അപായച്ചൂരൊഴിയാത്ത ഊര് | പരമ്പര -1
നീതു ചന്ദ്രൻ
വന്യജീവികളെയും അന്നം തരുന്ന പ്രകൃതിയെയും ഒരു പോലെ ഭയന്നുള്ള ജീവിതം, വർഷത്തിൽ പല തവണ ഉരുൾപൊട്ടലായും മണ്ണിടിച്ചിലായും ആർത്തലച്ചെത്തി കിടപ്പാടവും കൃഷിയും ഉപേക്ഷിച്ചു പോകാൻ നിർബന്ധിക്കുന്ന മഴക്കാലം; അസുഖം വന്ന് വീണു പോയാൽ, അപ്രതീക്ഷിതമായി പരുക്കു പറ്റിയാൽ, പൊള്ളലേറ്റാൽ, ജീവൻ രക്ഷിക്കാൻ ഒറ്റയടിപ്പാതകളിലൂടെ പ്രിയപ്പെട്ടവരെയും ചുമന്ന് മണിക്കൂറുകളോളം നടക്കേണ്ടി വരുന്ന അവസ്ഥ....
കേരളം വന്ദേ ഭാരതിനെക്കുറിച്ചും മെട്രൊ റെയിലിനെക്കുറിച്ചുമുള്ള ചർച്ചകളിൽ അഭിരമിക്കുമ്പോൾ പേടികൂടാതെ ഉറങ്ങാൻ ഒരു നല്ല വീടില്ലാതെ, നടക്കാൻ പാകത്തിലൊരു വഴി പോലുമില്ലാതെ, മലക്കപ്പാറയിലെ ഉൾവനങ്ങൾ പൊതിഞ്ഞു പിടിച്ചിരിക്കുന്ന വീരൻകുടി ആദിവാസിക്കോളനിയിലുള്ളവർ ദുരിതപാതയിലൂടെ യാത്ര തുടരുകയാണ്. ഭയമില്ലാതെ പാർക്കാനും കൃഷി ചെയ്യാനും അൽപ്പം കൂടി സുരക്ഷിതമായ, ഗതാഗത സൗകര്യമുള്ള മറ്റൊരിടം എന്ന വീരൻകുടി ആദിവാസിക്കോളനി നിവാസികളുടെ ആവശ്യം ഇപ്പോഴും സ്വപ്നം മാത്രമായി തുടരുകയാണ്.
സഞ്ചാരികളുടെ സ്വർഗത്തിനടുത്ത് നരക ജീവിതം
അതിരപ്പിള്ളി കടന്ന് മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് നീണ്ടു കിടക്കുന്ന, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പാത. മലക്കപ്പാറയിലെ പ്രധാനപാതയ്ക്കിരുപുറവുമുള്ള ഇരുൾ മൂടിയ കാടിനുള്ളിലാണ് മണ്ണ് കുഴച്ചു തീർത്ത വീടുകളുള്ള മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ പാർക്കുന്ന വീരൻകുടി ആദിവാസിക്കോളനി. മലക്കപ്പാറയിൽ നിന്ന് നാലു കിലോമീറ്ററാണ് വീരൻകുടിയിലേക്കുള്ള ദൂരം. പക്ഷേ, അങ്ങോട്ടെത്താൻ കൃത്യമായൊരു പാത ഇല്ലെന്നു തന്നെ പറയാം.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്നടിഞ്ഞ കല്ലും മണ്ണും ചേർന്ന് കാലക്രമേണ നടപ്പാതയുടെ രൂപം പ്രാപിച്ച വഴിച്ചാലുകൾ. ആന വരാതിരിക്കാൻ പാതി വഴിയിൽ സ്ഥാപിച്ച കിടങ്ങിനു മുകളിലൂടെ കടക്കാൻ പാലത്തിനു പകരം സ്ഥാനം പിടിച്ച തുരുമ്പിച്ച രണ്ട് ഇരുമ്പ് പോസ്റ്റുകൾ. പായലും അട്ടകളും നിറഞ്ഞ ചെങ്കുത്തായ ഇറക്കങ്ങൾ. മഴ കനക്കുന്നതിനൊപ്പം ശക്തി പ്രാപിച്ച് ആഞ്ഞൊഴുകുന്ന അഞ്ച് തോടുകൾ... ഇത്രയും കടന്നു വേണം വീരൻകുടിയിലെത്താൻ. അതു തന്നെയാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും!
അപ്രതീക്ഷിതമായി ആർക്കെങ്കിലും വൈദ്യസഹായം വേണ്ടി വന്നാൽ ചെങ്കുത്തായ കയറ്റങ്ങളും കാടും നീർച്ചാലുകളുമെല്ലാം കാൽനടയായി കടന്ന് മലക്കപ്പാറയിൽ നിന്ന് 58 കിലോമീറ്റർ സഞ്ചരിച്ച് ചാലക്കുടിയിലോ അല്ലെങ്കിൽ അത്രയും ദൂരം തന്നെ സഞ്ചരിച്ച് വാൽപ്പാറയിലോ എത്തണം. പുനരധിവാസത്തിൽ കുറഞ്ഞൊരു മാർഗവും ഇവരുടെ ദുരിതത്തിന് മാറ്റം വരുത്താനിടയില്ല.
വീരൻകുടിയുടെ ചരിത്രം
മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളുടെ അരികു പിടിച്ച് അർധ നിത്യഹരിത വനത്തിലൂടെ കിലോമീറ്ററുകളോളം നടക്കണം അരേക്കാപ്പ്, വീരൻകുടി കോളനികൾ ഉൾക്കൊള്ളുന്ന കപ്പായക്കുടിയിലെത്താൻ. മലക്കപ്പാറയിൽ നിന്ന് രണ്ടു കിലോമീറ്റർ താഴെയാണ് 37 കുടുംബങ്ങൾ താമസിക്കുന്ന അരേക്കാപ്പ് കോളനി. അവിടെ നിന്നു രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചു വേണം വീരൻകുടിയിലെത്താൻ. മുതുവാൻ വിഭാഗത്തിലുള്ള 7 കുടുംബങ്ങളാണ് വീരൻകുടിയിലുള്ളത്- 11പുരുഷന്മാരും 7 സ്ത്രീകളും 9 കുട്ടികളും. ഇതിൽ മൂന്നു പേർ അറുപതിൽ കൂടുതൽ പ്രായമായമുള്ളവരാണ്. 90 വയസിലധികം പ്രായമുള്ള കമലമ്മയാണ് കൂട്ടത്തിൽ ഏറ്റവും മുതിർന്നയാൾ. വർഷങ്ങൾക്കു മുൻപേ അടുത്തു തന്നെയുള്ള അരേക്കാപ്പ് കോളനിയിലായിരുന്നു ഇവരുടെ താമസം. ഒരിക്കൽ പകർച്ചവ്യാധി നിരവധി പേരുടെ ജീവനെടുത്തതോടെയാണ് അരേക്കാപ്പ് ഉപേക്ഷിച്ച് താമസം മാറിയത്.
""ഉള്ളതെല്ലാം സർക്കാരിനു കൊടുക്കാം, മുകളിൽ വേറെ മണ്ണ് തന്നാൽ മതി...'', ഉൾക്കാട്ടിനുള്ളിലെ പൊട്ടിയടർന്നു തുടങ്ങിയ തകരം മേഞ്ഞ വീടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി വന്ന പാടേ വീരൻ കരിങ്കുഞ്ഞ് പാതി മലയാളത്തിൽ വർഷങ്ങളോളം പഴക്കമുള്ള ആവശ്യം ഒന്നു കൂടി ആവർത്തിച്ചു. വീരനു മാത്രമല്ല, 90 കഴിഞ്ഞ കമലമ്മ അടക്കമുള്ളവർക്ക് ഇവിടെ നിന്നു മാറിത്താമസിക്കണമെന്നതിൽ മറിച്ചൊരഭിപ്രായമില്ല.
കോളനിക്ക് വീരൻകുടിയെന്ന പേരിന് കാരണക്കാരനായ വീരന്‍റെ മക്കളും മരുമക്കളുമെല്ലാമാണ് കോളനിയിൽ ഭൂരിപക്ഷവും. വർഷങ്ങളോളമായി മഴക്കാലമാകുമ്പോൾ ഉരുൾപൊട്ടൽ ഭയന്ന് മലക്കപ്പാറയിലെ കമ്യൂണിറ്റി ഹാളിലേക്ക് താമസം മാറുന്നതാണ് കോളനിയിലുള്ളവരുടെ പതിവ്.
""മഴ മാറി തിരിച്ചെത്തുമ്പോഴേക്ക് വീടും ചുറ്റുമുള്ള കൃഷിയുമെല്ലാം പാടേ നശിച്ചിരിക്കും. പിന്നെ എല്ലാം ആദ്യം മുതലേ തുടങ്ങണം, ഞങ്ങൾക്കു മടുത്തു....''
എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും നുരഞ്ഞു പൊങ്ങുന്ന രോഷം വീരന്‍റെ ഇളയ മകൾ വിജിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നു.
(ഉരുൾപൊട്ടി കൂട്ടത്തോടെ മരിച്ചാലും ഇനി ക്യാംപിലേക്കില്ലെന്നാണ് വീരൻകുടിക്കാർ പറയുന്നത്. അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ....)