പ​ണ​ക്കൊ​ഴു​പ്പി​ല്‍ ന​ട​ക്കു​ന്ന അ​മെ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്

തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ കമല ഹാരിസ് പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങള്‍ കൊണ്ട് 97.2 ദശലക്ഷം ഡോളര്‍ പിരിച്ചെടുത്തു.
Running on money American election
american electionfile
Updated on

അഡ്വ. പി.എസ്. ശ്രീകുമാര്‍

ചാഞ്ചാട്ട സംസ്ഥാനമായ നെവാഡയിലെ ലാസ് വെഗാസില്‍ കമല ഹാരിസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിന് ചെലവഴിച്ച തുക കേട്ടാല്‍ നമ്മള്‍ മൂക്കത്തു വിരല്‍ വച്ച് പോകും- 1.2 ബില്യണ്‍ ഡോളര്‍, അതായത്, ഏകദേശം 996 കോടി ഇന്ത്യന്‍ രൂപ.

ഇതൊരു സാംപിള്‍ മാത്രം. കമല ഹാരിസും ഡോണാള്‍ഡ് ട്രംപും കൂടി ഇപ്പോള്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ ചെലവഴിക്കുന്ന തുക പോലും മൊത്തം ആഭ്യന്തര ഉദ്പാദനമായി ഇല്ലാത്ത 17 ഓളം രാജ്യങ്ങളാണ് ഈ ലോകത്തുള്ളതെന്നു പറഞ്ഞാല്‍, ഒരുപക്ഷേ വിശ്വസിക്കാന്‍ ചിലരെങ്കിലും മടിക്കും. ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ ഏകദേശം 8,300 കോടി രൂപയാണ് ഇവരുടെ രണ്ടുപേരുടെയും പേരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആരംഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് അക്കൗണ്ടില്‍ നിന്നും മാത്രം ചെലവഴിക്കുന്നത്.

തെരഞ്ഞെടുപ്പിന് പണം ചെലവഴിക്കാന്‍ യാതൊരു നിയന്ത്രണവും അവിടെയില്ല. പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിയമപരമായി തന്നെ സംഭാവന സ്വീകരിക്കുവാന്‍ നിയമം അനുവദിക്കുണ്ട്. 1995 ലെ ലോബിയിങ് ഡിസ്‌ക്ലോഷര്‍ ആക്റ്റ് പ്രകാരം ലോബിബിയിങ്ങിനായി പണം പിരിക്കാന്‍ അനുമതിയുമുണ്ട്.

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എല്ലാം പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റികള്‍ മുഖാന്തിരം പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും സംഭാവന നൽകാന്‍ സാധിക്കും. 2010ലെ അമെരിക്കന്‍ സുപ്രീം കോടതി വിധി പ്രകാരം കോർപ്പറേഷനുകള്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാന്‍ സാധിക്കും. എന്നാല്‍ വ്യക്തികളെ സംബന്ധിച്ച് അവര്‍ക്കു നിയമപരമായി നൽകാന്‍ സാധിക്കുന്നത് 3,300 ഡോളറാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണും കൂടി ചെലവഴിച്ചത് 7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2020 ആയപ്പോഴേക്കും തുക ഇരട്ടിയായി വര്‍ധിച്ചു. 14.4 ബില്യണ്‍ ഡോളറാണ് അന്നത്തെ സ്ഥാനാര്‍ഥികളായ ജോ ബൈഡനും ഡോണാള്‍ഡ് ട്രംപും കൂടി ചെലവഴിച്ചത്. ഫെഡറല്‍ ഇലെക്ഷന്‍ കമ്മിഷനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കുന്ന തുക പുതിയ റെക്കോഡ് സ്ഥാപിച്ചു മുന്നോട്ടുപോകുകയാണ്.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ജോ ബൈഡന്‍ അസുഖത്തിന്‍റെയും ടിവി സംവാദങ്ങളില്‍ പരാജയങ്ങളിലൂടെയും ജൂലൈ അവസാനാം തെരഞ്ഞെടുപ്പ് രംഗം വിടുന്നവരെ 95 ദശലക്ഷം ഡോളറാണ് പിരിച്ചെടുത്തതെന്നാണ് ഫെഡറല്‍ ഇലക്‌ഷന്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതേസമയം അന്ന് വിജയപ്രതീക്ഷയുമായി മുന്നേറിയിരുന്ന ട്രംപ് 126 ദശലക്ഷം ഡോളര്‍ സംഭാവന ഇനത്തില്‍ പിരിച്ചിരുന്നു.

എന്നാല്‍, പൊടുന്നനെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ കമല ഹാരിസ് പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങള്‍ കൊണ്ട് 97.2 ദശലക്ഷം ഡോളര്‍ പിരിച്ചെടുത്തു. രണ്ടു പേരുടെയും ഔദ്യോഗിക പ്രചാരണ ഫണ്ട് ശേഖരണം ഒക്റ്റോബര്‍ അവസാനമെത്തുമ്പോള്‍ ഒരു ബില്യണ്‍ തുകയ്ക്ക് മുകളിലായി കഴിഞ്ഞിരിക്കുന്നു. ഇതില്‍ ഇവര്‍ക്ക് വേണ്ടി ബിസിനസ് ഗ്രൂപ്പുകളുടെയും വിഭാഗങ്ങളുടെയും പേരില്‍ രൂപീകരിച്ചിട്ടുള്ള വിവിധ പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റികള്‍ പിരിച്ച കണക്കുകള്‍ ഉള്‍പ്പെട്ടിട്ടില്ല.

ടെസ്‌ല കമ്പനിയുടെയും ഫെയ്സ് ബുക്ക്, എക്‌സ്, മെറ്റ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെയും ഉടമയായ എലോണ്‍ മസ്‌ക് മാത്രം ഇതിനോടകം 119 ദശലക്ഷം ഡോളര്‍ ട്രംപിന്‍റെ പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചതായാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 20ഓളം കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന മസ്‌ക് കേസുകളില്‍ നിന്നും രക്ഷപ്പെടാനും ട്രംപ് അധികാരത്തിലെത്തിയാല്‍ തന്‍റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുവാനും വേണ്ടി നടത്തുന്ന ദീര്‍ഘകാല നിക്ഷേപമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി ലോഭമില്ലാതെ ചെലവാക്കുന്നതെന്നുള്ള ആക്ഷേപം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്.

മാത്രമല്ല , പ്രതുപകരമെന്ന നിലയില്‍ താന്‍ പ്രസിഡണ്റ്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍, മസ്‌കിനെ ഗവണ്മെന്‍റ് എഫിഷ്യന്‍സി കമ്മീഷനായി നിയമിക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. വോട്ട് ചെയ്യാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിന് തുകയുടെ സമ്മാനം വിതരണം ചെയ്തുകൊണ്ട് ട്രംപിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായി മസ്‌ക് മാറിക്കഴിഞ്ഞു. പിറ്റ്സ്ബര്‍ഗ് ബാങ്കിങ് വ്യവസായിയായ തിമോത്തി മെലോണ്‍ 50 ദശലക്ഷം ഡോളറാണ് ട്രംപിന്‍റെ പ്രചാരണത്തിന് നല്‍കിയിട്ടുള്ളത്.

ബില്‍ ഗേറ്റ്‌സിനെ പോലെയുള്ള ചില വന്‍ വ്യവസായികള്‍ ഡെമോക്രറ്റുസ്‌കള്‍ക്കൊപ്പമുണ്ട്. ലിങ്കെടിന് സ്ഥാപകനായ റീഡ് ഹോഫ്മാന്‍ 7 ദശലക്ഷം ഡോളറാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നല്‍കിയത്. സംഭാവന നല്‍കിയ ശേഷം അദ്ദേഹം ഒരു കാര്യം കൂടി ഉന്നയിച്ചു. തന്‍റെ ബിസിനസ് താത്പര്യങ്ങള്‍ക്കു തടസമായി നില്‍ക്കുന്ന ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ലീന ഖാനെ ആ സ്ഥാനത്തു നിന്നും മാറ്റണമെന്ന്. ഡെമോക്രറ്റുകളെ സഹായിച്ചുകൊണ്ടിരുന്ന ആമസോണ്‍ സ്ഥാപകനും വാഷിങ്ടണ്‍ പോസ്റ്റിന്‍റെ ഉടമയുമായ ജെഫ് ബെസോസ് കമല ഹാരിസിനെ പിന്തുണയ്ക്കരുതെന്ന് പത്രാധിപ സമിതിക്കു കര്‍ശനമായ നിര്‍ദേശം നല്‍കി.

2016 ലെ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റണെ പിന്തുണച്ചതിനെ തുടര്‍ന്ന് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ഒരു ബില്യണ്‍ ഡോളറിന്‍റെ വലിയ കോണ്‍ട്രാക്റ്റില്‍ നിന്നും വാഷിങ്ടണ്‍ പോസ്റ്റിനെ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടിലേക്ക് മാറിയത്. അതുകൊണ്ടു ഈ പത്രത്തിന്‍റെ വരിക്കാരായിരുന്ന ഏകദേശം രണ്ടരലക്ഷത്തോളം വരിക്കാരെ പത്രത്തിന് നഷ്ടമായി. എന്നാല്‍ അതൊന്നും ബെസോസ് കാര്യമാക്കുന്നില്ല. ഏതായാലും നിരവധി വൻ വ്യവസായികളാണ് ഇരു വശത്തും അണിനിരന്ന് പ്രചാരണങ്ങള്‍ക്ക് കൊഴുപ്പു കൂട്ടുന്നത്.

എങ്കിലും, വ്യവസായ ലോബിയില്‍ ഭൂരിപക്ഷവും ട്രംപിനൊപ്പമാണ് നിലകൊള്ളുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളള്‍ക്കാണ് ഇരു ചേരികളും ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത്. ബൈഡന്‍- കമല ഭരണത്തിന് കീഴില്‍ അമെരിക്കയില്‍ ഉണ്ടായിട്ടുള്ള വിലക്കയറ്റവും പണപ്പെരുപ്പവും പ്രൊജക്റ്റ് ചെയ്യുന്നതിനൊപ്പം, കുടിയേറ്റക്കാരുടെ നേതൃത്വത്തില്‍ പല സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമസംഭവങ്ങളുമാണ് ട്രംപ് ക്യാമ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നത്.

അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടം എടുത്തിട്ടുള്ള നടപടികളും, ആരോഗ്യ ഇൻഷ്വറന്‍സ് നടപ്പിലാക്കിയതിലൂടെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി മാറുന്ന കാര്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗര്‍ഭഛിദ്ര പ്രശ്‌നത്തില്‍ ട്രംപ് സ്വീകരിച്ചിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടുകളും, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ട്രംപിന്‍റെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി ശ്രമങ്ങളും വിവിധ ചാന്നലുകളിലൂടെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളില്‍ വ്യാപകമായി എത്തിക്കുന്നതിനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ശ്രദ്ധിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിന്‍റെ മറ്റൊരു പ്രത്യേകത ആഫ്രിക്കന്‍, ഏഷ്യന്‍, ഹിസ്പാനിക്, ലാറ്റിനോ, അറബിക് വിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യം വച്ച് രണ്ടു ക്യാംപുകളും പ്രത്യേക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. തെരഞ്ഞെപ്പിന്‍റെ ചൂടും, രൂക്ഷതയും വെളിവാക്കുന്ന രീതിയിലാണ് അവിടെ പണം ഒഴുകുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇരു ക്യാമ്പുകളും കൂടി 25 ബില്യണ്‍ ഡോളറെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കും എന്നാണ് കണക്കാക്കുന്നത്. കമലയാണോ അതോ ട്രമ്പാണോ ജയിക്കുക എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത വിധത്തില്‍, പ്രവചനാതീതമായ പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഈ തെരഞ്ഞെടുപ്പ്, ചെലവിന്‍റെ കാര്യത്തില്‍ ഒരു പുതിയ റെക്കോഡ് സ്ഥാപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

(ലേഖകന്‍റെ ഫോൺ- 9495577700)

Trending

No stories found.

Latest News

No stories found.