ഇ​നി​യി​താ, മേ​ള​ക​ളു​ടെ കാ​ലം

ഒരു മേള (ഫെയര്‍) എന്നത് വൈവിധ്യമാര്‍ന്ന വിനോദത്തിനോ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയുള്ള ആളുകളുടെ ഒത്തുചേരലാണ്
international trade fair in delhi
ഡൽഹിയിൽ നടക്കുന്ന അന്താരാഷ്‌ട്ര വ്യാപാര മേളയിലെ കേരള പവലിയൻ.
Updated on

കാലാവസ്ഥ മാറി, മഞ്ഞിൽ പൊതിഞ്ഞ പ്രകൃതി, ദീപാവലി കഴിഞ്ഞു, ക്രിസ്മസും പുതുവർഷവും വരുന്നു. ഇനിയിപ്പോള്‍ രാജ്യത്തു മേളകളുടെ കാലം. എത്ര തരം മേളുകളാണ് നമുക്ക് ചുറ്റിനും നടക്കുന്നത്! വ്യാപാര മേള മുതല്‍ സംഗീത സാന്ദ്രമായ കലാ- സാംസ്കാരിക- ആധ്യാത്മിക മേളകളും പുസ്തക- സാഹിത്യ- ചലച്ചിത്രമേളകളും... എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് മേളകളുടെ തുടക്കം. നവംബര്‍- ഡിസംബര്‍- ജനുവരി മാസങ്ങളില്‍ രാജ്യത്ത് നടക്കുന്ന മേളകള്‍ ജനങ്ങള്‍ക്ക് വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോ മേഖലയിലും നിന്നുള്ള കച്ചവടവും പ്രദര്‍ശനവും മറ്റുമായി വലിയൊരാഘോഷത്തിന്‍റെ നാളുകള്‍.

ഒരു മേള (ഫെയര്‍) എന്നത് വൈവിധ്യമാര്‍ന്ന വിനോദത്തിനോ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയുള്ള ആളുകളുടെ ഒത്തുചേരലാണ്. മേളകള്‍ താത്കാലികമാണ്, ഏതാനും ദിവസങ്ങളും ആഴ്ച്ചകളും നീണ്ടു നില്‍ക്കുന്നതാണ് ഈ കാർണിവലുകള്‍. വൈവിധ്യമാര്‍ന്ന ചരക്കുകള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. പലപ്പോഴും മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇവിടെ ഉള്‍പ്പെടുന്നു. പ്രത്യേക വ്യവസായങ്ങളിലോ താത്പര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേളകള്‍ തീമാറ്റിക് ആകാം.

രാജ്യത്തെ ഏറ്റവും വലിയതാണ് ഇപ്പോള്‍ ഡൽഹിയിൽ നടക്കുന്ന അന്താരാഷ്‌ട്ര വ്യാപാര മേള. 43ാമത് മേളയാണിത്. ഇത്തവണയും കേരള പവിലിയനുണ്ട്. വികസിത് ഭാരത് @ 2047 എന്ന ആശയത്തിലാണ് പവിലിയൻ നിര്‍മ്മാണം. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനില്‍ കാണാനാവുക. കേരളത്തിന്‍റെ സമുദ്ര വാണിജ്യത്തിന്‍റെ പാരമ്പര്യവും വളര്‍ച്ചയുടെ തുടര്‍ച്ചയുമാണ് പവിലിയന്‍റെ കേന്ദ്രാശയമായ വന്‍തിരകളിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. വളര്‍ച്ചാ സൂചികയില്‍ കേരളം മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന മേഖലകളായ സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീന്‍ എനര്‍ജി, വാണിജ്യ പ്രോത്സാഹനമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവയും പവിലിയന്‍ തീമിന്‍റെ ഭാഗമാണ്.

പ്രഗതി മൈതാൻ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഭാരത മണ്ഡപത്തിൽ നടക്കുന്ന മേളയിലെ കേരള പവലിയനില്‍ സഹകരണ വകുപ്പിന്‍റെ സ്റ്റാളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിഭവങ്ങള്‍ ലഭ്യം. സഹകരണ സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങിനും പ്രൊമോഷനുമായിട്ടുള്ള കോപ് മാര്‍ട്ട് വഴി സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കിയാണ് എത്തിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരം സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അതത് ജില്ലകളുടെ തനത് വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യം.

പല സംസ്ഥാനങ്ങളിലും സമാനമായ മേളകള്‍ നടക്കാറുണ്ട്. പല മേളകളും വര്‍ത്തമാനകാലത്ത് ഓരോ വിഷയ കേന്ദ്രീകൃതമായി നടക്കുന്നു എന്നുള്ള പ്രത്യേകതയും എടുത്തുപറയണം. ചെറുകിട വ്യവസായ മേഖലകളുടെ മേളയും വിദ്യാഭ്യാസ മേളയും ഭക്ഷണ മേളയും ഒക്കെ വ്യത്യസ്തമായി നടത്താനുള്ള സംഘാടകരുടെ ശ്രമം എപ്പോഴും വിജയം കണ്ടിട്ടുണ്ട് എന്നത് തുടര്‍ മേളകള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്.

12 വര്‍ഷത്തിലൊരിക്കല്‍ അലഹബാദ്, ഹരിദ്വാര്‍, നാസിക്, ഉജ്ജെയിന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കുംഭമേള ഏറ്റവും വലിയ മേളകളാണ്. 2001 ജനുവരിയില്‍ 60 ദശലക്ഷത്തിലധികം ആളുകള്‍ ഒത്തുകൂടി. ലോകത്തെവിടെയും ഏറ്റവും വലിയ സമ്മേളനമായി ഇത് മാറി. സംസ്‌കൃതത്തില്‍ കുംഭം എന്നാല്‍ കുടം, മേള എന്നാല്‍ മേളം. ഇപ്പോള്‍ കുംഭമേളയുടെ ഒരുക്കത്തിലാണ് അലഹബാദ്. ഓരോ കുംഭമേളകളും വളര്‍ന്നു കൊണ്ടിരിക്കുന്നു. ജനത്തിരക്ക് കൂടികൊണ്ടിരിക്കുന്നു.

നവരാത്രി ആഘോഷ വേളയില്‍ വടക്കേ ഇന്ത്യയില്‍ വ്യാപകമായി മേളകള്‍ നടക്കാറുണ്ട്. പ്രാദേശിക ബിസിനസായി അത് മാറുന്നു. മേളകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാൻ രാമായണകഥ രാംലീല ബാലെ രൂപത്തില്‍ അവതരിപ്പിക്കുക പതിവാണ്. ഇക്കഴിഞ്ഞ നവരാത്രി നാളില്‍ രാജ്യ തലസ്ഥാനമായയ ഡല്‍ഹിയില്‍ മാത്രം നൂറോളം മേളകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

മധ്യകാലഘട്ടത്തില്‍, പല മേളകളും താത്കാലിക വിപണികളായി വികസിക്കുകയും ദീര്‍ഘദൂര, അന്തര്‍ദേശീയ വ്യാപാരത്തിന് പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുകയും ചെയ്തു. വടക്കന്‍ ഫ്രാന്‍സിലെ ഷാംപെയ്ന്‍ മേളകളായിരുന്നു ഏറ്റവും പ്രശസ്തമായത്. യൂറോപ്പിന്‍റെ ഭൂരിഭാഗം ഭാഗങ്ങളില്‍ നിന്നും ചരക്കുകളും ഉപഭോക്താക്കളും ആകര്‍ഷിച്ചുകൊണ്ട് ആറ് പട്ടണങ്ങളിലായി ആറ് ആഴ്ച്ചകളോളം വ്യാപിച്ചുകിടന്നു. 12ാം നൂറ്റാണ്ടിൽ തുടങ്ങിയ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഇപ്പോഴും പ്രസിദ്ധീകരണ വ്യവസായത്തിന്‍റെ ഏറ്റവും വലിയ വ്യാപാര മേളയാണ്. ഷാര്‍ജയില്‍ നടക്കുന്ന പുസ്തക മേളയിലാണ് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങള്‍ വില്‍ക്കുന്നത്.

ശബരിമലയില്‍ വൃശ്ചികം ഒന്നു മുതല്‍ നടക്കുന്നത് വലിയ മേള തന്നെയാണ്. ""അയ്യപ്പൻ കോള്'' എന്നാണല്ലോ അതിന്‍റെ വിളിപ്പേരു തന്നെ..! വര്‍ഷങ്ങളായി ശബരിമല തീർഥാടനം നടക്കുന്നുണ്ടെങ്കിലും അതൊരു വലിയ മേളയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പാലക്കാട് കല്‍പ്പാത്തി രഥോത്സവം ഒരു മേളയാണ്. അടുത്ത മാസത്തോടെ ക്രിസ്തുമസ് പുതുവത്സരമേളകളുടെ തുടക്കമാകും. സാമ്പത്തിക രംഗത്ത് വലിയ വളര്‍ച്ചയുണ്ടാക്കുന്ന ഒന്നായി മേളകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

മേളകള്‍ എന്ന് അറിയപ്പെടുന്ന പ്രദര്‍ശനങ്ങള്‍ 19ാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പതിവായി നടക്കുന്നു. അതത് കാലത്തെ ഏറ്റവും പുതിയ സാങ്കേതികവും സാംസ്‌കാരികവും ശാസ്ത്രീയവുമായ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഈ മേളകള്‍. മേളകള്‍ എല്ലായ്‌പ്പോഴും അവ സൃഷ്ടിക്കപ്പെട്ട ചുറ്റുപാടുകളുടെ ഉല്‍പ്പന്നങ്ങളാണ്. വിക്റ്റോറിയന്‍ കാലഘട്ടത്തില്‍, കൊളോണിയല്‍ മനോഭാവം പ്രദര്‍ശനങ്ങളില്‍ വ്യാപിച്ചു. ഈഫല്‍ ടവറിന്‍റെ അനാച്ഛാദനം മുതല്‍ ആദ്യത്തെ തത്സമയ ടിവി സംപ്രേക്ഷണം വരെ ആഗോള മേളകള്‍ ലോക ചരിത്രത്തിലെ ചില വലിയ നിമിഷങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ആദ്യത്തെ ലോക പ്രദര്‍ശനമായി പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടത്, 1851ലെ ബ്രിട്ടന്‍റെ ഗ്രേറ്റ് എക്‌സിബിഷനാണ്. ലോകത്തെ സാങ്കേതിക വിജയങ്ങളുടെയും വ്യാവസായിക വികാസങ്ങളുടെയും വിപുലമായ പ്രദര്‍ശനം. കാര്‍ഷിക, വ്യാപാര മേളകളുടെ മധ്യകാല പാരമ്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആ മേള എല്ലാ രാജ്യങ്ങളുടെയും വ്യവസായ സൃഷ്ടികളുടെ മഹത്തായ പ്രദര്‍ശനമായിരുന്നു. അത് കൊണ്ടാണ് ആദ്യത്തെ ലോക മേളയായി ഇത് മാറിയത്.

മറ്റൊന്ന് 1889ല്‍ ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂണിവേഴ്‌സല്‍ മേളയാണ്. അന്നത്തെ ഏറ്റവും വലിയ ആകര്‍ഷണം ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന ഈഫല്‍ ടവര്‍ ആയിരുന്നു. ഫ്രഞ്ച് വിപ്ലവ വാര്‍ഷികത്തില്‍ നടന്ന മേളയില്‍ ഫ്രാന്‍സിന്‍റെയും അതിന്‍റെ കോളനികളുടെയും നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 32 ദശലക്ഷം സന്ദര്‍ശകരെയാണ് ആ മേള ആകര്‍ഷിച്ചത്. ചരിത്രത്തിലെ ഏറ്റവും ലാഭകരമായ മേളകളില്‍ ആദ്യ സ്ഥാനത്ത് ഈ മേളയാണ്.

ഇതിനെ മറികടക്കാന്‍ പ്രത്യേകം സംഘടിപ്പിച്ച 1893ലെ ചിക്കാഗോയിലെ വേള്‍ഡ്‌സ് കൊളംബിയന്‍ മേള അമെരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ലോക മേളകളിലൊന്നാണ്. ഈഫല്‍ ടവറിനെ മറികടക്കുന്ന ഒന്നും അവര്‍ക്ക് നിർമിക്കാന്‍ സാധിച്ചില്ല. പക്ഷെ ലോകത്തിലെ ആദ്യത്തെ ഫെറിസ് വീല്‍ ആയ ജോര്‍ജ് ഫെറിസിന്‍റെ ബിഗ് വീല്‍സ് അഥവാ ജയന്‍റ് വീല്‍ ഉണ്ടായിരുന്നു. ഇതിലെ റൈഡുകളും മറ്റും മേളയുടെ പ്രധാന ആവശമായി. ഇത് പിന്നീട് എല്ലാ മേളകളുടേയും ഒഴിവാക്കാന്‍ പറ്റാത്ത വിഭവമായും മാറി.

Trending

No stories found.

Latest News

No stories found.