Santhi devi re birth story
'പൂർവ ജന്മ ഓർമകളുള്ള പെൺകുട്ടി'; ശാന്തി ദേവിയുടെ അവിശ്വസനീയമായ കഥ

'പൂർവ ജന്മ ഓർമകളുള്ള പെൺകുട്ടി'; ശാന്തി ദേവിയുടെ അവിശ്വസനീയമായ കഥ

ഏറ്റവും വിശ്വസനീയമായ പുനർജന്മ കഥയെന്നാണ് ഗവേഷകർ ശാന്തിദേവിയുടെ ഓർമകളെ വിശേഷിപ്പിക്കുന്നത്.

പുനർജന്മം എന്നത് സത്യമോ വെറും സങ്കൽപമോ എന്ന വിഷയത്തിൽ ഇപ്പോഴും തർക്കമവസാനിച്ചിട്ടില്ല. ശാസ്ത്രീയമായ തെളിവുകൾ വേണ്ടത്ര ഇല്ലെങ്കിൽ പോലും വരും ജന്മമെന്ന അതി മനോഹരമായ സങ്കൽപ്പത്തെ ഒപ്പം ചേർക്കാത്തവർ കുറവായിരിക്കും. പുനർജന്മത്തിന്‍റെ കഥകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അതിലേറ്റവും ദുരൂഹമായൊരു കഥയാണ് ഡൽഹിയിലെ ശാന്തി ദേവിയുടേത്. ഏറ്റവും വിശ്വസനീയമായ പുനർജന്മ കഥയെന്നാണ് ഗവേഷകർ ശാന്തിദേവിയുടെ ഓർമകളെ വിശേഷിപ്പിക്കുന്നത്.

മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരം രൂപീകരിച്ച പതിനഞ്ചംഗ കമ്മിറ്റിയാണ് ശാന്തിദേവി പഴയ ജന്മത്തെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. ഹൈന്ദവ , ബുദ്ധ വിശ്വാസങ്ങൾ പ്രകാരം മോക്ഷം കിട്ടാത്ത ആത്മാക്കളാണ് പുനർജനിക്കുക എന്നാണ് വിശ്വാസം. പഴയ ജന്മത്തേക്കുറിച്ചുള്ള ഓർമകളെല്ലാം മറന്നായിരിക്കും പുനർജനിക്കുക. പക്ഷേ ശാന്തിദേവിയുടെ കഥ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.

1. നാലു വയസ്സു മുതൽ പൂർവജന്മ സ്മൃതികൾ

Santhi devi re birth story
ശാന്തി ദേവി

ഡൽഹിയിലെ ഒരു ചെറു പട്ടണത്തിൽ 1926 ഡിസംബറിലാണ് ശാന്തി ദേവി ജനിച്ചത്. പിറന്ന് നാലു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ശാന്തി ദേവിയുടെയും മാതാപിതാക്കളുടെയും ജീവിതം ഗതിമാറാൻ തുടങ്ങിയത്. തന്‍റെ വീട് ഉത്തർപ്രദേശിലെ മഥുരയിലാണെന്ന് മാതാപിതാക്കളോട് നിരന്തരം കുഞ്ഞു ശാന്തി ദേവി പറയുമായിരുന്നു. ആദ്യമെല്ലാം അതു വെറും കുട്ടിക്കളിയായി എടുത്തുവെങ്കിലും പ്രായം കൂടും തോറും ശാന്തിദേവി അക്കാര്യം ഉറപ്പിച്ചു പറഞ്ഞു തുടങ്ങി. സ്കൂളിലെത്തുമ്പോൾ തന്‍റെ ഭർത്താവിനെയും കുട്ടിയെയും കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അധ്യാപകരും കണ്ടെത്തി. മാത്രമല്ല സ്വന്തം മാതാപിതാക്കളെ അംഗീകരിക്കാനുള്ള മടി അടിക്കടി കൂടി വന്നു. തനിക്ക് കഴിഞ്ഞ ജന്മത്തിലെ സകല കാര്യങ്ങളും ഓർമയുണ്ടെന്നായിരുന്നു ശാന്തി ദേവിയുടെ അവകാശ വാദം. ലുഗ്ഡി ഭായിയെന്നായിരുന്നു പേരെന്നും കേദാർ നാഥ് ചൗബേ എന്നാണ് തന്‍റെ ഭർത്താവിന്‍റെ പേരെന്നും പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് പത്തു ദിവസങ്ങൾക്കുള്ളിലാണ് താൻ മരണപ്പെട്ടതെന്നും അവൾ പറഞ്ഞു. കുട്ടി നുണ പറയുന്നതാണെന്നാണ് ആദ്യമെല്ലാം സകലരും വിശ്വസിച്ചിരുന്നത്. ഭക്ഷണം കഴിക്കുമ്പോൾ താൻ മഥുരയിൽ കഴിച്ചിരുന്ന ഭക്ഷണത്തെക്കുറിച്ചും വസ്ത്രം ധരിക്കുമ്പോൾ താൻ മഥുരയിൽ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ശാന്തീ ദേവി വാചാലയായി. പതിയെ പതിയെ മാതാപിതാക്കൾക്ക് ഭയമേറി. അവർ അവളെയൊരു ഡോക്റ്റർക്കു മുന്നിൽ എത്തിച്ചു. താൻ മരിക്കുന്നതിനു മുൻപ് അനുഭവിച്ച പ്രസവ ശസ്ത്രക്രിയയുടെ വേദനകളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും പെൺകുട്ടി വ്യക്തമായി പറഞ്ഞതോടെ ഡോക്റ്റർ അങ്കലാപ്പിലായി. മഥുരയിലേക്ക് പോകണമെന്നായിരുന്നു അക്കാലത്ത് ശാന്തിദേവിയുടെ വലിയ ആഗ്രഹം. മാതാപിതാക്കൾ ഒരു നിലയ്ക്കും സമ്മതിക്കില്ലെന്നായതോടെ ആറാം വയസ്സിൽ അവൾ നാടു വിട്ടു പോകാൻ ഒരു ശ്രമവും നടത്തി.

2. ഗാന്ധിജിയുടെ ശ്രദ്ധയിലേക്ക് ‌

Santhi devi re birth story
Santhi devi re birth story

അധികം വൈകാതെ പഴയ ജന്മം ഓർമിക്കുന്ന പെൺകുട്ടി നാട്ടുകാർക്കിടയിലും മാധ്യമങ്ങളിലും ശ്രദ്ധ നേടി. വാർത്ത പതിയെ മഹാത്മാ ഗാന്ധിയുടെ ചെവിയിലുമെത്തി. അങ്ങനെ ചരിത്രത്തിലാദ്യമായി പുനർജന്മത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു 15 അംഗ സംഘത്തെ രൂപീകരിച്ചു. മാധ്യമപ്രവർത്തകരും മതവിശ്വാസികളും, ഗവേഷകരും അടക്കമുള്ളവർ സംഘത്തിന്‍റെ ഭാഗമായിരുന്നു. കുട്ടി പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് കണ്ടെത്തുക എന്നതായിരുന്നു സംഘത്തിന്‍റെ ദൗത്യം. ഡൽഹിയിൽ നിന്ന് 145 കിലോമീറ്റർ അകലെയാണ് മഥുര. ശാന്തി ദേവിയോ മാതാപിതാക്കളോ ഒരിക്കൽ പോലും ആ സ്ഥലം സന്ദർശിച്ചിട്ടില്ല. പുനർജന്മത്തെക്കുറിച്ചുള്ള കേട്ടു കേൾവികളെല്ലാം പൊള്ളയാണെന്ന് തെളിയിക്കാനുള്ള മാർഗമായും പലരും ശാന്തിദേവിയെ കണ്ടു. സ്വീഡനിൽ നിന്നെത്തിയ സ്റ്റൂർ ലോണർസ്ട്രാൻഡ് അത്തരത്തിലൊരുവൻ ആയിരുന്നു. പക്ഷേ പഠനങ്ങൾക്കൊടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു അയാൾ. അക്കാലത്തൊന്നും ശാന്തിദേവി ഭർത്താവിന്‍റെ പേര് ഉറക്കെ പറയാറില്ലായിരുന്നു. മഥുരയിലെ ആചാരം പ്രകാരം ഭർത്താവിന്‍റെ പേര് ഭാര്യ ഉറക്കെ ഉച്ചരിക്കാൻ പാടില്ലെന്ന് അവൾ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. അയാളെ കുറിച്ച് പറയുമ്പോഴെല്ലാം അവളുടെ മുഖത്ത് രക്തപ്രസാദം വന്നിരുന്നു.. അതു മാത്രമല്ല ഭർത്താവിന്‍റെ ശരീരപ്രകൃതിയെക്കുറിച്ച് അമ്മയോട് വർണിക്കാറുമുണ്ട്. ഭർത്താവിന്‍റെ പേര് പറയാതെ എങ്ങനെ അയാളെ കണ്ടെത്തുമെന്ന് ബന്ധുക്കൾ ചോദിച്ചതോടെയാണ് അടുത്തൊരു ബന്ധുവിന്‍റെ ചെവിയിൽ അതി രഹസ്യമായി അവൾ ഭർത്താവിന്‍റെ പേര് പറഞ്ഞത്. ശാന്തി ദേവി നൽകിയ വിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു അവരുടെ ബന്ധുക്കൾക്ക് ലഭിച്ചത്.

3. ആരാണ് ലുഗ്ഡി‍?

Santhi devi re birth story
ലുഗ്ഡി

മഥുരയിലെ ചതുർഭുജിന്‍റെ മകളായി 1902 ജനുവരി 18നാണ് ലുഗ്ഡി ജനിച്ചത്. പത്താം വയസ്സിൽ പ്രദേശത്തു തന്നെയുള്ള തുണിക്കച്ചവടം നടത്തുന്ന കേദാർനാഥുമായി ലുഗ്ഡിയുടെ വിവാഹം നടന്നത്. കേദാർനാഥിന്‍റെ രണ്ടാം വിവാഹമായിരുന്നു അത്. വലിയ ഭക്തയായിരുന്ന ലുഗ്ഡി. അടുത്ത പ്രദേശങ്ങളിലുള്ള തീർഥാടനകേന്ദ്രങ്ങളിലെല്ലാം ലുഗ്ഡി സന്ദർശനം നടത്തിയിരുന്നു. ലുഗ്ഡിയുടെ ആദ്യപ്രസവത്തിലെ കുഞ്ഞ് മരിച്ചു പോയിരുന്നു. രണ്ടാമതും ഗർഭിണിയായപ്പോൾ കേദാർനാഥ് അവളെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെയാണ് അവൾ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പത്തു ദിവസത്തിനുള്ളിൽ 1925 ഒക്റ്റോബർ 4ന് മരണപ്പെടുകയുംചെയ്തു. ലുഗ്ഡി മരിച്ച് കൃത്യം ഒരു വർഷവും പത്തു മാസവും ഏഴു ദിവസവും കഴിഞ്ഞാണ് ശാന്തിദേവി പിറക്കുന്നത്.

4. ലുഗ്ഡിയുടെ ബന്ധുക്കൾ എത്തുന്നു

Santhi devi re birth story
Santhi devi re birth story

കാര്യങ്ങൾ അറിഞ്ഞതോടെ മുൻജന്മത്തിലെ ഭർത്താവിന്‍റെ ബന്ധു കുട്ടിയെ നേരിട്ട് കണ്ട് സംസാരിക്കാനായെത്തി. ഒറ്റ നോട്ടത്തിൽ തന്നെ ബന്ധുവിനെ കുട്ടി തിരിച്ചറിഞ്ഞു. അൽപ സമയം സംസാരിച്ചപ്പോൾ തന്നെ അവൾ തന്‍റെ ബന്ധുവിന്‍റെ പുനർജന്മമാണെന്ന് അയാളും തറപ്പിച്ചു പറഞ്ഞു. തിരിച്ചു പോയ അയാൾ ലുഗ്ഡിയുടെ ഭർത്താവ് കേദാർനാഥുമായി തിരിച്ചെത്തി. അപ്പോഴേക്കും കേദാർനാഥ് മൂന്നാമതും വിവാഹിതനായിരുന്നു. ശാന്തിദേവിയുടെ വീട്ടിലെത്തിയ ബന്ധുക്കൾ ലുഗ്ഡിയുടെ ഭർത്താവിന്‍റെ ജ്യേഷ്ഠൻ എന്നാണ് കേദാർനാഥിനെ പരിചയപ്പെടുത്തിയത്. എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ അതു തന്‍റെ ഭർത്താവാണെന്ന് ശാന്തിദേവി തിരിച്ചറിഞ്ഞു. തന്‍റെ മകനെയും തിരിച്ചറിഞ്ഞു. ജനിച്ച് പത്തു ദിനം മാത്രമുള്ളപ്പോൾ കണ്ട കുഞ്ഞിനെ എങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞുവെന്ന ചോദ്യം ഉയർന്നപ്പോൾ തന്‍റെ മകൻ തന്‍റെ ആത്മാവിന്‍റെ ഭാഗം തന്നെയാണെന്നായിരുന്നു ശാന്തിദേവിയുടെ മറുപടി. അതു മാത്രമല്ല മരണക്കിടയിൽ തനിക്കു നൽകിയ വാക്കു ലംഘിച്ച് കേദാർനാഥ് വീണ്ടും വിവാഹിതനായതിനെയും ശാന്തി ദേവി ചോദ്യം ചെയ്തു. അവർ മടങ്ങിപ്പോയതിനു ശേഷം പതിനഞ്ചംഗ സംഘം ശാന്തിദേവിക്കൊപ്പം മഥുരയിലെത്തി. മഥുരയിൽ മാത്രം പരിചയമുള്ള വാക്കുകളും വിഭവങ്ങളും അവൾ പറയുന്നത് അദ്ഭുതത്തോടെയാണ് സംഘം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേദാർനാഥിനൊപ്പം പോകണമെന്ന് ശാന്തിദേവി വാശി പിടിച്ചെങ്കിലും വീട്ടുകാർ അതിനു തയാറായിരുന്നില്ല. അവിവാഹിതയായി തുടർന്ന ശാന്തിദേവി 1987 ഡിസംബറിൽ അന്തരിച്ചു.

Trending

No stories found.

Latest News

No stories found.