ആർക്കും എപ്പോഴും അഭയം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് മെട്രൊ വാർത്ത അസോഷ്യേറ്റ് എഡിറ്റർ എം.ബി. സന്തോഷ് എഴുതുന്നു
ആർക്കും എപ്പോഴും അഭയം
Metro Vaartha
Updated on

എം.ബി. സന്തോഷ്

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അത്. തിരുവനന്തപുരം വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചിലേയ്ക്ക് ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ എന്നിവരോടൊപ്പം ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എത്തി. അവിടെ സ്പീക്കർ ജി. കാർത്തികേയൻ, ഭാര്യ ഡോ. എം.ടി. സുലേഖ, മകൻ കെ.എസ്.ശബരീനാഥൻ....

ഉമ്മൻ ചാണ്ടി വന്നപ്പോൾ വേറെ ഇരിപ്പിടമുണ്ടായിരുന്നെങ്കിലും കാർത്തികേയന്‍റെ അരികിലെ ഇത്തിരി സ്ഥലത്തേയ്ക്ക് ഞെരുങ്ങി ഇരുന്ന് അദ്ദേഹത്തിന്‍റെ കൈ കവർന്നു. സുലേഖ ടീച്ചറിന്‍റെ കൈ ചേർത്തുവച്ച് മറിയാമ്മയും ശബരിയുടെ കരംകവർന്ന് ചാണ്ടി ഉമ്മനും.

മൗനം വല്ലാതെ വാചാലമായിരുന്നു, അപ്പോൾ...

അർബുദ ചികിത്സയ്ക്കായി കാർത്തികേയൻ അമെരിക്കയിലേയ്ക്ക് പോവുകയാണ്....

അതിനുമുമ്പ് കാർത്തികേയനെ മുഖ്യമന്ത്രി നേരിട്ട് കണ്ട രംഗം ഓർമയിലേയ്ക്ക് - അത് സ്പീക്കറുടെ ഓഫീസിൽ വച്ചായിരുന്നു. മുസ്‌ലിം ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം കൊടുത്തപ്പോൾ കാർത്തികേയൻ സംസ്ഥാന മന്ത്രിസഭയിലെത്തി ആഭ്യന്തരവകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയായിരുന്നു. അന്ന് അതിനെ നിഷ്കരുണം നിരസിച്ച കാർത്തികേയൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം വേണമെങ്കിൽ സ്വീകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.

പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുമ്പോൾ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായിരുന്ന കാർത്തികേയന്‍റെ പേര് മന്ത്രിസഭാ പട്ടികയിൽ ഇല്ലായിരുന്നു. ഇടയ്ക്ക് ഐ, തിരുത്തൽവാദി ഗ്രൂപ്പുകളും വിട്ട് ഇനി ഗ്രൂപ്പില്ല എന്ന് പ്രഖ്യാപിച്ച കാർത്തികേയന് മന്ത്രിസഭയിൽ സ്ഥാനമില്ല എന്നുവന്നതോടെ എ.കെ. ആന്‍റണി ഇടപെട്ടു. തുടർന്നാണ് സ്പീക്കറായത്.

അന്ന് തന്നെ ഒഴിവാക്കിയ ഉമ്മൻ ചാണ്ടി അതേ മന്ത്രിസഭയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ പദവിക്കു വേണ്ടി താൻ ഇല്ലെന്ന് തുറന്നുപറഞ്ഞ കാർത്തികേയനോടുള്ള മതിപ്പ് കൂടിയതേയുള്ളൂ. ആ അടുപ്പത്തിന്‍റെ അടുത്ത അധ്യായമായിരുന്നു വിമാനത്താവളത്തിൽ കണ്ടത്.

ആ കരുതൽ അവിടെ അവസാനിച്ചില്ല. കാർത്തികേയന്‍റെ ഒടുവിലത്തെ പൊതുപരിപാടി ആര്യനാട് മണ്ഡലത്തിലെ സ്കൂളിലായിരുന്നു. അന്ന് കാർത്തികേയൻ വേദിയിലുണ്ടായിരുന്നെങ്കിലും സംസാരിക്കാനാവാത്ത വിധം രോഗം അദ്ദേഹത്തെ അവശനാക്കിയിരുന്നു. ഒടുവിൽ, ഉമ്മൻ ചാണ്ടി അനുഭവിച്ചതുപോലെതന്നെ....

അന്ന് ആ യോഗം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആ സ്കൂളിന് പുതിയ കെട്ടിടത്തിന് സഹായം അനുവദിക്കണമെന്ന് വേദിയിൽവച്ച് ഒരു കുറിപ്പ് നോട്ടീസിന്‍റെ പിന്നിലെഴുതി കാർത്തികേയൻ ഉമ്മൻ ചാണ്ടിക്കു നൽകി. മുഖ്യമന്ത്രി അവിടെവച്ചുതന്നെ ഫോണിൽ ആരോടൊക്കെയോ സംസാരിച്ചു. ആ യോഗത്തിൽതന്നെ സ്കൂളിന്‍റെ പുതിയ കെട്ടിടനിർമാണത്തിന് 7 കോടി രൂപ അദ്ദേഹം പ്രഖ്യാപിച്ചു.

അമെരിക്കയിലേയ്ക്കും ബംഗളുരുവിലേയ്ക്കും കാർത്തികേയനെ ചികിത്സയ്ക്കായി യാത്രയയ്ക്കാൻ എത്തിയ ഉമ്മൻ ചാണ്ടിക്ക് അതേ രോഗം പിടിപെട്ട് അവിടങ്ങളിലേയ്ക്ക് പിന്നീട് പോകേണ്ടിവന്നതിനെ ഏതുപേരിട്ടാണ് വിളിയ്ക്കേണ്ടത്!

ഉമ്മൻ ചാണ്ടി അധ്യക്ഷനും തമ്പാനൂർ രവി ജനറൽ സെക്രട്ടറിയുമായ 'സ്വദേശാഭിമാനി സ്മാരക സമിതി'യുടെ സ്വദേശാഭിമാനി മാധ്യമ അവാർഡ് രണ്ട് ദശകത്തോളം മുമ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫോണിലൂടെ നേരിട്ടുവിളിച്ചുപറഞ്ഞത് ഉമ്മൻ ചാണ്ടിയാണ്. 'അഴിമതി രജിസ്റ്റർ ചെയ്യാൻ ഒരു ഓഫീസ്' എന്ന രജിസ്ട്രേഷൻ ഓഫീസ് അഴിമതിയെക്കുറിച്ച് 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കായിരുന്നു ആ അവാർഡ്. അന്ന് തുടങ്ങിയ വ്യക്തിബന്ധം കൂടുതൽ ഹൃദ്യമായതേയുള്ളൂ. എവിടെവച്ച് കണ്ടാലും അദ്ദേഹം അടുത്തുവന്ന് കുശലം പറയുമായിരുന്നു.

മുഖ്യമന്ത്രിയായിരിക്കേ ഓഫീസ് 24 മണിക്കൂറും ജനങ്ങൾക്ക് കാണുന്ന വിധത്തിൽ ക്യാമറയുടെ പരിധിയിലാക്കിയ ഒരേ ഒരു മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഫോൺ നേരിട്ട് എടുക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു.അദ്ദേഹം ഇരിക്കുന്ന കസേരയിൽ മനോരോഗമുള്ള ആൾ കയറി ഇരുന്നപ്പോൾ അതിൽ പ്രകോപിതനായില്ലെന്നുമാത്രമല്ല, അതിൻമേൽ അയാൾക്കെതിരെ ഒരു നടപടിയും എടുക്കരുതെന്ന് നിർദേശവും നൽകി.ഗൾഫിൽനിന്ന് ലൈവ് സ്ക്രീനിംഗ് കണ്ട ഒരാൾ വിളിച്ചുപറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റൊരാൾ ഇരിക്കുന്നത് സെക്യൂരിറ്റി വിഭാഗം അറിഞ്ഞത്.അതിന്‍റെ പേരിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി അംഗീകരിച്ചില്ല.അങ്ങനെ, സുതാര്യത എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത മുഖ്യമന്ത്രിയ്ക്കാണ് നാണം കെട്ട ആരോപണത്തിൽ തലതാഴ്ത്തി ഇറങ്ങിപ്പോകേണ്ടി വന്നത്!

മൂന്നുവർഷം മുമ്പ് 'മെട്രൊ വാർത്ത'യുടെ വാർഷികപ്പതിപ്പിന് കവർ സ്റ്റോറിയായി ഉമ്മൻ ചാണ്ടിയെ നിശ്ചയിച്ച് അതിൽ അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ചീഫ് എഡിറ്ററായിരുന്ന ആർ. ഗോപീകൃഷ്ണൻ സാറാണ്. വാർഷികപ്പതിപ്പെന്നാണ് പേരെങ്കിലും അത് ഓണപ്പതിപ്പാണ്. അതിൽ സാധാരണ രാഷ്ട്രീയ നേതാക്കളുടെ കവർ കൊടുക്കാറില്ല. പുതുപ്പള്ളി എന്ന ഒരു നിയമസഭാ മണ്ഡലത്തിൽ അരനൂറ്റാണ്ടിലേറെ എംഎൽഎ ആയ അദ്ദേഹത്തിനെ ആദരിക്കണം. 54 കൊല്ലം പാലായെ പ്രതിനിധാനം ചെയ്ത കെ.എം. മാണിയെ ആ രീതിയിൽ മനസ്സിലാക്കുന്നതിൽ കേരളത്തിന് സാധിച്ചില്ല.ആ കുറവ് പരിഹരിക്കണമെന്നായിരുന്നു സാറിന്‍റെ അഭിപ്രായം.

അപ്പോൾ, ഉമ്മൻ ചാണ്ടിക്ക് രോഗബാധ തുടങ്ങിയിരുന്നു.ശബ്ദത്തിനും പ്രശ്നമുണ്ട്.മുഖ്യമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.എസ് ശ്രീകുമാറിനോടാണ് വിവരം പറഞ്ഞത്. ഒരു വൈകുന്നേരം ഒരു മണിക്കൂർ അനുവദിച്ചു.ആ അഭിമുഖം മൂന്നുമണിക്കൂറും കഴിഞ്ഞ് നീളുകയാണ്.അദ്ദേഹം സംസാരിച്ചുകൊണ്ടെയിരിക്കുകയാണ്.ഇടയ്ക്ക് ഓർമിപ്പിച്ചു:' വോയ്സ് റെസ്റ്റ്...'അതുസാരമില്ലെന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.അന്ന് ഫോട്ടോ എടുക്കാൻ ഒപ്പമുണ്ടായിരുന്ന ചീഫ് ഫോട്ടോഗ്രാഫർ കെ.ബി ജയചന്ദ്രൻ ആവശ്യപ്പെട്ട രീതിയിലൊക്കെ അദ്ദേഹം ഇരിക്കുകയും ചെയ്തു.

ആ അഭിമുഖം അദ്ദേഹത്തിന്‍റെ ചിത്രം കവർ ആ‍യി അടിച്ചുവന്നു. കോട്ടയത്തുനടന്ന ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജീവിതത്തിന്‍റെ അമ്പതാം പിറന്നാൾ വേദിയിൽ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു. ആ വാർഷികപ്പതിപ്പ് ഉമ്മൻ ചാണ്ടിക്ക് ഇഷ്ടപ്പെട്ടു. അതിൽ അദ്ദേഹം ചീഫ് എഡിറ്ററോടും ലേഖകനോടും വിളിച്ച് നന്ദി പറയുകയും ചെയ്തു.

അതുകഴിഞ്ഞാണ് ഗോപീകൃഷ്ണൻ സാറിന്‍റെ വേർപാട്. കോട്ടയത്ത് സാറിന്‍റെ വീട്ടിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ അനുശോചനയോഗത്തിന്‍റെ കാര്യം പറഞ്ഞത്. അപ്പോൾതന്നെ പോക്കറ്റിലെ പതിവ് കൊച്ചു ഡയറി എടുത്ത് അതിൽ തീയതിയും സമയവും കുറിച്ചുവച്ചു. എന്നാൽ,പത്രപ്രവർത്തകർക്കിടയിലെ തർക്കത്തിന്‍റെ പേരിൽ ഒരു കൂട്ടർ ആ ചടങ്ങിന് തൊട്ടുമുമ്പ് ഒരു തട്ടിക്കൂട്ട് അനുസ്മരണം മറ്റൊരിടത്ത് നടത്തി.ഈ യോഗമാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം അതിൽ പങ്കെടുത്തു.അതിൽ ഞങ്ങളെ കാണാതെ വിളിച്ചപ്പോഴാണ് ചടങ്ങ് മാറിയ കാര്യം അദ്ദേഹം അറിഞ്ഞത്.സുഖമില്ലാതിരുന്നിട്ടും പ്രസ്ക്ലബ്ബിലെ അനുസ്മരണത്തിനുവന്നു എന്നുമാത്രമല്ല,ഗോപീകൃഷ്ണൻ സാറുമായുള്ള ദീർഘകാല സൗഹൃദം അദ്ദേഹം വിശദീകരിച്ച് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയുമായുള്ള അഭിമുഖത്തിനിടയിലെ ഒരു ചോദ്യവും ഉത്തരവും ആവർത്തിക്കേണ്ടതുണ്ട്.ചോദ്യം:'ഈ അമ്പതാണ്ടിനിടയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി?'ഉത്തരം:'ഏറ്റവും മോശം മുഖ്യമന്ത്രി ആരാണെന്നു ചോദിച്ചാൽ പറയാം.ഏറ്റവും കൂടുതൽ പോരായ്മകൾ ഉള്ളത് എനിക്കാണെന്നാണ് കരുതുന്നത് '

ഇങ്ങനൊരാൾ ജനകീയനായില്ലെങ്കിലല്ലേ, അദ്ഭുതമുള്ളൂ. ആർക്കും എപ്പോഴും ഓടിച്ചെല്ലാൻ ഉണ്ടായിരുന്ന അഭയമാണ് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയനേതാവിന്‍റെ വിയോഗത്തോടെ ഇല്ലാതായത്.

Trending

No stories found.

Latest News

No stories found.