വിദഗ്ധ റിപ്പോർട്ടുകളും ദുരന്തങ്ങളിലെ വിളവെടുപ്പുകാരും

മണ്‍സൂണ്‍ കാലത്തിന് ശേഷം അറബിക്കടലില്‍ തീവ്ര സ്വഭാവമുള്ള കൊടുങ്കാറ്റുകളുടെ എണ്ണത്തില്‍ വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടുണ്ട്.
Special article
വിദഗ്ധ റിപ്പോർട്ടുകളും ദുരന്തങ്ങളിലെ വിളവെടുപ്പുകാരും
Updated on

എം.ബി. സന്തോഷ്

കൊടും വേനലിൽ കോരിച്ചൊരിയുന്ന മഴ, പെരുമഴ പെയ്യേണ്ടപ്പോൾ കൊടും വേനൽ...ഒരു മഴക്കാലത്ത് മൊത്തം പെയ്യേണ്ട ഏതാനും ആഴ്ചയ്ക്കുള്ളിൽ പെയ്തൊഴിയുന്നു. ഇങ്ങനെ പേമാരിയുടെ പിറ്റേന്നോ അടുത്ത ദിവസമോ അത്യുഷ്ണം... കേരളത്തിന്‍റെ കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് പൊട്ടിമുളച്ചതല്ല. അതിന്‍റെ സൂചനകൾ എത്രയോ കൊല്ലങ്ങളായി പ്രകൃതി നമുക്ക് മുന്നിൽ അവതരിപ്പിച്ചു.അത് കണ്ണുതുറന്ന് ഉത്തരവാദപ്പെട്ടവർ കാണാത്തതിന്‍റെ കെടുതികളാണ് ഇപ്പോൾ നാം നേരിടുന്നത്. സംസ്ഥാനത്തുടനീളം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്ന് മയിലുകളെ കാണുന്നതായി വാർത്തകൾ വന്നിരുന്നു. എന്തിന്, തിരുവനന്തപുരത്ത് എംജി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലൂടെ മയിലുകൾ നടന്നും പറന്നും പോവുന്നത് കാണാത്തവരുണ്ടാവില്ല. ഇനിയുള്ള വർഷങ്ങളിൽ ഈ പ്രവണത വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പക്ഷി നീരീക്ഷകർ പറയുന്നു. കാരണം, കേരളം ക്രമേണ വരണ്ടുണങ്ങുകയാണ്!

ഇന്ത്യയുടെ "പക്ഷി മനുഷ്യൻ" സലിം അലി,1933ൽ പഴയ കൊച്ചി, തിരുവിതാംകൂർ പ്രവിശ്യകളിൽ പക്ഷിശാസ്ത്ര സർവേ നടത്തിയിരുന്നു. അദ്ദേഹം സർവേ നടത്തിയ 19 ഇടങ്ങളിൽ ഒരിടത്തും മയിലിനെ കണ്ടില്ല. മയിലുകൾ സാധാരണയായി വരണ്ട ആവാസ വ്യവസ്ഥയിലാണ് വളരുന്നത്. 75 വർഷത്തിന് ശേഷം, പക്ഷിനിരീക്ഷകരുടെ ഒരു സംഘം സലിം അലിയുടെ പാതയിൽ സഞ്ചരിച്ച് പുതിയ പഠനം നടത്തി. പക്ഷികളുടെ എണ്ണവും സാന്നിധ്യവും വീണ്ടും വിലയിരുത്താൻ അവർ അതേ സ്ഥലങ്ങളിൽ പോയി. സലിം അലി പോയ 19 സ്ഥലങ്ങളിൽ 10 ഇടങ്ങളിലും അവർ മയിലുകളെ കണ്ടു! ഈ റിപ്പോർട്ടൊക്കെ കാണേണ്ടവരൊക്കെ കണ്ടു. അതുകഴിഞ്ഞ് അവ ഏതൊക്കെയോ വകുപ്പുകളുടെ അലമാരകളിൽ പാറ്റയ്ക്കും പല്ലിക്കും ആഹാരമായി മാറിയതിന്‍റെ തുടർച്ചയാണ് 2018ലെ പ്രളയവും വയനാട്ടിലെ ഉരുൾപൊട്ടലും ഇനി വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളും.

അരനൂറ്റാണ്ട് കാലയളവില്‍ ആഗോള ശരാശരിയിലും കൂടിയ താപവർധനവാണ് ഇന്ത്യന്‍ സമുദ്രമേഖലയില്‍ സംഭവിച്ചത്. ഇത് സമുദ്രജല താപത്തിലും വർധന സൃഷ്ടിച്ചു. അറബിക്കടലിന്‍റെ ഉപരിതല ഊഷ്മാവ് 28 ഡിഗ്രി ആയി ഉയര്‍ന്നുവെന്ന് കണക്കാക്കപ്പെടുന്നു. മണ്‍സൂണ്‍ കാലത്തിന് ശേഷം അറബിക്കടലില്‍ തീവ്ര സ്വഭാവമുള്ള കൊടുങ്കാറ്റുകളുടെ എണ്ണത്തില്‍ വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടുണ്ട്. 2015 തൊട്ട് ഈ പ്രവചനം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു.

അതി തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളില്‍ നിന്ന് ഇനി ഒരു രാജ്യവും സുരക്ഷിതമല്ല എന്നതാണ് ജർമനിയിലും അമെരിക്കയിലും യുഎഇയിലും ഒക്കെ അടുത്ത കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ തെളിയിക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുമ്പോൾ ഇനിയും പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചനപോലും നടത്താത്ത ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞേ മതിയാവൂ.‌ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടലേറ്റത്തിന്‍റെയും വെള്ളപ്പൊക്കത്തിന്‍റെയും രൂക്ഷത അനുഭവിക്കേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നതിന് ചെവികൊടുത്തേ മതിയാവൂ.

ഇന്ത്യയില്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ കടല്‍ കരയിലേക്ക് കയറുമെന്ന് ഐക്യരാഷ്‌ട്ര സംഘടന രൂപീകരിച്ച ഐപിസിസി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പടിഞ്ഞാറ് അതിര് അറബിക്കടലായ കേരളത്തെ ഇത് എങ്ങനെയാണ് ബാധിക്കുക?അത് സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടന്നതായി അറിയില്ല.കേരളത്തിന്‍റെ തീരദേശ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കടല്‍കയറ്റവും സംബന്ധിച്ച മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളി സമൂഹം നൽകിയിരുന്നെങ്കിലും അതാരും ഗൗരവമായി എടുത്തില്ല.കേരളത്തിന്‍റെ ഭൂവിസ്തൃതിയില്‍ 15ശതമാനം മാത്രം വരുന്ന തീരമേഖലയിലാണ് ജനസംഖ്യയുടെ 30ശതമാനവും പാർക്കുന്നത്.കടല്‍ക്ഷോഭം, തീരശോഷണം, കടല്‍ കയറല്‍ തുടങ്ങി കള്ളക്കടലുൾപ്പെടെ ഏത് പേരിൽ വിളിച്ചാലും ഇത്തരം പ്രതിഭാസങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ ദുരിതമയമാക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണ്.

കേരളത്തിന്‍റെ പശ്ചിമഘട്ട മേഖലകളില്‍ സ്വാഭാവിക വന മേഖലകള്‍ വെട്ടിമാറ്റി, അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ മരങ്ങള്‍ സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി വെച്ചുപിടിപ്പിക്കുന്നതിനെതിരെ എൺപതുകളുടെ അവസാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കി. പണം നൽകി ഈ പദ്ധതി നടപ്പാക്കിയത് സ്വാഭാവിക വനം നിലനിർത്തേണ്ട വനംവകുപ്പാണെന്ന് മറക്കരുത്. അന്ന്, "മരക്കവി'കളെന്നൊക്കെ പറഞ്ഞ് പരിസ്ഥിതി കവിതകളെഴുതിയ ഒ.എൻ.വി. കുറുപ്പിനേയും അയ്യപ്പപ്പണിക്കരേയും സുഗതകുമാരിയേയും ഡി. വിനയചന്ദ്രനെയുമൊക്കെ പരിഹസിക്കുകയായിരുന്നു.

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് വേൾഡ് വെതൽ ആട്രിബ്യൂഷന്‍റെ പഠനം വിലയിരുത്തുന്നു. ലണ്ടനിൽ 4 മാസം പെയ്തിറങ്ങുന്ന മഴയാണ് വയനാട്ടിൽ ഒറ്റ ദിവസം പെയ്തത്. 1901ൽ ഇന്ത്യയുടെ കാലാവസ്ഥാ ഏജൻസി റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയതിനുശേഷം ഒരു പ്രദേശത്ത് രേഖപ്പെടുത്തുന്ന കേരളത്തിലെ മൂന്നാമത്തെ ഉയർന്ന മഴയായിരുന്നു ഇത്. കേരളത്തിൽ ഏറ്റവും നാശംവിതച്ച മഴ പെയ്തത് 1924, 2018 വർഷങ്ങളിലാണ്. ലോകമെങ്ങും വർധിക്കുന്ന കാർബൺ പുറന്തള്ളലിന്‍റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങൾ അമിതജലം കുടിച്ചു വീർത്ത് ജലബോംബു’കളായി മാറുന്നു. കാലാവസ്ഥാ മാറ്റം വരുന്നതിനു മുമ്പ് ഇത്തരം ഉരുൾമഴകൾ 50–100 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇത് 2 ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത 10ൽ നിന്ന് 14 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ കാലാവസ്ഥാ വിദഗ്ദ്ധരുടെ കൂട്ടായ്മയിൽ 2014 മുതൽ ഈ രംഗത്ത് ഗവേഷണം നടത്തുന്ന സംഘമാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ.

ഇത്തരം പഠനങ്ങളും റിപ്പോർട്ടുകളും കൊണ്ട് എത്രമാത്രം പ്രയോജനമുണ്ടാവും? പ്രമുഖ മാധ്യമ പ്രവർത്തകനായ പി. സായ്നാഥിന്‍റെ "നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുമ്പോൾ' എന്ന പുസ്തകത്തിന് എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ഒരു കർഷകത്തൊഴിലാളി സംഘാടകൻ സായ്നാഥിനോട് പറയുന്നു: "അതിഭീകരമായ വരൾച്ചയെയാണ് ഞങ്ങൾ നേരിടുന്നത്.എന്നാൽ,വലിയ ആളുകൾ ഇവിടെ പണം ഉണ്ടാക്കുന്നതും അതേ വരൾച്ചയെ ഉപയോഗിച്ചുതന്നെയാണ്. ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസറെ നോക്കൂ... അദ്ദേഹം മൂന്നാം വിള കൊയ്തെടുക്കാൻ പോയിരിക്കുകയാണ്!' രണ്ടു വിള മാത്രമുള്ളപ്പോൾ "മൂന്നാം വിള', വിളനാശത്തിനുള്ള ധനസഹായ വിതരണമാണ്!

ബീഹാറിലെ അനുഭവമാണ് സായ്നാഥ് വിശദീകരിച്ചത്. വരൾച്ചയും പേമാരിയും വരുമാനമാർഗമാക്കിയവർ ഇവിടെയും കുറവല്ല. അതിൽ ചിലതൊക്കെ കേസുകളിലും നടപടികളിലും എത്തി. അത്രയും ആശ്വാസം. അപ്പോഴും ദുരന്തങ്ങൾ വരുമാനമാർഗമാക്കാൻ താല്പര്യമുള്ളവർ താക്കോൽ സ്ഥാനങ്ങളിലിരിക്കുമ്പോൾ ഇത്തരം മുന്നറിയിപ്പ് റിപ്പോർട്ടുകൾക്ക് എന്ത് സംഭവിക്കുമെന്ന് ഇതുവരെ നാം കണ്ടതാണ്. അതിന് മാറ്റം വരണമെങ്കിൽ വലിയ ജനകീയ മുന്നേറ്റം കൂടിയേ മതിയാവൂ.

"എല്ലുപൊക്കിയ ഗോപുരങ്ങള്‍-

കണക്കു ഞങ്ങളുയര്‍ന്നിടും

കല്ലു പാകിയ കോട്ടപോലെ-

യുണര്‍ന്നു ഞങ്ങളു നേരിടും'

(കുറത്തി - കടമ്മനിട്ട).

ക്രാന്തദർശികളാണല്ലോ കവികൾ. ദുരിതജീവിതം അടിച്ചേൽപ്പിക്കപ്പെട്ടവർ ജനപഥങ്ങളിലേക്ക് ഇരച്ചുവരുന്ന കാലം അകലെയല്ലെന്നു തന്നെ കരുതാം.

Trending

No stories found.

Latest News

No stories found.