ചൈതന്യ കെ. പ്രസാദ്
ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന 55-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൂടെ (ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ഇന്ത്യ-ഐഎഫ്എഫ്ഐ) ഗോവയുടെ പ്രകൃതിരമണീയമായ തീരങ്ങൾ ചലച്ചിത്ര വസന്തത്തിന്‍റെ പുതുതരംഗത്തിന് വേദിയാവുകയാണ്. ഈ വർഷത്തെ ഐഎഫ്എഫ്ഐ കേവലം ചലച്ചിത്ര പ്രദർശനം എന്നതിലുപരിയായി, ആഗോള സംസ്കാരങ്ങളുടെ ഒത്തുചേരലാണ്. വളർന്നു വരുന്ന പ്രതിഭകൾക്ക് അരങ്ങേറ്റമൊരുക്കുകയും ഇന്ത്യൻ ചലച്ചിത്ര പാരമ്പര്യത്തിന് ആദരമർപ്പിക്കുകയും ചെയ്യുന്ന വേദിയാണിത്. വ്യതിരിക്തമായ ഒരു അന്തർദേശീയ ചലച്ചിത്രമേള എന്ന നിലയിൽ ധീരമായ ഒരു ചുവടുവയ്‌പ്പ് കൂടിയാണ് ഐഎഫ്എഫ്ഐ 2024.
“കൺട്രി ഒഫ് ഫോക്കസ്” എന്ന നിലയിൽ ഈ വർഷത്തെ ഐഎഫ്എഫ്ഐയുടെ ശ്രദ്ധാകേന്ദ്രം ഓസ്‌ട്രേലിയയാണ്. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണു ചലച്ചിത്രോത്സവം . “കൺട്രി ഒഫ് ഫോക്കസ്” എന്ന പ്രത്യേക വിഭാഗം ഓസ്‌ട്രേലിയൻ സിനിമയുടെ നാടകീയതയും സാഹസികതയും നർമവും പ്രതിഫലിപ്പിക്കുന്ന ഡോക്യുമെന്‍ററികൾ ഉൾപ്പെടെയുള്ള ചലച്ചിത്രകാവ്യങ്ങളിലേക്ക് ഇന്ത്യൻ പ്രേക്ഷകരെ ക്ഷണിക്കും. ക്യാമക്കണ്ണുകളിലൂടെ പ്രേക്ഷകർക്ക് ഓസ്‌ട്രേലിയയുടെ അതുല്യവും വികസിതവുമായ ചലച്ചിത്ര ഭാഷ അനുഭവവേദ്യമാകും. അങ്ങനെ, ഐഎഫ്എഫ്ഐ 2024 പരമ്പരാഗത ചലച്ചിത്രോത്സവ സങ്കൽപ്പങ്ങൾക്കപ്പുറം, ലോക ക്‌ളാസ്സിക്കുകൾ, സമൂഹങ്ങൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിലെ പാലമായി മേളയെ മാറ്റിയെടുക്കുന്നു.
നവാഗത പ്രതിഭയെ ആഘോഷമാക്കുന്ന, മികച്ച നവാഗത ഇന്ത്യൻ ചലച്ചിത്ര സംവിധായക പുരസ്‌കാരമാണ് ഐഎഫ്എഫ്ഐ 2024ന്‍റെ തനത് സവിശേഷതകളിലൊന്ന്.ഒരു യുവസംവിധായകന്‍റെ കരിയറിലെ സുപ്രധാന നിമിഷമായി ഇതു മാറും. സംവിധായകർക്ക് മാത്രമായി ഈ പ്രത്യേക വിഭാഗത്തെ സമർപ്പിക്കുന്നതിലൂടെ, നൂതനമായ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും മത്സരാധിഷ്ഠിത വ്യവസായത്തിൽ ദൃശ്യപരത നേടാൻ അവരെ സഹായിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഐഎഫ്എഫ്ഐ വ്യക്തമാകുന്നത്. പല അന്താരാഷ്‌ട്ര ചലച്ചിത്രമേളകളും ലബ്ധപ്രതിഷ്ഠിതരായ പ്രതിഭകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഐഎഫ്എഫ്ഐ യുടെ നവാഗത സംവിധായകർക്കുള്ള അംഗീകാരം, വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ സിനിമയുടെ ഭാവി ശോഭനമാക്കുന്നതിനുമുള്ള സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു.
രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റഫി എന്നിവർക്ക് ഈ വർഷം ഐഎഫ്എഫ്ഐ ശ്രദ്ധാഞ്ജലി അർപ്പിക്കും. ഈ ഇതിഹാസ വ്യക്തിത്വങ്ങൾ ഇന്ത്യയുടെ സിനിമാ പാരമ്പര്യത്തെ രൂപപ്പെടുത്തുകയും തലമുറകളോളം പ്രേക്ഷക ഹൃദയം കവരുകയും ചെയ്തു. ക്ലാസിക്കുകളുടെ പുനരാവിഷ്ക്കാരങ്ങളും സവിശേഷ അവതരണങ്ങളും പ്രദർശിപ്പിക്കുന്നതിലൂടെ, ഐഎഫ്എഫ്ഐ പുതു തലമുറയുടെ സർഗ്ഗാത്മകതയെ ജീവസുറ്റതാക്കുന്നതിനൊപ്പം അന്താരാഷ്‌ട്ര സന്ദർശകർക്ക് ഇന്ത്യയുടെ സമ്പന്നമായ സിനിമാ ചരിത്രത്തിലേക്കുള്ള അർഥപൂർണമായ നേർക്കാഴ്ച്ചയും പ്രദാനം ചെയ്യുന്നു.
ആരംഭിച്ച് 18-ാം വർഷത്തിൽ, സിനിമാ നിർമ്മാതാക്കളെയും പണം മുടക്കുന്നവരെയും വിതരണക്കാരെയും അന്തർദേശീയ വ്യവസായ പ്രമുഖരെയും ഒരുമിപ്പിക്കുന്ന ഒരു ചലനാത്മക വിപണി എന്ന നിലയിൽ ഐഎഫ്എഫ്ഐ യുടെ ഫിലിം ബസാറും വേറിട്ടുനിൽക്കുന്നു. വ്യൂവിങ് റൂമിൽ 200ധികം ചലച്ചിത്രങ്ങൾ ഫീച്ചർ ചെയ്‌തിരിക്കുന്ന ഫിലിം ബസാർ, കഥകൾക്ക് നിക്ഷേപകരെ കണ്ടെത്തുകയും സിനിമകളെ വിതരണക്കാരുമായി ബന്ധപ്പെടുത്തുകയും സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സമർപ്പിത വേദിയിലൂടെ ചലച്ചിത്ര മേഖലയ്ക്കപ്പുറം വളരാനുമുള്ള അവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. പ്രദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് മേളകളിൽ നിന്ന് ഐഎഫ്എഫ്ഐ യെ വ്യത്യസ്തമാക്കുന്നതും ഇതാണ്. ഇന്ത്യൻ, അന്തർദേശീയ ചലച്ചിത്ര നിർമ്താക്കൾക്ക്, ഫിലിം ബസാർ ആഗോള പ്രേക്ഷകരിലേക്കുള്ള കവാടമാണ്. ഭാവി പ്രോജക്റ്റുകൾക്ക് സുരക്ഷിതമായ പിന്തുണ നേടാനുമുള്ള അപൂർവ അവസരവും ഫിലിം ബസാർ ഒരുക്കുന്നു.
സമകാലിക ഇന്ത്യൻ സിനിമയുടെ വൈവിധ്യമാർന്ന ഭാവപ്പകർച്ചകൾ പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്ന ഐഎഫ്എഫ്ഐ യുടെ ഇന്ത്യൻ പനോരമ വിഭാഗം മേളയുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്. 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും അവയുടെ ആഖ്യാന മികവ്, പ്രമേയ അവതരണം, സൗന്ദര്യാത്മകത സർഗ്ഗാത്മകത എന്നിവ ആധാരമാക്കിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ പനോരമ ഇന്ത്യൻ കഥാകഥനത്തിന്‍റെ ചടുലത, വൈവിധ്യം എന്നിവ പ്രദർശിപ്പിക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക ഭൂമികയെക്കുറിച്ച് അന്താരാഷ്‌ട്ര പങ്കാളികൾക്ക് ആധികാരികമായ ഉൾക്കാഴ്ച പകർന്നു നൽകുന്നു. പ്രാദേശിക ആഖ്യാനങ്ങൾ മുതൽ സവിശേഷ പരീക്ഷണങ്ങൾ വരെ എല്ലാം അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഇന്ത്യൻ സിനിമയെ അതിന്‍റെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കാനുള്ള ഐഎഫ്എഫ്ഐ യുടെ ദൗത്യത്തെ ഇത് ഊർജ്വസ്വലമാക്കുന്നു, ആഗോള ചലച്ചിത്ര ഭാഷണത്തിൽ ഇന്ത്യൻ പനോരമയുടെ മൂല്യം വ്യക്തമാക്കുന്നു.
ഐഎഫ്എഫ്ഐ 2024ന്‍റെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നാണ് യുവ ചലച്ചിത്ര പ്രവർത്തകരെ പരിപോഷിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന "ക്രിയേറ്റീവ് മൈൻഡ്സ് ഒഫ് ടുമാറോ" (സിഎംഒടി). കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്‍റെയും (എൻഎഫ്ഡിസി) സംയുക്ത സംരംഭമാണിത്. ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്‍ററികൾ, ആനിമേഷനുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും പരിചയസമ്പന്നരായ വ്യാവസായിക പ്രൊഫഷണലുകളുമായുള്ള ബന്ധം സുഗമമാക്കുന്നതിനും സിഎംഒടി നവാഗത പ്രതിഭകൾക്ക് വേദിയൊരുക്കുന്നു.
സിഎംഒടി വഴി, ഐഎഫ്എഫ്ഐ യുവ പ്രതിഭകളെ അവതരിപ്പിക്കുക മാത്രമല്ല, വിജയിക്കാനാവശ്യമായ വിഭവങ്ങളും ബന്ധങ്ങളും ഉറപ്പാക്കുന്നതിലൂടെ ഭാവി തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ ശാക്തീകരിക്കുകയും ചെയ്യുന്നു. ആഘോഷങ്ങൾക്കപ്പുറം സർഗ്ഗാത്മകതയ്ക്കും വികാസത്തിനും പോഷണമായി മാറുന്ന ഒരു ഉത്സവം എന്ന നിലയിലാണ് ഐഎഫ്എഫ്ഐ യുടെ ഈ സംരംഭം വിശേഷിപ്പിക്കപ്പെടുന്നത്.
കാൻ 2024 ൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരത് പർവിന്‍റെ അന്തഃസത്തയ്ക്ക് അനുപൂരകമായി, ഐഎഫ്എഫ്ഐ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിക്കാട്ടുന്ന പ്രചാരണമായി മാറിയ ഭാരത് പർവിന്‍റെ ചലച്ചിത്ര ഭാവാവിഷ്കാരമാണ് ഐഎഫ്എഫ്ഐ. സിനിമകളും പരിപാടികളും പദ്ധതികളും ഇന്ത്യയുടെ ബഹുമുഖ സ്വത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്‍റെ ഈ ആഘോഷം വിദേശ സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവവും ഇന്ത്യൻ ചലച്ചിത്ര മേഖലയെക്കുറിച്ച് മികച്ച ധാരണയും പകർന്നു നൽകുന്നു. സിനിമയുടെ ശക്തമായ ദൃശ്യാവിഷ്കാരത്തിലൂടെ പൈതൃകത്തിലേക്കുള്ള ജാലകം തുറക്കപ്പെടുന്നു.
അന്താരാഷ്‌ട്ര ചലച്ചിത്ര നിർമ്മാതാക്കൾക്ക്, ഇന്ത്യയുടെ ചടുലമായ ചലച്ചിത്ര ഭൂമികയുമായി ബന്ധപ്പെടാനുള്ള സമാനതകളില്ലാത്ത അവസരമാണ് ഐഎഫ്എഫ്ഐ 2024 വാഗ്ദാനം ചെയ്യുന്നത്. വൈവിധ്യമാർന്ന ഇന്ത്യൻ പ്രേക്ഷകർക്ക് അവസരങ്ങൾ നൽകുന്നതിലൂടെയും ഫിലിം ബസാറിലേക്കുള്ള പ്രവേശനവും ഓസ്‌ട്രേലിയൻ ഷോകേസ് പോലുള്ള വിഭാഗങ്ങളുമായുള്ള ഇടപഴകലും വഴി, ഐഎഫ്എഫ്ഐ അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഇന്ത്യയുടെ അഭിരുചികൾ, പ്രവണതകൾ, അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഐഎഫ്എഫ്ഐ, ഇന്ത്യൻ സിനിമയുടെ പൈതൃകത്തെയും സംഭാവനകളെയും വിലമതിക്കാൻ അന്താരാഷ്‌ട്ര അതിഥികളെ പ്രാപ്‌തമാക്കുന്ന സമ്പന്നമായ ഒരു സാംസ്‌കാരിക പശ്ചാത്തലം സൃഷ്ടിച്ച് കലാകാരന്മാർക്ക് ആദരം ഒരുക്കുന്നു. ഈ ഇടപെടലുകളിലൂടെ, ഇന്ത്യൻ സിനിമയെയും ആഗോള സിനിമയെയും സമ്പന്നമാക്കുന്ന സവിശേഷവും സഹകരണാത്മകവുമായ അന്തരീക്ഷം ഐഎഫ്എഫ്ഐ സൃഷ്ടിക്കുന്നു.
ഭാവി പ്രതിഭകളെ അംഗീകരിച്ച് ഇന്ത്യൻ സിനിമയിലെ അതികായർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും, പാരമ്പര്യത്തെ നവീകരണവുമായി തടസ്സങ്ങളില്ലാതെ ലയിപ്പിക്കുകയും ചെയ്യുന്ന ഒരു ഉത്സവമാണ് 55-ാമത് ഐഎഫ്എഫ്ഐ. അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാതാക്കളെയും വ്യവസായ പ്രമുഖരെയും പ്രേക്ഷകരെയും ആകർഷിക്കുന്ന, ആഗോള ചലച്ചിത്ര ഭൂമികയിലെ സവിശേഷ രാജ്യമായി ഇന്ത്യയെ സ്ഥാപിക്കുകയും, ശാശ്വത സ്വാധീനത്തിന്‍റെയും വീക്ഷണത്തിന്‍റെയും ഉത്സവമായി ഐഎഫ്എഫ്ഐ 2024 നെ ഉറപ്പിക്കുകയും ചെയ്യുന്നു.
(ഡിഎഫ്എഫ് മുൻ അഡീഷണൽ ഡിജിയും ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്റ്ററുമാണ് ലേഖകൻ)