രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണു തെലങ്കാന. ആന്ധപ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിക്കുന്നത് 2014ൽ. പ്രത്യേക സംസ്ഥാനത്തിനായി വർഷങ്ങൾ നീണ്ടുനിന്ന പ്രക്ഷോഭത്തിനു ശേഷമാണ് ഹൈദരാബാദ് തലസ്ഥാനമായി പുതിയ സംസ്ഥാനം രൂപം കൊള്ളുന്നത്. 2014 ഫെബ്രുവരി 18ന് തെലങ്കാന ബിൽ പാർലമെന്റ് പാസാക്കി. ജൂൺ രണ്ട് തെലങ്കാന സംസ്ഥാന രൂപീകരണ ദിനമായി ആ വർഷം മാർച്ച് നാലിന് അന്നു കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാർ പ്രഖ്യാപിച്ചു. 2014 ഏപ്രിൽ- മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും നടന്നു. ആന്ധ്ര ഭാഗത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും തെലങ്കാന ഭാഗത്ത് കെ. ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)യും ഭൂരിപക്ഷവും നേടി.
2001 മുതൽ തെലങ്കാന പ്രക്ഷോഭം നയിച്ച ചന്ദ്രശേഖർ റാവുവാണ് 2014 മുതൽ ഇന്നുവരെ തെലങ്കാനയുടെ മുഖ്യമന്ത്രി. 119 അംഗങ്ങളുള്ള നിയമസഭയിലേക്ക് അറുപതിലേറെ മണ്ഡലങ്ങളിലാണ് 2014ൽ കെസിആറിന്റെ പാർട്ടി വിജയം നേടിയത്. കോൺഗ്രസ് 21 സീറ്റിലും വിജയിച്ചു. സംസ്ഥാനം രൂപീകരിച്ചതു തങ്ങളാണ് എന്ന കോൺഗ്രസ് അവകാശവാദമല്ല, തെലങ്കാനക്കായി നിലകൊണ്ടതു ഞങ്ങളാണ് എന്ന ടിആർഎസിന്റെ വാദമാണ് ഭൂരിപക്ഷം ജനങ്ങൾ അംഗീകരിച്ചത്. സംസ്ഥാനത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടി എന്ന ക്രെഡിറ്റ് 2018ലെ തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താൻ കെസിആർ ഉപയോഗിച്ചു. കൂടുതൽ തിളക്കത്തോടെയായിരുന്നു ഈ വിജയം എന്നതും ശ്രദ്ധേയമാണ്. ടിആർഎസ് 88 സീറ്റിലേക്ക് ഉയർന്നപ്പോൾ കോൺഗ്രസിന്റേത് 19 സീറ്റായി കുറഞ്ഞു. 47 ശതമാനത്തോളം വോട്ട് കെസിആറിന്റെ ഭരണത്തിനു കിട്ടി. 2014ൽ 34 ശതമാനമായിരുന്നു ഭരണകക്ഷിക്കു ലഭിച്ചിരുന്നത്. 13 ശതമാനത്തോളം വോട്ടിന്റെ വർധന! 2014ൽ 25 ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസ് 28.4 ശതമാനത്തിലേക്കു വോട്ട് വിഹിതം മെച്ചപ്പെടുത്തിയെങ്കിലും സീറ്റ് കുറയുകയായിരുന്നു.
തെലുങ്കുദേശവും സിപിഐയും തെലങ്കാന ജനസമിതിയും കോൺഗ്രസുമായി സഖ്യത്തിലാണ് 2018ൽ മത്സരിച്ചത്. എന്നാൽ, കോൺഗ്രസുമായുള്ള സഖ്യം തെലുങ്കുദേശത്തിനു നൽകിയത് കനത്ത തിരിച്ചടിയായിരുന്നു. 2014ൽ 15 ശതമാനത്തോളം വോട്ടും 15 സീറ്റുമുണ്ടായിരുന്ന തെലുങ്കുദേശം മൂന്നര ശതമാനം വോട്ടിലേക്കും രണ്ടു സീറ്റിലേക്കും കൂപ്പുകുത്തി. സഖ്യം താഴെത്തട്ടിൽ ഏകോപനമില്ലാതെ പൊളിഞ്ഞു എന്നതാണു വസ്തുത. തെലങ്കുദേശത്തിന്റെ നിരവധി നേതാക്കൾ മറ്റു പാർട്ടികളിലേക്കു ചേക്കേറിയതും പാർട്ടിയുടെ തകർച്ചയ്ക്കു കാരണമായി. ഒവൈസിയുടെ എഐഎംഐഎം രണ്ടവസരത്തിലും ഏഴു സീറ്റാണു നേടിയത്; മൂന്നു ശതമാനത്തിൽ താഴെ വോട്ടും.
ബിജെപിക്ക് ഒരൊറ്റ സീറ്റ് മാത്രമാണു ലഭിച്ചത്. 2014ൽ 47 സീറ്റിൽ മത്സരിച്ച ബിജെപി അഞ്ചിടത്തു വിജയിച്ചിരുന്നു. ഏഴു ശതമാനത്തിലേറെ വോട്ടും ആ വർഷം അവർക്കുണ്ടായിരുന്നതാണ്. 2018ൽ 118 സീറ്റിൽ മത്സരിച്ച അവർ വോട്ട് വിഹിതം ഏതാണ്ട് ഏഴു ശതമാനം തന്നെയായി നിലനിർത്തി. ചുരുങ്ങിയത് അര ഡസനോളം സീറ്റുകളിൽ കോൺഗ്രസിന്റെ വിജയം തട്ടിത്തെറിപ്പിച്ചത് ബിജെപി പിടിച്ച വോട്ടുകളായിരുന്നു. ടിആർഎസ് വിരുദ്ധ വോട്ടുകളിൽ വിഭജനം എന്ന നിലയിലാണ് കോൺഗ്രസ്- ബിജെപി പോരാട്ടം അവസാനിച്ചത്. ഇന്നലെ വോട്ടെടുപ്പു കഴിഞ്ഞ തെലങ്കാന മൂന്നാം തവണയും കെസിആറിന്റെ പാർട്ടിയെ അധികാരത്തിലെത്തിക്കുമോ എന്ന ചോദ്യം ഉയർന്നുനിൽക്കുമ്പോൾ ഈ ചരിത്രവും ഓർക്കാവുന്നതാണ്.
ഇപ്പോൾ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആയിരിക്കുന്ന കെസിആറിന്റെ പാർട്ടിയിൽ നിന്ന് അധികാരം പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതത്ര എളുപ്പമല്ല എന്നതു യാഥാർഥ്യം. അതേസമയം, അസാധ്യമല്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പല ഘടകങ്ങളും കെസിആറിന് എതിരായുണ്ട്. ഒന്ന് കുടുംബഭരണം. ഭരണം മുഴുവനായും മുഖ്യമന്ത്രിയുടെ കുടുംബമാണു നിയന്ത്രിക്കുന്നത് എന്നതാണു പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ മകനും മകളും ബന്ധുക്കളുമെല്ലാം നിയന്ത്രിക്കുന്ന പാർട്ടിയും ഭരണവും ജനാധിപത്യ വിരുദ്ധമാണെന്ന് എതിരാളികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മറ്റൊന്ന് അഴിമതിയാണ്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കെസിആറിന്റേത് എന്നത്രേ പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രസംഗിച്ചത്. സംസ്ഥാന ഭരണകക്ഷിയുടെ എംഎൽഎമാരിൽ ഏറെയും അഴിമതിയടക്കം ആരോപണങ്ങളിൽ കുടുങ്ങിയവരാണ്. ഇവരിൽ ബഹുഭൂരിപക്ഷം പേർക്കും വീണ്ടും മത്സരിക്കാൻ സീറ്റ് നൽകുകയും ചെയ്തു. സിറ്റിങ് എംഎൽഎമാർ നേരിടുന്ന ജനവിരുദ്ധ വികാരം കെസിആറിനു തിരിച്ചടിയായേക്കാം. കർഷക ആത്മഹത്യകളും യുവാക്കളുടെ തൊഴിലില്ലായ്മയും മറ്റൊരു വിഷയമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് തെലങ്കാനയിലാണെന്ന് കോൺഗ്രസ് ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. പല ഗ്രാമപ്രദേശങ്ങളിലും കെസിആറിന് എതിരായ ജനവികാരമാണ് നിലനിൽക്കുന്നതെന്നു കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു.
പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ മികച്ച പ്രവർത്തനങ്ങളിൽ കോൺഗ്രസ് അനുകൂല രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രതീക്ഷ കാണുന്നുണ്ട്. മുൻപ് തെലുങ്കുദേശം നേതാവായിരുന്ന അമ്പത്തിനാലുകാരൻ രേവന്ത് 2017ലാണു കോൺഗ്രസിൽ ചേർന്നത്. 2021ൽ പിസിസി അധ്യക്ഷനായി. ഇതിനുശേഷം പാർട്ടിക്കുണ്ടായ വളർച്ച ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് അവകാശവാദം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയവും കോൺഗ്രസ് പ്രവർത്തകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. മുസ്ലിം, ദളിത് വോട്ടുകളിൽ കൂടുതൽ വിഹിതം കെസിആറിനാണോ കോൺഗ്രസിനാണോ എന്നതു നിർണായകമാവും. കെസിആറിന്റെ ജനപ്രീതി മറികടക്കാൻ ആർക്കും കഴിയില്ല എന്നതാണ് ബിആർഎസ് അവസാന നിമിഷവും പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ അവർ വിശ്വാസം ഉറപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജിലാണ് ബിജെപിയുടെ പ്രതീക്ഷകൾ. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന് ഒബിസി മുഖ്യമന്ത്രിയെ ലഭിക്കുമെന്നാണ് മോദി ജനങ്ങൾക്കു നൽകിയിരിക്കുന്ന വാഗ്ദാനം. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി വേണമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ആദിവാസി, ദളിത്, ഒബിസി വോട്ടുകളിൽ അവർ കൂടുതൽ ശ്രദ്ധ നൽകുന്നു. ബിആർഎസിനു ബദൽ ബിജെപിയാണ് എന്നതാണ് അവരുടെ അവകാശവാദം. ഗ്രാമീണരിലേക്ക് എന്തുമാത്രം ഇറങ്ങിച്ചെല്ലാൻ പാർട്ടിക്കു കഴിഞ്ഞിട്ടുണ്ടെന്ന് മൂന്നാം തീയതി വോട്ടെണ്ണുമ്പോഴേ അറിയാനാവൂ. കർണാടകയിൽ ഭരണം നഷ്ടപ്പെട്ട ബിജെപിക്ക് ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് തെലങ്കാനയിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.