മരണച്ചൂരടിക്കുന്ന മഴക്കാലങ്ങൾ| പരമ്പര 2
നീതു ചന്ദ്രൻ
""മഴ പെയ്ത് തുടങ്ങിയാൽ പിന്നെ പേടിയാണ്. ഇവിടത്തെ വീടുകൾക്കൊന്നും അത്ര വല്യ ഉറപ്പില്ല. വല്യ മഴ പെയ്യുമ്പോഴൊക്കെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പേടിച്ച് ഞങ്ങൾ കൂരകളിലുള്ള എല്ലാരെയും കൊണ്ട് അപ്പുറത്തുള്ള പുതിയ ചായ്പിലേക്ക് മാറി ഒരുമിച്ചിരിക്കും. എവിടെ നിന്നാണ് ഉരുളു പൊട്ടി വരണതെന്ന് അറിയാൻ പറ്റില്ലല്ലോ. അവിടെയിരുന്നാലും ഉരുള് പൊട്ടി വന്നാൽ രക്ഷയൊന്നുമില്ല. എന്നാലും ഒരു ധൈര്യത്തിന് എല്ലാരും ഒരുമിച്ചിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഇനിയിപ്പോ മഴയത്ത് ഉരുളു പൊട്ടി ഇവിടെയുള്ളോരെല്ലാം കൂട്ടത്തോടെ മണ്ണിനടിയിൽ ആയാലും ശരി ഇനി ഈ കാടും മലയും കേറി മലക്കപ്പാറയിലെ ക്യാംപിലേക്ക് പോകില്ലെന്ന് ഞങ്ങ ഉറപ്പിച്ചിട്ടുണ്ട്.''
മഴവെള്ളം ചോർന്ന് പായൽ പിടിച്ചു തുടങ്ങിയ വീടിന്‍റെ ഇറയത്തു നിന്ന് വിജി അവസാന വാക്കെന്ന പോലെ പറഞ്ഞു നിർത്തി. വർഷങ്ങളായി ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന നിരാശയും രോഷവും വിജിയുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നു. വീരൻ കരിങ്കുഞ്ഞിന്‍റെ ഇളയ മകളാണ് വിജി. വീരന്‍റെ വീടിനു താഴെയുള്ള തട്ടിൽ മറ്റൊരു കൂര വച്ചാണ് വിജിയും ഭർത്താവ് ബിജുകുമാറും താമസിക്കുന്നത്.
കാലങ്ങളായി കാടിനുള്ളിൽ താമസിക്കുന്നവർ, മുതുവാന്മാർ, കാട് വിട്ട് നാട്ടിലേക്കവർ ഇല്ലെന്ന് പറയുന്നതിന്‍റെ കാരണം, കാട് വിട്ടൊരു ജീവിതമില്ലെന്ന മട്ടിലുള്ള കാൽപ്പനികതയൊന്നുമല്ല. അവർക്കു വനത്തെ വിശ്വാസമാണ്. പക്ഷേ, വർഷാവർഷം തുടരുന്ന ഉരുൾപൊട്ടലും ക്യാംപിലെ ജീവിതവും അവർക്കു മടുത്തിരിക്കുന്നു.
""ഒരു മുളകുടച്ച് കഞ്ഞി കുടിച്ചായാലും അവർ ജീവിക്കും. പക്ഷേ, ആത്മാഭിമാനത്തിന് ക്ഷതമേറ്റാൽ സഹിക്കില്ല... ഉരുൾപൊട്ടി കൂട്ടത്തോടെ മരിച്ചാലും ഇനി ക്യാംപിലേക്കില്ലെന്ന് അവർ പറയുന്നുവെങ്കിൽ അതിനൊരു കാരണമേയുള്ളൂ, അധികൃതരുടെയും സർക്കാരുകളുടെയും നിരന്തരമായ അവഗണന അത്രയേറെ അവരെ വ്രണപ്പെടുത്തിയിരിക്കുന്നു'', വീരൻകുടിയിലേക്കുള്ള വഴി കാണിക്കാൻ ഒപ്പം വന്ന അരേക്കാപ്പ് കോളനി നിവാസിയും എസ്‌ടി മോർച്ച ജില്ലാ പ്രസിഡന്‍റുമായ സിമിൽ ഗോപി പറയുന്നു.
മണ്ണു കുഴച്ചു തീർത്ത കൂരകൾ
""മഴ പെയ്തു തുടങ്ങുമ്പോഴേ ചുവരുകളിൽ ഈർപ്പം വീണു തുടങ്ങും. അപ്പോഴേ ഉള്ളിൽ തീയാണ്. വീടിനുള്ളിലെല്ലാം വിണ്ടു കീറിയിരിക്കുകയാണ്. സർക്കാര് പലതും തരാമെന്ന് പറയും, പക്ഷേ തരില്യ''.
ചൂടു കട്ടനൊപ്പം വിജി വീരൻകുടിയിലെ കാലങ്ങളായി തുടരുന്ന ദുരിതങ്ങളെക്കുറിച്ച് പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.
വീടിനോട് ചേർന്ന് ഇത്തിരി മുളകും മഞ്ഞളും കൃഷി ചെയ്തും പിന്നെ ഉൾക്കാട്ടിലെ തേനും തിനയും ശേഖരിച്ചുമാണ് വിജിയും ഭർത്താവ് ബിജു കുമാറും ജീവിക്കുന്നത്. സംസാരത്തിനിടെ വിജി മഴ പെയ്യുമ്പോൾ ഒരുമിച്ചിരിക്കാനായി ഊരിലുള്ളവർ ഒന്നിച്ചു പണിഞ്ഞ പുതിയ ചായ്പിലേക്ക് വിരൽ ചൂണ്ടി. അൽപ്പം അകലെയായി മണ്ണും മുളയും ചേർത്ത് നിർമിച്ച ചെങ്കല്ലിന്‍റെ നറമുള്ള ജനലുകളില്ലാത്ത കൂര. മുളച്ചീന്തുകളും ഓലകളും വിരിച്ച മേൽക്കൂരയ്ക്കു മേൽ കറുത്ത പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിട്ടുണ്ട്. മുളച്ചീന്തുകൾ ചേർത്തു വച്ച് കെട്ടി നിർമിച്ച വാതിൽ വീഴാതിരിക്കാൻ വീതിയുള്ള മരത്തടി കുത്തി നിർത്തിയിരിക്കുന്നു. രണ്ടു ദിവസമായി തുടരുന്ന മഴയുടേതായിരിക്കാം, ചായ്പിന്‍റെ തറയ്ക്കു മുകളിലേക്ക് ഈർപ്പം പടർന്നു തുടങ്ങിയിട്ടുണ്ട്. എന്നാലും 20 വർഷം പഴക്കമുള്ള, പൊട്ടിയടർന്നും തുരുമ്പു പിടിച്ചും ചോരുന്ന തകരഷീറ്റുകൾ കൊണ്ടുള്ള മേൽക്കൂരയുള്ള വീടിനേക്കാൾ ഈ ചായ്പിനെ അവർക്കു വിശ്വാസമാണ്.
അടുത്തു തന്നെയുള്ള മറ്റൊരു വീട്ടിൽ താമസിക്കുന്ന സഹോദരി കാശിത്തൈയുടെ കാര്യവും വിഭിന്നമല്ല.
""പഴയ പോലെ ഇപ്പോ കൃഷിയൊന്നുമില്ല. ഇത്തിരി മുളകും മഞ്ഞളുമാണ് ആകെ നടുന്നത്. ഇടയ്ക്കിടക്ക് കാട്ടുമൃഗങ്ങൾ എത്തുമ്പോൾ അതുകൂടി നശിപ്പിക്കും, എന്തു ചെയ്യാൻ പറ്റും... ഞങ്ങടെ വിധി...!''
തോളിൽ മുറുക്കി കെട്ടിയ തുണിത്തൊട്ടിലിൽ ഇരുന്ന് ഉറക്കെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് കാശിത്തൈ ഇരുട്ടു കട്ട പിടിച്ച മുറിക്കകത്തേക്ക് നടന്നു. രണ്ടു മുറികളുള്ള വീട്, അതിനോടു ചേർന്നു തന്നെയാണ് അടുക്കള. പുറത്തേക്കുള്ള വാതിലിനും അടച്ചുറപ്പില്ല. മരക്കഷ്ണം കൊണ്ട് താങ്ങി നിർത്തിയിരിക്കുകയാണ്.
മഴയും ഉരുൾപൊട്ടലും
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീരൻകുടിയിൽ മണ്ണിടിച്ചിൽ നിരന്തരം സംഭവിക്കുന്നുണ്ട്. ഓരോ വർഷവും ഇടവപ്പാതിയും തുലാവർഷവും കനക്കുമ്പോൾ മലക്കപ്പാറയിൽ നിന്ന് അധികൃതർ വീരൻകുടിയിലെത്തും. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബോധ്യപ്പെടുത്തി കോളനിയിലുള്ളവരുമായി മലക്കപ്പാറയിലെ കമ്യൂണിറ്റി ഹാളിലേക്ക് തിരിച്ചു പോകും. കാലങ്ങളായി ഇതു തന്നെയാണ് തുടരുന്നതെന്ന് വിജി.
കമ്യൂണിറ്റി ഹാളിൽ വേണ്ടത്ര സൗകര്യങ്ങളൊന്നും കിട്ടിയിരുന്നില്ല. വീടിനടുത്തായി അൽപ്പം മഞ്ഞളും മുളകുമാണ് ആകെ കൃഷി ചെയ്യുന്നത്. കാട്ടു മൃഗങ്ങൾ അതു കൂടി നശിപ്പിക്കുകയാണിപ്പോഴെന്ന് വീരന്‍റെ മൂത്ത മകൾ കാശിത്തൈ.
ഇടമലയാറ്റിൽ നിന്ന് മീൻ പിടിച്ചും ഉൾക്കാട്ടിൽ നിന്ന് തേനും തിനയും എടുത്തുമാണ് ഇപ്പോഴും ഇവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. യുവാക്കൾ ചിലരെല്ലാം മലക്കപ്പാറയിലും തേയിലത്തോട്ടങ്ങളിലുമായി മറ്റു ജോലികളിൽ ഏർപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു കാലത്തു പോലും നേതാക്കൾ എത്താൻ മടിക്കുന്ന പ്രദേശമാണിത്. പലപ്പോഴും ഇങ്ങോട്ടുള്ള യാത്ര ഭയന്ന് ഇവിടെയുള്ളവരെ മലക്കപ്പാറയിലേക്ക് വിളിച്ചു വരുത്തിയാണ് രാഷ്‌ട്രീയക്കാർ വോട്ടഭ്യർഥിക്കാറുള്ളതു പോലും.
(പ്രഖ്യാപനങ്ങൾ പലതും വന്നു. പക്ഷേ, നടപടികൾ ഇപ്പോഴും ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുകയാണ്. അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ)