രക്ഷാദൗത്യം എന്ന പുണ്യ പ്രവൃത്തി

വാര്‍ത്തകള്‍ കൊടുക്കണം. പക്ഷേ, ഇവിടെ മാധ്യമങ്ങളുടെ പരിധി വിട്ടില്ലേ...? ഇത് സ്വയം വിമര്‍ശനമായി തന്നെ കാണുക.
shiroor rescue operation
shiroor rescue operation
Updated on

ദുരന്തങ്ങളിലെ രക്ഷാദൗത്യം എന്നത് കാലങ്ങളായി നാം കേള്‍ക്കുന്ന ഒരു ധീരപ്രവൃത്തി തന്നെയാണ്. എല്ലാ ദൗത്യങ്ങളും പൂര്‍ണമായും വിജയത്തിലെത്താന്‍ സാധിക്കുമെന്ന് പറയാനും സാധിക്കില്ല. പല ഘട്ടങ്ങളിലും ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ രക്ഷാദൗത്യം അവസാനിപ്പിക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. സകല സന്നാഹങ്ങളുണ്ടായിട്ടും മനുഷ്യർ പലപ്പോഴും നിസഹായമായി നോക്കിനില്‍ക്കുന്ന ഘട്ടങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. രക്ഷാദൗത്യത്തിനു പോലും സാധ്യമാകാത്ത എത്രയോ ദുരന്തമുഖങ്ങളാണ് വര്‍ത്തമാനകാലത്ത് നാം നേരില്‍ കണ്ടിട്ടുള്ളത്, അല്ലെങ്കില്‍ കേട്ടിട്ടുള്ളത്.

ദൗത്യം ഏറ്റെടുത്ത് സ്വജീവൻ പണയംവച്ച് അതു ചെയ്യുന്നവര്‍ ശാസ്ത്രീയമായാണ് ഓരോ നീക്കങ്ങളും നടത്തുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഒട്ടേറെ പ്രാദേശിക ഉപദേശകരുണ്ടാകും. ആവേശക്കാരായ മാധ്യമങ്ങളുണ്ട്. തെറ്റിദ്ധരിപ്പിച്ച് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നവരുമുണ്ട്.

കർണാടകത്തിലെ കാർവാർ ജില്ലയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരില്‍ നമ്മള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. അവിടെ മണ്ണിടിഞ്ഞു വീണ് മലയാളിയായ അർജുൻ എന്ന ഡ്രൈവറുടെ ലോറി അടക്കം കാണാതായ സ്ഥലത്ത് രക്ഷാദൗത്യത്തിന് നിര്‍ദേശങ്ങളുമായി മാധ്യമ പിന്തുണയിലെത്തിയ രഞ്ജിത്ത് ഇസ്രയേല്‍ എന്ന വ്യക്തിയെ പ്രോത്സാഹിപ്പിച്ചതു തെറ്റായിപ്പോയെന്ന് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയ മാധ്യമങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞു. അവിടെ രക്ഷാദൗത്യ സംഘത്തെ നിര്‍വീര്യമാക്കുന്ന, വഴിതെറ്റിക്കുന്ന, സമ്മർദത്തിലാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒട്ടേറെ ദൃശ്യമാധ്യമങ്ങള്‍ നല്‍കി. സ്വന്തം കണ്ടെത്തലുകൾക്ക് ഓരോരുത്തരും വലിയ പ്രാധാന്യം നല്‍കി. അത്രയ്ക്ക് വേണമായിരുന്നോ എന്ന മാധ്യമ വിചാരമില്ലാതില്ല. വാര്‍ത്തകള്‍ കൊടുക്കണം. പക്ഷേ, ഇവിടെ മാധ്യമങ്ങളുടെ പരിധി വിട്ടില്ലേ...? ഇത് സ്വയം വിമര്‍ശനമായി തന്നെ കാണുക.

പുരാണകാലം മുതലേ രക്ഷാദൗത്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാം. സീതയെ രാവണനില്‍ നിന്ന് രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വലിയൊരു രക്ഷാദൗത്യമായിരുന്നു. വരള്‍ച്ച മാറ്റന്‍ ബലരാമന്‍ കലപ്പ കൊണ്ട് വൃന്ദാവനത്തിലേക്ക് യമുനാ ജലം എത്തിക്കാന്‍ ചാല് വെട്ടിയതും, അതിലൂടെ തോട്ടങ്ങളും കൃഷിയിടങ്ങളും വനങ്ങളും പുനഃസ്ഥാപിച്ചതും രക്ഷാദൗത്യമല്ലാതെ മറ്റെന്താണ്..! മഴയുടെ ദേവനാണ് ഇന്ദ്രന്‍. പുരാണപ്രകാരം മഴ പെയ്യിക്കുന്നതും പെയ്യിക്കാതിരിക്കുന്നതും ദേവേന്ദ്രനാണ്. ശ്രീകൃഷ്ണന്‍റെ ദേശമായ അമ്പാടിയിലെ ജനങ്ങള്‍ ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ യാഗങ്ങള്‍ നടത്തിയിരുന്നു. മഴ കൃത്യമായി ലഭിക്കാനായിരുന്നു ഇത്. അമ്പാടിക്കാരുടെ കുലദൈവമായ ഗോവര്‍ധന പര്‍വതത്തെ പൂജിച്ചാല്‍ മതിയെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞത് പ്രകാരം അമ്പാടിവാസികള്‍ പര്‍വതത്തെ പൂജിച്ചു. ഇതറിഞ്ഞ ഇന്ദ്രന്‍ അമ്പാടി ദേശത്ത് പെരുമഴ പെയ്യിച്ചു. മഴയില്‍ ദേശത്ത് ദുരിതങ്ങള്‍ തുടങ്ങിയപ്പോള്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ധന പര്‍വതം കുട പോലെ ഉയര്‍ത്തിപ്പിടിച്ച് ദേശത്തെ ജനങ്ങളെ രക്ഷിച്ചു. ഭാഗവതത്തിലെ ഒരു കഥയാണെങ്കിലും ഇതും ഒരു രക്ഷാദൗത്യം തന്നെയെന്ന് പറയാം.

രാജ്യത്ത് ഒട്ടേറെ രക്ഷാ ദൗത്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കപ്പെടും. യുദ്ധ ഭൂമിയില്‍ നിന്ന്, പ്രളയ ഭൂമിയില്‍ നിന്ന്, ഭൂകമ്പ പ്രദേശത്ത് നിന്ന് തുടങ്ങി എത്ര എത്ര ദൗത്യങ്ങള്‍ക്കാണ് നമ്മള്‍ വാര്‍ത്തകളിലൂടെയെങ്കിലും സാക്ഷികളായത്. 2018ലെ കേരളത്തിലെ പ്രളയവും 2020ലെ കൊവിഡ് കാലവും മറക്കാന്‍ പറ്റുമോ..? 2001ൽ ജനുവരി 26ന് രാവിലെ 08:46ന് ഗുജറാത്ത് ഭൂകമ്പം സംഭവിച്ചു. കച്ച് ജില്ലയിലെ ബചൗ താലൂക്കിലെ ചോബാരി ഗ്രാമത്തില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ തെക്ക് - തെക്ക് പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. 20,000ത്തിലേറെ മരണം സംഭവിച്ചു എന്നാണ് കണക്കുകള്‍. ഹിമാചലിലെ സോളന്‍ ജില്ലയിലെ ജാടോണിൽ 2023 ആഗസ്റ്റ് മാസം മേഘവിസ്‌ഫോടനം മൂലം മിന്നല്‍ പ്രളയമുണ്ടായി. കല്‍ക്കരി ഖനികളിലെ അപകട വാര്‍ത്തകളുടെ എത്രയോ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. നിരവധിയാളുകള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ റിപ്പോര്‍ട്ട് വായിച്ചിരിക്കുന്നു.

സമീപകാലത്ത് ഉത്തര കാശിയിലെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ട 41 തൊഴിലാളികളുടെ കഥ മറക്കുവാന്‍ സാധിക്കുകയില്ല. ഉത്തരാഖണ്ഡില ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തില്‍ നവംബര്‍ 12ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തുരങ്കം തകര്‍ന്നതും 41 തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതും. 17 രാപ്പകലുകള്‍ നീണ്ട പരിശ്രമത്തില്‍ ഒടുവിലാണ് 41 തൊഴിലാളികളെ തുരങ്കത്തിന്‍റെ ഉള്ളില്‍ നിന്ന് പുറംലോകത്ത് എത്തിക്കാന്‍ സാധിച്ചത്. അവരെല്ലാം ജീവനോടെ പുറത്തുവന്നപ്പോള്‍ രാജ്യത്തിനു തന്നെ പുതുജീവിതമാണ് ലഭിച്ചത്. തുരങ്കത്തില്‍ 60 മീറ്ററോളം അടഞ്ഞു കിടന്ന അവശിഷ്ടങ്ങളില്‍ കോണ്‍ക്രീറ്റ് കൂനകളായിരുന്നു. അതില്‍ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും രക്ഷാദൗത്യത്തിന് തടസമായിരുന്നു. ഇരുമ്പ് കുഴലുകള്‍ ഇതിലൂടെ ശ്രമപ്പെട്ട് കടത്തി വിട്ടാണ് തൊഴിലാളികളെ രക്ഷിച്ചത്. 80 സെന്‍റീമീറ്റര്‍ വ്യാസമുള്ള രക്ഷാക്കുഴല്‍ വഴി നിരങ്ങി അപ്പുറത്ത് എത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ തൊഴിലാളികളെ ഓരോരുത്തരായി സ്ട്രക്ച്ചറില്‍ കിടത്തി പുറത്തുകൊണ്ടുവന്നത് ഏതാനും മാസം മുന്‍പാണ്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ഉത്തര കാശിയിലെ സില്‍ക്കാര തുരങ്കത്തില്‍ നടന്നത്.

ഒരിക്കലും മുങ്ങാത്തത് എന്ന വിശേഷണത്തോടെ നീറ്റിലിറക്കിയ ടൈറ്റാനിക് എന്ന ഭീമൻ ആഡംബര യാത്രാ കപ്പല്‍ 1912 ഏപ്രില്‍ 15ന് ആദ്യ യാത്രയില്‍ത്തന്നെ ഒരു മഞ്ഞുമലയില്‍ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനും ശേഷം അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്നു. ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേർ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേക്കായിരുന്നു കപ്പലിന്‍റെ കന്നി യാത്ര. ലോകത്താകമാനം നൂറുകണക്കിനു കപ്പലുകള്‍ മുങ്ങിയിട്ടുണ്ടെങ്കിലും, അവ മിക്കതും കടലിന്‍റെ അടിത്തട്ടില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും ടൈറ്റാനിക് ലോക ജനതയുടെ മനസില്‍ ഒരിക്കലും മായാത്ത ഒരു വേദനയായി ഇന്നും നില നില്‍ക്കുന്നു. അപകടത്തിനു ശേഷം 70ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സമീപകാലത്ത് ഒരാള്‍ക്കായുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം നടന്നത് മലമ്പുഴയിലാണ്. മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം സമാനതകളില്ലാത്തതായിരുന്നു. ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച 7 പേരുടെ ശരീരങ്ങൾ കിട്ടി. നിലവിൽ മൂന്നു പേരെ കൂടിയാണ് കാണാതായിരിക്കുന്നത്. മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എത്രയോ വട്ടം അവസാനിപ്പിച്ചു. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തില്‍പ്പോലും കുത്തിയൊലിക്കുന്ന ഗംഗാവാലി പുഴയിലിറങ്ങാന്‍ സാധിക്കാതെ നാവികരും സ്‌കൂബാ നീന്തല്‍ വിദഗ്ധരും നിസഹായരായത് നമ്മള്‍ കണ്ടു. ഒന്നാലോചിക്കൂ... രക്ഷാദൗത്യമെന്നാല്‍ ഒരു പുണ്യ പ്രവര്‍ത്തി തന്നെയല്ലേ...?

യന്ത്രങ്ങള്‍ പോലും ഇറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഷിരൂരിലുള്ളത് എന്ന് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പറയുന്നു. അത് വിശ്വസിച്ചേ തീരൂ. അപകടം നടന്ന പ്രദേശത്തിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നതിനാൽ ഗംഗാവലി നദിയിലെ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കു ശക്തമായി തുടരുന്നു. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്‌സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യം പ്രതിസന്ധിയിലായത്. അവിടെ മറ്റൊരു രക്ഷാദൗത്യം എന്ന പുണ്യ പ്രവൃത്തി

മനുഷ്യ ജീവന്‍ കൂടി ഒരിക്കലും നഷ്ടപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഈയൊരു സാഹചര്യത്തില്‍ ശക്തമായ അടിയൊഴുക്കുള്ളപ്പോഴും കഴിയുന്നത്ര രീതിയില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രവൃത്തിയാണ്. അവര്‍ സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയുള്ള ജോലിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അവരെ വിശ്വസിച്ചാണ് ലോകത്തെമ്പാടും ഈ വാര്‍ത്തയെ പിന്തുടര്‍ന്നവര്‍ കാത്തിരിക്കുന്നത് എന്നത് പരിഗണിക്കണം. അതുകൊണ്ടുതന്നെ അവരെ തേജോവധം ചെയ്യുന്ന ഏതു നടപടിയിലും ഇടപെടുന്നത് തെറ്റായ പ്രവണതയാണ്.

ജീവൻരക്ഷാ ദൗത്യങ്ങളെ പുണ്യ പ്രവ‌ത്തിയായിത്തന്നെ വേണം കരുതുവാന്‍. അങ്ങനെയുള്ള പ്രവൃത്തികൾക്കു ഗൗരവമേറിയ സ്ഥാനം തന്നെ കൊടുക്കേണ്ടിയിരിക്കുന്നു. ഷിരൂരിലെ മണ്ണിടിച്ചില്‍ കഴിഞ്ഞ 12 ദിവസവും നമ്മള്‍ കണ്ടത് സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യമാണ്. നമ്മുടെ വ്യത്യസ്ത സേനകളുടെ ഒത്തൊരുമയോടുള്ള മുന്നേറ്റം നാം നേരില്‍ കാണുകയാണ്. അവരുടെ പ്രയത്‌നത്തിന്‍റെ കാഠിന്യം നമ്മള്‍ കണ്ടതാണ്. രക്ഷാദൗത്യങ്ങള്‍ ഇനിയും ഉണ്ടാകും. അപ്പോഴെല്ലാം സമചിത്തയോടെ പരിചയസമ്പന്നരായ രക്ഷാപ്രവര്‍ത്തകരെ പിന്തുണയ്ക്കുകയാണു വേണ്ടത്. വൈകാരികമായ വികാരങ്ങള്‍ നമ്മള്‍ക്കൊക്കെ ഉണ്ടാകുമായിരിക്കും. പക്ഷേ, അത് ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലാകരുതെന്ന് ഓര്‍മപ്പെടുത്തുന്നു.

Trending

No stories found.

Latest News

No stories found.