ശ്രദ്ധിക്കണം, സൂക്ഷിക്കണം..!

ദിവസങ്ങളുടെ മൗനത്തിനുശേഷം സിനിമാരംഗത്തെ നിഷ്കളങ്കനായ ക്രൂരനെ പോലെ ഒന്നുമറിയാത്ത വിധത്തിൽ അമ്മ പ്രസിഡന്‍റ് മോഹൻലാൽ പത്രമാധ്യമങ്ങളുടെ മുന്നിൽ കൈകൂപ്പി നിന്നു.
Special article
ശ്രദ്ധിക്കണം, സൂക്ഷിക്കണം..!
Updated on

കൊടുങ്കാറ്റ് വന്നത് കുളിർക്കാറ്റായി മാറി എന്ന് പൊതുവേ പറയാറുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി കേരളത്തിലെ രാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഉരുണ്ടുകൂടിയ കൊടുങ്കാറ്റും പേമാരിയും മന്ദമാരുതനും ചെറുമഴയുമായി മാറി. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിന് തുടർന്ന് വാർത്താമാധ്യമങ്ങൾ പ്രത്യേകിച്ച് ചാനലുകളും സോഷ്യൽ മീഡിയകളും തൃശൂരിൽ നടക്കുന്ന പുലികളി പോലെ ആടിത്തിമർക്കുകയായിരുന്നു. കുടവയർ കുലുക്കിയും അലറിയും പുലികളി മാധ്യമ സുഹൃത്തുക്കളും കളിച്ചു. അമ്മ എന്ന ബാബേൽ ഗോപുരം പല കഷണങ്ങളായി ചിതറുന്നത് നാം കണ്ടത്. ഈ ഗോപുരത്തിൽ അതുവരെയും ഒരേ ഭാഷയിൽ സംസാരിച്ചിരുന്നവർ മനസിലാകാത്ത പുതിയ ഭാഷയിൽ പരസ്പരം സംസാരിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. മോഹൻലാലും സിദ്ദിഖും ഉൾപ്പെടെയുള്ള അമ്മയുടെ നായകന്മാർ കൂട്ടത്തോടെ രാജിവച്ചു. സിനിമാലോകത്തെ അതികായകന്മാർക്ക്‌ മാത്രമല്ല പുതുതലമുറയ്ക്കും പരുക്കേൽക്കാൻ തുടങ്ങി.

ദിവസങ്ങളുടെ മൗനത്തിനുശേഷം സിനിമാരംഗത്തെ നിഷ്കളങ്കനായ ക്രൂരനെ പോലെ ഒന്നുമറിയാത്ത വിധത്തിൽ അമ്മ പ്രസിഡന്‍റ് മോഹൻലാൽ പത്രമാധ്യമങ്ങളുടെ മുന്നിൽ കൈകൂപ്പി നിന്നു. തന്നെ ചോദ്യം ചോദിച്ച് വിഷമിപ്പിക്കരുതെന്ന് ആമുഖമായി തന്നെ അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹം നിഷ്കളങ്കനും നിരുപദ്രവകാരിയുമാണ്. കൂട്ടത്തിൽ ഒരു കാര്യം തറപ്പിച്ചു പറയുന്നതിന് അദ്ദേഹത്തിന് പിശുക്കുണ്ടായില്ല. സിനിമ രംഗത്ത് മാത്രമല്ല, എല്ലാ രംഗങ്ങളിലും ചെറുതും വലുതുമായ അറിഞ്ഞും അറിയാതെയുമുള്ള ഇണചേരലുകളുണ്ട്. കെട്ടിപ്പിടിച്ച് പ്രേമരംഗങ്ങൾ അഭിനയിക്കേണ്ട സിനിമാ രംഗത്ത് സ്നേഹത്തിന്‍റെയും പ്രേമത്തിന്‍റെയും സൗന്ദര്യ ആസ്വാദനത്തിന്‍റെയും ഒരു പശ്ചാത്തലമില്ലെങ്കിൽ എങ്ങിനെ സിനിമ പ്രേമികളെ ആസ്വദിപ്പിക്കാൻ കഴിയും?

മരം ചുറ്റിയുള്ള പ്രേമരംഗങ്ങൾക്ക് പകരം കുറെ കൂടി പച്ചയായ പ്രേമ രംഗങ്ങളാണ് ഇപ്പോഴുള്ളത്. പണ്ട് വസ്ത്രധാരണത്തിൽ പലതും മറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇപ്പോൾ എല്ലാം തുറന്നിടാനാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ കെട്ടിപ്പിടുത്തത്തിനും കുറെ കൂടി യാഥാർഥ്യബോധമുണ്ട്. ഇങ്ങനെയുള്ള സിനിമാരംഗത്തെ സ്നേഹബന്ധങ്ങൾക്ക് കുറേക്കൂടി തനിമയും ജീവനും വന്നു പോയിട്ടുണ്ടെങ്കിൽ നടീനടന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നായിരുന്നു അമ്മ പ്രസിഡന്‍റിന്‍റെ വാർത്താസമ്മേളനത്തിന്‍റെ രത്ന ചുരുക്കം.

ഇത് ആടിത്തിമിർക്കുമ്പോഴാണ് പി.വി. അൻവർ എംഎൽഎയുടെ രംഗപ്രവേശനം. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും അദ്ദേഹം വിശ്വസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുതിരെയുമായിരുന്നു ആരോപണം. സംസ്ഥാനത്ത് കൊലപാതകം, കള്ളക്കടത്ത്, ക്രൂരകൃത്യം എന്നിവ നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പല പ്രമുഖരും പോലീസിലെ ചില ഉന്നതരുമാണെന്ന അമിട്ടുകൾ പി.വി. അൻവർ വലിയ ശബ്ദത്തിൽ പൊട്ടിച്ചു.

എല്ലാവരും ഇത് കേട്ട് രസിക്കുകയും സുഖിക്കുകയും ചെയ്തു. അൻവറിന്‍റെ പങ്കാളിയാവാൻ സിപിഎമ്മിലെ എംഎൽഎമാരും സിപിഐയിലെ സഹയാത്രികരും ഒറ്റക്കെട്ടായി രംഗത്തെത്തി. പിണറായി സർക്കാർ ഉടനെ വീഴുമെന്ന് പ്രതിപക്ഷം മാത്രമല്ല വ്യാമോഹിച്ചത്, ഭരണകക്ഷിയിലെ പലരും അത് സ്വപ്നം കണ്ടു. എല്ലാവരും കൂടി മുഖ്യമന്ത്രിക്കെതിരേ പടപ്പുറപ്പാട് തുടങ്ങി. അതുവരെയും മുഖ്യമന്ത്രിയുടെ മുന്നിൽ നിന്ന് ഉറക്കെ ശ്വാസം വലിക്കാത്തവർ ഇത് ആഘോഷിക്കാൻ തുടങ്ങി. സർക്കാർ ഇന്ന് വീഴും, നാളെ വീഴും, പുതിയ ഭരണം കേരളത്തിൽ വരും എന്ന് പലരും സ്വപ്നം കണ്ടു. പക്ഷെ കേരളത്തിന്‍റെ മുഖ്യമന്ത്രി പല അടവുകളും കാണുകയും പലതും കൃത്യസമയത്ത് തന്നെ പ്രയോഗിച്ച് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നയാളുമാണ്. കേഡർ പാർട്ടിയായ സിപിഐയിൽ എല്ലാ അടവുകളും പയറ്റി തെളിഞ്ഞ വി.എസ്. അച്യുതാനന്ദൻ പോലും പിണറായിയുടെ മുന്നിൽ കാല് തെറ്റി വീണത് നാം കണ്ടതാണ്. പാർട്ടിയെ പൂർണമായി കൈയിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഉണ്ടായ ആരോപണങ്ങൾ ഇല്ലാതായി. ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ സമര ആഹ്വാനം മുഴക്കിയ പിണറായി വിജയൻ കൊച്ചി എയർപോർട്ടിലും അതിനുശേഷം പ്രധാനമന്ത്രിയുടെ വസതിയിലും കൈകൂപ്പി നിൽക്കുന്നതും കേരളം കണ്ടു. ശത്രുക്കൾ മിത്രങ്ങളായി. ഈശ്വര വിശ്വാസിയായ പ്രധാനമന്ത്രിക്ക് നിരീശ്വര വാദിയായ മുഖ്യമന്ത്രി സാക്ഷാൽ ശ്രീപത്മനാഭന്‍റെ മനോഹരമായ വിഗ്രഹം തന്നെയാണ് നൽകിയത്. ഉറഞ്ഞാടിയ അൻവർ അരമണിക്കൂർ കൊണ്ട് മുഖ്യമന്ത്രിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും വിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ ഉയർത്തിയ വെടിക്കെട്ടുകൾ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിനകത്ത് പൊളിഞ്ഞു വീണു.

മുഖ്യമന്ത്രി സഖാവാണെന്നും ആ സഖാവ് അറിയേണ്ട ചില കാര്യങ്ങൾ മറ്റൊരു സഖാവായ താൻ അറിയിച്ചു എന്നുമായിരുന്നു അൻവറിന്‍റെ നിലപാട്. എല്ലാ പരാതികളും എഴുതിക്കൊടുത്തു. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ എം.വി. ഗോവിന്ദൻ ഇല്ലാതിരുന്നതു കൊണ്ട് പിന്നീടൊരു ദിവസം എകെജി സെന്‍ററിൽ പകർപ്പ് കൊടുക്കാനും തീരുമാനിച്ചു. എന്തൊക്കെയോ വെടി പൊട്ടും എന്ന് കരുതി എംഎൽഎ ക്വാർട്ടേഴ്സിൽ എത്തിയ മാധ്യമപ്പടയ്ക്ക് നിരാശരായി പിരിഞ്ഞു പോകേണ്ടി വന്നു.

ഇത്തരം ബഹളത്തിനിടയിൽ പല കാര്യങ്ങളും ജനശ്രദ്ധയിൽ നിന്ന് അകന്നു പോയി. പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാട് വാർത്തയും, ഹേമ കമറ്റി റിപ്പോർട്ടിൻമേലുണ്ടായ പുകിലുകളും സ്വയം കത്തി തീർന്നു. അൻവറിന്‍റെ ആറ്റം ബോംബ് മുഖ്യമന്ത്രിയുടെ മുമ്പിൽ ഓലപ്പടക്കമായി മാറിയപ്പോൾ എല്ലാം ശാന്തം. പൊലീസ് മേധാവിക്കെതിരേയുണ്ടായ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി ചുരുട്ടിക്കൂട്ടി കുട്ടയിലെറിഞ്ഞു. രാഷ്‌ട്രീയ ഉപദേഷ്ടാവിന്‍റെ രോമം പോലും ആർക്കും തൊടാൻ കഴിഞ്ഞില്ല.

ഞാൻ ഇതെത്ര കണ്ടതാ എന്ന മട്ടിൽ ക്ലിഫ് ഹൗസിലിരുന്ന നാടിന്‍റെ നായകൻ ചെറുതായൊന്ന് പുഞ്ചിരിച്ചു. എല്ലാം ശാന്തം പാപം എന്ന് പൊതുജനം വിചാരിച്ചു. എന്നാൽ പാർട്ടി സെക്രട്ടറി ഗോവിന്ദനെ കണ്ടതിനു ശേഷം പുലി എലിയായി. എന്നാൽ എലിക്ക് കരളാൻ കഴിയും. വോൾട്ടേജ് കൂടിയ ഇലക്‌ട്രിക് ലൈനുകൾ തകരാറിലാക്കാൻ ഏറ്റവും കഴിവ് എലിക്കാണ്. എലി തനിച്ചായിരിക്കില്ല. ചില തൊരപ്പന്മാർ കൂടെയുണ്ടാകും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സൂക്ഷിക്കണം.

Trending

No stories found.

Latest News

No stories found.