അഡ്വ. ജി. സുഗുണന്‍
ജാതിവ്യവസ്ഥ, ശാപതുല്യമായ അയിത്തം, മതവ്യത്യാസങ്ങളില്‍ അധിഷ്ഠിതമായ വര്‍ഗീയത എന്നീ ദുരാചങ്ങളെല്ലാം ഒരു കാലത്ത് ശക്തമായി നിലനിന്നിരുന്ന നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം ജനതയും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമൂഹികമായുമെല്ലാം ഇന്നും വളരെ പിന്നണിയിലാണ്. ഈ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാതെ രാജ്യ വികസനം അസാധ്യം. അതുകൊണ്ടു തന്നെയാണ് ഭരണഘടനയില്‍ത്തന്നെ ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനത്തിലുമെല്ലാം ജാതി സംവരണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കും ന്യൂനപക്ഷത്തിനും പ്രത്യേക സംരക്ഷണങ്ങള്‍ ഭരണഘനടയില്‍ നല്‍കപ്പെട്ടതിനെച്ചൊല്ലി മുമ്പു തന്നെ ഒരുകൂട്ടം ആളുകള്‍ ഭരണഘടനയെ പോലും വിമര്‍ശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഡോ. അബേദ്ക്കര്‍ പറഞ്ഞിട്ടുള്ളത് പ്രസക്തമാണെന്ന് തോന്നുന്നു. ""എന്നെ സംബന്ധിച്ചടത്തോളം പിന്നാക്ക- ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിർമാണ സഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ നിശേഷം സംശയംമില്ല'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 335ലാണ് പട്ടിജാതി- പട്ടിക വര്‍ഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 335ാം വകുപ്പ് അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്‍റിനും സംസ്ഥാന ഗവണ്‍മെന്‍റിനും പൊതുവായി നല്‍കിയിരിക്കുന്ന നിർദേശം ഭരണപരമായ കഴിവിനെ നിലനിര്‍ത്തുന്ന വിധത്തില്‍ ഈ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് വിശേഷാല്‍ പരിഗണന നല്‍കണമെന്നാണ്. പട്ടിജാതിക്കാരും, പട്ടികവര്‍ഗക്കാരായ ഉദ്യോഗാർഥികള്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യതയും, മറ്റു യോഗ്യതകുളും സംസ്ഥാനങ്ങളിലെ വിവിധ സര്‍വീസുകളിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിശ്ചിയിച്ചിട്ടുള്ളതനുസരിച്ച് ഉണ്ടായിരിക്കേണ്ടതാണ്.
പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്‍റെ വിവിധ വശങ്ങള്‍ സമഗ്രമായി പ്രതിവാദിക്കുന്ന സുപ്രധാനമായ രേഖയാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. അതിലെ ശുപാര്‍ശയെ പ്രായോഗികമാക്കാൻ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇന്ദിരാ സാഹിനി കേസിലെ (1992) വിധി ഐതിഹാസികമായിരുന്നു.
അനുഛേദം 16(4) പിന്നാക്ക വര്‍ഗങ്ങളുടെ സര്‍വീസുകളിലെ പ്രതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാന നിയമമാണെന്ന് ആ വിധിയില്‍ പറഞ്ഞു. അനുഛേദം 16 (4) വിഭാവന ചെയ്യുന്ന പിന്നാക്കാവസ്ഥ പ്രധാനമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരിമായും, സാമൂഹികമായിട്ടുള്ള പിന്നാക്കാവസ്ഥയാണെന്ന് കോടതി എടുത്തു പറഞ്ഞിരുന്നു. പിന്നാക്ക- പട്ടികജാതി- പട്ടികവര്‍ഗ സംവരണം ഭരണഘനപരമായി ഈ വര്‍ഗങ്ങളുടെ അവകാശം തന്നെയാണ്. അതിനു നേരെ കൊലക്കത്തിയുയര്‍ത്താന്‍ ആരെയും ജനങ്ങള്‍ അനുവദിക്കുമെന്നും തോന്നുന്നില്ല. പട്ടികജാതി- പട്ടികവര്‍ഗ സംവരണം ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ട് കാലമായും, പിന്നാക്ക സംവരണം ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കാലവുമായി രാജ്യത്ത് നടപ്പിലാക്കുന്നു. ഈ സംവരണത്തിനു നേരെയാണ് നരേന്ദ്ര മോദി സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ഇപ്പോള്‍ കൊലക്കത്തി ഉയര്‍ത്തിയിരിക്കുന്നത്.
പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന യോഗ്യരായ വിദ്യാർഥികള്‍ക്ക് മെരിറ്റില്‍ ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. മധ്യപ്രദേശില്‍ സംവരണ വിഭാഗക്കാരനായ വിദ്യാർഥിക്ക് ജനറല്‍ കാറ്റഗറി എംബിബിഎസ് പ്രവേശനം നിഷേധിച്ച നടപടി റദ്ദാക്കിയാണ് ഈ വിധി. കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തിലെ നിയമവിരുദ്ധ നടപടി ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി ഒബിസി വിഭാഗക്കാരനായ രാം നേരേശ് എന്ന റിങ്കു പുഷ്യാഹഡ്ക്കിന് 2024-25 അക്കാഡമിക് വര്‍ഷം ജനറല്‍ കാറ്റഗറിയില്‍ എംബിബിഎസ് പ്രവേശന നല്‍കാനും നിർദേശം നല്‍കി.
എംബിബിഎസ് പ്രവേശനത്തില്‍ ജനറല്‍ കാറ്റഗറി വിഭാഗക്കാര്‍ക്കായി മാറ്റിവച്ച 5 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് മെറിറ്റില്‍ യോഗ്യതയുള്ള ഒബിസി വിദ്യാര്‍ഥിക്ക് നല്‍കില്ലെന്നായിരുന്നു മധ്യപ്രദേശ് മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നിലപാട്. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
സംവരണ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാർഥികള്‍ക്ക് സംവരണമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വോട്ടയില്‍ അവരുടെ മെറിറ്റ് നോക്കി പ്രവേശനം നല്‍കണമെന്നത് സുപ്രീം കോടതി വിധികളാല്‍ സ്ഥാപിതമായ നിയമമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.കെ. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണ വിഭാഗക്കാരനായ ഒരു അപേക്ഷാർഥിക്ക് മെറിറ്റ് പ്രകാരമുള്ള യോഗ്യതാ മാര്‍ക്കുണ്ടെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് നല്‍കണമെന്ന് മാത്രമല്ല, അങ്ങനെയുള്ളയാളെ സംവരണ ക്വാട്ടയില്‍ പ്രവേശനം നേടിയ ആളായി എണ്ണരുതെന്നും ബെഞ്ച് ഓർമിപ്പിച്ചു.
ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സംവരണ വിഭാഗക്കാരനായ ഹര്‍ജിക്കാരന് എംബിബിഎസ് പ്രവേശനം നിഷേധിച്ചെന്ന് ജസ്റ്റിസ് ഗവായ് എഴുതിയ വിധിയില്‍ ചൂണ്ടിക്കാട്ടി. ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചയിച്ച കട്ട്ഓഫ് മാര്‍ക്ക് സംവരണ വിഭാഗക്കാര്‍ക്കുള്ള കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവാണ്. അതിനാല്‍ ഒബിസി വിഭാഗക്കാരന് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തി വിരുദ്ധവുമാണ്.
ജനറല്‍ വിഭാഗത്തിലേയും സംവരണ വിഭാഗത്തിലെയും സീറ്റ് വിതരണത്തില്‍ വരുത്തിയ പിഴവാണ് സീറ്റ് നിഷേധത്തിന് കാരണം. ഇതുമൂലം സംവരണ വിഭാഗക്കാരനേക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ള നിരവധി പേര്‍ സംവരണമില്ലാത്ത ജനറല്‍ വിഭാഗത്തില്‍ എംബിബിഎസ് പ്രവേശം ലഭിക്കുകയും ചെയ്തു. സൗരവ് യാദവ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും സംവരണ വിഭാഗക്കാരനായ യോഗ്യതയുള്ള ഒരു വിദ്യാർഥിയെ ജനറല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ഗവായ് വിധിയില്‍ വ്യക്തമാക്കി.
സംവരണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർഥികള്‍ക്ക് അവരുടെ മെരിറ്റ് കണക്കിലെടുത്ത് ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതിയുടെ തന്നെ മുന്‍കാല വിധികളുണ്ട്. 2022 ഏപ്രില്‍ 28 നാണ് ഇക്കാര്യത്തില്‍ അവസാന വിധിയുണ്ടായത്. ഒബിസി ഉദ്യോഗാർഥികള്‍ കൂടുതല്‍ മെരിറ്റുള്ളവരാണെങ്കില്‍ അവരെ ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.ബി. നാഗരത്‌ന എന്നിവിരടങ്ങിയ ബഞ്ചിന്‍റെ വിധി. പൊതുവിഭാഗത്തിലെ അപേക്ഷകരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സംവരണ വിഭാഗക്കാരുണ്ടെങ്കില്‍ അവരെ പൊതു വിഭാഗത്തിലേക്ക് മാറ്റണമെന്നും, സംവരണ വിഭാഗത്തില്‍പ്പെട്ട ശേഷിക്കുന്ന ഉദ്യോഗാർഥികളെ സംവരണ ക്വാട്ടയില്‍ നിയമിക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികയില്‍ തന്നെ മാറ്റം വരുത്താനാണ് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിട്ടുള്ളത്. 2021ലെ സൗരവ് യാദവ് കേസിലും സുപ്രീം കോടതി സമാനവിധി പുറപ്പെടുവിച്ചിരുന്നു. അതിനു മുന്‍പും ഇത്തരത്തിലുള്ള വിധികളുണ്ടായിട്ടുണ്ട്. എന്നിട്ടും ഇത്തരം വിധികള്‍ ആവര്‍ത്തിക്കേണ്ടി വരുന്നത് സംവരണത്തിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമായ നടപടികള്‍ രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതിന്‍റെ സൂചനയാണ്.
നമ്മുടെ സംസ്ഥാനത്തും പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തില്‍ പൊതുവിഭാഗത്തിന്‍റെ കട്ട്ഓഫ് മാര്‍ക്കില്‍ പൊതുവിഭാഗത്തിന്‍റെ കട്ട്ഓഫ് മാര്‍ക്കിന് മുകളിലെത്തുന്ന പിന്നാക്കക്കാരെ പൊതുവിഭാഗത്തില്‍ പരിഗണിക്കില്ല. ഇവരെ ഉള്‍പ്പെടുത്തി സംവരണ ക്വാട്ടയിലെ എണ്ണം തികയ്ക്കും. ഒറ്റനോട്ടത്തില്‍ അര്‍ഹതപ്പെട്ട സംവരണ സീറ്റുകളുടെ എണ്ണത്തില്‍ കുറവു കണ്ടെത്താനാവില്ല. അവര്‍ മെരിറ്റില്‍ നിന്നും സംവരണ ക്വാട്ടയിലേക്ക് മാറ്റപ്പെടുമ്പോള്‍ അതേ വിഭാഗത്തിലെ മറ്റൊരു വിദ്യാർഥിക്ക് അര്‍ഹതപ്പെട്ട സംവരണ സീറ്റാണ് നിഷേധിക്കപ്പെടുന്നത്. ഈ നിലയില്‍ മെരിറ്റില്‍ സിംഹഭാഗവും മുന്നാക്കക്കാര്‍ക്ക് തന്നെ ലഭിക്കുകയും ചെയ്യും.
ജനറല്‍ വിഭാഗക്കാര്‍ക്ക് ഉള്ള കട്ട്ഓഫ് മാര്‍ക്ക് സംവരണത്തില്‍പ്പെടുന്നവരുടെ കട്ട്ഓഫ് മാര്‍ക്കിനേക്കാള്‍ കുറവായതിനാല്‍ തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് പ്രവേശനം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിവിധ തസ്തികകളിലെ നിയമനങ്ങളില്‍ ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കുന്ന മാര്‍ക്ക് നേടിയ ഉദ്യോഗാർഥിയെ സംവരണ വിഭാഗത്തില്‍ മാത്രം പരിഗണിക്കുന്ന സാഹചര്യമാണ് പിഎസ്‌സിയില്‍ ഉള്‍പ്പെടെയുള്ളത്. ഇതോടെ സംവരണ വിഭാഗത്തില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥിക്ക് അവസരം നഷ്ടമാകുന്നു. മാത്രമല്ല, മെരിറ്റ് പൂർണമായോ സിംഹഭാഗമോ, മുന്നാക്ക വിഭാഗക്കാര്‍ക്ക് മാത്രം ലഭിക്കാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു.
വര്‍ങ്ങളായി ബ്ലോക്കുകളായി തിരിച്ചാണ് പിഎസ്‌സിയില്‍ നിയമനം നടക്കുന്നത്. ഓരോ ബ്ലോക്കുകളിലും 20 ഒഴിവുകള്‍ വീതം പരിഗണിക്കും. തുടര്‍ന്ന് ആദ്യ ബ്ലോക്കില്‍ ഒന്ന്, മൂന്ന്, അഞ്ച് ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ അര്‍ഹതയുള്ളവരെ പരിഗണിക്കും. തുടര്‍ന്ന് 2, 4, 6, 8 ക്രമത്തില്‍ സംവരണ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. തുടര്‍ന്ന് അടുത്ത ബ്ലോക്കുകളിലേക്ക് ഉദ്യോഗാർഥികളെ പരിഗണിക്കും. എന്നാല്‍ 2ാം ബ്ലോക്ക് മുതല്‍ സംവരണ വിഭാഗത്തിലുള്ളവരെ യോഗ്യമായ മാര്‍ക്ക് ലഭിച്ചാലും ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കില്ല. ഇതോടെ യഥാർഥത്തില്‍ സംവരണാനുകൂല്യത്തില്‍ പ്രവേശനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥിക്ക് ആ അവസരം നഷ്ടപ്പെടുകയാണ്.
ആദ്യ ബ്ലോക്കില്‍ സംവരണ മാനദണ്ഡം പാലിക്കുന്നതിനാല്‍ പൊതുസമൂഹത്തെ വേഗത്തില്‍ കബളിപ്പിക്കാം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒറ്റ ബ്ലോക്കായി നിയമനം നല്‍കിയാല്‍ ഈ അട്ടിമറിക്ക് തടയിടാം. എന്നാല്‍ ഇത്തരം നടപടികളിലേക്ക് കേരള സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും കടക്കുമോ എന്ന ചോദ്യമാണ് പിന്നാക്ക വിഭാഗക്കാര്‍ ഉന്നയിക്കുന്നത്.
സംവരണം പിന്നാക്ക വിഭാഗങ്ങളുടെ അവകാശം തന്നെയാണ്. സംവരണത്തെ സംവരണമായും മെരിറ്റിനെ മെരിറ്റായും കണക്കാക്കുന്നതാണ് ന്യായവും നീതിയും. എന്നാല്‍ കാലാകാലങ്ങളായി ഇത് രണ്ടും കൂട്ടിക്കുഴച്ച് പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവരെ തഴയാന്‍ ബ്യൂറോക്രസി പല കളികളും തുടര്‍ന്നുവരികയായിരുന്നു. അതില്‍ ഏറ്റവും മുഖ്യമായ ഒരു രീതി സംവരണത്തിന് അര്‍ഹതയുള്ള ഉദ്യോഗാർഥികള്‍ മെരിറ്റിലും മുന്നില്‍ വന്നാല്‍ അയാളെ മെരിറ്റില്‍ പരിഗണിക്കാതെ സംവരണ ക്വോട്ടയില്‍ ഉല്‍പ്പെടുത്തുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ സംവരണ ക്വാട്ടയില്‍ ജോലി കിട്ടുമായിരുന്ന ഒരാള്‍ തഴയപ്പെടുകയാണ് ചെയ്യുന്നത്. അപേക്ഷിച്ചപ്പോള്‍ സംവരണാനുകൂല്യം ആവശ്യപ്പെട്ടു എന്നതിന്‍റെ മറവിലാണ് ഈ അട്ടിമറി തുടര്‍ന്നുവരുന്നത്.
പിന്നാക്ക സംവരണത്തിനെതിരേ വ്യാപകമായ കടന്നാക്രമണങ്ങളാണ് കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും നടത്തിക്കൊണ്ടിരിക്കുന്നത്. സവർണ വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഉദ്യോഗസ്ഥലോബി സംവരണ അട്ടിമറി ഫലപ്രദമായി നിര്‍വഹിച്ചുപോരുന്നു. എന്തായാലും പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാർഥികളും വിദ്യാർഥികളും മെരിറ്റ് ക്വാട്ടയില്‍ ഉള്‍പ്പെട്ടുവന്നാല്‍ ഇവര്‍ക്ക് മെരിറ്റ് വിഭാഗത്തില്‍ തന്നെ ഉദ്യോഗനിയമനവും കോളെജ് പ്രവേശനവും നല്‍കണമെന്ന പരമോന്നത കോടതിയുടെ ഒടുവിലത്തെ ഈ ഐതിഹാസിക വിധി രാജ്യത്തെ സാമൂഹ്യരംഗത്ത് വലിയ പ്രത്യഘാതമുണ്ടാക്കാന്‍ ഇടയാക്കുമെന്നുള്ളതില്‍ സംശയമില്ല.
(ലേഖകന്‍റെ ഫോണ്‍: 9847132428)