വീണ്ടും കത്തുന്ന മണിപ്പുർ

ഏതാണ്ട് ഒന്നരവര്‍ഷക്കാലമായി ഇവിടെ നടന്നുവരുന്ന സംഘര്‍ഷങ്ങളില്‍ 260ലേറെ പേര്‍ കൊല്ലപ്പെടുകയും, 60,000ത്തിലധികം പേര്‍ അഭയാർഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്
Manipur is burning again editorial
വീണ്ടും കത്തുന്ന മണിപ്പുർ
Updated on

ഇന്ത്യയുടെ വടക്കുകിഴക്കു സംസ്ഥാനമായ മണിപ്പുരിന് വലിയ രാഷ്‌ട്രീയ പ്രാധാന്യമാണുളളത്. 34 ലക്ഷം ജനങ്ങളാണ് ഇവിടെയുളളത്. ദശകങ്ങളായി പലപ്പോഴും മണിപ്പുര്‍ സംഘര്‍ഷമയമായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് അവിടത്തെ മേയ്ത്തി ഗോത്ര വര്‍ഗക്കാരും കുക്കികളും തമ്മിലുളള ശക്തമായ ഏറ്റുമുട്ടല്‍ തുടങ്ങിയത്. അതിനു ശേഷം ഇരു ഗോത്ര വംശങ്ങള്‍ക്കും ആധിപത്യമുളള മേഖലകള്‍ സ്വകാര്യ സേനകളുടെ നിയന്ത്രണത്തിലാണ്. ഏതാണ്ട് ഒന്നരവര്‍ഷക്കാലമായി ഇവിടെ നടന്നുവരുന്ന സംഘര്‍ഷങ്ങളില്‍ 260ലേറെ പേര്‍ കൊല്ലപ്പെടുകയും, 60,000ത്തിലധികം പേര്‍ അഭയാർഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 4786 വീടുകളും 356 ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. അനൗദ്യോഗിക കണക്കുകളനുസരിച്ച് ഇതിലും കൂടുതല്‍ കൊലപാതകങ്ങളും ഹീനമായ അക്രമണങ്ങളും നടന്നിട്ടുണ്ട്.

കലാപവും കൊളളിവയ്പും ആരംഭിച്ച ഘട്ടം മുതല്‍ എന്‍. ബീരേൻ സിങ്ങിന്‍റെ തേതൃത്വത്തിലെ സംസ്ഥാന സര്‍ക്കാരും പൊലീസും താഴ്വരയിലെ മേയ്‌ത്തേയ് സമൂഹത്തിന് അനുകൂലമായി നിലകൊണ്ടതാണ് പ്രശ്‌നത്തെ ഇത്രമാത്രം ആളിക്കത്തിച്ചത് എന്നാണ് ആരോപണം. മേയ്‌ത്തേയ് സമൂഹത്തില്‍ മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ്. മറിച്ച് മലനിരകളിലുള്ള കുക്കി സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും ക്രിസ്ത്യാനികളുമാണ്. പട്ടികവര്‍ഗ (എസ്ടി) പദവിക്കായി മേയ്‌തേയ് വിഭാഗവും ആവശ്യമുന്നയിച്ചതാണ് മേയ്‌ത്തേയ്- കുക്കി വിഷയം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. മെയ്തേയ് വിഭാഗത്തിനും സംവരണം നൽകാനാകുമോ എന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

ഭരണതലത്തിലും ഉദ്യോഗതലത്തിലും മേയ്‌തേയ് ആധിപത്യം കാരണം തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന വികാരം കുക്കികളില്‍ ശക്തമായി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആയിരങ്ങളാണ് ഭവനരഹിതരായി മാറിയിട്ടുളളത്. മേയ്‌തേയ്കളെ ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ആള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പുര്‍ സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യമാര്‍ച്ചാണ് ഇപ്പോള്‍ ആളിക്കത്തുന്ന മേയ്‌തേയ്- കുക്കി വംശീയ കലാപത്തിന് തുടക്കമിട്ടത്. അവിടെ വംശീയ കലാപത്തില്‍ ഏര്‍പ്പെട്ടിട്ടുളള പട്ടികവര്‍ഗ വിഭാഗമായ കുക്കികളും പട്ടിവര്‍ഗ ഇതര വിഭാഗമായ മേയ്തേയികളും തമ്മിലുളള സംഘര്‍ഷങ്ങള്‍ നീണ്ട രക്തചൊരിച്ചിലുകള്‍ക്കാണ് അവിടെ ഇടം നല്‍കിയിരിക്കുന്നത്.

വീണ്ടുമാരംഭിച്ച കലാപത്തിന്‍റെ ഫലമായി കുക്കികളുടെ വംശഹത്യയാണ് സംഭവിച്ചിരിക്കുന്നത്. സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ 11 കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് നീതീകരണമില്ലാത്ത ഈ സംഭവം അവിടെ അരങ്ങേറിയത്. കുക്കി സംഘടനക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുകള്‍ തുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അസമുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഈ കുരുതി നടന്നിരിക്കുന്നത്. പൊലീസ് സ്റ്റേഷനടുത്ത് ദുരിദാശ്വാസ ക്യാംപും പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുക്കികളുടെ കയ്യില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തായും സേന അറിയിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ശേഷം കുക്കികള്‍ ഒരു കിലോമീറ്റര്‍ അകലെയുളള ജകറാഡോര്‍ കരോങ്ങിലെ ഗ്രാമത്തിലേക്ക് പോവുകയും വീടുകള്‍ തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനോടൊപ്പം സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫിനെ അയച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ഹമര്‍ ഗോത്രയിലെ ഒരു സ്ത്രീയെ മേയ്തേയി വിഭാഗം കൊലപ്പെടുത്തിയ ശേഷം വീടുകള്‍ക്ക് തീയിട്ടിരുന്നു. ഇതോടെയാണ് ജിരിബാമില്‍ സംഘര്‍ഷം വ്യാപകമായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് ഈ സ്ത്രീയെ ബലാല്‍ത്സംഗം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ഇതിനടുത്ത ദിവസം മേയ്തേയി ആധിപത്യമുളള താഴ്‌വരയില്‍ ഒരു വനിത വയലില്‍ ജോലി ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ കുന്നുകളില്‍ നിന്നും കുക്കികള്‍ വെടിയുയര്‍ത്തതിനെ തുടര്‍ന്ന് ഒരു കര്‍ഷകന് പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ നിരവധി സംഘര്‍ഷങ്ങള്‍ക്ക് വേദിയാണ് ബൊറോബെക്ര. കഴിഞ്ഞയാഴ്ച ഇവിടത്തെ സൈറന്‍ ഹെമര്‍ ഗ്രാമത്തിലാണ് സായൂധ സംഘം ഒരു 31കാരിയെ കൊലപ്പെടുത്തുകയും, അനേകം വീടുകള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തത്. എന്തായാലും ശക്തമായ പ്രതിഷേധമാണ് മണിപ്പുരിലാകെ ഉയര്‍ന്നിരിക്കുന്നത്. കുക്കികള്‍ മണിപ്പുര്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കുക്കി സ്വാകൗണ്‍സില്‍ അടിയന്തിരമായി ഈ അക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളാണ് ബന്ദിന്‍റെ ഭാഗമായി നടന്നത്. ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നിരോധന ഉത്തരവ് കൊണ്ടു മാത്രം മനുഷ്യത്വരഹിതമായ അക്രമങ്ങളെ തടയാന്‍ കഴിയില്ലെന്നും കുക്കി എംഎല്‍എമാര്‍ പറഞ്ഞു.

മണിപ്പുരിലെ വംശഹത്യകള്‍ക്ക് ഒരു പ്രധാന കാരണക്കാരൻ മുഖ്യമന്ത്രിയായ ബിരേന്‍ സിങ് തന്നെയാണ്. കുക്കി വിഭാഗവുമായി ഒരു ചര്‍ച്ചയ്ക്കും മുഖ്യമന്ത്രി തയ്യാറല്ല. മേയ്തേയ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബിരേണ്‍ സിങ്ങിന്‍റെ പങ്ക് ഈ അക്രമങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയും. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബിരേണ്‍ സിങ്ങിനെ മാറ്റണമെന്ന ബഹുജനങ്ങളുടേയും മണിപ്പുരിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറല്ല. കുക്കി വിഭാഗം നേതാക്കളുമായും മുഖ്യമന്ത്രി ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുളള വസ്തുതാ വിരുദ്ധമായ സ്റ്റേറ്റ്‌മെന്‍റാണ് സുപ്രീം കോടതിയില്‍ പോലും സമര്‍പ്പിക്കപ്പെട്ടത്. പരമോന്നത കോടതിയില്‍ പോലും ഈ മുഖ്യമന്ത്രിക്ക് വേണ്ടി കളള സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ഒന്നരവര്‍ഷമായി കടുത്ത സംഘർഷം തുടരുന്ന മണിപ്പുരില്‍ സമാധാനം സ്ഥാപിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയമായിരുന്നുവെന്നും പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നു. ശത്രു രാജ്യങ്ങള്‍ കണക്കെ മണിപ്പുര്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. മിസൈലും ഡ്രോണും വരെ ഉപയോഗിച്ച് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.

മേയ്തി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദിവി നല്‍കാൻ അനുമതി നൽകിയ ഇംഫാല്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ 2023 മെയ് 3ലാണ് ഇവിടെ കലാപം ആരംഭിച്ചത്. ഡസന്‍കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ക്ക് വീടും നാടും നഷ്ടപ്പെട്ടു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഈ സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നു ബിജെപിക്കാരായ കുക്കി എംഎല്‍എമാർ പോലും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

മണിപ്പുരിലെ വംശഹത്യകള്‍ ഇതിനകം തന്നെ ലോകശ്രദ്ധയെ ആകര്‍ഷിച്ചിട്ടുളള ഒന്നാണ്. കൊല്ലപ്പെടുന്നതില്‍ മഹാഭൂരിപക്ഷവും ഒരു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായത് സംഭവങ്ങളുടെ ഗൗരവം കൂട്ടുന്ന ഒന്നാണ്. പാരലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പോലും ഇവിടത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ കാര്യമായ ഒരു ശ്രമവും നടത്തിയില്ല എന്നത് ജനതയെ വ്യാകുലപ്പെടുത്തുന്ന ഒന്നായിരുന്നു. ""റോം വെന്തെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തി''യെ പോലെ മണിപ്പുരിലെ മൗലിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ഈ ഭരണാധികാരികള്‍ ചെയ്യുന്നത്.

മണിപ്പുരിലെ വംശീയമായ സംഘര്‍ഷങ്ങള്‍ക്ക് ഇനിയെങ്കിലും അറുതിവരുത്തിയേ മതിയാകൂ. രാജ്യത്ത് ജനങ്ങള്‍ മുഴുവന്‍ ഇതാണാഗ്രഹിക്കുന്നത്. ഈ ജനകീയ വികാരം മാനിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ഈ വൈകിയ വേളയിലെങ്കിലും തയ്യാറായേ മതിയാകൂ. വര്‍ഗീയ ചേരിതിരിവുണ്ടായി ഒരു സംസ്ഥാനത്തെ ജനങ്ങളെ ബോധപൂര്‍വം തമ്മിലടിപ്പിക്കാനാണ് ഈ ഭരണാധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലായിരിക്കും ഇക്കൂട്ടരുടെ ഭാവിയിലെ സ്ഥാനം.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.