പാതിവഴിയിൽ മുടങ്ങുന്ന പഠനം | പരമ്പര 4

മലക്കപ്പാറയിലെ വീരൻകുടി ആദിവാസിക്കോളനിയിലെ ജീവിതത്തെക്കുറിച്ച് തയാറാക്കിയ പരമ്പര, അപായച്ചൂരൊഴിയാത്ത ഊര്- ഭാഗം 4
മലക്കപ്പാറ വീരൻ കുടിയിലെ കുട്ടികൾ
മലക്കപ്പാറ വീരൻ കുടിയിലെ കുട്ടികൾആഷിൻ പോൾ
Updated on
കോളനിയിലുള്ളവർ പലരും കുട്ടികളെ സ്കൂളുകളിൽ ചേർക്കാറുണ്ട്. ആഴ്ചയിലൊരിക്കലോ മറ്റോ കുട്ടികളെ ഹോസ്റ്റലിൽ പോയി കാണുകയാണ് പതിവ്. പലപ്പോഴും സന്ദർശനത്തിനെത്തുന്ന മാതാപിതാക്കൾക്കൊപ്പം കുട്ടികളും ഊരിലേക്ക് തിരിച്ചു പോരും. അതോടെ പഠനവും നിലയ്ക്കും.

നീതു ചന്ദ്രൻ

വീരൻകുടിയിലിപ്പോൾ സ്കൂളുകളിൽ പോകുന്ന കുട്ടികൾ ഇല്ല. പട്ടികവർഗ വിഭാഗങ്ങൾക്കായി നിർമിച്ച ഹോസ്റ്റലുകളിൽ താമസിച്ചു വേണം എൽപി ക്ലാസ് മുതൽ കോളനിയിലുള്ള കുട്ടികൾ പഠനം പൂർത്തിയാക്കാൻ. വാച്ചുമരത്തും അതിരപ്പിള്ളിയിലുമായി പട്ടിക വർഗ വിദ്യാർഥികൾക്കായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റലുകളുണ്ട്. വീരൻകുടിയിലുള്ളവർക്കും കൂടി ചേർത്ത് അരേകാപ്പിലാണ് അംഗൻവാടിയുള്ളത്. അതിനു വേണ്ടി പ്രത്യേകം കെട്ടിടവുമില്ല.

പട്ടിക വർഗ വിദ്യാർഥികൾക്കായി പദ്ധതികൾ പലതും തുടങ്ങാറുണ്ടെങ്കിലും അതൊന്നും തുടരാറില്ലെന്ന് പഞ്ചായത്തിലെ സാമൂഹികപ്രവർത്തകൻ ലത്തീഫ് പറയുന്നു. വീടു വിട്ടു നിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കാം പഠനം പാതിയിൽ ഉപേക്ഷിച്ചു മടങ്ങുന്നവരാണ് കപ്പായക്കുടിയിൽ കൂടുതലുമുള്ളത്. കോളനിയിലുള്ളവർ പലരും കുട്ടികളെ സ്കൂളുകളിൽ ചേർക്കാറുണ്ട്. ആഴ്ചയിലൊരിക്കലോ മറ്റോ കുട്ടികളെ ഹോസ്റ്റലിൽ പോയി കാണുകയാണ് പതിവ്. പലപ്പോഴും സന്ദർശനത്തിനെത്തുന്ന മാതാപിതാക്കൾക്കൊപ്പം കുട്ടികളും ഊരിലേക്ക് തിരിച്ചു പോരും. അതോടെ പഠനവും നിലയ്ക്കും. 100 കൊല്ലം മുൻപുള്ള അതേ അവസ്ഥയിലാണ് കോളനിയിലുള്ളവരുടെ വിദ്യാഭ്യാസമെന്ന് അബ്ദുൽ ലത്തീഫ് പറയുന്നു. അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്തവർ ഇപ്പോഴുമവിടെയുണ്ട്. കുട്ടികൾ പുറം ലോകം കണ്ടിട്ടു പോലുമില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. പലപ്പോഴും ട്രൈബൽ വകുപ്പിലുള്ളവരെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതു വരെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും ലത്തീഫ്.

വാക്കാലുള്ള ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതിന്‍റെ നിരാശയും രോഷവും കോളനിയിലുള്ളവരുടെ വാക്കുകളിലുണ്ട്. അരേക്കാപ്പിലെ താമസക്കാരുടെയും ഗതിയും മറ്റൊന്നല്ല.

കാടിനോടിണങ്ങുന്നത് പോലെ നാടിനോട് ഇണങ്ങാൻ ഊരിൽ നിന്നുമെത്തുന്ന കുട്ടികൾക്കു മടിയുണ്ടാകും. ഭാഷയിലുള്ള ചെറിയ മാറ്റവും അവർക്ക് വെല്ലു വിളിയാകുന്നുണ്ട്. സ്വന്തം വീട്ടിൽ നിന്ന് പഠനം തുടരാനുള്ള സാഹചര്യം വീരൻകുടിയിലുള്ളവരുടെയും അവകാശമാണ്. പുനരധിവാസത്തിലൂടെ ആ ആഗ്രഹം കൂടി നടപ്പിലാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

മടുപ്പിക്കുന്ന അഭയാർഥി ക്യാംപ്

കേരളം മുഴുവൻ മുങ്ങിയ 2018ലെ പ്രളയത്തിൽ വീരൻകുടിയിലേക്കുള്ള വഴി മധ്യേയുള്ള അഞ്ച് തോടുകളും നിറ‌ഞ്ഞു കവിഞ്ഞു. അന്ന് മുകളിൽ നിന്ന് കയർ കെട്ടിയാണ് കോളനിയിലുള്ളവർ വീരനെ മലക്കപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചത്. അക്കാലത്ത് ഭക്ഷണത്തിനും കുടിവെള്ളത്തിനും വരെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായത് കോളനിയിലുള്ളവർക്ക് വിഷമമുണ്ടാക്കിയിരുന്നു. അതോടെ മലക്കപ്പാറയിലെ താത്കാലിക ജീവിതം ഇനി വേണ്ടെന്നായി. 2022ൽ മണ്ണിടിച്ചിൽ ഭീഷണി ഉയർന്നിട്ടും കമ്യൂണിറ്റി ഹാളിലേക്ക് മാറാൻ സമ്മതിക്കാതെ കോളനിയിലുള്ളവർ ഇടഞ്ഞു നിന്നു. ഒടുവിൽ തുടർച്ചയായി രണ്ടു ദിവസം പഞ്ചായത്ത്, വനം വകുപ്പ് അധികൃതർ ഊരിലെത്തി പ്രശ്നത്തിന്‍റെ ഗൗരവം പറഞ്ഞ് മനസിലാക്കിയതോടെയാണ് ഇവർ മല കയറാൻ തയാറായത്.

വാക്കാലുള്ള ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതിന്‍റെ നിരാശയും രോഷവും കോളനിയിലുള്ളവരുടെ വാക്കുകളിലുണ്ട്. അരേക്കാപ്പിലെ താമസക്കാരുടെയും ഗതിയും മറ്റൊന്നല്ല. ആന അടക്കമുള്ള വന്യമൃഗങ്ങൾ നിരന്തരം ശല്യം ചെയ്യുന്നുണ്ടെങ്കിലും, മണ്ണിടിച്ചിലിൽ പലപ്പോഴും ഏക്കർ കണക്കിന് ഭൂമി നഷ്ടപ്പെടുമ്പോഴും, സഞ്ചാരയോഗ്യമായ വഴി തങ്ങളുടെ പുതിയ തലമുറയുടെ ജീവിതത്തിലെങ്കിലും മാറ്റം വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് മൂപ്പൻ.

മലക്കപ്പാറി വീരൻകുടിയിലെ ചാവടി
മലക്കപ്പാറി വീരൻകുടിയിലെ ചാവടിആഷിൻ പോൾ
മുതുകിൽ കുട്ടികളെ കെട്ടിവച്ച് സഞ്ചരിക്കുന്നതു കൊണ്ടാണ് മുതുവാൻ എന്ന പേരു വന്നതെന്നാണ് ചരിത്രം. പക്ഷേ, ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. എങ്കിലും പല ആചാരങ്ങളും മാറ്റമില്ലാതെ വീരൻകുടിയിലുള്ളവർ തുടരുന്നുണ്ട്.

മുതുവാന്മാരുടെ ജീവിതം

മുതുകിൽ കുട്ടികളെ കെട്ടിവച്ച് സഞ്ചരിക്കുന്നതു കൊണ്ടാണ് മുതുവാൻ എന്ന പേരു വന്നതെന്നാണ് ചരിത്രം. പക്ഷേ, ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. എങ്കിലും പല ആചാരങ്ങളും മാറ്റമില്ലാതെ വീരൻകുടിയിലുള്ളവർ തുടരുന്നുണ്ട്. തട്ടുതട്ടായുള്ള ഭൂമിയിൽ ഇടയ്ക്കിടെയുള്ള ചാവടികളാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പത്തു വയസു കഴിഞ്ഞ ആൺകുട്ടികൾക്ക് താമസിക്കാനുള്ളതാണ് അതിലൊരു ചാവടി. മറ്റൊന്ന് ആർത്തവകാലത്ത് സ്ത്രീകൾക്ക് മാറിയിരിക്കുന്നതിനുള്ളത്. അതിലിപ്പോഴും മാറ്റമൊന്നുമില്ലെന്ന് തമിഴും മലയാളവും ഇടകലർന്ന അവരുടെ സ്വന്തം ഭാഷയിൽ വിജി പറയുന്നു.

കേരളത്തിലെ ആദിവാസി വിഭാഗത്തിൽ സ്ത്രീ പുരുഷാനുപാതം ദേശീയ ശരാശരിയെക്കാൾ കുറവുള്ള വിഭാഗമാണ് മുതുവാന്മാർ. വിവാഹത്തോടെയാണ് ആൺകുട്ടികളുടെ ചാവടിജീവിതം അവസാനിക്കുക. സാധാരണയായി മറ്റു ജനവിഭാഗങ്ങളുമായി ഒരുമിച്ചു കൂടാൻ മുതുവാന്മാർ താത്പര്യപ്പെടാറില്ല. മലക്കപ്പാറയ്ക്കു പുറമേ തൃശൂർ ജില്ലയിലെ അടിച്ചിൽത്തൊട്ടിയിലും മുതുവാന്മാർ താമസിക്കുന്നുണ്ട്. പക്ഷേ, ആറു മാസം ഇടവിട്ട് സ്വന്തം വീടുപേക്ഷിച്ചു പോകുന്ന ഈ ജീവിതത്തോട് ഇനിയും സമരസപ്പെടാൻ വീരൻകുടിയിലുള്ളവർ ഒരുക്കമല്ല.

(നിയമത്തിൽ പുനരധിവാസത്തിനു സാധ്യതകളുണ്ട്. അതിനു വേണ്ടി പ്രവർത്തിക്കാൻ ആരുണ്ടെന്നതാണ് ചോദ്യം. അതെക്കുറിച്ച് നാളെ....)

Trending

No stories found.

Latest News

No stories found.