#തയാറാക്കിയത്:എൻ. അജിത്കുമാർ
ഏറെ ദൂരെ നിന്നും കേള്‍ക്കുന്ന നേര്ത്തൊരിരമ്പല്. പെട്ടെന്ന് വെയില് മങ്ങുന്നു. മരച്ചില്ലകളുലച്ചുകൊണ്ടൊരു തണുത്ത കാറ്റ്. ഇരുണ്ട മാനത്തുനിന്നും മുഴക്കത്തോടെ ഇരച്ചു പാഞ്ഞുവരുന്ന മഴത്തുള്ളികള്‍! കാറ്റിനൊപ്പം മരങ്ങളിലും ഓലത്തുമ്പുകളിലും വീണ് ചിതറി മണ്ണിലേക്ക്... മഴ രസകരമായ ഒരനുഭവമാണ്. മനസ്സിലേക്ക് പെയ്തിറങ്ങുന്ന അനുഭവം. മറ്റൊരു മഴക്കാലം കൂടി വരവായി.
മണ്‍സൂണ്‍ എന്ന മഴക്കാറ്റ്
നമുക്ക് മഴകൊണ്ടുവരുന്നത് ഒരു കാറ്റാണ്. മണ്‍സൂണ്‍ എന്ന കാറ്റ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എല്ലാവര്‍ഷവും നിശ്ചിത സമയത്ത് വീശുന്ന ഈ കാറ്റിന് മണ്‍സൂണ്‍ എന്ന് പേരിട്ടത് കപ്പലോട്ടക്കാരാണ്. 'ഋതു' എന്നര്‍ത്ഥമുള്ള 'മാസിം' എന്ന അറബി പദത്തില്നിന്നാണത്രേ മണ്‍സൂണ്‍ എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.നീരാവി നിറഞ്ഞ മണ്‍സൂണ്‍ കാറ്റിനൊപ്പം നാവികര്‍ തങ്ങളുടെ സഞ്ചാരപഥം ക്രമീകരിച്ചു. ഈ കാറ്റിനൊപ്പം യാത്രതിരിച്ചാല്‍ പായ്ക്കപ്പലുകള്‍ക്ക് പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് അവര്‍ മനസ്സിലാക്കി. എ.ഡി. 45ല്‍ ഗ്രീക്ക് നാവികനായ ഹിപ്പാലസ് ആണ് ഈ കാറ്റിനെ ആദ്യം തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയത്.
അത്ഭുതകരമായ പ്രകൃതി പ്രതിഭാസം
അത്ഭുതകരമായ ഒരു പ്രകൃതി പ്രതിഭാസമാണ് മണ്‍സൂണ്‍ മഴ കൊണ്ടുവരുന്നത്. കടലിനേക്കാള്‍ വേഗത്തില്‍ കര ചൂടുപിടിക്കുന്നതാണ് മണ്‍സൂണ്‍ കാറ്റിന് കാരണമാകുന്നത്. ഇന്ത്യയുടെ വടക്ക് ഭാഗത്തെ കരപ്രദേശം കടുത്തവേനലില്‍ ചുട്ടുപഴുക്കുന്നു. അവിടത്തെ വായു ചൂടുപിടിച്ച് മേല്പോട്ടുയരുന്നു. ഈ ശൂന്യതയിലേക്ക് തണുത്ത കാറ്റുവന്നുനിറയും. അവിടെ ഒരു ന്യൂനമര്‍ദ്ദമേഖല രൂപംകൊള്ളുകയായി. വടക്ക് വായുമര്‍ദ്ദം കുറയുമ്പോള്‍ തെക്കുനിന്നും അങ്ങോട്ട് വായു പ്രവാഹം ആരംഭിക്കും. ഇങ്ങനെ മാര്‍ച്ച് മാസത്തില്‍ തന്നെ ആരംഭിക്കുന്ന തണുത്ത വായുവിന്റെ ശക്തമായ പ്രവാഹമാണ് മണ്‍സൂണ്‍ മഴ കൊണ്ടുവരുന്നത്.
ഇടവപ്പാതിയില്‍
ഇന്ത്യയില്‍ കാലവര്‍ഷത്തിന് തുടക്കം കുറിക്കുന്നത് കേരളത്തിലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് അറബിക്കടലിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുകൂടി മെയ്-ജൂണ്‍ മാസം മുതല്‍ വീശുന്ന കടല്‍ക്കാറ്റിനെ കേരളത്തിന്റെ തെക്കു വടക്കായി കിടക്കുന്ന പശ്ചിമഘട്ടം തടഞ്ഞു നിറുത്തുന്നു. നീരാവി നിറഞ്ഞ ഈ വായു തണുത്ത് മഴപെയ്ത് തുടങ്ങുന്നു. ജൂണ്‍ മാസത്തോടെ തുടങ്ങുന്ന ഈ മഴയെ നാം ഇടവപ്പാതി എന്നു വിളിക്കുന്നു. പത്തു ദിവസം കൊണ്ട് മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ മഴ എത്തിക്കഴിയും. ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തും.
തുലാത്തില്‍ മടക്കം
സെപ്റ്റംബര്‍ മാസത്തോടുകൂടി ഈ മണ്‍സൂണ്‍ മഴ ഇന്ത്യയില്‍ നിന്ന് പിന് വാങ്ങാന്‍ തുടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കു കിഴക്ക് ഭാഗത്തുകൂടി കിഴക്ക് പടിഞ്ഞാറോട്ട് ആണ് മടക്കം. തമിഴ്നാട്ടില്‍ വെള്ളപ്പൊക്കവും മറ്റ് നഷ്ടങ്ങളുമൊക്കെ ഉണ്ടാക്കി കരകയറി ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോള്‍ ഈ മഴയെ നാം തുലാമഴ എന്നു വിളിക്കും.
മഴയ്ക്കുമുണ്ടൊരു സമയം
കേരളത്തിലെ തീരപ്രദേശങ്ങളില്‍ മണ്‍സൂണ്‍ മഴ കൂടുതല്‍ പെയ്യുന്നത് പുലര്‍ച്ചെ 4 മണി മുതല്‍ എട്ടു മണി വരെയാണ്. പശ്ചിമഘട്ട മലഞ്ചെരുവുകളിലാകട്ടെ വൈകുന്നേരമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക.
ഒറ്റപ്പെട്ട കനത്ത മഴ
1500 മി.മീറ്ററിനും 2000 മീ.മീറ്ററിനും ഇടയില്‍ പെയ്യുന്ന മഴയാണ് കനത്തമഴ എന്നു പറയുക.
നേരിയതും വളരെ നേരിയതും
250 മി.മീറ്ററിനും 450 മി.മീറ്ററിനും ഇടയില്‍ പെയ്യുന്ന മഴയാണ് നേരിയ മഴ.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്നത്
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്നത് രാജാസ്ഥാനിലാണ്. വെറും 15 സെന്റിമീറ്റര്‍. കേരളത്തിലോ 300 സെ.മീ. ഈ 15 സെന്റിമീറ്റര്‍ മഴയില്‍ ഒരു തുള്ളിപോലും പാഴാവാതെ രാജസ്ഥാന്കാര് ശേഖരിക്കും. അതുകൊണ്ട് അവര്‍ക്ക് വെള്ളം ഇഷ്ടംപോലെ. എന്നാല്‍ 300 സെന്റിമീറ്ററിലധികം മഴ ലഭിക്കുന്ന കേരളത്തിലോ,മഴകഴിയുന്നതോടെ കുടിവെള്ളക്ഷാമം തുടങ്ങുകയായി.
നമ്മുടെ അഞ്ചാമത്തെ ഋതു
വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം എന്നിവയാണ് ലോകത്തെ പ്രധാന ഋതുക്കള്‍. ഗ്രീഷ്മത്തിനും വസന്തത്തിനും ഇടയില്‍ കടന്നു വരുന്ന ഇന്ത്യക്കാരുടെ മാത്രം അഞ്ചാമത്തെ ഋതുവാണ് മഴക്കാലം.
കാലാവസ്ഥ മാറുമ്പോള്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിലും മഴപ്പെയ്ത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്. പൊതുവെ മഴ കുറച്ചുമാത്രം ലഭിച്ചിരുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും, മഹാരാഷ്ട്രയുടെ വിദര്‍ഭ മേഖലയിലും സമൃദ്ധമായി മഴ ലഭിച്ചു തുടങ്ങിയതും ഇടവപ്പാതി വിട്ട് കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്നത് ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലായി മാറിയതും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് .
ബംഗാള്‍ ഉള്‍ക്കടലിനെ അപേക്ഷിച്ച് താരതമ്യേന അറബിക്കടല്‍ ചുഴലിക്കൊടുങ്കാറ്റുകളില്‍ നിന്ന് മുക്തമായിരുന്നു. അഥവാ ചുഴലിക്കാറ്റുകളുണ്ടായാല് തന്നെ അതിന്റെ തീവ്രത ബംഗാള്‍ ഉള്ക്കടലില്രൂപം കൊള്ളുന്നവയേക്കാള്വളരെ കുറവായിരുന്നു. അഥവാ അറബിക്കടലില്‍ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ തന്നെ ഇതിന്റെ സഞ്ചാര ഗതി വടക്കോട്ടോ വടക്കുപടിഞ്ഞാറോട്ടോ ആയിരുന്നതിനാല്കേരളതീരം പൊതുവെസുരക്ഷിതമായിരുന്നു. എന്നാല്കാലാവസ്ഥാവ്യതിയാനപഠനങ്ങള് സൂചിപ്പിക്കുന്നത് അറബിക്കടലില്ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിക്കുമെന്നാണ്. 2017 നവംബറില്‍ കേരള തീരത്താഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഇതിന് ഒരു പ്രധാന ഉദാഹരണമാണ്. ഭാവിയില്കേരളത്തില് പ്രകൃതിദുന്തങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത എന്ന് ഓഖി നമുക്ക് മുന്നറിയിപ്പ് തരുന്നു. പ്രകൃതിദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും അതിന്റെ സംഹാരശേഷി പരമാവധി കുറയ്ക്കാന്‍ നല്ല മാനേജ്മെന്റ് പ്ലാനിംഗിലൂടെ തീര്‍ച്ചയായും നമുക്ക് കഴിയും. പശ്ചിമഘട്ടമുള്‍പ്പടെയുള്ള ആവാസ വ്യവസ്ഥകള്‍ സംരക്ഷിച്ചും പ്രകൃതിനാശനം തടഞ്ഞും ഒരു നല്ല ഭൂവിനിയോഗരീതി നടപ്പിലാക്കിയും വേണ്ട മുന്‍കരുതലുകളെടുത്താല്‍ ഒരു പരിധിവരെ പ്രകൃതിദുരന്തങ്ങളുടെ സംഹാരശേഷികുറയ്ക്കാന് നമുക്ക് കഴിയും.
കേരളത്തിലെ മഴയും ജല ഉപഭോഗവും
മണ്‍സൂണിന്റെ കവാടമായ കേരളം മഴയുടെ സ്വന്തം നാടാണ്. ജൂണ്‍ - ആഗസ്റ്റ് മാസങ്ങളിലായി പെയ്തിറങ്ങുന്ന ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തായിരുന്നു കേരളത്തില്‍ 60 ശതമാനം മഴയും ലഭിച്ചിരുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള, തുലാവര്‍ഷം എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ മണ്‍സൂണില്‍ നിന്നും 25 ശതമാനത്തോളം മഴയേ ലഭിച്ചിരുന്നുള്ളു.. ബാക്കിയുള്ള 15 ശതമാനം വേനല്‍ മഴയില്‍ നിന്നുമൊക്കെയായി ലഭിക്കുന്നു.
കൊടും പാപിയുള്ളേടത്തു മഴ പെയ്യില്ല
എടവപ്പാതിയില്‍ മഴ പെയ്യാതിരുന്നാല്‍ അട്ടപ്പാടിയിലെ ആദിവാസിക്ക് കാര്യം പിടി കിട്ടും. കൊടും പാപിയുള്ളേടത്തേ മഴ പെയ്യാതിരിക്കൂ. മഴ പ്രസാദിക്കണമെങ്കില്‍ പാപം കഴുകിക്കളയണം. ഇതിനായി അവര്‍ കൊടും പാപിയുടെ ഒരു കോലം കെട്ടിയുണ്ടാക്കും. വൈക്കോലുകൊണ്ട്. ഈ കോലത്തിന് കണ്ണും മൂക്കുമൊക്കെ വരച്ചു ചേര്‍ക്കും.
ഈ കോലത്തെ ഒരു വണ്ടിയില്‍ക്കയറ്റി കെട്ടിവലിച്ച് എല്ലാ വീടുകളിലും കയറിയിറങ്ങും. പെണ്ണുങ്ങളുടെ വേഷം കെട്ടിയവര്‍ നിലവിളിച്ചുകൊണ്ട് പുറകെ പോകും. എന്റെ അമ്മായിയമ്മ ചത്തുപോയേ എന്നു പറഞ്ഞാണ് അവര്‍ കരയുക. വൈകുന്നേരത്തോടെ പട്ടടതീര്‍ത്ത് കൊടും പാപിയെ കത്തിച്ചു കളയും. മൂന്നാം ദിവസം അടിയന്തിരവും നടത്തും,സദ്യയുണ്ടാകും അതിനോടൊപ്പം.
മൂന്നാര്‍ മുങ്ങിയ മഴ
തൊണ്ണൂറ്റി ഒമ്പതിലെ മഴ, തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നൊക്കെയാണ് ഈ ഭീകരമഴ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6500അടി ഉയരെയുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഗ്രാമങ്ങളുമൊക്കെ ഈ മഴയില്‍ മുങ്ങിപ്പോയി. ബ്രീട്ടീഷുകാര്‍ മൂന്നാറിലോടിച്ച തീവണ്ടിയും തീവണ്ടിപ്പാളവുമൊക്കെ ഈ മഴയിലൊലിച്ചു പോയി.ആലപ്പുഴയും എറണാകുളവും വെള്ളത്തിനടിയിലായി. ഈ മഴയിലും വെള്ളപ്പൊക്കത്തിലും എത്രപേര്‍ മരിച്ചെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. തകഴിയുടെ പ്രശസ്തമായ ചെറുകഥ വെള്ളപ്പൊക്കത്തില്‍ പറയുന്നത് ഈ വെള്ളപ്പൊക്കത്തെക്കുറിച്ചാണ്. പിന്നെ കേരളത്തെ മുക്കിയത് 2018 ലെ വെള്ളപ്പൊക്കമാണ്.
മഴച്ചൊല്ലു ചൊല്ലാം
മഴ നിന്നാലും മരം പെയ്യും
മഴ പെയ്താല്‍ പുഴയറിയും
മഴ പെയ്തു നിറയാത്തത് കോരിയൊഴിച്ചാല്‍ നിറയുമോ?
മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ
ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല
അന്തിക്കു വന്ന മഴയും അന്തിക്കു വന്ന വിരുന്നും അന്നു പോവില്ല.
മാക്രി കരഞ്ഞാല്‍ മഴപെയ്യുമോ
മഴ നനയാതെ എങ്ങു പോകുന്നു? പുഴയില്‍ മുങ്ങിക്കുളിക്കാന്‍
മാക്രി കരഞ്ഞു മഴപെയ്യിച്ചു.
ചാടിമരിക്കാന്‍ പോയവന് മഴകണ്ടു മടങ്ങി
എങ്ങനെയെല്ലാം സംഭരിക്കാം
ഒരു കൊല്ലത്തില്‍ ഏകദേശം 120 ദിവസമാണ് നമുക്ക് മഴ ലഭിക്കുന്നത്. ഇത് വേണ്ടരീതിയില്‍ സംഭരിച്ച് ഉപയോഗിക്കുകയാണെങ്കില്‍ വേനല്‍ക്കാലത്ത് ഇന്നുകാണുന്ന ജലദൗര്ലഭ്യത്തിന പരിഹാരമാകും. കേരളത്തില്‍ ശരാശരി 3000 മി.മീറ്റര്‍ മഴയാണ് ലഭിക്കുന്നതെന്ന് നമ്മള് മനസ്സിലാക്കിയല്ലോ. അങ്ങനെയെങ്കില്‍ ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്തുനിന്നും 3000 ലിറ്റര്‍ മഴവെള്ളം ലഭിക്കും. ഒരു ചെറിയ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നുപോലും ആ കുടുംബത്തിനാവശ്യമായ മഴവെള്ളം സംഭരിക്കാം എന്ന് ചുരുക്കം.
പുരപ്പുറത്തെ വെള്ളം
വീടിന്റെയും മറ്റുകെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പാത്തിയിലൂടെ കുഴലുകള്‍ വഴി കൊണ്ടുവന്ന് അരിച്ചു ടാങ്കുകളില്‍ നിറച്ച് സൂക്ഷിക്കാവുന്നതാണ്. ഓരോ കെട്ടിടത്തിന്റെയും വിസ്തൃതിക്കനുസരിച്ച് വേണം ജലസംഭരണികള്‍ നിര്‍മിക്കാന്‍. സ്ഥലം കുറവുള്ള പുരയിടങ്ങളില്‍ കെട്ടിടങ്ങളുടെ അടിത്തറയില്‍ത്തന്നെ ജലസംഭരണത്തിനുവേണ്ട ടാങ്ക് നിര്‍മിക്കാം.
മഴവെള്ളം കേടുകൂടാതെ സൂക്ഷിക്കാന്‍
ആദ്യമായി ലഭിക്കുന്ന വേനല്‍മഴയിലെ വെള്ളം സംഭരിക്കേണ്ടതില്ല. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ഈ വെള്ളത്തില്‍ കൂടുതലായിരിക്കും. ഈ മഴവെള്ളം സംഭരണിയില്‍ കടക്കാതിരിക്കാനുള്ള സംവിധാനം ടാങ്കിന് ഉണ്ടായിരിക്കണം. സംഭരണി അടച്ചുസൂക്ഷിക്കണം. മറ്റ് മാലിന്യങ്ങള്‍ വെള്ളത്തില്‍ ചേരാതിരിക്കാന്‍ ഇത് സഹായകമാകും. സംഭരണിയില്‍ പിടിപ്പിച്ച കൈപ്പമ്പോ, ടാപ്പോ ഉപയോഗിച്ച് മാത്രമേ വെള്ളമെടുക്കാവൂ. വീട്ടാവശ്യത്തിനായി മഴക്കാലത്തു കിട്ടുന്ന മഴവെള്ളം മഴക്കാലത്തുതന്നെ ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം പമ്പു ചെയ്യുന്നതിനുള്ള വൈദ്യുതി ലാഭിക്കാം. ഇതിനായി ഒരു സിന്തറ്റിക് പ്ലാസ്റ്റിക് ടാങ്കില്‍ മഴവെള്ളം സംഭരിച്ചാല്‍ മതി.ഓരോ വീടുകളിലോ അപ്പാര്ട്ടുമെന്റുകളിലോ കോളനികളിലോ ഒക്കെ അനുയോജ്യമായ രീതിയില്‍ മേല്‍ക്കുര യില്നിന്ന് വെള്ളം സംഭരിക്കാവുന്നതാണ്. വൃഷ്ടി പ്രദേശത്തുനിന്നും ലഭിക്കുന്ന വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലാകണം ടാങ്കിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. ആവശ്യമനുസരിച്ച് കോണ്‍ക്രീറ്റ്, ഫെറോസിമന്റ്, ആര്.സി.സിപ്ലാസ്റ്റിക് ടാങ്ക് തുടങ്ങിയവ തിരഞ്ഞെടുക്കാം.
ജലത്തെ പടിക്കു പുറത്താക്കുന്നവര്‍
പുരയിടങ്ങളില്‍ പെയ്യുന്ന മഴവെള്ളം അവിടങ്ങളിലെ മണ്ണില്‍ത്തന്നെ ബുദ്ധിപൂര്‍വം താഴ്ത്തുന്ന പരമ്പരാഗത ജലസംരക്ഷണമാര്ഗങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിലെ ജലസമൃദ്ധിക്ക് കാരണം. നാട്ടിലെ കര്‍ഷകര്‍ നൂറ്റാണ്ടുകളായി ആ അറിവുകള്‍ പ്രയോഗിച്ചു, കൈമാറിപ്പോന്നു. കേരളത്തിലെ കുടുംബങ്ങള്‍ താമസിച്ചിരുന്നത് പ്രധാനമായും ചെറിയ പുരയിടങ്ങളിലായിരുന്നു. ഇവിടങ്ങളില്‍ അത്യാവശ്യം അടുക്കളകൃഷിയും ഉണ്ടായിരുന്നു. ജൈവ വേലികളോ കൈയാലക്കെട്ടുകളോ ഉള്ളതായിരുന്നു ഈ പുരയിടവും കൃഷിയിടങ്ങളും. ഇത്തരത്തിലുള്ള പുരയിടപറമ്പ് കൃഷിഭൂമിയില്‍ കിണറും ചെറിയ കുളവും ഉണ്ടായിരുന്നു. കരകൃഷിയും പുരയിടങ്ങളും കിണറും കുളവുമൊക്കെയുള്ള ഈ മനുഷ്യ ആവാസവ്യവസ്ഥ മഴക്കാലത്ത് ആവശ്യത്തിന് ഭൂഗര്‍ഭത്തില്‍ ജലം സംഭരിക്കാന്‍ പര്യാപ്തമായിരുന്നു. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റവും, കൂട്ടുകുടുംബം വിട്ട് അണുകുടുംബങ്ങള്‍ പെരുകിയതുമൊക്കെ ഈ പ്രകൃതി അനുകൂല മനുഷ്യ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. വീട്ടുമുറ്റത്ത് അലങ്കാര ഇഷ്ടികകളും കോണ്‍ക്രീറ്റും നിരത്തുന്നതാണ് പത്രാസ് എന്ന് ധരിച്ചിട്ടുള്ള ഈ പുതുതലമുറയുടെ വരവോടെ ജൈവ വേലിക്കുപകരം കോണ്‍ക്രീറ്റ് മതിലുകള്‍ ഇടംപിടിച്ചു. മുറ്റത്ത് കോണ്‍ക്രീറ്റ് തേച്ചുപിടിപ്പിച്ച് മഴവെള്ളത്തെ പടിക്കുപുറത്താക്കി. മലിനജല ഓടകള്‍ ഗ്രാമപ്രദേശങ്ങളില്‍ക്കൂടി വരാന്‍ തുടങ്ങിയതോടെ അടുക്കളയില്‍ നിന്നുള്ള മലിനജലം അടുക്കളത്തോട്ടത്തിലേയ്ക്കെന്നത് വീടിനുപുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. ഇത് വേനല്‍ക്കാലത്തുപോലും കൊതുകുശല്യം പെരുകാന്‍ കാരണമായി. ഒപ്പംകുടിവെള്ളക്ഷാമത്തിനും.
അന്നും ഇന്നും ഒരു കുറവുമില്ല
അനാദികാലം മുമ്പുമുതല്‍ ഓരോ വര്‍ഷവും നിശ്ചിത സമയത്ത് ഭൂമിക്ക് അനുഗ്രഹമായി ചൊരിയുന്ന മഴവെള്ളത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. നിരന്തരമായി ഉപയോഗിച്ചിട്ടും ഒരു കുറവും വരാത്ത ഒരേ ഒരു വസ്തു മഴവെള്ളം മാത്രമാണ്. എന്നിട്ടും ജലക്ഷാമത്തിനു കാരണമാകുന്നത് എന്താണ്? മനുഷ്യന്റെ തത്വദീക്ഷയില്ലാത്ത ഇടപെടലും ആര്‍ത്തിയും ധൂര്‍ത്തും തന്നെ! കാടുകളും തോടുകളും പാടങ്ങളും ചതുപ്പുകളും പോലുള്ള മഴവെള്ളസംഭരണികള്‍ മുഴുവന്‍ നശിപ്പിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ തീര്‍ത്തതും ബാക്കിയുള്ളവ മാലിന്യങ്ങള്‍ നിറച്ചതുമാണ് കുടിവെള്ളം മുട്ടിച്ചത്.
വീട്ടുമുറ്റത്ത്
ഓരോ വീടിന്റെയും മുറ്റത്തു വീഴുന്ന മഴവെള്ളം എത്രയും പെട്ടെന്ന് വാര്‍ന്നുപോകാനാണ് എല്ലാവര്ക്കും ആഗ്രഹം. വീടിന്റെ മുറ്റം കോണ്‍ക്രീറ്റ് ചെയ്ത് സൂക്ഷിക്കാന്‍ തുടങ്ങിയതാണ് കിണര്‍ വെള്ളം വറ്റാന്‍ ഒരു പ്രധാനകാരണം. ഓരോ പുരയിടത്തിലും ലഭിക്കുന്ന മഴവെള്ളം കുറച്ചുനേരം തടഞ്ഞുനിര്‍ത്തി ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ അനുവദിച്ചാല്‍ അടുത്തുള്ള കിണറുകളില്‍പോലും അത് സംഭരിക്കപ്പെടുന്നു.
മണ്വരമ്പും ജൈവവേലിയും
ഇന്നത്തെവീടുകളുടെ പടികള്‍ക്കു സമീപത്തുകൂടി മഴക്കാലത്ത് ധാരാളം വെള്ളം പുരയിടങ്ങളില്‍നിന്ന് ഒഴുകിപ്പോകുന്നതു കാണാം. അവിടങ്ങളില്‍ മണ്വരമ്പുണ്ടാക്കി മഴവെള്ള ശോഷണത്തെ തടയാവുന്നതാണ്.ബാക്കി പുരയിടത്തിനു ചുറ്റുമുള്ള മതിലില്ലാത്ത അതിര്‍ത്തിഭാഗത്തും മണ്വരമ്പുണ്ടാക്കി അത് ബലപ്പെടുത്താന്‍ വേരുപടര്പ്പുള്ള കുറ്റിച്ചെടികള്‍ (ചെമ്പരത്തി, ആടലോടകം, രാമച്ചം, കൈത, പൂവള്ളി തുടങ്ങിയവ) വച്ചുപിടിപ്പിക്കാം. മഴവെള്ളവും മേല്‍മണ്ണും പറമ്പില്‍നിന്നും ഒഴുകിപ്പോകാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണിത്.
പ്രകൃതിയെ നിരീക്ഷിച്ച് മഴ പ്രവചിക്കുന്നവര്‍
പണ്ടത്തെ ആളുകള്‍ പ്രകൃതിയിലെ മാറ്റങ്ങള്‍ നോക്കി മഴ പ്രവചിക്കുമായിരുന്നു.
മണ്ണില്‍ നിന്ന് കറുത്ത ഈയ്യാംമ്പാറ്റകള് കൂട്ടത്തോടെ പറന്നുപൊങ്ങിയാല്‍ മഴപെയ്യും.
വെളുത്ത ഈയ്യാംമ്പാറ്റകളാണ് പറന്നുയരുന്നതെങ്കില് മഴ പോവുകയും ചെയ്യും.
തുമ്പികള്‍ കൂട്ടമായി ഭൂമിയില്‍ നിന്നും ഒരു നിശ്ചിത ഉയരത്തില്‍ പറന്നു നടക്കുന്നതു കണ്ടാല്‍ മഴപെയ്യും.
ഉറുമ്പുകള്‍ മുട്ടകളുമായി തിരക്കിട്ടോടുന്നുണ്ടെങ്കില് മഴപെയ്യും.
കുളക്കോഴികള്‍ കൂട്ടമായി കരയുകയാണെങ്കില്‍ മഴപെയ്യും.
ആലിന്റെ താങ്ങുവേരുകള്‍ മുറിച്ചു നോക്കുമ്പോള്‍ വെള്ളം കാണുകയാണെങ്കില്‍ മഴ ഉടന്‍ വരും.
കള്ളിച്ചെടികള്‍ പൂക്കുന്നതു കണ്ടാല്‍ മഴ വരാറായി എന്നൂഹിക്കാം.
വിത്ത് മഴ പറയും
വയനാട്ടിലെ ആദിവാസികള്‍ മഴ വരുമോ എന്ന് പ്രവചിക്കുന്നത് പുലച്ചി മരത്തിന്റെ കായ് പൊളിച്ചു നോക്കിയാണ്. പുലച്ചി കായ്ക്കകത്ത് ഒരു വിത്താണുള്ളതെങ്കില് ഒരു പറ മഴ കിട്ടും. രണ്ടു വിത്തുകളുണ്ടെങ്കില്‍ രണ്ടുപറ മഴയും.
മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി പാടിയപ്പോള്‍
കര്‍ണാടക സംഗീതത്തിലെ ആചാര്യന്മാരില് ഒരാളായ മുത്തുസ്വാമി ദീക്ഷിതര്‍ പാട്ടുപാടി മഴപെയ്യിച്ചതായി ഒരു ചരിത്ര കഥയുണ്ട്. മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു അദ്ദേഹം. നടന്നു തളര്‍ന്ന അദ്ദേഹം ഒരു മരച്ചുവടുകണ്ട് അവിടെ അല്പം വിശ്രമിച്ചു. ആ മരം മാത്രമല്ല ആ പ്രദേശമാകെ കരിഞ്ഞുണങ്ങിക്കിടക്കുകയായിരുന്നു.
ദീക്ഷിതരെക്കണ്ട് അവിടുത്തുകാര്‍ അടുത്തു കൂടി. നാട് വരണ്ടുണങ്ങിയ കഥ ദീക്ഷിതരെ പറഞ്ഞു കേള്‍പ്പിച്ചു. അദ്ദേഹത്തിന്റെ മനമലിഞ്ഞു. ആ അലിവില്‍ അദ്ദേഹം ഒരു കീര്‍ത്തനം പാടി.അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ അമൃത വര്‍ഷിണി രാഗത്തിലുള്ളതായിരുന്നു ഗാനം. ആ പ്രദേശമാകെ അല്പസമയത്തിനുള്ളില് രാത്രി പോലെയായി. മഴമേഘമുരുണ്ടുകൂടി. കീര്‍ത്തനം പാടിക്കഴിഞ്ഞതും അവിടെ തുള്ളിക്കൊരുകുടം കണക്കെ മഴപെയ്തു.
മേഘമല്‍ഹാര്‍
മഴപെയ്യിക്കുന്ന മറ്റൊരു രാഗമാണ് മേഘമല്‍ഹാര്‍. അക്ബറിന്റെ സദസ്യനായിരുന്ന താന്സന് മേഘമല്‍ഹാര്‍ പാടി മഴപെയ്യിച്ച കഥ പ്രസിദ്ധമാണ്.