ഷാബാനു കേസ് വിധി വീണ്ടും ചർച്ചകളിൽ

ജീവനാംശം തേടുന്നതിന് മതം ഘടകമല്ലെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്
Shah Bano
ഷാബാനു
Updated on

ന്യൂഡൽഹി: വിവാഹ മോചനം നേടിയ മുസ്‌ലിം സ്ത്രീക്കും ജീവനാശത്തിന് അർഹതയുണ്ടെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഷാബാനു കേസ് വിധി വീണ്ടും ചർച്ചകളിൽ. വ്യക്തി നിയമത്തിലെ വ്യവസ്ഥകൾക്കു മുകളിലാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ം വകുപ്പെന്നും ജീവനാംശം തേടുന്നതിന് മതം ഘടകമല്ലെന്നുമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. സിആർപിസിയിലെ 125-ാം വകുപ്പ് മതേതരമെന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണു വിധി.

1985ലായിരുന്നു രാജ്യത്ത് രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച ഷാബാനു കേസ് വിധി. മധ്യപ്രദേശിലെ അഭിഭാഷകനായ മുഹമ്മദ് അഹമ്മദ് ഖാനെതിരേ വാർധക്യത്തിലെത്തിയ ഭാര്യ ഷാബാനു ബീഗം മാസം 500 രൂപ ജീവനാംശം ആവശ്യപ്പെട്ടു നൽകിയ ഹർജിയാണ് കോടതി അംഗീകരിച്ചത്. 1932ൽ അഹമ്മദ് ഖാനെ വിവാഹം ചെയ്ത ഷാബാനുവിനെ 1975ൽ വീട്ടിൽ നിന്നു പുറത്താക്കി. പിന്നീട് വിവാഹമോചനവും നടത്തി. തന്‍റെ ജീവിതം ദുരിതത്തിലാണെന്നു കാണിച്ചായിരുന്നു ഷാബാനുവിന്‍റെ ഹർജി.

മുസ്‌ലിം വ്യക്തിനിയമപ്രകാരം മൂന്നു മാസത്തേക്കു (ഇദ്ദാത്) മാത്രമേ സഹായത്തിന് അർഹതയുള്ളൂ എന്നായിരുന്നു ഖാന്‍റെ നിലപാട്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡും ഈ വാദത്തിനൊപ്പമായിരുന്നു. എന്നാൽ, ഈ കേസിൽ ക്രിമിനൽ നടപടിച്ചട്ടത്തിന്‍റെ വകുപ്പുകൾ ബാധകമെന്നും ജീവനാംശം നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. ഇന്നത്തെ ചീഫ് ജസ്റ്റിസിന്‍റെ അച്ഛൻ വൈ.വി. ചന്ദ്രചൂഡായിരുന്നു അന്ന് ചീഫ് ജസ്റ്റിസും വിധി പറഞ്ഞ ബെഞ്ചിന്‍റെ അധ്യക്ഷനും.

വിധിക്കെതിരേ രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകളിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും രാജീവ് ഗാന്ധി സർക്കാരിൽ മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്നു പാർലമെന്‍റിൽ സുപ്രീം കോടതി ഉത്തരവ് മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനുള്ള കൈയൊപ്പാണെന്ന ശക്തമായ പ്രതിരോധം ഉയർത്തി. എന്നാൽ, മുസ്‌ലിം വ്യക്തിനിയമ ബോർഡും മതനേതാക്കളും തെരുവിലിറങ്ങിയതോടെ കേന്ദ്ര സർക്കാർ സമ്മർദത്തിലായി. കേന്ദ്ര മന്ത്രിയായിരുന്ന സിയാവുർ റഹ്മാൻ അൻസാരി തന്നെ സുപ്രീം കോടതി വിധിയെ എതിർത്തു രംഗത്തിറങ്ങി. ഇതിൽ പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസ്ഥാനം രാജിവച്ചു.

ഒടുവിൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ മുസ്‌ലിം വനിതാ (വിവാഹ മോചന അവകാശ സംരക്ഷണം) നിയമം 1986 പാർലമെന്‍റിൽ പാസാക്കി. 2001ൽ ഈ നിയമം സുപ്രീം കോടതി ശരിവച്ചു. ലിംഗ സമത്വത്തെക്കുറിച്ചും ഏക സിവിൽ നിയമത്തെക്കുറിച്ചും പിന്നീടു നടന്ന ചർച്ചകളിലെല്ലാം ഷാബാനു കേസ് ഇടംനേടി.

രാജ്യത്ത് വീണ്ടും ഏക സിവിൽ നിയമത്തെക്കുറിച്ചു ചർച്ച നടക്കുമ്പോഴാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചിൽ നിന്ന് ഷാബാനു കേസിന് സമാനമായ വിധി. വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ സ്വാഗതം ചെയ്തു ബിജെപി രംഗത്തെത്തി. ഷാബാനു കേസ് വിധി മറികടക്കാൻ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമം ഉയർത്തുന്ന ഭീഷണിക്കാണു കോടതി അവസാനം കുറിച്ചതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.

വിധിയുടെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധ്യമുള്ളതിനാൽ ശ്രദ്ധയോടെയാണു കോൺഗ്രസിന്‍റെ പ്രതികരണം. വിധിയിൽ അനാവശ്യമായി രാഷ്‌ട്രീയം കലർത്തേണ്ടതില്ലെന്നു കോൺഗ്രസ് വക്താവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. എന്നാൽ, സ്ത്രീകൾക്ക് അന്തസും നീതിയും ഉറപ്പാക്കുന്നതാണു വിധിയെന്ന് മഹിളാ കോൺഗ്രസ് നേതാവ് അൽക്ക ലാംബ പറഞ്ഞു.

Trending

No stories found.

Latest News

No stories found.