അജയൻ
ഒരടി പിന്നോട്ട്, ഒരടി മുന്നോട്ട്, പിന്നെ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയിടത്തുതന്നെ! വലിയ പദ്ധതികളുടെ കാര്യത്തിൽ സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും സമീപനം ഏകദേശം ഇങ്ങനെയൊക്കെയാണിപ്പോൾ. ഇതിൽ ഏറ്റവും പുതിയതാണ് സീ പ്ലെയിൻ പദ്ധതി. ഉമ്മൻ ചാണ്ടി സർക്കാർ ആദ്യം മുന്നോട്ടു വച്ചപ്പോൾ അന്നത്തെ പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കണ്ണുംപൂട്ടി എതിർത്ത പദ്ധതി. അപ്രായോഗികം, മത്സ്യത്തൊഴിലാളിവിരുദ്ധം, അനാവശ്യം... എതിർവാദങ്ങൾ ഏറെയായിരുന്നു. ഇതേ പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കുമ്പോൾ അത് അഭിമാനസ്തംഭമായി മാറുകയും ചെയ്യുന്നു! 'ഒറ്റപ്പെട്ട സംഭവം' എന്നു മാറ്റിവയ്ക്കാൻ പറ്റില്ല, ഇതൊരു പതിവായിക്കഴിഞ്ഞിരിക്കുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യയൊട്ടാകെ കംപ്യൂട്ടറൈസേഷൻ പരിചയപ്പെട്ടു തുടങ്ങുമ്പോൾ, ഇതു തൊഴിലില്ലായ്മ വർധിപ്പിക്കുമെന്നും തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്നും പറഞ്ഞ് സമരം ചെയ്തവരാണ് ഇടതുപക്ഷ പാർട്ടികൾ. ഇന്നു കേരളത്തെ ഇന്ത്യയുടെ ഐടി ഹബ്ബാക്കി മാറ്റാൻ പണിപ്പെടുകയാണ് ഇതേ ഇടതുപക്ഷം! ''അഭിപ്രായം ഇരുമ്പുലക്കയല്ല'' എന്ന പഴയ രാഷ്ട്രീയ സമവാക്യം ആവർത്തിച്ചു മടുത്തെന്നു മാത്രമല്ല, പാർട്ടി ബുദ്ധിജീവികളിൽ പലരും അത് മറന്നും പോയിരിക്കുന്നു!
ഇന്ത്യയെ കട്ടുമുടിക്കാൻ വന്ന ക്യാപ്പിറ്റലിസ്റ്റ് ഭീകരരായി ലോക ബാങ്കിനെയും എഡിബിയെയും (ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക്) മുദ്ര കുത്തി കോലം കത്തിച്ചവരാണ് ഇടതു പാർട്ടികൾ. അന്ന് സാമ്രാജ്യത്വത്തിന്‍റെ ഏജന്‍റുമാരും ചൂഷണത്തിന്‍റെ പ്രതിരൂപങ്ങളുമായിരുന്ന അതേ സ്ഥാപനങ്ങളിൽനിന്നു വായ്പ തരപ്പെടുത്തുന്നത് ഇന്ന് അതേ ഇടതുപക്ഷത്തിന് അഭിമാന മുഹൂർത്തങ്ങളായി മാറിയിരിക്കുന്നു.
''അന്നങ്ങനെ ഇന്നിങ്ങനെ'' എന്നു പറഞ്ഞ പോലെ തന്നെയാണ് കൊച്ചി വിമാനത്താവളത്തിന്‍റെ ചരിത്രവും. 1990കളിൽ അതൊരു പോർക്കളമായിരുന്നു. തന്‍റെ ശവത്തിനു മീതേ കൂടിയായിരിക്കും ഇവിടെനിന്ന് ആദ്യത്തെ വിമാനം പൊങ്ങുക എന്ന് ഉറക്കെ പ്രഖ്യാപിച്ചൊരു 'പ്രമുഖ' സിപിഎം നേതാവുണ്ടായിരുന്നു അന്ന്. ഇന്ന് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ ഇടതുപക്ഷത്തിന് കേരള വികസനത്തിന്‍റെ ഉത്തമ മാതൃകളാണ്! അല്ലെങ്കിലും, ഇരട്ടത്താപ്പിന് എന്നും ടെയ്ക്ക്ഓഫ് വളരെ എളുപ്പമായിരിക്കും. എയറിൽ കയറുന്നതൊന്നും അവർക്കൊരു പ്രശ്നവുമല്ല!
ഇടതുപക്ഷത്തിന്‍റെ ഇരട്ടത്താപ്പിന് മറ്റൊരു ഉദാഹരണമാണ് സ്വാശ്രയ കോളെജുകൾക്കെതിരേ നടത്തിയ സമര നാടകങ്ങൾ. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരായ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ ചെറിയൊരു ട്വിസ്റ്റുണ്ടായി- ഒരു മുതിർന്ന നേതാവ് അധികമാരുമറിയാതെ സ്വന്തം മകളെ അയൽ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേർത്തു. 'ചെറിയ ജാഗ്രതക്കുറവ്' എന്ന് ഇന്നത്തെ ഇടത് ന്യായീകരണ ഭാഷയിൽ പറയാവുന്ന ഒന്ന്. അന്നത്തെ സമര നാടകം ആർക്ക് ഗുണം ചെയ്തു, ആർക്കു ദോഷം ചെയ്തു എന്നൊന്നും ഇനി ആലോചിക്കേണ്ട കാര്യമില്ല. കാരണം, കേരളത്തിൽ കടതുറക്കാൻ ആഗോള സർവകലാശാലകളും സ്വകാര്യ വിദ്യാഭ്യാസ ഭീമൻമാരും വരി നിൽക്കുകയാണല്ലോ!
ഇന്ന് കേരള വികസനത്തിന്‍റെ മകുടോദാഹരണമായി ചീറിപ്പായുന്ന മെട്രൊ റെയ്ലിന്‍റെ തുടക്കവും അത്ര എളുപ്പമായിരുന്നില്ല. അന്നത്തെ പ്രക്ഷോഭകരുടെ മുന്നണിയിൽ ഇന്നത്തെ ഏതു മന്ത്രിയായിരുന്നു എന്നും ചോദിക്കരുത്. കേന്ദ്രത്തിന്‍റെ ദേശീയപാതാ പദ്ധതിയും ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും വൈകിയത് സാങ്കേതിക കാരണങ്ങളാൽ അല്ലെന്ന് എല്ലാവർക്കുമറിയാം. ഇന്ന് എൽഡിഎഫ് സർക്കാരിന്‍റെ നേട്ടപ്പട്ടികയിൽ ഇതു രണ്ടുമുണ്ട്!
അവസാനമില്ലാതെ നീളുന്നതാണ് വിരോധാഭാസങ്ങളുടെ ഈ പട്ടിക. പഴയ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതീകങ്ങളായി നിലകൊണ്ട പരിപ്പുവടയും കട്ടൻ ചായയും, എഴുതാത്തതെന്നു പറയപ്പെടുന്ന ഒരു ആത്മകഥയുടെ തലക്കെട്ടായി മാറുമ്പോൾ, എഴുതിയില്ലെന്നു പറയുന്ന എഴുത്തുകാരനെത്തന്നെയാണ് പാർട്ടിക്ക് വിശ്വാസം. സിൽവർ ലൈനിൽ കൊണ്ടുപോയി വിൽക്കാൻ വച്ച അപ്പങ്ങളൊക്കെ പുളിച്ചുപോയി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സീ പ്ലെയിൻ പദ്ധതി അപകടത്തിലാക്കിയ മത്സ്യങ്ങളെയൊക്കെ എൽഡിഎഫ് സുരക്ഷിത സ്ഥാനങ്ങളിലേക്കു പുനരധിവസിപ്പിച്ചെന്നു വേണം കരുതാൻ.
ഇന്നലെകളിൽ എതിർത്ത പദ്ധതികളെ ഇന്നു ന്യായീകരിക്കുന്ന പാർട്ടിയുടെ ട്രപ്പീസ് കളിയെ ഒരു സാധാരണ പ്രവർത്തകൻ ഇങ്ങനെ വിശേഷിപ്പിച്ചു, ''അവരെന്താണ് കരുതുന്നത്? സത്യമെന്ന പേരിൽ ഈ പ്രചരിപ്പിക്കുന്നതൊക്കെ നമ്മളങ്ങ് കണ്ണുമടച്ച് വിശ്വസിക്കുമെന്നോ? അത്രയ്ക്ക് അന്തങ്ങളല്ല നമ്മൾ. നമ്മൾ ജീവിക്കുന്ന യാഥാർഥ്യത്തെയാണ് അവർ തിരുത്തിയെഴുതാൻ ശ്രമിക്കുന്നത്.''