പോയ വാരങ്ങളിലെ സംഭവങ്ങൾ ജോത്സ്യൻ വളരെ ശ്രദ്ധയോടു കൂടിയാണ് കാണുന്നത്. പലതും പൊട്ടി ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുന്നതുമാണ്. ഫെബ്രുവരി 14, ലോകം മുഴുവനുമുള്ള കമിതാക്കളുടെ ദിനമാണ്. പരസ്പരം സന്ദേശമയച്ച്, സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ആദിവസം പശുക്കളെ ആലിംഗനം ചെയ്യാൻ ഒരു കേന്ദ്ര മന്ത്രി പറഞ്ഞ തീരുമാനം ട്രോളുകളും ആരോപണങ്ങളും മൂലം പിൻവലിക്കേണ്ടി വന്നു. പശുക്കളെ വളർത്തുകയും സ്നേഹപൂർവം പരിചരിക്കുകയും വേണം. എന്നാൽ, ആലിംഗനം വേണ്ടെന്നാണ് ജോത്സ്യന്റെ നിലപാട്.
ബജറ്റ് ചർച്ച അവതരിപ്പിക്കുന്നതിന് മുമ്പ്, ചർച്ചയിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ രഹസ്യമായി സൂക്ഷിച്ച് പാർലമെന്റിലോ നിയമസഭയിലോ ധനകാര്യമന്ത്രിമാർ അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കുന്നതു വരെ ബജറ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടോ മൂന്നോ ആഴ്ച പാർലമെന്റ് നോർത്ത് ബ്ലോക്ക് ഓഫിസുകളിൽ തങ്ങും. അത്ര മാത്രം രഹസ്യ സ്വഭാവം ബജറ്റിനു നൽകാറുണ്ട്. കേരളത്തിൽ ധനകാര്യമന്ത്രി തോമസ് ഐസക്ക്, കെ. എം.മാണി തുടങ്ങിയവരുടെ സംഘം കോവളം ഗസ്റ്റ് ഹൗസിൽ കടലിനഭിമുഖമായി ഇരുന്നു ബജറ്റ് തയാറാക്കുകയാണ് പതിവ് . എന്നാൽ, രാജസ്ഥാൻ നിയമസഭയിൽ പഴയ ബജറ്റ് വായിച്ചു പരിണിത പ്രജ്ഞനായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഏഴ് മിനിറ്റോളം വായിച്ചു കഴിഞ്ഞപ്പോഴാണ് തെറ്റ് മനസ്സിലായത്. 2023-24 ന് പകരം 2022-23 ലെ ബജറ്റാണ് അദ്ദേഹം സഭയിൽ വായിച്ചത്. പിന്നീട് പുതിയത് അവതരിപ്പിച്ചു. ഒരു പ്രവശ്യമെങ്കിലും വായിക്കാതെയും പരിശോധിക്കാതെയും ഇത്ര ലാഘവത്തോടെ ബജറ്റ് വായിച്ചത് ഒരു മുഖ്യമന്ത്രിക്കു ചേർന്നതല്ല.
കേരളത്തിൽ സമരക്കാരെ ഇടതു മുന്നണി സർക്കാർ ട്രാപ്പിലാക്കി.
ഇന്ധന സെസ് രണ്ടു രൂപയാക്കി ഉയർത്തിയത് ഒരു രൂപയാക്കി കുറപ്പിക്കുമെന്ന് വ്യാപക പ്രചരണം നടത്തുകയും, പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സമര പരമ്പരയ്ക്ക് തുടക്കം കുറിക്കുകയും, എംഎൽഎ മാർ നിരാഹാരം ഇരിക്കുകയും ചെയ്തു. പക്ഷെ ധനകാര്യ മന്ത്രി നയാ പൈസ കുറച്ചില്ല. കുറച്ചിരുന്നെങ്കിൽ സമരക്കാർ ക്രെഡിറ്റും കൊണ്ട് പോകുമല്ലോ. ജനങ്ങളിൽ നിന്നു സമരക്കാർക്ക് പിന്തുണ കിട്ടയതുമില്ല. അവർ വെട്ടിലാവുകയും ചെയ്തു. സ്പീക്കറെ നിയമസഭാഗങ്ങൾക്ക് കാണാൻ കഴിയാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിച്ചുള്ള പ്രതിപക്ഷ സമരം സഭ നിർത്തിവച്ചതോടു കൂടി കാറ്റ് പോയ ബലൂൺ പോലെയായി. ഹൈക്കോടതി കണ്ണും നട്ടരിക്കുന്നതിനാൽ വഴിയിലിറങ്ങിയുള്ള സമരം അത്ര എളുപ്പമല്ല. പൊതു മുതൽ നശിപ്പിച്ചാൽ പിഴ കൊടുക്കാതെ ജാമ്യമില്ല.
മുഖ്യമന്ത്രിയെ കാണാൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വന്നത് വലിയ പുകിലാക്കി. എന്നാൽ മകളുടെ കല്ല്യാണം വിളിക്കാനാണ് വന്നതെന്ന് പിന്നീട് മാധ്യമങ്ങൾക്ക് കുറിപ്പ് നൽകേണ്ടി വന്നു. ഇത് ആദ്യമായിട്ടല്ല മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പരസ്പരം കാണുയും ആശയ വിനിമയം നടത്തുകയും ചെയ്യുന്നത് . ഇതിന് മുൻപും കേരളത്തിലെ മുഖ്യ മന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും നേരിട്ടു കണ്ട് പല പ്രധാനപ്പട്ട വിഷയത്തെക്കുറിച്ചും ചർച്ചകൾ നടത്തിയിട്ടുണ്ട്.
മൂന്നു പ്രാവശ്യം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെയും കുടുംബത്തെയും അവഹേളിച്ചതിൽ എല്ലാവർക്കും ദുഃഖമുണ്ട്. രോഗം വന്നാൽ ചികിത്സയും ഒപ്പം പ്രാർഥനയും വേണം. ഉമ്മൻ ചാണ്ടിയുടെ സഹോദരപുത്രനാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത്. എന്തായാലും ചികിത്സാർഥം മെഡിക്കൽ ബോർഡ് രൂപീകരിച്ചത് നന്നായി എന്നാണ് ജോത്സ്യന്റെ അഭിപ്രായം. അതിനുശേഷം എ.കെ. ആന്റണി, ഉമ്മൻചാണ്ടിയെ സന്ദർശിച്ചതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ 'രാഷ്ട്രീയം ചർച്ച ചെയ്യാനായിരുന്നു' എന്ന മറുപടി അനുചിതമായി.
തന്നെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്തപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ശിവശങ്കറിലൂടെ ഇഡി മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നാണ് പ്രതിപക്ഷനേതാവിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ലയെന്ന് ചോദിച്ചാൽ മൗനം വിദ്വാന് ഭൂഷണം.
മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കുമെതിരേ ഏത് കാര്യത്തിനും നിരത്തിലിറങ്ങുന്ന പ്രതിപക്ഷം എന്തേ ഇത്രയും കാലം ലൈഫ് മിഷനെക്കുറിച്ച് ശബ്ദിക്കാതിരുന്നുവെന്ന ചോദ്യത്തിന്, ആകാശത്തിന് താഴെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും പ്രതികരിക്കണമോ എന്നായിരുന്നു മറുചോദ്യം. പ്രതിപക്ഷ നേതാവിനെതിരേ വിജിലൻസ് അന്വേഷണം നടക്കുകയാണ്. സ്പീക്കർ ഫയൽ പിടിച്ചു വച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ സ്പീക്കർക്ക് ഒരു ഫയൽ പിടിച്ചു വയ്ക്കാൻ കഴിയുമോയെന്ന് സംശയമുണ്ട്. എല്ലാകാര്യത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിക്കാത്തതിന്റെ കാരണം ഇപ്പോൾ വ്യക്തമാണ്. ഇവിടെയും മൗനം വിദ്വാന് ഭൂഷണം എന്നേ ജോത്സ്യന് പറയാനുള്ളൂ.