമായ ഈ ആസൂത്രണ മികവിനെ പിന്തുണച്ചത് പ്രധാൻമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച സംവിധാനങ്ങളായ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് BISAG -N എന്നിവയാണ്.

ഗതിശക്തിയെ സംബന്ധിച്ചിടത്തോളം അതിന്‍റെ നിര്‍ണായകമായ വിജയം പദ്ധതികളുടെ പ്രാധാന്യം തിരിച്ചറിയുന്നതിലും മുന്‍ഗണന നല്‍കുന്നതിലുമാണ്. കണക്റ്റിവിറ്റി, കാര്യക്ഷമത, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഗുണകരമായ പദ്ധതികള്‍ക്കാണ് അത്തരത്തില്‍ മുന്‍ഗണന നല്‍കിവരുന്നത്. ഇതിലൂടെ റെയ്‌ല്‍വേക്കും കണക്റ്റിവിറ്റി സംബന്ധിച്ച് കൂടുതല്‍ മികച്ച ധാരണയുണ്ടാകുന്നുണ്ട്. സാമ്പത്തിക കേന്ദ്രങ്ങള്‍, ഖനികള്‍, വൈദ്യുത നിലയങ്ങള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, തുടങ്ങി കണക്റ്റിവിറ്റി കൂടുതൽ ആവശ്യമായ പ്രദേശങ്ങൾ തിരിച്ചറിയാനും ചരക്ക് ഇടനാഴികള്‍, തുറമുഖ കണക്റ്റിവിറ്റി പദ്ധതികള്‍ എന്നിവ ആവശ്യാനുസരണം മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഇതിലൂടെ റെയ്‌ല്‍വേക്ക് കഴിയും. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമുള്ള സാധ്യതകളെ അടിസ്ഥാനമാക്കിയാണ് ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.

16 റെയ്‌ല്‍വേ സോണുകളിലെ എല്ലാ 68 ഡിവിഷനുകളും തമ്മിലുള്ള മികച്ച സഹകരണത്തിലൂടെ ഈ പുരോഗതി പ്രകടമാണ്. ഗതി ശക്തിക്ക് മുമ്പ്, ഓരോ റെയ്‌ല്‍വേ സോണും ഓരോ വകുപ്പും സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കാലതാമസത്തിനും കാര്യക്ഷമതക്കുറവിനും ഏകോപനമില്ലായ്മയ്ക്കും കാരണമായി. പ്രധാൻമന്ത്രി ഗതി ശക്തി മുഖേന ആവിഷ്കരിച്ച ഡിജിറ്റൽ ഇന്‍റർഫേസുകൾ, വിവിധ മേഖലകൾ തമ്മിലുള്ള സഹകരണത്തിന് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം നല്‍കി. ഇത് പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനും പദ്ധതികൾ സുഗമമായി നടപ്പിലാക്കാനും കഴിയുന്ന തരത്തിലേക്ക് സംവിധാനങ്ങളെ മാറ്റി.

ഇന്ത്യന്‍ റെയ്‌ല്‍വേയ്ക്കും പ്രധാൻമന്ത്രി ഗതി ശക്തിക്കും ഒരു മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍ സച്ചിനും സൗരവും തിളങ്ങിയപ്പോള്‍ തന്നെ രാഷ്‌ട്രീയ രംഗത്ത് അവര്‍ ചില വെല്ലുവിളികളെ നേരിട്ടു.സമാനമായ രീതിയില്‍ പ്രധാൻമന്ത്രി ഗതി ശക്തിയുടെ ശക്തിയും റെയ്‌ല്‍വേയുടെ ദൃഢനിശ്ചയവും അനാവശ്യമായ രാഷ്‌ട്രീയവത്കരണത്തിലൂടെ, അവയുടെ ദീര്‍ഘകാല പ്രയോജനം നഷ്ടപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാൻ,രാജ്യം സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികത്തിലേക്ക് അടുക്കുന്ന വേളയിൽ ശ്രദ്ധിക്കുകയും വേണം.

Trending

No stories found.

Latest News

No stories found.