"കാതൽ' എന്നാൽ സ്നേഹത്തിനു പുറമെ "ഉള്ള് ' എന്നും അർഥമുണ്ട്. അതുകൊണ്ടുതന്നെ ഉള്ളുലയ്ക്കുന്നതും ഉള്ളുണർത്തുന്നതുമായ ഒരു ചിത്രത്തിന് അത്രമേൽ അനുയോജ്യമായ പേരാണതെന്നതിൽ സംശയമില്ല. ലൈംഗിക ന്യൂനപക്ഷമായ പുരുഷ സ്വവർഗതാല്പര്യക്കാരായ "ക്യൂര്‍' സമൂഹത്തെ സാധാരണക്കാർക്ക് മനസിലാക്കത്തക്കവിധം അടയാളപ്പെടുത്തിയ ചലച്ചിത്രം എന്നായിരിക്കും "കാതലി'നെ കാലം അടയാളപ്പെടുത്തുക.
ദാമ്പത്യമെന്നാല്‍ സ്ത്രീ- പുരുഷ ബന്ധം മാത്രമാണെന്ന വ്യവസ്ഥാപിത കാഴ്ചപ്പാടിൽനിന്നുമാറി, അപരവത്കരിക്കപ്പെട്ട ഇത്തരം ന്യൂനപക്ഷത്തിനും കൂടി ഇടമുള്ളതാവണം സമൂഹമെന്ന് തുറന്നുപറയുകയാണ് ഈ സിനിമ. സ്വവർഗരതിക്കാരെ, അത് "ഗേ'ആയാലും "ലെസ്ബിയ'നായാലും വിവാഹത്തിലൂടെ ഉഭയ ലൈംഗികതയിലേയ്ക്ക് തള്ളിവിടലല്ല പരിഹാരമെന്ന് വ്യക്തമാക്കാനും ഈ സിനിമയ്ക്കു സാധിക്കുന്നു.
പാലായ്ക്കടുത്ത് തീക്കോയിയിലെ പഞ്ചായത്ത് വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മാത്യു ദേവസി, ഭാര്യ ഓമന, അയാളുടെ പിതാവ്, മകൾ എന്നിവരിലൂടെയാണ് "കാതലി'ന് ജീവൻ വയ്ക്കുന്നത്. ഒരു മേൽക്കൂരയ്ക്ക് കീഴെ ജീവിക്കുമ്പോഴും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ആഹാരം കഴിക്കുമ്പോഴും ഒരേ കട്ടിലിൽ ഉറങ്ങുമ്പോഴും എത്രത്തോളം അപരിചിതരാണ് ഓരോരുത്തരമെന്ന് ഈ ചിത്രം ബോധ്യപ്പെടുത്തുന്നു. വിവാഹമോചനം ആഗ്രഹിച്ച് ഏതാനും മാസം മുമ്പ് ഓമന ഫയൽ ചെയ്ത ഹർജിയുടെ വിവരം ഭർത്താവിന്‍റെ സ്ഥാനാർഥിപ്രഖ്യാപനത്തിന് പിന്നാലെയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിനിടയ്ക്കാണ് ഇങ്ങനെയൊരു ഹർജി വരുന്നത് എന്നത് പാർട്ടിയെ സമ്മർദത്തിലാഴ്ത്തുന്നുണ്ട്. അത് എതിർകക്ഷി സ്വാഭാവികമായും മുതലെടുക്കുകയും ചെയ്യുന്നു.
ഇരുപത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ നാലു തവണ മാത്രമാണ് ഓമനയുമായി മാത്യു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അത് ഒരു കുട്ടിയെ കിട്ടാൻ പിടിച്ചുവാങ്ങിയതാണെന്നുമുള്ള ഓമനയുടെ കോടതിയിലെ മൊഴി സമൂഹത്തിന്‍റെ വ്യവസ്ഥാപിത സദാചാരബോധത്തിന്‍റെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണ്. പിന്നീടൊരിക്കൽ, വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുള്ള ഇഷ്ടം കുടുംബത്തിന് ചേരാത്തതിനാൽ ഓമനയിൽ അടിച്ചേൽപ്പിച്ച ഈ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അക്കാലത്ത് സഹോദരിയോടൊപ്പം നിൽക്കാൻ സാധിച്ചില്ലെന്ന് അവരുടെ സഹോദരൻ ഏറ്റുപറയുന്നുമുണ്ട്. "രക്ഷപെടല്‍ എനിക്ക് മാത്രം മതിയോ, മാത്യുവിനും രക്ഷപ്പെടേണ്ടേ ?'എന്ന് ഓമന ചോദിക്കുന്നത് ലൈംഗികത മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണെന്ന വിളിച്ചുപറയലാണ്.
"ദൈവമേ' എന്ന് ഓമനയെ കെട്ടിപ്പിടിച്ച് മാത്യു വിതുമ്പുന്ന ഒരു നിമിഷമുണ്ട്... ഇരുപതാണ്ട് ഒരുമിച്ച് ജീവിച്ചതിലൂടെ, ഒരു കട്ടിലിൽ കിടന്നുറങ്ങിയതിലൂടെ, നാലുതവണത്തെ മാത്രം ശാരീരിക ബന്ധത്തിലൂടെ ഉടലെടുക്കപ്പെട്ട പ്രണയത്തിന്‍റെ താജ്മഹലായി ആ നിമിഷം മാറുകയാണ്... പുതിയൊരു ജീവിതത്തിലേയ്ക്ക് ഓമനയെ കൂട്ടാൻ ആളെത്തുമ്പോൾ എഴുന്നേറ്റു പോകുന്ന മാത്യുവിനെ ഓമനയുടെ വിരലുകൾ തേടുന്നതും ഇതേ പ്രണയത്തിന്‍റെ തുടർച്ചയാണ്. അപ്പോഴെല്ലാം, മാത്യുവായി മമ്മൂട്ടിയും ഓമനയായി ജ്യോതികയും ഒപ്പത്തിനൊപ്പം മത്സരിച്ചുകൊണ്ടേയിരിക്കുകയാണ്.
സകലരുടെ മുന്നിലും തല കുനിച്ച് നിറകണ്ണുകളോടെ സ്വയം തകർന്നു നിൽക്കുന്ന നിമിഷങ്ങളിലും കരൾ നൊന്ത് വിലപിക്കുമ്പോഴും ഭാര്യയോടും അച്ഛനോടും മകളോടും സംസാരിക്കുമ്പോഴും ഓമനയുമൊത്തുള്ള അവസാന സീനിലുമെല്ലാം കഥാപാത്രത്തെ ഹൃദയത്തിലേക്കാവാഹിച്ച് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇതുപോലൊരു വിസ്മയപ്രകടനത്തെ മറികടന്ന്, പ്രണയരഹിത ദാമ്പത്യത്തിന്‍റെ പുറംതോട് വൈകിയെങ്കിലും പൊളിക്കാനുള്ള ഓമനയുടെ ധീരതയും അതിനെ വൈകാരിക മിതത്വത്തോടെയും അമിതാഭിനയമില്ലാതെയും പ്രേക്ഷകരെ അനുഭവിപ്പിക്കുകയാണ് ജ്യോതിക.
ഒച്ചയും ബഹളവുമൊന്നുമില്ലാതെ, എന്തിന് അധികം സംഭാഷണം പോലുമില്ലാതെ നോട്ടം കൊണ്ടും പുഞ്ചിരി കൊണ്ടും പ്രേക്ഷകരുടെ ഉള്ളം പൊള്ളിക്കുന്നുണ്ട് തങ്കനായി വേഷമിട്ട കോഴിക്കോട് സുധി. ചെറുപ്പക്കാരുടെ അല്ലെങ്കിൽ വരുംകാലത്തിന്‍റെ പ്രതീകങ്ങളെന്ന നിലയിൽ മാത്യു ദേവസിയുടെ മകളും (അനഘ മായ രവി) തങ്കന്‍റെ സഹോദരീ പുത്രൻ കുട്ടായിയും (അലക്സ് അലിസ്റ്റർ) പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രമല്ല, അവർ ഈ പ്രതിസന്ധിഘട്ടത്തെ പുതിയ കാലത്തിനുതകുന്ന നിലയിൽ മനസിലാക്കുന്നു എന്നതും "കാതൽ' എന്ന സിനിമ ഉയർത്തുന്ന രാഷ്‌ട്രീയത്തിന്‍റെ പുരോഗമന വീക്ഷണമാണ്. നൊമ്പരങ്ങളുടെ നെരിപ്പോടിനു മുമ്പിൽ വിറങ്ങലിച്ചു നിന്ന മാത്യൂസിന്‍റെ അച്ഛനെ മികവോടെ അവതരിപ്പിച്ച ആർ.എസ്. പണിക്കരും ഓമനയുടെ സഹോദരനായി തിളങ്ങിയ ജോജിയും ഈ സിനിമയ്ക്കു നല്കുന്ന കരുത്ത് അപാരം. ജീവിതത്തിൽ നിന്നേ മടങ്ങിയ കലാഭവൻ ഹനീഫയ്ക്കുള്ള വിടവാങ്ങൽ കഥാപാത്രമായ കുടുംബ കോടതി ജഡ്ജി ഒരുപക്ഷേ, അദ്ദേഹത്തിന്‍റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
അതിനാടകീയമായിപ്പോകാവുന്ന ഇതുപോലൊരു വിഷയത്തെ കൈയടക്കത്തോടെയും ഹൃദ്യമായും സന്നിവേശിപ്പിച്ച തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവര്‍ക്ക് കൈയടിക്കാം. ചിത്രത്തിന്‍റെ ഗതിയെ മികച്ച ക്രാഫ്റ്റിലും മേയ്ക്കിങ്ങിലും ഗംഭീരമാക്കി സംവിധായകനായ ജിയോ ബേബി. "ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചനി'ൽ നിന്ന് "കാതലി'ലേക്കെത്തുമ്പോഴേക്ക് "കാതലുറച്ച' സംവിധായകനാണെന്ന് ജിയോ ബേബി തലയുയർത്തിനിന്ന് പ്രഖ്യാപിക്കുകയാണ്. നിശബ്ദതയുടെ മുഴക്കമാണ് ഈ സിനിമയുടെ ഒഴുക്കെന്നിരിക്കെ മാത്യുസ് പുളിക്കന്‍റെ സംഗീതം എടുത്തുപറയണം. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന പശ്ചാത്തല സംഗീതം സിനിമയിൽ ഒരു തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തിനിടയ്ക്ക് അപ്രതീക്ഷിതമായി പെയ്യുന്ന പെരുമഴ പോലെ ആസ്വാദകരെ നനയിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വേണുഗോപാലിന്‍റെയും ചിത്രയുടെയും ആലാപന ചാരുത ചേർന്നപ്പോൾ "എന്നും എൻ കാവൽ' വീണ്ടും കേൾക്കാൻ മോഹിപ്പിക്കുന്നതായി. ഛായാഗ്രഹകൻ സാലു തോമസും ചിത്രസംയോജകൻ ഫ്രാൻസിസ് ലൂയിസും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്.
മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിലെ ഒടുവിലത്തെ ചിത്രം ആയിരിക്കാൻ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത "കാതലി'ന് കഴിഞ്ഞു എന്നത് നിസാരമല്ല. ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സ് ഓഫിസിലും മുന്നേറുന്ന കാഴ്ച നല്ല ചിത്രങ്ങളെ ഏറ്റെടുക്കുന്ന പഴയ പാരമ്പര്യം തിരിച്ചുകൊണ്ടുവരികയാണെങ്കിൽ, ശുഭസൂചനയാണ്.
മലയാള സിനിമയിൽ ഇത്തരമൊരു പ്രമേയം ആദ്യമായല്ല അവതരിപ്പിക്കപ്പെടുന്നത്. മോഹന്‍റെ "രണ്ടു പെൺകുട്ടികളും' (1978), പി. പത്മരാജന്‍റെ "ദേശാടനക്കിളി കരയാറില്ല'യും (1986), ലാൽ ജോസിന്‍റെ "ചാന്ത് പൊട്ടും' (2005), റോഷൻ ആൻഡ്രൂസിന്‍റെ "മുംബൈ പൊലീസും' (2013), എം.ബി. പദ്മകുമാറിന്‍റെ "മൈ ലൈഫ് പാര്‍ട്ണറും' (2014), രഞ്ജിത് ശങ്കറിന്‍റെ "ഞാൻ മേരിക്കുട്ടി'യും (2018), വി.സി. അഭിലാഷിന്‍റെ "ആളൊരുക്ക'(2018)വും ഗീതു മോഹൻദാസിന്‍റെ "മൂത്തോനും' (2019), ജയൻ ചെറിയാന്‍റെ "കബോഡിസ്കേപ്സും' (2016) ഉൾപ്പെടെയുള്ള ഏതാനും സിനിമകൾ ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലുമുള്ള അനുരാഗമോ ഇഷ്ടമോ ട്രാൻസ്ജെന്‍റർ വിഷയമോ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ ചിലതെങ്കിലും ഈ ലൈംഗിക ന്യൂനപക്ഷത്തെ ആക്ഷേപിക്കാനോ കളിയാക്കാനോ മുതിർന്നു എന്നു മാത്രമല്ല, സമൂഹത്തിന്‍റെ തെറ്റായ ധാരണയെ ആ രൂപത്തിൽ ആട്ടിയുറപ്പിക്കാനുതകുന്ന വിധത്തിലുമാണ് അവതരിപ്പിച്ചത്.
"കാതൽ' പോലൊരു സിനിമയിൽ താരത്തിന്‍റെ ആടയാഭരണങ്ങളെല്ലാം അഴിച്ചുവച്ച് അഭിനയിച്ചു എന്നു മാത്രമല്ല, ഏറെക്കുറെ "വിലക്കപ്പെട്ട' ഇത്തരമൊരു വിഷയം പ്രമേയമായ ചിത്രം നിർമിക്കാനും തയ്യാറായി എന്നതിൽ തീർച്ചയായും മമ്മൂട്ടി അനുമോദനം അർഹിക്കുന്നു. സമൂഹത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ രാഷ്‌ട്രീയവും ചർച്ച ചെയ്യപ്പെടട്ടെ.