കേരളവും ലോകമെമ്പാടുമുള്ള മലയാളികളും വളരെ സന്തോഷപൂർവം ഓണാഘോഷ തിരക്കിലാണ്. "കള്ളവുമില്ല ചതിവുമില്ല-എള്ളോളമില്ല പൊളിവചനം" എന്ന് അഭിമാനത്തോടെ മലയാളികൾ ഓർക്കുന്ന മഹാബലിയുടെ ഭരണകാലത്തിലേക്കാണ് നമ്മുടെ മനസ് പായുന്നത്.
എന്നാൽ കേരളത്തിന്റെ സ്ഥിതി അത്ര അഭിമാനകരമല്ല. കള്ളവും ചതിവും തട്ടിപ്പുമാണ് എല്ലായിടത്തും നാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. മഹാബലിയുടെ കാലത്ത് എല്ലാവർക്കും തുല്യ അവകാശങ്ങളുണ്ടായിരുന്നു. ഇന്ന് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആരോപണ വിധേയരാണ്. അതിൽ മുഖ്യമന്ത്രിയുടെ മകൾ, മുൻമുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്നു.
സഹകരണ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ അതിപ്രസരം മൂലം കളങ്കപ്പെട്ടിരിക്കുന്നു. സത്യസന്ധനെന്നു വിശ്വസിച്ചിരുന്ന മുൻമന്ത്രിയും ഇപ്പോഴത്തെ ഒരു ജനപ്രതിനിധിയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് ജനങ്ങളെ ഞെട്ടിക്കുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്തും തകർച്ചയുടെ ശബ്ദമാണ് കേൾക്കുന്നത്. വൈസ് ചാൻസലർമാരുടെ നിയമനത്തിലും പാഠപുസ്തകങ്ങൾ സെലക്റ്റ് ചെയ്യുന്ന കാര്യത്തിലും രാഷ്ട്രീയവത്കരണം നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളിലേക്കും, അന്യരാജ്യങ്ങളിലേക്കും പുതുതലമുറ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. കേരളത്തിലെ എൻജിനീയറിങ് കോളെജുകൾ, പോളിടെക്നിക്കുകൾ, ആർട്സ് കോളെജുകൾ എന്നിവിടങ്ങളെല്ലാം വിദ്യാർഥികളില്ലാതെ വലിയ പ്രതിസന്ധിയിലായിരിക്കുന്നു.
വിദേശങ്ങളിൽ പോയി പഠിക്കുന്നതിനായി അംഗീകാരമില്ലാത്ത ഏജൻസികളെ വിശ്വസിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ പണയപ്പെടുത്തി ധാരാളം യുവതി യുവാക്കൾ ചതിക്കുഴിയിൽ വീഴുന്നു. അത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത, വിദ്യാർത്ഥികളുടെ അവിടെയുള്ള ജീവിതം എന്നിവ അറിയാനുള്ള സംവിധാനം നമ്മുടെ നാട്ടിൽ ഇല്ല. ഇത്തരം വിദ്യാർഥികളുടെ അവസ്ഥകളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള മൂപ്പിളമ തർക്കം തീരുന്നതേയില്ല. കേരളത്തിലെ മന്ത്രിമാർക്ക് വിദേശങ്ങളിൽ പോകാൻ പലപ്പോഴും കേന്ദ്രം അനുവാദം കൊടുക്കുന്നില്ല. "ഫെഡറൽ സിസ്റ്റത്തിൽ" അധിഷ്ഠിതമായ ഭരണ രീതിയാണ് നമ്മുടേത് എന്ന കാര്യം കേന്ദ്രസർക്കാരും വിസ്മരിക്കുന്നു.
കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ യൂണിയനുകളുടെ അമിത ഇടപെടൽ മൂലം തകർച്ചയുടെ വക്കിലാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ഭരണരീതികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറല്ല. ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിച്ച് ഇലക്ട്രിസിറ്റി ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താമെന്നും അതിന് കേന്ദ്രസഹായം ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടും വിവിധ ട്രെയ്ഡ് യൂണിയനുകളുടെ ഇടപെടൽ മൂലം ഇലക്ട്രിസിറ്റി ബോർഡ് ക്ഷയിച്ചുക്കൊണ്ടിരിക്കുന്നു. കെഎസ്ആർടിസി ആർക്കും രക്ഷപ്പെടുത്താൻ കഴിയാത്ത വിധം ഗർത്തത്തിലാണ്. പുതിയ വ്യവസായ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും പരസ്യങ്ങളും പ്രചാരണങ്ങളും ഇറക്കുമ്പോൾ നോക്കുകൂലി, ഇറക്കുകൂലി, ചുമട്ടുകൂലി തുടങ്ങിയ മറ്റൊരിടത്തും കേൾക്കാത്ത ആവശ്യങ്ങൾ കേരളത്തിലെ തൊഴിൽ മേഖലയിലെ അസ്വസ്ഥത കൂട്ടുന്നു.
അമിത രാഷ്ട്രീയവത്കരണം മൂലം ടൂറിസം രംഗത്തും വ്യവസായ രംഗത്തും മറ്റ് സംസ്ഥാനങ്ങളോടൊപ്പം മുന്നിലെത്താൻ നമുക്ക് കഴിയുന്നില്ല. അതിവേഗ റെയ്ൽവേ, ദേശീയപാത വീതിക്കൂട്ടൽ, തുടങ്ങി സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഭരണ- പ്രതിപക്ഷം കൈകോർക്കേണ്ടതിനു പകരം പരസ്പരം ചെളി വാരിയെറിയുന്നു.
ഭരണരംഗം തികച്ചും അനാഥമാണ്. പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുന്നു, മാലിന്യനിർമർജന രംഗത്ത് ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് മാലിന്യങ്ങളുടെ നാടായി മാറിയിരിക്കുന്നു.
ഇതോടൊപ്പം, അതിഥി തൊഴിലാളികൾ കേരളത്തിന് തലവേദനയായി മാറുന്നു. അവരില്ലാതെ കേരളത്തിൽ ഒന്നും നടക്കില്ല എന്ന സ്ഥിതിവിശേഷമായി. തെങ്ങുകയറാനും ചീനവല വലിക്കാനും റോഡ് പണിയാനും ചായകൂട്ടാനും വീട്ടു പണിക്കും ഒക്കെ അവർ വേണം. അതേ സന്ദർഭത്തിൽ അതിലും താഴെയുള്ള ജോലികൾ ചെയ്യാൻ മലയാളികൾ ലക്ഷങ്ങൾ ചെലവഴിച്ച് വിദേശത്തേക്ക് പോകുന്നു.
മാധ്യമങ്ങൾ ഒരിക്കൽ ജനങ്ങളുടെ കണ്ണും കാതുമായിരുന്നു. ഇന്ന് ആ രംഗം ഡിജിറ്റൽ മീഡിയ കൈയടക്കിയിരിക്കുന്നു. കീശനിറയ്ക്കാൻ അവർ കഥകൾ മെനയുന്നു. സത്യമേത്, അസത്യമേത് എന്നറിയാതെ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു.
ഇന്ന് നീതിന്യായ വ്യവസ്ഥകൾ സാധാരണക്കാർക്ക് അന്യമായിരിക്കുന്നു. കോടതിയുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. വ്യവഹാരങ്ങളിൽ ഏർപ്പെടാൻ പൊതുസമൂഹം മടിക്കുന്നു. അന്ധയായി നിലനിൽക്കുന്ന നീതി ദേവതയിലേക്ക് നീതിക്കുവേണ്ടി ഉറ്റുനോക്കുകയാണ് സാധാരണ ജനം. കറുത്ത തുണികൊണ്ടു കണ്ണു മൂടി കെട്ടിയ നീതിദേവതയ്ക്ക് ഇപ്പോൾ കണ്ണുണ്ടോ എന്ന ഭയപ്പാടിലാണ് ജനങ്ങൾ. ഈ ഓണക്കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ചും മലയാളികൾ ചർച്ച ചെയ്യണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.