ജ്യോത്സ്യൻ
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് സിപിഎം ആണ്. സിപിഐ, ആർഎസ്പി തുടങ്ങിയ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുണ്ടെങ്കിലും കേരളത്തിൽ രണ്ടുപ്രാവശ്യം തുടർച്ചയായി ഭരണ നേതൃത്വം കിട്ടിയത് സിപിഎമ്മിനാണ്.
പാവപ്പെട്ടവരുടെയും തൊഴിലാളി വർഗത്തിന്‍റെയും ശബ്ദമായിട്ടാണ് ഇടതുപക്ഷ പാർട്ടികളെ പൊതുവേ കാണുന്നതെങ്കിലും ഇപ്പോൾ ആ പാർട്ടികൾക്ക് പഴയ കാഴ്ചപ്പാടുകളും അന്തർദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി മുൻകാലത്തുണ്ടായിരുന്നതു പോലെയുള്ള കൂട്ടായ്മയും സൗഹൃദവും ഐക്യദാർഢ്യവുമൊന്നുമില്ല. പൊതുവേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ക്ഷീണകാലമാണ്.
തേനും പാലും ഒഴുകിയിരുന്നു എന്ന് ഒരുകാലത്തു കരുതപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനും, തൊഴിലാളികളുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചൈനയും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആവേശമായി തുടരുന്നില്ല. അടുത്ത കാലത്ത് അല്പം ആശ്വാസം നൽകിയത് ശ്രീലങ്കയിൽ ഇടതു ശബ്ദമുള്ള ഒരു അധികാര കേന്ദ്രം വന്നു എന്നതാണ്.
ശാസ്ത്ര സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും അതിവേഗത്തിൽ ലോകമാകെ വളരുകയും പടരുകയും ചെയ്യുമ്പോൾ പഴയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ""സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ'' എന്ന മുദ്രാവാക്യത്തിന്‍റെ ശക്തി കുറഞ്ഞു. മുതലാളിത്ത വ്യവസ്ഥയോടും മുതലാളിത്ത രാജ്യങ്ങളായ ബ്രിട്ടൻ, അമെരിക്ക, ജർമനി തുടങ്ങിയവരോടും കമ്മ്യൂണിസ്റ്റുകാർക്ക് പണ്ടുണ്ടായിരുന്ന അന്ധമായ എതിർപ്പ് ഇന്നില്ല. ഒരു കാലത്ത് പലസ്തീന് വേണ്ടി ശബ്ദമുയർത്തുകയും പാട്ടപ്പിരിവ് നടത്തുകയും ചെയ്തിരുന്ന കമ്മ്യൂണിസ്റ്റുകളെ ഇപ്പോൾ കേരളത്തിൽ പോലും കാണാനാകുന്നില്ല.
ദേശീയ തലത്തിൽ ബിജെപിക്കെതിരായി വലിയ സമരം നടത്തുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള "ഇന്ത്യാ മുന്നണി'യുടെ ശക്തമായ ഒരു വിഭാഗമാണ് ഇടതുപക്ഷ പാർട്ടികൾ; പ്രത്യേകിച്ച് സിപിഎം. സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സന്ദർഭത്തിൽ ഇന്ത്യാ മുന്നണിക്കകത്ത് സിപിഎമ്മിനു നല്ല സ്വാധീനമുണ്ടായിരുന്നു. സീതാറാം യെച്ചൂരിയുടെ മരണശേഷം കോ- ഓർഡിനേറ്റർ എന്ന പദവിയിൽ താത്കാലിക ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് യെച്ചൂരിയെപ്പോലെ മൃദു സ്വഭാവക്കാരനല്ല, മറിച്ച് പിണറായി വിജയനെപ്പോലെ അല്പം കർക്കശക്കാരനാണ്.
ദേശീയ തലത്തിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം രാഷ്‌ട്രീയ മുന്നേറ്റം നടത്തുമ്പോൾത്തന്നെ കേരളത്തിൽ അവർ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനോടും ബിജെപിയോടും ഏറ്റുമുട്ടുന്നു. കോൺഗ്രസാണ് ബിജെപിയെ നേരിടാൻ മുന്നിൽ നിൽക്കുന്നതും ഇന്ത്യാ മുന്നണിയെ നയിക്കുന്നതും. എന്നിട്ടും കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം അതിശക്തമായി ഏറ്റുമുട്ടുന്നു. വയനാട്ടിൽ മുമ്പ് രാഹുൽ ഗാന്ധിയെയും ഇപ്പോൾ പ്രിയങ്ക ഗാന്ധിയെയും സിപിഎമ്മും ഇടതുമുന്നണിയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നു.
കേരളത്തിൽ ഇടതു മുന്നണിക്കും വലതു മുന്നണിക്കും ഒന്നിച്ചു ചേരാൻ കഴിയില്ലെന്നിരിക്കെ, ദേശീയ തലത്തിൽ ബിജെപിയെ എതിർക്കാൻ ഒന്നിച്ച് കൈകോർക്കാം എന്ന് പറയുന്ന കോൺഗ്രസ് - ഇടതുപക്ഷ കൂട്ടുകെട്ട് വിശ്വാസയോഗ്യമാണോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് നവംബറിൽ നടക്കുന്ന വയനാട് പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പിലും ചേലക്കര, പാലക്കാട് അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും, സിപിഎം നയിക്കുന്ന ഇടതുമുന്നണിയും, ബിജെപിയുടെ എൻഡിഎയും വെള്ളം കുടിക്കുന്നത്.
പാലക്കാട്ട് കോൺഗ്രസ് രഹസ്യ ബാന്ധവത്തിലൂടെ ബിജെപിക്ക് വോട്ട് മറിക്കും എന്ന് എൽഡിഎഫും, സിപിഎം ബിജെപിക്ക് മറിക്കുമെന്ന് യുഡിഎഫും ആരോപിക്കുമ്പോൾ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ ആശയക്കുഴപ്പത്തിലാകുന്നു. ഏതായാലും തെരഞ്ഞെടുപ്പ് ഫലം വരാതെ ജനവികാരം അളക്കാൻ കഴിയില്ലെന്നു തന്നെയാണ് ജോത്സ്യന്‍റെ അഭിപ്രായം.