കെഎസ്ഇബിയെ വെട്ടിലാക്കി ഷാജഹാൻ

തിരുവനന്തപുരത്ത് ഒരു ഹിയറിങ് കൂടി ശേഷിക്കെ ഫലത്തിൽ അസാധുവായ ഈ ശുപാർശ ഇനി റെഗുലേറ്ററി കമ്മീഷൻ കേൾക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു.
shajahan in public hearing
ഷാജഹാൻ പബ്ലിക് ഹിയറിങിൽ
Updated on

കഴിഞ്ഞ സെപ്റ്റംബർ മൂന്നു മുതൽ ഇരുണ്ട ദിവസങ്ങളാണ് കേരളത്തിലെ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്ക്. കാലം മാറിയത് ഓർക്കാതെ അവർ റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച 120 പേജുള്ള ഒരു ശുപാർശയാണ് ഇപ്പോൾ കെഎസ്ഇബിയെ തിരിഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ കെഎസ്ഇബി തങ്ങൾക്കാവശ്യമുള്ളതെല്ലാം ശുപാർശകളായി റെഗുലേറ്ററി കമ്മീഷനു സമർപ്പിക്കുമ്പോഴും കേരളത്തിൽ പബ്ലിക് ഹിയറിങ് നടന്നിരുന്നു. എന്നാൽ അതിൽ ആരും വേണ്ട പോലെ പഠിച്ചു പങ്കെടുത്തിരുന്നില്ല. കെഎസ്ഇബിയുടെ ശുപാർശയിന്മേൽ റെഗുലേറ്ററി കമ്മീഷൻ നടത്തുന്ന പബ്ലിക് ഹിയറിങിൽ എങ്ങനെ പങ്കെടുക്കണം, എന്തു പറയണം എന്നു പോലും അറിയാത്ത സാധാരണക്കാരായിരുന്നു ഇതുവരെയെങ്കിൽ ഇത്തവണ അതു തിരുത്തി കുറിച്ച നിമിഷങ്ങളാണ് കാണാനായത്. കോഴിക്കോടും പാലക്കാടുമെല്ലാം കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും അഴിമതിയും എണ്ണിയെണ്ണി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ പറഞ്ഞ ഉപഭോക്താക്കളെ കേരളം കണ്ടു. എറണാകുളത്ത് നടത്തിയ പബ്ലിക് ഹിയറിങിലാകട്ടെ കെഎസ്ഇബിയുടെ ശുപാർശ തന്നെ ക്രിമിനൽ കുറ്റമാണെന്നു തെളിയിച്ച ഉപഭോക്താവായിരുന്നു താരം.

പെരുമ്പാവൂർ സ്വദേശിയായ ഷാജഹാൻ ആണ് ഇത്തരത്തിൽ കെഎസ് ഇബിയുടെ ശുപാർശയെ തന്നെ വെട്ടിലാക്കിയത്. ഡൊമസ്റ്റിക് ഇലക്‌ട്രിസിറ്റി കൺസ്യൂമർ അസോസിയേഷൻ (DECA) സംസ്ഥാന പ്രസിഡന്‍റാണ് ഷാജഹാൻ. ഇനി തിരുവനന്തപുരത്ത് ഒരു ഹിയറിങ് കൂടി ശേഷിക്കെ ഫലത്തിൽ അസാധുവായ ഈ ശുപാർശ ഇനി റെഗുലേറ്ററി കമ്മീഷൻ കേൾക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു. ഈ സാഹചര്യത്തിൽ ഷാജഹാന്‍റെ പഠനങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം.

SHAJAHAN
ഈ ശുപാർശ തന്നെ തെറ്റല്ലേ ?ഷാജഹാൻ

2024-25ൽ 24880 .37 MU വിൽപന നടക്കും എന്ന് പ്രതീക്ഷിക്കുന്നതായി പറയുന്ന കെഎസ്ഇബി എന്തുകൊണ്ട് 2022-23 വർഷത്തിലെ വൈദ്യുതി വിൽപനയുടെ കണക്കു പറയാത്തത് എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം തന്നെ. വിൽപനയുടെ കണക്ക് വിവരാവകാശ രേഖയിൽ പോലും കൃത്യമായി നൽകാത്ത കെഎസ്ഇബി 30,000 മില്യൺ യൂണിറ്റ് വിൽപന നടത്തിയതായി പവർ ഫിനാൻസ് കോർപറേഷന്‍റെ കണക്ക് പറയുന്നു. ഇതെന്തുകൊണ്ട് 2024 ഓഗസ്റ്റ് 15 ന് റെഗുലേറ്ററി കമ്മീഷനിൽ നൽകിയ ശുപാർശയിൽ കെഎസ്ഇബി പറയുന്നില്ല. 30000 മില്യൺ യൂണിറ്റ് വിറ്റിട്ട് 24,880 മില്യൺ യൂണിറ്റു മാത്രമേ ഭാവിയിൽ വിൽപന സാധ്യമാകൂ എന്ന കണക്കും കൂട്ടുമ്പോൾ 5300 മില്യൺ യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വിറ്റിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഈ വിൽപനയിൽ കെഎസ്ഇബിയിൽ കിട്ടിയ തുകയായ 18900 കോടിയിലധികം രൂപ 2022-23 ൽ കിട്ടിയതിൽ 3300 കോടി രൂപ കാണാനില്ലെന്നാണ് മനസിലാക്കുന്നത്.

കെഎസ്ഇബി തന്നെ പറയുന്നു 1520 കോടി രൂപ കടം ഉണ്ടെന്ന്. ഈ റവന്യൂ ഗ്യാപ് കൂടി വരുമ്പോ അതിന്‍റെ കൂടെ റീ പേയ്മെന്‍റ് ബോണ്ടിന്‍റെ 407 കോടി രൂപയും ചേർത്ത് 1927.2 കോടി രൂപയുടെ കടം വീട്ടാനായി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന ശുപാർശയാണല്ലോ ഇപ്പോൾ റെഗുലേറ്ററി കമ്മീഷന്‍റെ മുമ്പിൽ കെഎസ്ഇബി നൽകിയിരിക്കുന്നത്.കെഎസ്ഇബിയുടെ തന്നെ വിൽപനയുടെ കണക്കു പ്രകാരം 6 രൂപ വച്ചു നോക്കിയാൽ പോലും 3300 കോടിയോളം കാണാനുണ്ട്. പവർ ഫിനാൻസ് കോർപറേഷന്‍റെ കണക്കു പ്രകാരം കാണാനുള്ള ഈ 3300 കോടി തുക തിരിച്ചെത്തിയാൽ നിലവിൽ കെഎസ്ഇബിയുടെ നിലവിലുള്ളതായി പറയുന്ന കമ്മി 1520 കോടി രൂപ ഇല്ലാതാകുകയും 1500 കോടിയിലധികം ലാഭമുണ്ടാകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ കെഎസ്ഇബി വൈദ്യുതി വർധന ആവശ്യപ്പെട്ടുള്ള ഈ പെറ്റീഷൻ തന്നെ തെറ്റല്ലേ? ഷാജഹാൻ ചോദിക്കുന്നു.

shajahan
കണക്കിൽ പെടാതെ പോയ വൈദ്യുതി എവിടെ? ഷാജഹാൻ

ഒന്നുകിൽ 2022-23ൽ വിറ്റ 5300 മില്യൺ യൂണിറ്റ് വൈദ്യുതി എവിടെ എന്നു പറയണം, അല്ലെങ്കിൽ പവർ ഫിനാൻസ് കോർപറേഷന്‍റെ 30,000 മില്യൺ യൂണിറ്റ് വൈദ്യുതി വിറ്റതായുള്ള കണക്ക് തെറ്റാണ് എന്ന് കെഎസ്ഇബി പറയണം. ഷാജഹാന്‍റെ ചോദ്യത്തെ നീണ്ട ഹർഷാരവത്തോടെയാണ് അവിടെ തിങ്ങി നിറഞ്ഞ ഉപഭോക്താക്കൾ സ്വീകരിച്ചത്.

ഷാജഹാൻ ചൂണ്ടിക്കാട്ടിയ മറ്റൊരു ഗുരുതരമായ പിഴവ് ഇങ്ങനെ:

"സീരിയൽ നമ്പർ ഏഴിൽ ടേബിൾ ഒന്നിൽ സർക്കാർ ഇടപെട്ട് കുറച്ചു കൊടുക്കുന്ന കടം( net gap after tuning up) 75 ശതമാനമാണ് എന്ന് കാണിച്ചിരിക്കുന്നു.798 കോടി ട്യൂൺ അപ് ചെയ്തതും കേരള ഗവണ്മെന്‍റ് ഏറ്റെടുത്ത 767 കോടിയും കാണിക്കുന്നു. ഏഴാം കോളത്തിൽ 30.08 കോടി വന്നതായി കാണിക്കുന്നു. അതെങ്ങനെ വന്നു എന്ന് കെഎസ്ഇബി പറയുന്നത് മൂന്നാം കോളത്തിൽ നിന്ന് നാലും അഞ്ചും ആറും കുറച്ചാൽ കിട്ടുന്ന തുകയാണ് ഏഴിൽ എന്നാണ്.കെഎസ്ഇബിയ്ക്കു കിട്ടിയത് 30കോടിയാണെങ്കിൽ സാധാരണക്കാരനായ എനിക്ക് ഈ കണക്കുകൾ കൂട്ടിയപ്പോൾ കിട്ടിയത് 360 കോടിയാണ്. ആദ്യ പേജിൽ തന്നെ കെഎസ്ഇബി വൻ പിഴവു കാണിച്ചിരിക്കുന്നു. ഇവിടുന്നങ്ങോട്ട് എല്ലാം തെറ്റാണ്.'

2022-23 ൽ നടന്ന ഹിയറിങിൽ ഇലക്ട്രിക്കൽ വാഹനങ്ങൾ ചാർജ് ചെയ്യുന്ന 700 സ്റ്റേഷനുകൾ ഉണ്ടെന്നും 2024-25 ൽ വരുമാനം കുറയുമെന്നുമാണ് അന്ന് കെഎസ്ഇബി പറഞ്ഞത്. 700 ചാർജിങ് സ്റ്റേഷനുകൾ കൊണ്ട് എങ്ങനെയാണ് വരുമാനം കുറയുന്നതെന്ന് കെഎസ്ഇബി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. എങ്ങനെയാണെന്നല്ലേ...ഒരൊറ്റ ചാർജിങ് സ്റ്റേഷനിലും ആവശ്യമായ പ്ലഗ് ഇല്ല.കാലഹരണപ്പെട്ട പ്ലഗ് ഉപയോഗിച്ച് തങ്ങളുടെ വരുമാനം കുറയ്ക്കുകയാണ് കെഎസ്ഇബി. '

മറ്റൊരിക്കലും ഇല്ലാത്തത്ര അഭൂതപൂർവമായ ജനസഞ്ചയമാണ് ഇത്തവണ കെഎസ്ഇബിയുടെ പബ്ലിക് ഹിയറിങിൽ എല്ലായിടത്തും കണ്ടത്. ഈ വരുന്ന പത്തിന് തിരുവനന്തപുരത്താണ് അടുത്ത ഹിയറിങ്. ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതാവായ അഡ്വ.വിനോദ് വിൽസൺ മാത്യുവിന്‍റെ യുട്യൂബ് പോസ്റ്റാണ് ഇത്രയധികം ജനങ്ങളെ പബ്ലിക് ഹിയറിങിലേക്ക് ആകർഷിച്ചത്. കെഎസ്ഇബിയുടെ കള്ള ശുപാർശയ്ക്കെതിരെ ക്രിമിനൽ കുറ്റത്തിനു കേസ് എടുക്കണമെന്നും കാണാനുള്ള 3000 കോടിയിലധികം രൂപ കണ്ടെത്തുന്നതിനായി അഴിമതി അന്വേഷണം നടത്തണമെന്നുമാണ് ഷാജഹാന്‍റെ ആവശ്യം.എന്തായാലും വൈദ്യുതി നിരക്കു വർധനയ്ക്ക് കച്ച കെട്ടിയിറങ്ങിയ കെഎസ്ഇബി എന്തു ചെയ്യും ഇനി..? വരാനിരിക്കുന്നത് കാത്തിരുന്നു കാണുക തന്നെ.

Trending

No stories found.

Latest News

No stories found.