ജയ വർമ സിൻഹ
നമ്മുടെ രാഷ്ട്രം അതുല്യവും പലകാര്യങ്ങളിലും വൈവിധ്യമാർന്നതുമാണ്. കാര്യങ്ങൾ വ്യത്യസ്‌ത വീക്ഷണകോണിൽ കാണുന്ന ദീർഘകാല പാരമ്പര്യം നമുക്കുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം ഗംഗയും ഗോദാവരിയും നദികളുടെ പേരു മാത്രമല്ല; ജീവൻ നൽകുന്ന അമ്മയുടെ പര്യായംകൂടിയാണ്. സംഗീതം കാതുകൾക്ക് ആനന്ദം നൽകാൻ മാത്രമല്ല; ശ്രുതിയും താളവും പരിശീലിക്കാനും പ്രാവീണ്യം നേടാനുമുള്ള സങ്കേതംകൂടിയാണ്. അതുപോലെയാണ് ഇന്ത്യൻ റെയ്‌ൽവേയും.
അത്, എൻജിനും ഒന്നോ രണ്ടോ കോച്ചുകളും ഘടിപ്പിച്ച ട്രെയ്‌ൻ മാത്രമല്ല; മറിച്ച്, നമ്മുടെ തൊഴിലാളികളെയും കർഷകരെയും സൈനികരെയും കോടിക്കണക്കിനു പൗരന്മാരെയും അവരുടെ കുടുംബങ്ങളുമായും ബന്ധുക്കളുമായും കൂട്ടിയിണക്കുന്ന വൈകാരികബന്ധങ്ങളുടെ പാലംകൂടിയാണ്. നമ്മുടെ ട്രെയ്‌നുകൾ ട്രാക്കുകളിലൂടെ കിഴക്കുപടിഞ്ഞാറോ, തെക്കുവടക്കോ ഓടുന്നവയല്ല; വാസ്തവത്തിൽ, അവ വികാരങ്ങളുടെയും അനുഭവങ്ങളുടെയും സങ്കീർണമായ ഇഴകൾ നെയ്യുന്നതിന്‍റെ ഭാഗമാണ്. രാജ്യത്തിന്‍റെയാകെ വൈവിധ്യം ഉൾക്കൊള്ളുന്ന ഇന്ത്യൻ റെയ്‌ൽവേ കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയും ജനങ്ങളുടെ ഉത്കൃഷ്ട അഭിലാഷങ്ങളുടെ പ്രതീകവുമാണ്.
കുടുംബങ്ങളിൽനിന്ന് അകന്നു കഴിയുന്ന കോടിക്കണക്കിനുപേർ എല്ലാ വർഷവും സ്വന്തം നാടുകളിലേക്കു മടങ്ങുന്ന ആഘോഷവേളകളിലാണ് ഈ അഭിലാഷങ്ങളുടെ നിർണായക പരീക്ഷണം നടക്കുന്നത്. ഒരു വർഷത്തോളം മഹാനഗരങ്ങളിൽ അത്യധ്വാനംചെയ്തു ക്ഷീണിച്ച കഠിനാധ്വാനികളായ വ്യക്തികൾ പ്രിയപ്പെട്ടവർക്കൊപ്പം വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയോടെ വലിയതോതിൽ ട്രെയ്‌ൻ യാത്രകൾ ആരംഭിക്കുന്നു. ഈ കാലയളവിൽ ട്രെയ്‌നിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ വലുതാണ്. അത്തരം കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാത്ത ജനതയുടെ എണ്ണത്തെക്കാൾ അധികമാണിത്.
അത്തരം സാഹചര്യങ്ങളിൽ, ട്രെയ്‌നുകളുടെ സുഗമമായ പ്രവർത്തനം കൈകാര്യം ചെയ്താൽ മാത്രം പോരാ; റെയ്‌ൽവേ സ്റ്റേഷനുകളിൽ വരുന്നവർക്ക് ടിക്കറ്റ് ബുക്കിങ്, താമസം, കുടിവെള്ളം തുടങ്ങിയ ശരിയായ സൗകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. റെയ്‌ൽവേ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമേ, നിരവധി സന്നദ്ധ സംഘടനകളും ഈ സാഹചര്യം കൈകാര്യം ചെയ്യാൻ സഹായവും പിന്തുണയും നൽകുന്നു. ദിവസേന കോടിക്കണക്കിനു യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ഇന്ത്യൻ റെയ്‌ൽവേക്കു ദശാബ്ദങ്ങളുടെ അനുഭവപരിചയം ഉണ്ട്. എന്നാൽ, ഈ അനുഭവം ആസ്വാദ്യകരമാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ വിഷയം ചർച്ച ചെയ്യുമ്പോൾ വിദേശ അതിഥികൾ പലപ്പോഴും പ്രവർത്തനങ്ങളുടെ തോതുകണ്ട് അതിശയിക്കാറുണ്ട്. 1.7 ലക്ഷം ട്രെയ്‌ൻ സർവീസുകൾക്കു പുറമേ, ആഘോഷവേളകളിൽ ഇന്ത്യൻ റെയ്‌ൽവേ 7700 പ്രത്യേക ട്രെയ്‌നുകൾ ഓടിക്കുന്നു എന്നറിയുമ്പോൾ ഗതാഗതപരിപാലനമേഖലയിലെ വിദഗ്ധർ ആശ്ചര്യപ്പെടാറുണ്ട്. സൂററ്റിനടുത്തുള്ള വ്യാവസായിക പട്ടണമായ ഉധ്നയുടെ കാര്യം നോക്കാം. ദിനംപ്രതി 7000 മുതൽ 8000 വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഇടമാണിത്. എന്നാൽ നവംബർ നാലിന് ഈ ചെറിയ സ്റ്റേഷനിൽ എത്തിച്ചേർന്നത് 40,000 യാത്രക്കാരാണ്.
റെയ്‌ൽവേ ഭരണസംവിധാനത്തിന്‍റെ കൂട്ടായ ശ്രമങ്ങളും ശരിയായ ക്രമീകരണങ്ങളും ഇല്ലായിരുന്നെങ്കിൽ യാത്രക്കാർ സൃഷ്ടിക്കുന്ന വെല്ലുവിളികൾ സങ്കൽപ്പിക്കാൻ പോലുമാകില്ലായിരുന്നു. ന്യൂഡൽഹി റെയ്‌ൽവേ സ്റ്റേഷനിലും ആഘോഷ കാലയളവിൽ വളരെയധികം തിരക്കാണ് അനുഭവപ്പെട്ടത്. ഈ കാലയളവിൽ 64 പ്രത്യേക ട്രെയ്‌നുകളും റിസർവേഷൻ വേണ്ടാത്ത 19 ട്രെയ്‌നുകളും ആവശ്യാനുസരണം സർവീസ് നടത്തി. വിദേശ അതിഥികളുമായുള്ള കൂടിക്കാഴ്ചയിൽ ആഘോഷവേളയിലെ ട്രെയ്‌ൻ യാത്രയെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ, ഈ വർഷം, ഛഠ് മഹാപർവിനുമുമ്പ്, നവംബർ നാലിനു മാത്രം കുറഞ്ഞത് മൂന്നു കോടി പേർ ട്രെയ്‌നിൽ യാത്ര ചെയ്തെന്നും ആഘോഷങ്ങളുടെ കാലയളവിൽ ഏകദേശം 25 കോടി പേർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഇന്ത്യൻ റെയ്‌ൽവേയാണ് ഉപയോഗിച്ചതെന്നും അറിഞ്ഞപ്പോൾ ഒരു നയതന്ത്രജ്ഞൻ അത്ഭുതപ്പെട്ടു.
പുഞ്ചിരിച്ചുകൊണ്ട് ആ നയതന്ത്രജ്ഞൻ പറഞ്ഞതിങ്ങനെയാണ്: “പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽപേർ നിങ്ങളുടെ ട്രെയ്‌നുകളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്തു.” രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽനിന്നുള്ള നമ്മുടെ സഹോദരങ്ങൾ വ്യാവസായിക കേന്ദ്രങ്ങളിൽ വൻതോതിൽ ജോലി ചെയ്യുന്നത് പ്രധാന വികസനത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് ഇന്ത്യൻ റെയ്‌ൽവേ തിരിച്ചറിയുന്നു. ജമ്മുവിലെ അടൽ തുരങ്കംമുതൽ മുംബൈയിലെ സീ ലിങ്ക് വരെയും, ബംഗളൂരുവിലെ ഐടി സ്ഥാപനങ്ങൾമുതൽ ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾവരെയും, കിഴക്കേ ഇന്ത്യയിൽനിന്നുള്ള കഠിനാധ്വാനികളായ വ്യക്തികൾ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈനികരോ, ബിഎസ്എഫ് ഉദ്യോഗസ്ഥരോ, പഞ്ചാബിലെ വയലുകളിൽ കൃഷിചെയ്യുന്ന തൊഴിലാളികളോ, ഗവണ്മെന്‍റ് ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരോ, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളോ ആരുമാകട്ടെ; അവരെല്ലാം ഇന്നിന്‍റെയും നാളെയുടെയും ഇന്ത്യയെ അവരുടേതായ രീതിയിൽ രൂപപ്പെടുത്തുകയാണ്.
നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമുള്ള വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ ആധുനിക ട്രെയ്‌നുകൾ പുറത്തിറക്കി, ഇന്ത്യൻ റെയ്‌ൽവേ നവീനവും ലോകോത്തരവുമായ യാത്രയ്ക്കു തുടക്കംകുറിച്ചിരിക്കുകയാണ്. മാത്രമല്ല, രാജ്യത്തുടനീളമുള്ള ആയിരത്തിലധികം റെയ്‌ൽവേ സ്റ്റേഷനുകൾ അമൃതസ്റ്റേഷനുകളാക്കി മാറ്റുകയും ചെയ്യുന്നു. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വികസിക്കുന്ന ചിത്രമാണ് ഇപ്പോൾ ഇന്ത്യൻ റെയ്‌ൽവേയുടെ പരിവർത്തനത്തിൽ പ്രതിഫലിക്കുന്നത്.