#സലിം കുമാർ
ഞാൻ അറിയപ്പെടുന്ന സലിം കുമാറാകാൻ മഹാരാജാസ് കോളെജ് എന്ന വിദ്യാലയം വഹിച്ച പങ്ക് വളരെ വലുതാണ്. അവിടെ എനിക്ക് പ്രിയപ്പെട്ട ഒന്നിനെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ, ഞാൻ തെരഞ്ഞെടുക്കുന്നതു പ്രിയപ്പെട്ട ഓമനക്കുട്ടൻ മാഷിനെയായിരിക്കും. ആ ബന്ധം ഇന്നും വളരെ ദൃഢമായി പോകുന്നു. ആ സൗഹൃദം കൂടിക്കൂടി നാലു വർഷത്തോളം ഞാൻ ഡിഗ്രി പഠിച്ചു. മൂന്നു വർഷമേയുള്ളൂ ഡിഗ്രി. എങ്കിലും എനിക്കു മതിയായില്ല, മഹാരാജാസ് കോളെജ്. അങ്ങനെ നാലാം വർഷം, തിരുവല്ലയിൽ പരിപാടി കഴിഞ്ഞ് മഹാരാജാസ് കോളെജിലെത്തി.
അന്നു മഹാരാജാസ് കോളെജിന്റെ സെന്റർ സർക്കിളിൽ, അർധരാത്രി ഒരുപാട് നേരം ഞാനും ഓമനക്കുട്ടൻ മാഷും കഥകൾ പറഞ്ഞിരുന്നു. ആ കഥകൾ ഇന്നു മറക്കാൻ പറ്റില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ മാഷ് ചോദിച്ചു, ""ഡാ, ഉറങ്ങണ്ടേ. ഹോസ്റ്റലിന്റെ ചുമതല എനിക്കാണ്. വാർഡൻ എന്ന നിലയിൽ എനിക്കൊരു റൂമുണ്ട്. നമുക്ക് അവിടെ പോയി കിടക്കാം''.
ആ രാത്രി മുഴുവൻ ഞങ്ങൾ സംസാരിച്ചിരുന്നു. ആ രാത്രി സംസാരിച്ചിരിക്കുമ്പോൾ മാഷ് ചോദിച്ചു,
""എനിക്ക് അറിയാൻ വേണ്ടി ചോദിക്കുന്നതാണ്. ഇത്രയും നേരം സുഹൃത്തുക്കളെ പോലെ കഴിഞ്ഞതല്ലേ. അതുകൊണ്ട് ചോദിക്കുകയാണ്, നീ മഹാരാജാസിൽ ഏതു ക്ലാസിലാണ് പഠിക്കുന്നത്?''.
ഞാൻ പറഞ്ഞു, മലയാളം ബിഎയ്ക്കാണ് പഠിക്കുന്നത്.
അപ്പോൾ മാഷ് പറഞ്ഞു, ഞാൻ മലയാളം ബിഎയ്ക്ക് പഠിപ്പിക്കുന്നയാളാണ്. ഓഹോ, ഗ്ലാഡ് ടു മീറ്റ് യൂ..!
അന്നാണു ഞാൻ തിരിച്ചറിഞ്ഞത് എന്നെ പഠിപ്പിക്കുന്ന മാഷാണെന്ന്..!
നേരം വെളുത്ത്, ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഓമനക്കുട്ടൻ മാഷ് ബീഡിക്കുറ്റികൾ പെറുക്കിയെടുക്കുകയാണ്. ഞാൻ വലിച്ച് എറിഞ്ഞ ബീഡിക്കുറ്റികൾ പെറുക്കെയെടുക്കുന്ന മാഷിനെയാണു കാണുന്നത്. ഇല്ലെങ്കിൽ മാഷിന്റെ പേരിലാണു കുറ്റം വരിക. എനിക്കതു മനസിലൊരു വല്ലാത്ത ദുഃഖഭാരം ഉളവാക്കി.
അന്നൊരു ശപഥം ചെയ്തു.
ഇനി ബീഡി വലിച്ചു കുറ്റിയിടാൻ ഒരു ആഷ് ട്രേ വാങ്ങിക്കുക..!
ഒരു ദിവസം ഞാനും ഓമനക്കുട്ടൻ മാഷും കൂടി മഹാരാജാസ് കോളെജിൽ എത്തുമ്പോൾ, കോളെജിന്റെ സെൻട്രൽ സർക്കിളിൽ ഒരു പെയ്ന്റിങ് മത്സരം നടക്കുകയാണ്. പെയ്ന്റിങ് ചെയ്യുന്നവരുടെ ചുറ്റും ഒരുപാടു കുട്ടികൾ നിൽക്കുന്നുണ്ട്. എന്നാലൊരു പെൺകുട്ടി വരയ്ക്കുന്നതിന്റെ ചുറ്റം മാത്രം ആരുമില്ല.
ഞാൻ അവിടേക്കു ചെന്നു. ആ കുട്ടിയോട് പറഞ്ഞു, ""മോളുടെ അടുത്ത് ആരുമില്ലാത്തത് എന്താണെന്നു മനസിലായോ, നന്നായിട്ട് പടം വരയ്ക്കണം. എന്നാലേ ഇതേ പോലെ ആള് കൂടുകയുള്ളൂ''.
ആ പെൺകുട്ടി പിൽക്കാലത്ത് ഒരുപാട് സിനിമകളുടെ നായികയായി. ഇന്ന് ഓമനക്കുട്ടൻ മാഷിന്റെ മരുമകളായ, അമൽ നീരദിന്റെ ഭാര്യയായ ജ്യോതിർമയിയാണ്. മാഷ് ഒരുപാട് പുസ്തകങ്ങൾ ഇനിയും എഴുതണം. മാഷ് ഇപ്പോഴും ചെറുപ്പമാണ്.