വിജയ് ചൗക്ക് | സുധീര്‍നാഥ്
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയാണ്. ഇത് സമ്പൂര്‍ണ ബജറ്റാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി ഒന്നിന് അവര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
കേന്ദ്ര ബജറ്റില്‍ ഓരോ വകുപ്പുകള്‍ക്കും ബജറ്റ് വിഹിതമായി ഒരു തുക അനുവദിക്കും. ഓരോ വകുപ്പുകളും ആ തുക വരവായി കണ്ടുകൊണ്ട് സ്വന്തം നിലയില്‍ ബജറ്റുകള്‍ ഉണ്ടാക്കും. ഓരോ വകുപ്പുകൾക്കും കേന്ദ്ര ബജറ്റില്‍ നിന്ന് കിട്ടുന്ന വിഹിതത്തെ കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങളുമുണ്ടാകും. അതു കൂടി കണക്കിലെടുത്താകും അവർ തങ്ങളുടെ വാർഷിക ബജറ്റ് തയാറാക്കുക. ബജറ്റ് വിഹിതം ലഭിച്ചാല്‍ അത് എങ്ങിനെ ചെലവഴിക്കും എന്നത് അതത് വകുപ്പുകള്‍ തന്നെയാണ് തീരുമാനിക്കുക. കേന്ദ്ര ബജറ്റില്‍ ഒരു പ്രത്യേക പദ്ധതിക്കായി ഒരു തുക വകയിരുത്തിയാല്‍, ആ പദ്ധതിക്കു വേണ്ടി മാത്രമായിരിക്കും അതു ചെലവാക്കാന്‍ സാധിക്കുക. വക മാറ്റി ചെലവാക്കുക എന്നത് പ്രായോഗികമായി നടപ്പുള്ള കാര്യമല്ല.
ബജറ്റുകള്‍ എല്ലാ വീടുകളിലും ഉണ്ടാക്കാറുണ്ടല്ലോ. ബജറ്റ് എന്നു തന്നെ അതിനെ അവര്‍ വിളിച്ചു കൊള്ളണമെന്നില്ല. കുടുംബ ബജറ്റ് മിക്കവാറും വീട്ടമ്മയാണ് ഉണ്ടാക്കുക. വീട്ടിലെ വരവുചെലവു തുകയുടെ മുന്‍കൂര്‍ കണക്കുകൂട്ടലുകളാണത്. പാലിന്, വൈദ്യുതിക്ക്, ഗ്യാസിന്, ഫോണിന്, പലചരക്കിന്, പച്ചക്കറിക്ക്, പത്രത്തിന്, കുട്ടികളുടെ പഠനത്തിന്, വായ്പാ തിരിച്ചടവ് തുടങ്ങി ഇനം തിരിച്ച് ചെലവു കണക്കാക്കുക എന്നത് എവിടെയുമുണ്ടല്ലോ. പാഴ്ച്ചെലവ് നിയന്ത്രിക്കാൻ ബജറ്റിങ് മുഖ്യ പങ്ക് വഹിക്കുന്നു. സ്ഥിരവരുമാനമുള്ളവരുടെ വീട്ടില്‍ ബജറ്റ് ഉണ്ടാക്കുക എളുപ്പമായിരിക്കും. വരവും ചെലവും ഒത്തുപോകുന്ന ബജറ്റ് തയാറാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതില്‍ മിച്ചം ഉണ്ടാക്കുക എന്നതാണ് വിജയം. എന്നാല്‍ സ്ഥിര വരുമാനമില്ലാത്തവരുടെ വീട്ടിലെ ബജറ്റ് ഉണ്ടാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര വരവുണ്ടാകും എന്ന് വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
വരവിനനുസരിച്ച് ചെലവ് ചെയ്യുകയും അല്പം മിച്ചം വയ്ക്കുകയും ചെയ്യുക എന്നുള്ളതാണ് ഓരോ ബജറ്റ് ഉണ്ടാക്കുന്നതിന്‍റെയും ലക്ഷ്യം. മിച്ചമുണ്ടാക്കാന്‍ സാധിച്ചാല്‍ ബജറ്റ് വിജയം കണ്ടു എന്നു പറയാം. കടക്കെണിയിലേക്കു പോകാതിരിക്കാന്‍ ബജറ്റ് അനിവാര്യമാണെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ പറയുന്നു. ബജറ്റുകളില്ലാതെ ഒരു കുടുംബം മുന്നോട്ടു പോകുമ്പോഴാണ് സാമ്പത്തികമായ താളം തെറ്റലുകള്‍ ഉണ്ടാകുന്നത്. മനുഷ്യന്‍ കടക്കെണിയിലേക്ക് വീണുപോകുന്നതും ഇത്തരം താളം തെറ്റുകള്‍ കാരണമാണ്. അതുകൊണ്ടു തന്നെ ബജറ്റ് ഒരു കുടുംബത്തിന്‍റെ വിജയകരമായ സാമ്പത്തിക അച്ചടക്കത്തിന് അനിവാര്യം.
ബജറ്റ് എന്നത് ഒരു കണക്കുകൂട്ടല്‍ പദ്ധതിയാണ് എന്ന് പറയുന്നതാണ് ശരി. ഒരു നിശ്ചിത കാലയളവിലേക്ക് വരുമാനവും ചെലവുകളും ഉള്‍പ്പെടെയുള്ള കണക്കുകളില്‍ രൂപം കൊടുക്കുന്ന പദ്ധതി എന്ന് പറയാം. വരവും ചെലവും കണക്കുകൂട്ടുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതങ്ങള്‍, ആസ്തികള്‍, ബാധ്യതകള്‍ തുടങ്ങിയവ ഒരു ബജറ്റില്‍ ഉണ്ടാകണം. കമ്പനികളും സര്‍ക്കാരുകളും കുടുംബങ്ങളും എന്നു വേണ്ട എല്ലാ സംഘടിത സംവിധാനങ്ങളും ബജറ്റുകള്‍ കേന്ദ്രീകരിച്ചാണ് സാമ്പത്തിക ഇടപാട് നടത്തുക. ഒരു ബജറ്റില്‍ മുന്‍ഗണനകള്‍ കണക്കാക്കുന്നത് അവരുടെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന സമയത്ത് ചിലപ്പോള്‍ കമ്മിയോ (ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതൽ) അല്ലെങ്കില്‍, മിച്ചമോ (വരുമാനം ചെലവുകളേക്കാൾ കവിയുന്നു) ആകാനുള്ള സാഹചര്യമുണ്ട്. വാണിജ്യ മേഖലയില്‍ ഒരു സേവനത്തിന്‍റെ ചെലവ് വിശദീകരിക്കുന്ന ഒരു രേഖ അല്ലെങ്കില്‍ റിപ്പോര്‍ട്ട് കൂടിയാണ് ബജറ്റ്. ബജറ്റ് നിര്‍മ്മിക്കുന്നവര്‍ അത് പാലിക്കണം എന്നത് അലിഖിത നിയമമാണ്. ഒരു ബജറ്റ് ഉപഭോക്താവിന് നല്‍കിയാല്‍ അതില്‍ നിന്ന് പിന്മാറുന്നത് മാന്യമായ സാമ്പത്തികരംഗത്ത് ഉചിതമായ നടപടിയല്ല.
വില്‍പ്പന ബജറ്റ്, ഉത്പാദന ബജറ്റ് തുടങ്ങി ഒട്ടേറെ ബജറ്റുകളില്‍ കുടുംബ ബജറ്റാണ് ഓരോരുത്തരും അടുത്തറിയുന്നത്. കുടുംബ ബജറ്റ് പോലെ തന്നെയാണ് കോര്‍പ്പറേറ്റ് ബജറ്റും. ബിസിനസ് ലോകത്തുള്ളവര്‍ ലാഭമാണ് പ്രതീക്ഷിക്കുന്നത്. അതിന് അവര്‍ കര്‍ശനമായ ബജറ്റിങ് നടത്തേണ്ടതുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക അച്ചടക്കത്തിന് ബജറ്റ് അവതരിപ്പിക്കും. ഒരു ഗവണ്‍മെന്‍റിന്‍റെ ബജറ്റ് എന്നത് പ്രതീക്ഷിക്കുന്ന വിഭവങ്ങളുടെയും ആ ഗവണ്‍മെന്‍റിന്‍റെ ചെലവുകളുടെയും സംഗ്രഹമോ പദ്ധതിയോ ആണ്. ധനമന്ത്രാലയത്തിന്‍റെ സാമ്പത്തികകാര്യ വകുപ്പിന്‍റെ ബജറ്റ് ഡിവിഷന്‍ എല്ലാ വര്‍ഷവും ബജറ്റ് തയാറാക്കും. ധനമന്ത്രിയാണ് ബജറ്റ് രൂപീകരണ സമിതിയുടെ തലപ്പത്ത്. ധനമന്ത്രിയാണ് രാജ്യത്തിന്‍റെ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്. സമാനമായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും ബജറ്റ് അവതരിപ്പിക്കും. ഓരോ സംസ്ഥാനത്തേയും തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ ബജറ്റ് അവതരിപ്പിക്കും.
പ്രശാന്ത ചന്ദ്ര മഹലനോബിസ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആസൂത്രണ കമ്മിഷനിലെ അംഗമായിരുന്നു അദ്ദേഹം. അദ്ദേഹം ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും വലിയ തോതിലുള്ള സാംപിള്‍ സര്‍വെകളുടെ രൂപകല്പനയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു. സര്‍ ജെയിംസ് വില്‍സണ്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് 1860 ഫെബ്രുവരി 18ന് അവതരിപ്പിച്ചു എന്നാണ് രേഖകളില്‍ കാണുന്നത്. അദ്ദേഹം തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും പഞ്ചാബിലാണ് ചെലവഴിച്ചത്. ഇന്ത്യയിലും സ്‌കോട്ട്ലന്‍ഡിലും ഭാഷാഭേദങ്ങളെയും നാടോടിക്കഥകളെയും കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 77 പൂര്‍ണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബജറ്റുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ രാജ്യത്തിന്‍റെ ആദ്യ ബജറ്റും ഒരു ഇടക്കാല ബജറ്റായിരുന്നുവെന്ന പ്രത്യേകതയുണ്ട്. 1947 നവംബര്‍ 26ന് ആര്‍.കെ. ഷണ്മുഖം ചെട്ടിയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര ധനമന്ത്രി ആകുന്നതിന് മുമ്പ് കൊച്ചി രാജ്യത്തിലെ ദിവാനായിരുന്നു ഷണ്മുഖം ചെട്ടി. അദ്ദേഹത്തിന്‍റെ പേരിൽ എറണാകുളം നഗരത്തിൽ മറൈൻ ഡ്രൈവിനു സമീപം പ്രശസ്തമായ ഷണ്മുഖം റോഡ് എന്ന റോഡുമുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് റെയ്‌ൽവേ. അതിന്‍റെ വാര്‍ഷിക ധനകാര്യ ഇടപെടലിനായി പ്രത്യേക റെയ്ല്‍ ബജറ്റ് അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയില്‍ 1860 ഫെബ്രുവരി 18നാണ് ആദ്യ റെയ്ല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ പൊതു ബജറ്റിന്‍റെ ഭാഗമായിരിന്നു റെയ്‌ല്‍ ബജറ്റ്. 1920-21 ല്‍ രൂപികൃതമായ ബ്രിട്ടിഷ് റെയ്‌ല്‍വേ സാമ്പത്തിക വിദഗ്ധനായിരുന്ന വില്ല്യം അക്വര്‍ത്തിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് 1924ല്‍ റെയ്‌ല്‍ ബജറ്റിനെ പൊതു ബജറ്റില്‍ നിന്നും വേര്‍പെടുത്തി. എല്ലാ വര്‍ഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റെയ്‌ൽ മന്ത്രിയാണ് പാര്‍ലമെന്‍റില്‍ റെയ്‌ല്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയ്‌ല്‍ ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ റെയ്‌ല്‍ മന്ത്രിയും രണ്ടാമത്തെ ധനമന്തിയുമായിരിന്ന മലയാളിയായ ജോണ്‍ മത്തായിയാണ്. റെയ്‌ല്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ മമത ബാനര്‍ജിയാണ്. ഏറ്റവും കൂടുതല്‍ തവണ റെയ്‌ല്‍ ബജറ്റ് അവതരിപ്പിച്ചത് ജഗ്‌ജീവന്‍ റാം ആണ്- 7 തവണ. 2017 മുതല്‍ റെയ്ല്‍ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചതോടെ 92 വര്‍ഷത്തെ ചരിത്രമുള്ള റെയ്‌ല്‍ ബജറ്റ് ഇല്ലാതായി.
രസകരമായ ഒട്ടേറെ സംഭവങ്ങള്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഹല്‍വ ചടങ്ങാണ്. ബജറ്റ് രേഖകളുടെ പ്രിന്‍റിങ് ആരംഭിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ് "ഹല്‍വ ചടങ്ങ് ' നടക്കും. ധനമന്ത്രിയാണ് ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സഹായികള്‍ക്കും ഹല്‍വ നല്‍കുന്നത്. ബജറ്റ് അച്ചടിക്കുന്നതു മുതൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതു വരെ അവര്‍ ഒറ്റപ്പെട്ട് നോര്‍ത്ത് ബ്ലോക്ക് ഓഫിസില്‍ തന്നെ കഴിയേണ്ടതുണ്ട്. ലോക്ക്- ഇന്‍ കാലയളവ് എന്നാണ് ഈ കാലാവധിയെ വിശേഷിപ്പിക്കാറ്.
ഒരു പ്രധാന ജോലി ആരംഭിക്കുന്നതിന് മുമ്പ് മധുരമുള്ള എന്തെങ്കിലും കഴിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ ഭാഗമായാണ് ഈ ചടങ്ങ് നടത്തുന്നത്. ബജറ്റ് അച്ചടി തുടങ്ങുന്ന ദിവസം മുതല്‍ ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കും വരെ അവര്‍ക്ക് പുറത്തു വരാനോ ആരുമായി ബന്ധപ്പെടാനോ കഴിയില്ല.
നോര്‍ത്ത് ബ്ലോക്കിന്‍റെ ഭൂമിക്കടിയിലെ നിലയില്‍ 1980 മുതല്‍ 2020 വരെയുള്ള 40 വര്‍ഷക്കാലം ബജറ്റ് അച്ചടിക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഒരു സെക്യൂരിറ്റി പ്രിന്‍റിങ് പ്രസ് ഉണ്ട്. ഇപ്പോള്‍ ബജറ്റ് തയാറാക്കലും അച്ചടിക്കലും ഡിജിറ്റലായി മാറിയതോടെ, മൊബൈല്‍ ആപ്പ് വഴിയോ വെബ് സൈറ്റിലോ അതിന്‍റെ വിതരണം നടക്കുന്നു. ലോക്ക്- ഇന്‍ കാലയളവ് രണ്ടാഴ്ച വരെ നീണ്ടുനിന്ന മുൻകാലത്തേതില്‍ നിന്ന് ഇപ്പോൾ വെറും 5 ദിവസമായി കുറഞ്ഞു എന്നതാണ് ഡിജിറ്റലായതോടെ വന്ന മാറ്റം.