ജി7 ഉച്ചകോടി വെളിച്ചം പകരുന്നു

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വാണിജ്യം, പ്രതിരോധം, ടെലികോം മേഖലകളിൽ ഇന്ത്യ- ഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹം പങ്കുവച്ചു
special story about g7 summit
Updated on

അഡ്വ. വി.സി. സെബാസ്റ്റ്യൻ

ലോകം സാക്ഷിയായ അപൂർവ നിമിഷത്തോടെയാണ് ജി7 ഉച്ചകോടി സമാപിച്ചത്. കത്തോലിക്കാ സഭയുടെ ആത്മീയ നേതാവ് ഫ്രാൻസിസ് മാർപാപ്പയെ ലോക രാഷ്‌ട്രത്തലവന്മാർ ആവേശത്തോടെ സ്വാഗതം ചെയ്കു എന്നു മാത്രമല്ല, സെവൻ നേഷൻസ് ഗ്രൂപ്പിന്‍റെ 50ാമത് ഉച്ചകോടിയുടെ ചർച്ചകളും ചിന്തകളും ലോക ജനതയ്ക്ക് പുതിയ അനുഭവങ്ങളും പ്രതീക്ഷകളും പകരുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് ഉച്ചകോടിയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിനു നൽകിയ സ്വീകരണം ക്രിസ്തീയ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഹൃദയസ്പർശിയായ നിമിഷങ്ങൾ സൃഷ്ടിച്ചു. ഇതാദ്യമായാണ് കത്തോലിക്കാ സഭയുടെ തലവൻ ഇത്തരമൊരു ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

സംഘാടക മികവ്

കാനഡ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, യുഎസ്എ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളുടെ തലവന്മാരും യൂറോപ്യൻ യൂണിയൻ നേതാക്കളുമായിരുന്നു ഉച്ചകോടിയിൽ പ്രധാന പങ്കാളികൾ. ഉച്ചകോടി അജൻഡകൾ തീരുമാനിക്കുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്തത് ഔപചാരികമായ ഓഫിസുകളോ സംവിധാനങ്ങളോ ഇല്ലാതെ ആതിഥേയ രാജ്യമായ ഇറ്റലിയാണ്. 2025ൽ കാനഡ 51ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും.

വത്തിക്കാൻ രാജ്യത്തലവൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പയെ കൂടാതെ ഇന്ത്യ, അൾജീരിയ, ബ്രസീൽ, തുർക്കി, കെനിയ, ടുണീഷ്യ, അർജന്‍റീന, ജോർദാൻ, യുഎഇ, മൗറിറ്റാനിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളുടെ തലവന്മാരും ഉച്ചകോടിയുടെ ഔട്ട്‌റീച്ച് പ്രോഗ്രാമുകളിലും വിശിഷ്ടാതിഥികളായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഊർജം, ഗാസ, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ എന്നിവയാണ് ഔട്ട്‌റീച്ച് സെഷനിൽ ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങൾ.

ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന്‍റെ മുഴുവൻ ക്രെഡിറ്റും ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനിക്കാണ്. ഉച്ചകോടിയിൽ കത്തോലിക്കാ സഭയുടെ ആത്മീയ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം ഉറപ്പാക്കുകയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകൾ ലോക സമൂഹത്തിൽ സജീവമാക്കുകയും ചെയ്‌തതാണ് മെലോണിയുടെ നേതൃപാടവം. രാഷ്‌ട്രത്തലവന്മാരുമായുള്ള വ്യക്തിപരമായ ബന്ധം ഊഷ്മളമാക്കാൻ മെലോണി ശ്രമിച്ചു. അതിന് തെളിവാണ് സോഷ്യൽ മീഡിയയിൽ അവർ പങ്കുവച്ച "പ്രിയ സുഹൃത്തുക്കളേ, മെലോഡി' എന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെൽഫി ഫോട്ടൊ.

മാർപാപ്പ പങ്കുവച്ചത്

ഉച്ചകോടിയുടെ രണ്ടാം ദിവസം നടന്ന ഒരു ഔട്ട്‌റീച്ച് സെഷനിൽ, കൃത്രിമബുദ്ധി ലോകത്തിന്‍റെ നന്മയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ രാഷ്‌ട്രത്തലവന്മാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഊർജം, ആഫ്രിക്ക- മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള പ്രവർത്തന സെഷനിൽ ഫ്രാൻസിസ് മാർപാപ്പ സൂചിപ്പിച്ചു.

മാരകമായ ആയുധങ്ങൾ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗവും വികസനവും പുനർവിചിന്തനം ചെയ്യേണ്ടതും ആത്യന്തികമായി അവയുടെ ഉപയോഗം നിരോധിക്കുന്നതും അടിയന്തര ആവശ്യമാണെന്നു പറഞ്ഞ അദ്ദേഹം, ആയുധ വ്യവസായത്തെയും യുദ്ധങ്ങളുടെ മരണത്തിൽ നിന്ന് ലാഭം നേടുന്നവരെയും അപലപിച്ചു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ധാർമിക ഉപയോഗം ഉറപ്പാക്കാൻ, കൃത്രിമബുദ്ധിക്ക് മനുഷ്യനേക്കാൾ മേൽക്കൈ ഉണ്ടാകരുതെന്നും, സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യർ ഉപേക്ഷിക്കരുതെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

എല്ലാവർക്കും അറിവിന്‍റെ ലഭ്യത, ശാസ്ത്ര ഗവേഷണത്തിലെ പുരോഗതി, ജോലിയുടെ സങ്കീർണത കുറയ്ക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ കൃത്രിമ ബുദ്ധിയുടെ ഗുണങ്ങളാണെങ്കിലും, ഹൃദയം കൊണ്ട് തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്‍റെ കഴിവ് കൃത്രിമ ബുദ്ധിക്കില്ല. പഠനാവശ്യങ്ങൾക്കായി കൃത്രിമബുദ്ധിയെ ആശ്രയിക്കുമ്പോൾ വിദ്യാഭ്യാസം അട്ടിമറിക്കപ്പെടുന്നു. കൃത്രിമബുദ്ധിയുടെ ദുരുപയോഗം വികസിതവും അവികസിതവുമായ രാജ്യങ്ങൾ തമ്മിലുള്ള, ശക്തരും അടിച്ചമർത്തപ്പെട്ടവരും തമ്മിലുള്ള അന്തരം വർധിപ്പിച്ച് അസമത്വത്തിന് ആക്കം കൂട്ടുന്ന പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി.

2023 മെയിൽ ജപ്പാനിൽ നടന്ന 49ാമത് ജി7 ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉത്തരവാദിത്ത ഉപയോഗത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു വർക്കിങ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. മറുവശത്ത്, ആതിഥേയരായ ഇറ്റലി ഈ വർഷത്തെ ഉച്ചകോടിയുടെ പ്രധാന വിഷയം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ നിയന്ത്രണ, ധാർമിക, സാംസ്കാരിക ചട്ടക്കൂടിനുള്ള നിർണായക സംഭാവനയായി ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം പ്രഖ്യാപിച്ചു.

2016ലും 2020ലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ നൈതികതയെക്കുറിച്ച് വത്തിക്കാൻ ശാസ്ത്രജ്ഞരുമായും ടെക് എക്സിക്യൂട്ടീവുകളുമായും ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. മാർപാപ്പയും വത്തിക്കാനിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രതിജ്ഞയും, റോം കോൾഫോർ എഐയും നൈതികതയിൽ ഒപ്പുവച്ചു.

2013ൽ കത്തോലിക്കാ സഭയുടെ തലവനായതിനു ശേഷം ഏറ്റവും ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന ഫ്രാൻസിസ് മാർപാപ്പ, കൃത്രിമ ബുദ്ധിയുടെ പുതിയ സ്വാതന്ത്ര്യവും വാഗ്ദാനവും ചൂണ്ടിക്കാട്ടിയും സാങ്കേതിക സ്വേച്ഛാധിപത്യത്തിന്‍റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്.

മോദി പാപ്പയെ കെട്ടിപ്പിടിച്ചു

ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് പ്രോഗ്രാമിൽ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കിട്ട സൗഹൃദം ലോക നേതാക്കളെ അദ്ഭുതപ്പെടുത്തി. മറ്റൊരു നേതാവിനും നൽകാത്ത പരിഗണനയാണ് മാർപാപ്പ ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നൽകിയത്. വീൽചെയറിലിരുന്ന് ഓരോ നേതാക്കളെയും കാണുകയും പരിചയം പുതുക്കുകയും ചെയ്യുമ്പോഴും സന്തോഷവാനായിരുന്ന ഫ്രാൻസിസ് മാർപാപ്പയും നമ്മുടെ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കൈകൾ ഉയർത്തി. മാർപാപ്പയുടെ അടുത്തേക്ക് മോദി ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച ഈ നിമിഷങ്ങൾ ഈ വേദിയിലെ ഏറ്റവും മികച്ച സൗഹൃദ നവീകരണങ്ങളിലൊന്നായി മാറി. 2021 ഒക്ടോബറിലും നരേന്ദ്ര മോദി മാർപാപ്പയെ സന്ദർശിച്ചിരുന്നു.

ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അത് മോദി എക്സിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇന്ത്യ സന്ദർശിച്ച അവസാനത്തെ കത്തോലിക്കാ സഭയുടെ തലവൻ. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ വന്നാൽ കേരളത്തിലേക്കു വരാനുള്ള സാധ്യതയും ഏറെയാണ്.

ഇന്ത്യയുടെ മാരത്തൺ ഡിബേറ്റ്

മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇറ്റലിയിലെ ജി7 ഉച്ചകോടി. 2023 സെപ്‌റ്റംബർ 9ന് ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ മികച്ച സംഘാടനവും പ്രഖ്യാപനങ്ങളും, രാജ്യങ്ങൾക്കിടയിലുള്ള മതിപ്പും സൗഹൃദവും കാരണം പ്രധാനമന്ത്രി ജി7ൽ പങ്കെടുത്തപ്പോൾ വലിയ നേട്ടമാണ് നൽകിയത്. ജൂൺ 14ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 14ലധികം ലോകനേതാക്കളുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.

സുസ്ഥിരമായ ആഗോള വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യ- ജർമനി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ അദ്ദേഹം ജർമൻ ചാൻസലർ ഒലാഫ് ഷോൾഡുമായി പങ്കുവച്ചു. പ്രതിരോധം, സാങ്കേതികവിദ്യ, അർധചാലകങ്ങൾ, ഊർജം, ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നിവയിൽ കൂടുതൽ സഹകരണ സാധ്യതകൾ ജപ്പാൻ പ്രധാനമന്ത്രി കിഷിദയുമായി പങ്കുവച്ചു. ഇൻഫ്രാസ്ട്രക്ചർ, സാംസ്കാരിക തലങ്ങളിൽ ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിനും ഇന്തോപസഫിക്കിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ചർച്ചകൾ നടന്നു.

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വാണിജ്യം, പ്രതിരോധം, ടെലികോം മേഖലകളിൽ ഇന്ത്യ- ഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹം പങ്കുവച്ചു. ജൈവ ഇന്ധനങ്ങൾ, ഭക്ഷ്യ സംസ്കരണം, നിർണായക ധാതുക്കൾ തുടങ്ങിയ ഭാവി മേഖലകളിൽ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ജി7 ഉച്ചകോടിക്ക് കാനഡ ആതിഥേയത്വം വഹിക്കുന്നതിനാൽ, ഇരുവരും തമ്മിലുള്ള ഹസ്തദാനം ഇന്ത്യ- കാനഡ ബന്ധങ്ങളിൽ നിലവിലുള്ള പിരിമുറുക്കങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അയവു വരുത്താൻ വഴിയൊരുക്കാനുള്ള സാധ്യതയുണ്ട്.

ആഗോള നന്മയ്ക്കായി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി പങ്കുവച്ചു. ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈനുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമർ സെലൻസ്‌കിയുമായി ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്കുള്ള പാതയാണെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്ന് മോദി വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഒരു വർഷത്തിനിടെ നടക്കുന്ന മോദിയുടെ നാലാമത്തെ കൂടിക്കാഴ്ചയാണിത്. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലൂ ഇക്കോണമി തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അടുത്ത മാസം പാരീസിൽ ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്‌സിന്‍റെ തയാറെടുപ്പുകൾക്കിടയിൽ മാക്രോണും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്.

യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ, ഒപ്പുവയ്ക്കാൻ പോകുന്ന ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന്‍റെ വിശദാംശങ്ങൾ പങ്കുവച്ചു. ബ്രസീൽ പ്രസിഡന്‍റ് ലുല, തുർക്കി പ്രസിഡന്‍റ് എർദോഗൻ, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും മോദി ചർച്ച നടത്തി. സമഗ്ര പങ്കാളിത്ത കരാറിനെത്തുടർന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം പ്രതീക്ഷയ്‌ക്കപ്പുറം ഉയർന്നതിൽ ഇരുരാജ്യങ്ങളും സന്തോഷം പങ്കിട്ടു.

ചൈനയും റഷ്യയും ഇല്ലാത്ത ഉച്ചകോടിയിലെ ഇന്ത്യയുടെ സാന്നിധ്യം വരും നാളുകളിൽ ആഗോള തലത്തിൽ വൻ മാറ്റങ്ങൾക്ക് പുതിയ ദിശാബോധം സൃഷ്ടിക്കുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ പാതയൊരുക്കുമെന്നും ഉറപ്പാണ്.

ഉച്ചകോടി പ്രഖ്യാപനങ്ങൾ

2023 സെപ്‌റ്റംബർ 9ന് ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ അംഗീകരിച്ച ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. ഇത് ഇന്ത്യയുടെ വലിയ നേട്ടമാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലാണിത്.

ഏഷ്യ- മിഡിൽ ഈസ്റ്റിനും യൂറോപ്പിനും പിന്നാലെ ആഫ്രിക്കയ്ക്കും യുഎസിനും ഇടയിലുള്ള ചരക്ക് ഗതാഗതത്തിനുള്ള സാമ്പത്തിക സംയോജനമാണ് പുതിയ ഇടനാഴി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്ന് ആരംഭിച്ച് യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, ഗ്രീസ് വഴി യൂറോപ്പിലേക്കുള്ള പാത തുറന്നാൽ വരും നാളുകളിൽ ഇന്ത്യയുടെ അന്താരാഷ്‌ട്ര വളർച്ചയ്ക്ക് ഗുണം ചെയ്യും. ആറ് ഗൾഫ് രാജ്യങ്ങളും ഇടനാഴിയിൽ കൈകോർക്കുന്നത് ഇന്ത്യയുടെ വ്യാപാര പുരോഗതി ശക്തിപ്പെടുത്തും.

യുദ്ധത്തിൽ തകർന്ന യുക്രെ‌യ്ന് ജി7 രാജ്യങ്ങൾ 50 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകും. റഷ്യയുടെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ചാണ് ഈ സഹായം. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് 32.5 ബില്യൺ ഡോളറിന്‍റെ റഷ്യൻ ആസ്തികൾ ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും മരവിപ്പിച്ചിരുന്നു. യുക്രെയ്‌നും യുഎസും തമ്മിലുള്ള 10 വർഷത്തെ സുരക്ഷാ കരാറും ഉച്ചകോടിയിൽ ഒപ്പുവച്ചു.

റഷ്യയുമായുള്ള വ്യാപാരം നിയന്ത്രിക്കും. ധാതുസമ്പത്തും റഷ്യയ്ക്കുള്ള സാമ്പത്തിക യുദ്ധ സഹായവും ചൈന നിയന്ത്രിക്കും. റഷ്യയെ സഹായിക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും ജി7 രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയിൽ പ്രവേശിപ്പിക്കില്ലെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.

ഗാസയിൽ ഉടനടി വെടിനിർത്തലും എല്ലാ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതും ഉൾപ്പെടെ പ്രശ്ന പരിഹാരത്തിലേക്ക് നയിക്കുന്ന സമാധാന ശ്രമങ്ങളെയും കരാറുകളെയും ഉച്ചകോടി പിന്തുണച്ചു.

ആഫ്രിക്കൻ ജനതയുടെ സുസ്ഥിര വികസനത്തിനും വ്യാവസായിക വളർച്ചയ്ക്കും വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താനുള്ള ജി7 അംഗരാജ്യങ്ങളുടെ ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തും. ആഗോള ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തും, കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കും. ലിംഗസമത്വത്തോടുള്ള പ്രതിബദ്ധത ഉച്ചകോടി വീണ്ടും ഉറപ്പിച്ചു. സ്ത്രീശാക്തീകരണം വർധിപ്പിക്കാൻ 20 ബില്യൺ ഡോളർ നിക്ഷേപിക്കും. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം എന്നീ മൂന്നു പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. വനങ്ങളും സമുദ്രങ്ങളും സംരക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്ക് ജി7 രാജ്യങ്ങൾ നേതൃത്വം നൽകും.

ക്രമരഹിതമായ കുടിയേറ്റത്തിനും അന്തർദേശീയ സംഘടിത കള്ളക്കടത്തിനും എതിരേയുള്ള ശ്രമങ്ങൾ തുടരും. അപകട സാധ്യതകൾ കൈകാര്യം ചെയ്യുമ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അംഗരാജ്യങ്ങൾ പരസ്പരം സഹകരിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൈകാര്യം ചെയ്യുന്നതിനായി ഒരു അന്താരാഷ്‌ട്ര പെരുമാറ്റച്ചട്ടം സൃഷ്ടിക്കും. ജോലിസ്ഥലത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിക്കുന്നതിന് കർമപദ്ധതി തയാറാക്കും.

ആഗോള സാമ്പത്തിക വളർച്ച, സാമ്പത്തിക സ്ഥിരത നിലനിർത്തൽ, തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ ഊർജ പരിവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള നിക്ഷേപങ്ങൾ, അന്താരാഷ്‌ട്ര നികുതി സമ്പ്രദായത്തിലെ സുതാര്യവും സഹകരണപരവുമായ പ്രവർത്തനങ്ങൾ, അന്തർദേശീയ ഭീകരതയെ നേരിടൽ തുടങ്ങി ഭാവി ലോകത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നതിലേക്ക് ഉച്ചകോടി പ്രഖ്യാപനങ്ങൾ വിരൽ ചൂണ്ടുന്നു.

(കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അൽമായ കൗൺസിൽ സെക്രട്ടറിയാണ് ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ. ഫോൺ- 9447355512)

Trending

No stories found.

Latest News

No stories found.