##ഡോ ജിതേന്ദ്ര സിങ്
കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി
ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിൽ ആണ്ടു പോയ ഇന്ത്യയുടെ അത്ഭുതകരമായ ശാസ്ത്ര സാധ്യതകളും വൈദഗ്ധ്യവും കണ്ട് ലോകം ഇന്ന് വിസ്മയപ്പെടുകയാണ്. അനുകൂല പരിതഃസ്ഥിതികൾ, പിന്തുണ നൽകുന്ന നേതൃത്വം എന്നിവ കാരണം സംഭവിച്ച മാറ്റമാണിത്.
ചരിത്രത്തിന്റെ നിർണായക ഘട്ടത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പിന്നീടെല്ലാം ചരിത്രമാണ്. ലോകത്തിന് ഇദംപ്രഥമമായി കൊവിഡ് പ്രതിരോധത്തിനുള്ള ഡിഎൻഎ വാക്സിൻ സമ്മാനിച്ചതു മുതൽ ചന്ദ്രോപരിതലത്തിൽ ജല സാന്നിധ്യത്തിനുള്ള തെളിവുകൾ ചന്ദ്രയാൻ കണ്ടെത്തുന്നതു വരെയുള്ളതെല്ലാം... ഇന്ത്യയെ എഴുതിത്തള്ളാനാകാത്ത ഒരു രാജ്യമായി ലോകസമക്ഷം സ്ഥാപിക്കാൻ മോദിക്കു കഴിഞ്ഞതിന്റെ തെളിവയാണ് ഇതിനെയെല്ലാം കണക്കാക്കാൻ.
ശാസ്ത്രം, സങ്കേതകം, നൂതനത്വം (എസ്ടിഐ) എന്നീ മേഖലകളിൽ കഴിഞ്ഞ 9 വർഷത്തിനിടെ ദേശീയ തലത്തിൽ ഇന്ത്യ ആവിഷ്കരിച്ച നയങ്ങളുടെ എണ്ണം റെക്കോർഡാണ്. ചില പ്രധാന നയങ്ങൾ ഇനിപ്പറയുന്നു: ഇന്ത്യൻ ബഹിരാകാശ നയം (2023), ദേശീയ ജിയോസ്പേഷ്യൽ നയം (2022); ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020); ദേശീയ ഇലക്ട്രോണിക്സ് നയം (എൻപിഇ 2019); സ്കൂൾ വിദ്യാഭ്യാസത്തിലെ വിവര വിനിമയ സാങ്കേതിക വിദ്യ സംബന്ധിച്ച ദേശീയ നയം (2019); വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള ദേശീയ നൂതനത്വ, സ്റ്റാർട്ടപ്പ് നയം (2019); ദേശീയ ആരോഗ്യ നയം (2017); ബൗദ്ധിക സ്വത്തവകാശ നയം (2016) തുടങ്ങിയവ.
അതുപോലെ, ദേശീയ ക്വാണ്ടം ദൗത്യം (2023), "വൺ ഹെൽത്ത് ' ദൗത്യം (2023), ദേശീയ ആഴക്കടൽ ദൗത്യം (2021) തുടങ്ങിയവയ്ക്കും സർക്കാർ തുടക്കമിട്ടു.
എസ്ഇആർബി ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വർഷത്തെ ശരാശരി പരിഗണിച്ചാൽ, മൊത്തം ഗവേഷണ ഫണ്ടിന്റെ ഏകദേശം 65% ദേശീയ പ്രാധാന്യമുള്ള ഐഐഎസുകൾ, ഐഐടികൾ, ഐഐഎസ്ഇആറുകൾ എന്നിവയ്ക്കാണ് ലഭിച്ചിരിക്കുന്നത്. 11% ഫണ്ട് ഐഐടികളിലേതിനേക്കാൾ ഗവേഷകരുള്ള സംസ്ഥാന സർവകലാശാലകൾക്കും ലഭിച്ചു. നിലവിലെ സമ്പ്രദായ പ്രകാരം മത്സരാധിഷ്ഠിത ഗ്രാന്റായാണ് ഗവേഷണ ഫണ്ട് അനുവദിക്കുന്നതെന്നതാണ് ഇതിനു കാരണം. ദേശീയ അക്കാദമിക, ഗവേഷണ- വികസന ലാബുകളെ അപേക്ഷിച്ച്, മിക്ക സംസ്ഥാന സർവകലാശാലകളിലെയും ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ തീരെ മോശമാണ്. നമ്മുടെ സർവകലാശാലകളിലെ പഠന വിഭാഗങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹവര്ത്തകത്വവും അന്താരാഷ്ട്ര സഹകരണവും പരിമിതമാണ്.
യഥാർഥ പരിവർത്തനത്തിന് ഉതകും വിധത്തിൽ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എഎൻആർഎഫ്) സ്ഥാപിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനമായിരുന്നു. ഇന്നത്തെ ഗവേഷണ- വികസന ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ മാത്രമല്ല ഇതിലൂടെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന് ദീർഘകാല ഗവേഷണ- വികസന കാഴ്ചപ്പാട് നൽകുക എന്നതും അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയെ ഗവേഷണ- വികസന രംഗത്തെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുകയെന്നതും ലക്ഷ്യങ്ങളാണ്.
ഗണിതം, എൻജിനീയറിങ്, സാങ്കേതിക വിദ്യ, പരിസ്ഥിതി, ഭൂമി, ആരോഗ്യം, കൃഷി എന്നിവ സംബന്ധിച്ച ശാസ്ത്ര മേഖലകളിലെ ഗവേഷണത്തിനും നവീകരണത്തിനും സംരംഭകത്വത്തിനും എഎൻആർഎഫ് ഉന്നതവും തന്ത്രപ്രധാനവുമായ ദിശാബോധം നൽകും. മാനവിക, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ശാസ്ത്ര-സാങ്കേതിക സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അവ സംബന്ധിച്ച ഗവേഷണങ്ങൾക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പിന്തുണ നൽകുന്നതിനും ഊന്നൽ നൽകും. ഇന്ത്യയിലെ സർവകലാശാലകൾ, കോളെജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷണ- വികസന ലബോറട്ടറികൾ എന്നിവയിലുടനീളം ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സംസ്കാരം വളർത്തുന്ന എഎൻആർഎഫ് ഗവേഷണ- വികസനത്തിന് വിത്തുപാകുകയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) എഎൻആർഎഫിന്റെ ഭരണ വിഭാഗമായി പ്രവർത്തിക്കും. വിവിധ മേഖലകളിലെ പ്രമുഖ ഗവേഷകരും പ്രൊഫഷണലുകളും അടങ്ങിയ ഗവേണിങ് ബോർഡിന്റെ എക്സ്- ഓഫിഷ്യോ പ്രസിഡന്റ് പ്രധാനമന്ത്രി ആയിരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്റുമാരാകും. എൻആർഎഫിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സൈന്റിഫിക് അഡ്വൈസർ അധ്യക്ഷനായ എക്സിക്യൂട്ടീവ് കൗൺസിലായിരിക്കും.
വ്യവസായ മേഖല, അക്കാദമിക് മേഖല, കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലെ സഹകരണം എഎൻആർഎഫ് ഉറപ്പാക്കും. ഒരു നയ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലും, ഗവേഷണ- വികസന പ്രവർത്തനങ്ങളിൽ വ്യവസായ മേഖലയുടെ സഹകരണം ഉറപ്പാക്കുന്നതിലും കൂടുതൽ പണം ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലും നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
അഞ്ച് വർഷത്തിനുള്ളിൽ (2023-28) 50,000 കോടി രൂപ ചെലവിൽ എഎൻആർഎഫ് സ്ഥാപിക്കും. എഎൻആർഎഫ് ഫണ്ടിങ്ങിൽ മൂന്ന് ഘടകങ്ങൾ ഉണ്ടായിരിക്കും - 4,000 കോടി രൂപയുടെ എസ്ഇആർബി ഫണ്ട്; 10,000 കോടിയുടെ എഎൻആർഎഫ് ഫണ്ട് - ഇതിൽ ഇന്നൊവേഷൻ ഫണ്ടിനായി 10% (1000 കോടി രൂപ) നീക്കിവയ്ക്കും. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഗവേഷണ വികസനത്തിനായി ഇന്നൊവേഷൻ ഫണ്ട് വിനിയോഗിക്കും. വ്യവസായ മേഖല, ജീവകാരുണ്യ സംഘടനകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ മുതലായവ 36,000 കോടി രൂപ സംഭാവന ചെയ്യും.
സ്വകാര്യമേഖലയിൽ നിന്നുള്ള ചെറിയ സംഭാവനകളോടെയോ, ഇല്ലാതെയോ കേന്ദ്ര സർക്കാർ നിലവിൽ എസ്ഇആർബിക്ക് പ്രതിവർഷം 800 കോടി രൂപ ഫണ്ട് നൽകുന്നു. നിർദിഷ്ട എഎൻആർഎഫിൽ സർക്കാർ വിഹിതം പ്രതിവർഷം 800 കോടി രൂപയിൽ നിന്ന് 2,800 കോടി രൂപയായി വർധിപ്പിക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്നു (~3.5 മടങ്ങ്).
എഎൻആർഎഫിലെ സ്വകാര്യ മേഖലയുടെ സംഭാവന 5 വർഷത്തേക്ക് 36,000 കോടി രൂപയായിരിക്കും (പ്രതിവർഷം ~7,200 കോടി രൂപ).
ആഗോള ഗവേഷണ- വികസന രംഗത്തെ ഇന്ത്യയുടെ നേതൃത്വം ഊട്ടിയുറപ്പിക്കുന്നതിനും, വരും വർഷങ്ങളിൽ സാങ്കേതികവിദ്യ അധിഷ്ഠിത മേഖലകളിൽ ആത്മനിർഭരത കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പരിവർത്തനോന്മുഖ ചുവടുവയ്പുകളിലൊന്നാണ് എഎൻആർഎഫ്.