ജ്യോത്സ്യൻ
സ്വതന്ത്ര ഇന്ത്യയുടെ 77 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന അയൽരാജ്യങ്ങളെയാണ് നാം ഇപ്പോൾ കാണുന്നത്. ഇന്ത്യയ്ക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനയുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. സ്വതന്ത്ര്യം നേടിയ കാലം മുതൽ നമുക്കു ഭീഷണിയായി നിൽക്കുന്ന പാകിസ്ഥാൻ ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. എക്കാലത്തും ഇന്ത്യയോടൊപ്പം നിന്നിരുന്ന മാലദ്വീപിനെ ഇന്ന് പഴയതുപോലെ വിശ്വസിക്കാൻ കഴിയുന്നില്ല. മാലി ഭരണകൂടം ഇപ്പോൾ ചൈനയോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. നേപ്പാൾ പൊതുവെ ബലഹീനമാണ്. നേപ്പാൾ ഭരണകൂടത്തിനും ചൈനയോട് പതിവിൽ കൂടുതൽ മമതയുണ്ട്.
ഇങ്ങിനെയുള്ള സന്ദർഭത്തിലാണ് ബംഗ്ലാദേശിൽ ഒരു വലിയ ഭരണവിരുദ്ധ വികാരം ഉണ്ടാവുകയും, പ്രസിഡന്‍റ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് ഓടിയെത്തി രക്ഷ പ്രാപിക്കുകയും ചെയ്തിട്ടള്ളത്.
1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ രാജ്യത്തിന്‍റെ മുഴുവൻ പിന്തുണയും ലഭിച്ചിട്ടുള്ള മുജീബുർ റഹ്‌മാന്‍റെ മകളായ ഷെയ്ഖ് ഹസീനയ്ക്കും ഇന്ത്യയുമായി ആത്മബന്ധമാണുള്ളത്. എന്നാൽ ഇപ്പോഴത്തെ പ്രക്ഷോഭകാരികൾ പാകസ്ഥാനോടും, ചൈനയോടും കൂറുപുലർത്തുന്നവരാണ്. ഇപ്പോൾ പട്ടാള ഭരണം നടത്തുന്ന ജനറൽ വക്കർ - ഉസ്- സമാൻ ഇന്ത്യയുമായി അടുത്തു പോകുന്ന ഒരു പട്ടാള മേധാവിയാണ്. പക്ഷെ എത്ര നാൾ ഇന്ത്യാ വിരുദ്ധതയെ പിടിച്ചുകെട്ടാൻ ഈ പട്ടാള മേധാവിക്ക് കഴിയും എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ബംഗ്ലാദേശിലുണ്ടാകുന്ന ഏത് പ്രക്ഷോഭവും ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. ബംഗ്ലാദേശിലെ ഹിന്ദു- മുസ്‌ലിം സമുദായങ്ങളുടെ ഐക്യവും സുരക്ഷിതത്വ സാഹചര്യം തകർന്നാൽ, അവിടെ നിന്ന് ആയിരങ്ങളായിരിക്കും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യൻ അതിർത്തി രക്ഷാസേനയ്ക്ക് ഇക്കാര്യത്തിൽ വലിയ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ചിറ്റഗോങ് കുന്നുകളിലെ ആയിരക്കണക്കിന് ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും മുജീബുർ റഹ്മാന്‍റെയും ഹസീനയുടെയും കാലഘട്ടത്തിൽ വലിയ ആശ്വാസത്തോടെയാണ് ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്തോ- ബംഗ്ലാദേശ് അതിർത്തികളിൽ പ്രക്ഷോഭത്തിന്‍റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ടെന്നതിൽ സംശയമില്ല.
ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തി സുശക്തമായ അയൽരാജ്യങ്ങളായിരുന്നു. അതു കൊണ്ടാണ് പണ്ഡിറ്റ് നെഹ്രു ചൈനയുമായി പഞ്ചശീല തത്വം ഉണ്ടാക്കിയത്. പക്ഷെ 1962ലെ ചൈനയുടെ കയ്യേറ്റത്തെതുടർന്ന് ആ ബന്ധം തകർന്നു.
ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന് വേണ്ടിയുള്ള മഹാത്മാ ഗാന്ധിയുടെ ആവശ്യത്തിന് മുന്നിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു തല കുനിക്കുകയും മുഹമ്മദലി ജിന്നയുടെ പാകിസ്ഥാൻ വാദത്തിന് പച്ചക്കൊടി വീശുകയും ചെയ്തത് രണ്ട് രാജ്യങ്ങളും തമ്മിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന ശക്തമായ കാഴ്ചപ്പാടിലായിരുന്നു. എന്നാൽ അന്ന് ഇന്ത്യ- പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലുണ്ടായ രക്തച്ചൊരിച്ചിലുകൾ ഇന്നും തീർന്നിട്ടില്ല.
ഏത് രാജ്യത്തിനും മുന്നോട്ടു പോകണമെങ്കിൽ ആഭ്യന്തര സമാധാനവും അയൽരാജ്യങ്ങളുമായി ശക്തമായ സൗഹൃദവും ഉണ്ടാകണം. അയൽ രാജ്യങ്ങളുമായുള്ള ബന്ധം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ മധ്യേ ഏഷ്യയിൽ കലാപത്തിന്‍റെ നാളുകൾ സൃഷ്ടിച്ചിരിക്കുകയാണ്. റഷ്യയും യുക്രൈനുമായുള്ള തീരാത്ത ഏറ്റുമുട്ടലുകൾ ലോക സമാധാനത്തിനു തന്നെ ഭീഷണിയായിരിക്കുന്നു.
അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ നെഹ്രുവിനും ഇന്ദിര ഗാന്ധിക്കും കഴിഞ്ഞിരുന്നു. രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിലുണ്ടായ ശ്രീലങ്കയിലെ വർഗീയ കലാപങ്ങളും, കാശ്മീരിൽ ആവർത്തിച്ചുണ്ടായ ഭീകരാക്രമണങ്ങളും ചൈനയുടെ സൈനിക വളർച്ചയും ഇന്ത്യയുടെ സമാധാനപരമായ മുന്നേറ്റത്തിന് തടസമായി മാറിയിരിക്കുകയാണ്.
ബംഗ്ലാദേശിലെ ഇന്നത്തെ പ്രശ്നത്തിന് അമെരിക്കയാണ് ഉത്തരവാദിയെന്ന് ഷെയ്ഖ് ഹസീനയും അവർ നയിക്കുന്ന പാർട്ടിയും ഉറക്കെ പറയുമ്പോൾ, പുതിയ സമരമുഖങ്ങൾ ബംഗ്ലാദേശിൽ ഉടലെടുക്കുകയാണെന്ന് മനസിലാക്കാം. ബംഗ്ലാദേശിന്‍റെ നിയന്ത്രണത്തിലും കൈവശമുള്ള സെന്‍റ് മാർട്ടിൻസ് ദ്വീപിൽ അമേരിക്കയ്ക്ക് ശക്തമായ കണ്ണുണ്ട് എന്നത് സത്യമാണ്. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ അധീനതിയിൽ ഇന്ത്യ വിട്ടു കൊടുത്തതിന് തമിഴ്നാട്ടിൽ ഇപ്പോഴും അമർഷം ഉയരുന്നുണ്ട്. ഇതേ വികാരമാണ് സെന്‍റ് മാർട്ടിൻസ് ദ്വീപുകളുടെ കാര്യത്തിൽ ബംഗ്ലാദേശിലെ ജനങ്ങൾക്കുള്ളത്.
സ്വന്തം കരുത്തിലും ശക്തിയിലും മുന്നോട്ടുപോകുന്നതോടൊപ്പം നമ്മുടെ രാജ്യസുരക്ഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധയുണ്ടാവുകയും അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുകയും വേണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.