രാജ്യപുസ്തകത്തിലെ മഹാപാഠം

റാവു സർക്കാർ അധികാരമേറ്റ അതേ വർഷം തന്നെയാണ് രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നതും.
Special article fish eye by e r  warrior on ratan Tata
രാജ്യപുസ്തകത്തിലെ മഹാപാഠം
Updated on

ഇ.ആർ. വാരിയർ

1991 ജൂണിലാണ് പി.വി. നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും റിസർവ് ബാങ്ക് ഗവർണറും ഒക്കെയായി സേവനമനുഷ്ഠിച്ചിട്ടുള്ള സാമ്പത്തിക വിദഗ്ധൻ ഡോ. മൻമോഹൻ സിങ്ങിനെ ധനകാര്യ മന്ത്രിയാക്കിക്കൊണ്ടാണ് റാവു കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള പരിശ്രമങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയിൽ ഉദാരവത്കരണത്തിന്‍റെയും ആഗോളവത്കരണത്തിന്‍റെയും കാലഘട്ടം അങ്ങനെ ആരംഭിക്കുന്നു. ധനമന്ത്രിയെന്ന നിലയിൽ മൻമോഹൻ തുടങ്ങിവച്ച പരിഷ്കാരങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ഏതു വിധത്തിലൊക്കെയാണു മാറ്റിമറിച്ചതെന്ന് ഇന്നു നമുക്കെല്ലാം അറിയാവുന്നതാണ്. വ്യവസായ മേഖലയിൽ അതുണ്ടാക്കിയിട്ടുള്ള മാറ്റങ്ങളും എത്രയോ വലുതാണ്.

റാവു സർക്കാർ അധികാരമേറ്റ അതേ വർഷം തന്നെയാണ് രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നതും. സാമ്പത്തിക പരിഷ്കാരങ്ങളുടെ പുതിയ കാലഘട്ടത്തിലൂടെ ബിസിനസ് സാമ്രാജ്യത്തെ അടിതെറ്റാതെ നയിക്കുക എന്നത് അത്രയെളുപ്പമുള്ള ജോലിയായിരുന്നില്ല. മുന്നോട്ടു കുതിക്കണമെങ്കിൽ അതുവരെയുള്ള പലതിനും അടിമുടി മാറ്റം വരുത്തേണ്ടത് അനിവാര്യമായിരുന്നു. മാനുഫാക്ചറിങ് യൂണിറ്റുകളുടെ പുനഃസംഘടന, വൈവിധ്യവത്കരണം, ആഗോളതലത്തിലുള്ള വികസനം തുടങ്ങി നിരവധിയായ നടപടികൾ വ്യാപക ശ്രദ്ധ നേടുന്നതായി.

ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനികളുടെ വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു മുതൽ കോർ ബിസിനസിനെ ശക്തിപ്പെടുത്തുന്നതു വരെ പലവിധ പരിഷ്കാരങ്ങൾ ആവശ്യമായി വന്നു. നവീകരണത്തിലും ആഗോളവത്കരണത്തിലും ഫോക്കസ് നൽകേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ടുയർന്ന വെല്ലുവിളികൾ ധീരമായി നേരിട്ടു രത്തൻ ടാറ്റയെന്ന ബിസിനസ് നായകൻ. റിസ്ക് എടുക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടു.

ഇന്നത്തെ ടാറ്റ മോട്ടോഴ്സ്, അന്നത്തെ ടെൽകോ, ട്രക്ക് നിർമാതാക്കളായാണ് 1945ൽ തുടക്കം കുറിക്കുന്നത്; മെഴ്സിഡസ് ബെൻസുമായി ചേർന്ന്. 1991ൽ ടാറ്റ സിയറ പുറത്തിറക്കിക്കൊണ്ടാണ് യാത്രാവാഹന വിപണിയിലേക്ക് അവർ കാലെടുത്തുവയ്ക്കുന്നത്. വാഹന ബിസിനസിൽ രത്തൻ ടാറ്റയുടെ തന്ത്രങ്ങൾ ഒന്നൊന്നായി കെട്ടഴിക്കപ്പെടുകയായിരുന്നു പിന്നീട്. 1992ൽ എസ്റ്റേറ്റ്, 1994ൽ സുമോ, 1998ൽ സഫാരി... ആഗോള വാഹന വിപ‍ണിയിലെ ആധിപത്യത്തിലേക്കുള്ള ടാറ്റയുടെ യാത്രയ്ക്ക് അങ്ങനെയാണു തുടക്കമാവുന്നത്. ഇത്തരത്തിൽ ഓരോ ബ്രാൻഡിലും ആവശ്യമായത് എന്തൊക്കെയാണെന്നു തിരിച്ചറിഞ്ഞ് ചുവടുകൾ വച്ചു അദ്ദേഹം.

1962ൽ ടാറ്റ സ്റ്റീലിലെ സാധാരണ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച രത്തൻ ടാറ്റ പടിപടിയായി ഉയർന്ന് ടാറ്റ ബ്രാൻഡിനെ പുനർ നിർവചിക്കുകയായിരുന്നു. 1971ൽ നാഷണൽ റേഡിയോ ആൻഡ് ഇലക്‌ട്രോണിക്സ് കമ്പനി ലിമിറ്റഡിന്‍റെ (നെൽകോ) ഡയറക്റ്റർ ഇൻ ചാർജായി അദ്ദേഹം നിയമിതനായി. 1991ൽ ജെ.ആർ.ഡി. ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ സ്ഥാനത്ത് രത്തൻ എത്തുന്നത്. ടാറ്റയെന്ന ബ്രാൻഡിനു കരുത്തുപകരാനായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ശ്രമവും. ആഗോളീകരണ കാലത്തെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തിയുള്ള യുവപ്രതിഭകളെ കണ്ടെത്തുന്നതിലും ചെറുപ്പക്കാരെ സീനിയർ പോസ്റ്റുകളിൽ നിയോഗിക്കുന്നതിലും നവീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിലും രത്തൻ ടാറ്റ താത്പര്യം കാണിച്ചു.

1996ലാണ് അദ്ദേഹം ടാറ്റാ ടെലിസർവീസസ് ആരംഭിക്കുന്നത്. 1998ൽ ടാറ്റ ഇൻഡിക്ക കാർ പുറത്തിറക്കി. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ആദ്യത്തെ കാറാണിത്. വിലയും ഉപയോഗച്ചെലവും കുറഞ്ഞതും സ്ഥലസൗകര്യമുള്ളതുമായ മികച്ച കാർ ഇന്ത്യക്കാർക്കായി പുറത്തിറക്കുമെന്ന വാഗ്ദാനം രത്തൻ ടാറ്റ നിറവേറ്റി. ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്ലി ടീയെ ടാറ്റ ഏറ്റെടുക്കുന്നത് രണ്ടായിരത്തിലാണ്. ടാറ്റയുടെ ആദ്യത്തെ പ്രമുഖ അന്താരാഷ്‌ട്ര ഏറ്റെടുക്കലാണത്. അതോടെ ലോകത്തെ ഏറ്റവും വലിയ ചായ കമ്പനികളിലൊന്നായി ടാറ്റ ടീ മാറി. 2004ൽ ടാറ്റ കൺസൽട്ടൻസി സർവീസസിന്‍റെ (ടിസിഎസ്) പബ്ലിക് ലിസ്റ്റിങ് നടന്നു. രാജ്യത്തെ ഏറ്റവും പ്രമുഖമായ ഐടി കമ്പനികളിലൊന്നായി ഇതു ടിസിഎസിനെ വളർത്തി. ബ്രിട്ടീഷ്-ഡച്ച് ഉരുക്കു നിർമാതാക്കളായ കോറസ് ഗ്രൂപ്പിനെ ടാറ്റ സ്റ്റീൽ ഏറ്റെടുക്കുന്നത് 2007ൽ ആണ്. ഒരു ഇന്ത്യൻ കമ്പനിയുടെ അക്കാലത്തെ ഏറ്റവും വലിയ വിദേശ കമ്പനി ഏറ്റെടുക്കലായിരുന്നു അത്. ഉരുക്ക് വ്യവസായത്തിൽ ടാറ്റയുടെ ആഗോള ശക്തി ഉറപ്പിച്ചതും ഈ ഏറ്റെടുക്കലായിരുന്നു.

ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജാഗ്വറും ലാൻഡ് റോവറും ടാറ്റ മോട്ടോഴ്സ് വാങ്ങുന്നത് 2008ൽ. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറായ "ടാറ്റ നാനോ' രത്തൻ ടാറ്റ ഇന്ത്യൻ കുടുംബങ്ങൾക്കായി അവതരിപ്പിച്ചത് 2009ലാണ്. ഏതു സാധാരണക്കാരനും സ്വന്തമായി ഒരു കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരു ലക്ഷം രൂപയുടെ കാർ എന്നതായിരുന്നു നാനോയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. അച്ഛനും അമ്മയും മക്കളും ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ടാറ്റയുടെ കാർ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. മഴ നനയാതെയും വെയിൽ കൊള്ളാതെയും യാത്ര ചെയ്യാനുള്ള സൗകര്യം വിപണി ആവേശത്തോടെ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ആദ്യം ഒരു ലക്ഷം രൂപ എക്സ് ഷോറും വിലയ്ക്കു പുറത്തിറങ്ങുകയും പിന്നീട് വില അൽപ്പം ഉയരുകയും ചെയ്ത നാനോയുടെ നിർമാണം ക്രമേണ നിന്നുപോയത് അദ്ദേഹത്തെ വേദനിപ്പിച്ചു കാണണം. സിംഗൂരിൽ നാനോ പ്ലാന്‍റിനായി ഭൂമി ഏറ്റെടുത്തതിനെത്തുടർന്നുള്ള കർഷക പ്രക്ഷോഭം പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിന് അന്ത്യം കുറിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി എന്നതും ഇതുമായി ബന്ധപ്പെട്ട് ഓർക്കാവുന്നതാണ്. ഇതേത്തുടർന്ന് നാനോ പ്ലാന്‍റ് ഗുജറാത്തിലെ സാനന്ദിലേക്കു മാറ്റിയിരുന്നു.

2012 ഡിസംബറിൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞ ശേഷവും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രത്തൻ ടാറ്റ. വളർന്നു വരുന്ന ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോണമിക്ക് പിന്തുണ നൽകുന്നതിൽ താത്പര്യം കാണിച്ച അദ്ദേഹം വിവിധ സ്റ്റാർട്ടപ്പുകളിൽ മുതൽമുടക്കുകയുണ്ടായി. പേടിഎം, ലെൻസ്കാർട്ട്, അർബൻ കമ്പനി, ഫസ്റ്റ് ക്രൈ, സ്നാപ്പ് ഡീൽ, ഒല, ക്യുർ ഫിറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം മുതൽമുടക്കി. രാജ്യത്തിന്‍റെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഈ തരത്തിൽ ഓർമിക്കപ്പെടേണ്ടതാണ്. തന്‍റെ പിൻഗാമിയായി അധികാരമേറ്റ സൈറസ് മിസ്ത്രി ചെയർമാൻ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടപ്പോൾ ടാറ്റ ഗ്രൂപ്പിന്‍റെ ഇടക്കാല ചെയർമാനായി 2016ൽ രത്തൻ ടാറ്റ തിരിച്ചെത്തി. 2017ൽ നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തു നിയോഗിക്കപ്പെട്ടതോടെ സ്ഥാനമൊഴിയുകയും ചെയ്തു. 1991ൽ രത്തൻ ടാറ്റ ചെയർമാൻ സ്ഥാനമേൽക്കുമ്പോൾ ടാറ്റ ഗ്രൂപ്പിന്‍റെ വാർഷിക വരുമാനം നാലു ബില്യൻ ഡോളറായിരുന്നു എന്നാണു കണക്ക്. 2012ൽ അദ്ദേഹം വിരമിക്കുമ്പോൾ അത് 100 ബില്യനു മുകളിൽ. ഉപ്പ് മുതൽ ഉരുക്കു വരെ, സോപ്പു മുതൽ സോഫ്റ്റ് വെയർ വരെ പന്തലിച്ചു കിടക്കുന്ന വലിയ വ്യവസായ സാമ്രാജ്യത്തെ ഈ നിലയിൽ കെട്ടിപ്പടുത്ത രത്തൻ ടാറ്റയുടെ അസാധാരണമായ ബിസിനസ് വൈദഗ്ധ്യം യുവതലമുറകൾക്കു പ്രചോദനമേകുന്ന മഹാപാഠം തന്നെയാണ്.

Trending

No stories found.

Latest News

No stories found.