#ഇ.ആർ. വാരിയർ
ചരിത്രം പിറന്നു, നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റു. അമിത് ഷായും രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും അടക്കം സീനിയർ മന്ത്രിമാരെ നിലനിർത്തിയും പുതുമുഖങ്ങളെ ചേർത്തും മുന്നണി- പ്രാദേശിക താത്പര്യങ്ങൾ പരിഗണിച്ചുമാണു മന്ത്രിസഭാ രൂപവത്കരണം. ജവഹർ ലാൽ നെഹ്റുവിനു ശേഷം ഇതാദ്യമായാണ് തുടർച്ചയായി രണ്ടു ടേമും തികച്ചു ഭരിച്ച ഒരു പ്രധാനമന്ത്രി മൂന്നാം തവണയും അധികാരമേൽക്കുന്നത്. കഴിഞ്ഞ പത്തുവർഷക്കാലവും കണ്ട സ്ഥിരതയുള്ള ഭരണം തുടരാൻ മോദിക്കു കഴിയുമോ എന്നതാണു വരും നാളുകളിൽ രാജ്യം ഉറ്റുനോക്കുക. "മോദി ബ്രാൻഡ്' എവിടെ വരെയെന്നത് ഇന്ത്യൻ രാഷ്ട്രീയം വീക്ഷിക്കുന്നവരെല്ലാം ശ്രദ്ധിക്കുന്നു.
മോദിയുടെ ഇതുവരെയുള്ള രാഷ്ട്രീയ ഗ്രാഫ് അതു നിരീക്ഷിക്കുന്ന മുഴുവൻ ആളുകളെയും അത്ഭുതപ്പെടുത്തുന്നതാണ്. 1984നു ശേഷം ആദ്യമായി ഒരു കക്ഷിക്ക് പാർലമെന്‍റിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിക്കൊടുക്കുന്നതു മോദിയാണ്. അതും 84ൽ രണ്ടു സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക്. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ പശ്ചാത്തലത്തിൽ 1984ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്കു രാജ്യം നൽകിയത് 400ൽ ഏറെ സീറ്റുകളായിരുന്നു. ആന്ധ്രയിൽ നിന്ന് 30 സീറ്റ് നേടിയ എന്‍.ടി. രാമറാവുവിന്‍റെ തെലുങ്കുദേശമായിരുന്നു അന്നത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്നു പറഞ്ഞാൽ പ്രതിപക്ഷം എത്ര ദയനീയാവസ്ഥയിലായി എന്നു വ്യക്തമാവും.
എന്നാൽ, 1989ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ സർക്കാരിനു ജനങ്ങൾ ഭൂരിപക്ഷം നൽകിയില്ല. 197 സീറ്റോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബിജെപിയുടെയും ഇടതുപക്ഷത്തിന്‍റെയും പുറത്തുനിന്നുള്ള പിന്തുണയോടെ ജനതാദൾ നേതാവ് വി.പി. സിങ് ദേശീയ മുന്നണിയുടെ സർക്കാരുണ്ടാക്കി. ആ സർക്കാർ ഒരു വർഷത്തോളമേ നിലനിന്നുള്ളൂ. പകരമെത്തിയ ചന്ദ്രശേഖർ സർക്കാരിനും അൽപ്പായുസായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ട 1991ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ നരസിംഹ റാവു പ്രധാനമന്ത്രിയായി. ബിജെപി ഏറ്റവും വലിയ കക്ഷിയായ 1996ൽ ആദ്യം വാജ്പേയിയുടെ 16 ദിവസത്തെ സർക്കാർ. പിന്നെ ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്‍റെയും ഹ്രസ്വകാല സർക്കാരുകൾ. പിന്നീട് വാജ്പേയിയും മൻമോഹൻ സിങ്ങും ഭരിച്ചത് മുന്നണികളുടെ ഭൂരിപക്ഷത്തിലാണ്.
2014ലെ തെരഞ്ഞെടുപ്പിനു മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ മുന്നണി ഭരണത്തിനപ്പുറം ഒറ്റയ്ക്കൊരു ഭൂരിപക്ഷം ബിജെപി പോലും പ്രതീക്ഷിച്ചു കാണില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കു കോൺഗ്രസിനെ തള്ളിയിട്ടാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് രാജ്യം ഭരിക്കാനെത്തിയത്. 31 ശതമാനം വോട്ടു കൊണ്ട് ബിജെപിക്ക് 282 സീറ്റ് നേടാൻ കഴിയുംവിധം വിഭജിക്കപ്പെട്ടിരുന്നു രാജ്യത്തെ രാഷ്ട്രീയം എന്നതും യാഥാർഥ്യം. പ്രധാനമന്ത്രിക്കസേരയിൽ മോദിയും പാർട്ടി അധ്യക്ഷസ്ഥാനത്ത് അമിത് ഷായും ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ചപ്പോൾ രണ്ടാം ടേമിൽ നില മെച്ചപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞു. രാജ്യത്തുടനീളം പാർട്ടിയുടെ വേരുകൾ വ്യാപിപ്പിച്ച അമിത് ഷാ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം ഉറപ്പിക്കാനും തന്ത്രങ്ങൾ ആവിഷ്കരിച്ചു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി വളർന്ന ബിജെപിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായി മോദിയും അമിത് ഷായും മാറുകയായിരുന്നു. നോട്ട് നിരോധനം, ജൻ ധൻ യോജന, സ്വച്ഛ് ഭാരത്, ആയുഷ്മാൻ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ജിഎസ്ടി തുടങ്ങി ഒന്നാം മോദി സർക്കാർ തുടക്കം കുറിച്ച ശ്രദ്ധേയമായ പദ്ധതികളും നടപടികളും പലതാണ്.
2019ൽ തകർപ്പൻ വിജയത്തിലേക്കു പാർട്ടിയെ നയിച്ചത് സർക്കാരിൽ മോദിയും പാർട്ടിയിൽ അമിത് ഷായും കാണിച്ച നേതൃശേഷിയാണ്. ആ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു നേടിയത് 303 സീറ്റ്. 37 ശതമാനത്തിലേറെ വോട്ടും പാർട്ടിയുടേതായി. തുടർച്ചയായി രണ്ടാം തവണയും കോൺഗ്രസിന്‍റെ വോട്ട് വിഹിതം 20 ശതമാനത്തിൽ താഴെ മാത്രം. രാജ്യത്ത് പാർട്ടിയുടെ സ്വാധീനം ഉറച്ചു കഴിഞ്ഞുവെന്ന് ബോധ്യമായ ശേഷമാണ് മോദിയുടെ രണ്ടാം സർക്കാരിൽ അമിത് ഷാ ആഭ്യന്തര മന്ത്രിയാവുന്നത്. ജമ്മു കശ്മീരിനു പ്രത്യേക അധികാരങ്ങൾ നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയത് അടക്കം മോദിയുടെ രണ്ടാം സർക്കാരിന്‍റെ ധീരമായ പല തീരുമാനങ്ങളിലും ആഭ്യന്തര മന്ത്രിയുടെ ദൃഢനിശ്ചയം രാജ്യം കണ്ടു. അപ്പോഴും സർക്കാരിന്‍റെ അവസാന വാക്ക് മോദിയുടേതു തന്നെ.
മൂന്നാം തവണയും മോദി അധികാരത്തിലെത്തുമെന്നതിൽ ബിജെപിക്ക് ഒരിക്കൽപ്പോലും സംശയമുണ്ടായിരുന്നില്ല. ജനങ്ങൾക്കു താൻ നൽകുന്ന ഗ്യാരന്‍റിയിൽ മോദിയും ഉറച്ച വിശ്വാസം പുലർത്തിയിരുന്നു. പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നത് യാഥാർഥ്യമായി നിൽക്കുമ്പോഴും എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള കരുത്ത് ജനങ്ങൾ നൽകിയിട്ടുണ്ട്. മോദിക്കും അമിത് ഷായ്ക്കും ഈ ഭൂരിപക്ഷം നിലനിർത്തിക്കൊണ്ടുപോകാനുള്ള സ്ട്രാറ്റജികളും നല്ലപോലെ അറിയാം.
2001 ഒക്റ്റോബറിലാണ് മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. 2014ൽ പ്രധാനമന്ത്രിയാവുന്നതു വരെ ആ കസേര ഭദ്രമായി സൂക്ഷിച്ചു അദ്ദേഹം. ഗുജറാത്ത് മോഡൽ വികസനമാണ് ദേശീയ തലത്തിൽ അദ്ദേഹം ആദ്യം വോട്ടാക്കി മാറ്റിയതും. ഗുജറാത്ത് സംസ്ഥാനത്ത് ബിജെപിക്ക് ശക്തരായ എതിരാളികളില്ലാത്ത അവസ്ഥ സൃഷ്ടിക്കാൻ മോദിയുടെ നേതൃത്വത്തിനു കഴിഞ്ഞു. ഗുജറാത്തിലായാലും പിന്നീട് കേന്ദ്രത്തിലായാലും സ്ഥിരതയുള്ള സർക്കാർ എന്നതു മോദിയുടെ പ്രത്യേകതയായി. ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സർക്കാർ എന്നതും മോദിയുടെ ക്രെഡിറ്റിൽ ചേർക്കപ്പെട്ടു. ലോകത്തിനു മുന്നിൽ രാജ്യത്തിന്‍റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മോദി നേടിയ വിജയവും അദ്ദേഹത്തിന്‍റെ ആരാധകർ എടുത്തുകാണിക്കുന്നു.
140 കോടി ജനങ്ങളുള്ള രാജ്യത്ത് കൊവിഡ് പടർന്നു പിടിച്ചാൽ എന്താവും അവസ്ഥയെന്ന് ലോകം വലിയ ആശങ്കയോടെ ഉറ്റുനോക്കിയിരുന്നതാണ്. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കളുടെ ലഭ്യതയിൽ പോലും പ്രതിസന്ധി മുന്നിൽ കണ്ടവരുണ്ട്. എന്നാൽ, നൂറ്റാണ്ടിലെ മഹാമാരിയെ മോദി സർക്കാർ നേരിട്ട രീതി കരുത്തുറ്റ ഭരണാധികാരിയെ ലോകത്തിനു കാണിച്ചുകൊടുത്തു. "സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ് ', "ആത്മനിർഭർ ഭാരത് ', "ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' തുടങ്ങിയ അദ്ദേഹത്തിന്‍റെ മുദ്രാവാക്യങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചവയാണ്. അതിൽ ഏറ്റവും അവസാനത്തേതാണ് മോദിയുടെ ഗ്യാരന്‍റി.
രാജ്യ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള തന്‍റെ മൂന്നാം സർക്കാരിനെ ഈ ഗ്യാരന്‍റികൾ മുന്നിൽ വച്ച് മോദി എങ്ങനെ നയിക്കുന്നു എന്നതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ രണ്ടു തവണത്തെക്കാൾ ശക്തമായ പ്രതിപക്ഷം അവസരത്തിനു കാതോർക്കുന്നത് മോദിയെയും അമിത് ഷായെയും കൂടുതൽ ജാഗ്രതയുള്ളവരാക്കുമെന്നു കരുതണം.