ഏവരുടെയും സ്വന്തമായ വ്യോമയാന മേഖല

ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ പ്രതിബദ്ധതയുടെ തെളിവായി ഉഡാന്‍ നിലകൊള്ളുന്നു,
special story on Indian aviation sector
ഏവരുടെയും സ്വന്തമായ വ്യോമയാന മേഖല
Updated on

പ്രത്യേക ലേഖകൻ

"സ്ലിപ്പര്‍ ചെരുപ്പ് ധരിക്കുന്ന സാധാരണക്കാരനും വിമാനത്തില്‍ സഞ്ചരിക്കണം; ഇതാണെന്‍റെ സ്വപ്നം'.-നരേന്ദ്ര മോദി

ആകാശം പലപ്പോഴും പ്രത്യാശയുടെയും അഭിലാഷത്തിന്‍റെയും പ്രതീകമായ ഒരു രാജ്യത്ത്, ആകാശയാത്ര എന്ന സ്വപ്നം പലര്‍ക്കും അവ്യക്തമായ ആഡംബരമാണ്. 2016 ഒക്റ്റോബര്‍ 21ന് റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീം (ആര്‍സിഎസ്) - "ഉഡാന്‍' അല്ലെങ്കില്‍ "ഉഡേ ദേശ് കാ ആം നാഗരിക്' ആരംഭിച്ചതോടെയാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ തുടങ്ങിയത്. വ്യോമയാന മന്ത്രാലയത്തിന്‍റെ (എംഒസിഎ) നേതൃത്വത്തിലുള്ള ഉഡാന്‍, ഇന്ത്യയിലുടനീളമുള്ള സേവനമില്ലാത്തതും സര്‍വീസ് ചെയ്യപ്പെടാത്തതുമായ വിമാനത്താവളങ്ങളില്‍ നിന്ന് പ്രാദേശിക വ്യോമ സമ്പര്‍ക്ക സൗകര്യം വർധിപ്പിക്കാനും സാധാരണക്കാര്‍ക്ക് വിമാന യാത്ര താങ്ങാനാവുന്നതാക്കി മാറ്റാനും ലക്ഷ്യമിടുന്നു. അതിന്‍റെ ഏഴാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അടിസ്ഥാന സൗകര്യങ്ങളും സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ പ്രതിബദ്ധതയുടെ തെളിവായി ഉഡാന്‍ നിലകൊള്ളുന്നു, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളില്‍.

സ്വപ്നം കുതിച്ചുയരുന്നു

ദേശീയ വ്യോമയാന നയം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള സുപ്രധാന യോഗത്തില്‍ വിമാന യാത്രയെ ജനാധിപത്യവത്കരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലാണ് ഉഡാന്‍റെ കഥ ആഴത്തില്‍ വേരൂന്നിയിരിക്കുന്നത്. "ചെരുപ്പ് ധരിച്ച ആളുകള്‍ വിമാനങ്ങളില്‍ കയറുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നു'വെന്ന അദ്ദേഹത്തിന്‍റെ പ്രശസ്തമായ അഭിപ്രായം കൂടുതല്‍ സമഗ്രമായ വ്യോമയാന മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് തിരികൊളുത്തിയ വികാരമായി മാറി. സാധാരണക്കാരന്‍റെ സ്വപ്നങ്ങളോടുള്ള ഈ പ്രതിബദ്ധതയാണ് ഉഡാന്‍റെ പിറവിയിലേക്ക് നയിച്ചത്.

2017 ഏപ്രില്‍ 27ന് ഷിംലയിലെ ശാന്തമായ കുന്നുകളെ തിരക്കേറിയ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ആദ്യ ഉഡാന്‍ വിമാനം പറന്നുയര്‍ന്നു. എണ്ണമറ്റ പൗരന്മാര്‍ക്ക് ആകാശം തുറക്കുന്ന ഈ ഉദ്ഘാടന വിമാനം ഇന്ത്യന്‍ വ്യോമയാനത്തിലെ പരിവര്‍ത്തന യാത്രയുടെ തുടക്കം കുറിച്ചു.

വിപണി അടിസ്ഥാനപ്പെടുത്തിയ സമീപനമായ ഉഡാന്‍ വിപണി അധിഷ്ഠിത മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ വിമാനക്കമ്പനികള്‍ നിർദിഷ്ട പാതകളിലെ ആവശ്യം വിലയിരുത്തുകയും ലേല റൗണ്ടുകളില്‍ നിർദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്), എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, കേന്ദ്ര ഗവണ്‍മെന്‍റ്, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ എന്നിവ നല്‍കുന്ന വിവിധ ഇളവുകള്‍ എന്നിവയിലൂടെ പിന്തുണ നല്‍കിക്കൊണ്ട് സേവനാനുകുല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ ഈ പദ്ധതി വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു.

പിന്തുണാ സംവിധാനങ്ങള്‍

ലാഭം കുറഞ്ഞ വിപണികളില്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്‍റ് നിരവധി സഹായ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്:

എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍: ആര്‍സിഎസ് വിമാനങ്ങളുടെ ലാന്‍ഡിങ്, പാര്‍ക്കിങ് ചാര്‍ജുകള്‍ അവര്‍ ഒഴിവാക്കുന്നു, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഈ വിമാനങ്ങളില്‍ ടെര്‍മിനല്‍ നാവിഗേഷന്‍ ലാന്‍ഡിങ് ചാര്‍ജുകള്‍ (ടിഎന്‍എല്‍സി) ഈടാക്കില്ല. കൂടാതെ, ഡിസ്‌കൗണ്ട് റൂട്ട് നാവിഗേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ചാര്‍ജ് (ആര്‍എന്‍എഫ്സി) ബാധകമാണ്.

കേന്ദ്ര ഗവണ്‍മെന്‍റ്: ആദ്യ 3 വര്‍ഷത്തേക്ക് ആര്‍സിഎസ് വിമാനത്താവളങ്ങളില്‍ വാങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്‍റെ (എടിഎഫ്) എക്സൈസ് തീരുവ 2 ശതമാനമായി നിജപ്പെടുത്തി. തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് കോഡ്- പങ്കിടല്‍ കരാറുകളില്‍ ഏര്‍പ്പെടാനും വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു.

സംസ്ഥാന ഗവണ്‍മെന്‍റുകള്‍: 10 വര്‍ഷത്തേക്ക് എടിഎഫിന്‍റെ വാറ്റ് ഒരു ശതമാനമോ അതില്‍ കുറവോ ആയി കുറയ്ക്കാനും സുരക്ഷ, അഗ്നിശമന സേവനങ്ങള്‍, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാനും സംസ്ഥാനങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.

ഈ സഹകരണ ചട്ടക്കൂട് വളരെക്കാലമായി അവഗണിക്കപ്പെട്ട പ്രദേശങ്ങളെ സേവിക്കുമ്പോള്‍ വിമാന കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുത്തു.

വ്യോമയാന വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ആര്‍സിഎസ്- ഉഡാന്‍ പദ്ധതി ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 7 വര്‍ഷമായി, പുതിയതും വിജയകരവുമായ നിരവധി വിമാന സര്‍വീസുകളുടെ ആവിര്‍ഭാവത്തിന് ഇത് ഉത്തേജകമായി. ഫ്ലൈ ബിഗ്, സ്റ്റാര്‍ എയര്‍, ഇന്ത്യ വണ്‍ എയര്‍, ഫ്ലൈ 91 തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കുകയും, സുസ്ഥിരമായ വ്യാപാര മാതൃകകള്‍ വികസിപ്പിച്ചെടുക്കുകയും പ്രാദേശിക വിമാന യാത്രകള്‍ക്കായി വളര്‍ന്നുവരുന്ന ഒരു ആവാസവ്യവസ്ഥയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു.

പദ്ധതിയുടെ വർധിച്ചുവരുന്ന വിപുലീകരണം എല്ലാ വലുപ്പത്തിലുമുള്ള പുതിയ വിമാനങ്ങള്‍ക്കുള്ള ആവശ്യം വർധിപ്പിക്കുകയും ആര്‍സിഎസ് റൂട്ടുകളില്‍ വിന്യസിച്ചിരിക്കുന്ന വിമാനങ്ങളുടെ സ്പെക്റ്റ്രം വിപുലീകരിക്കുകയും ചെയ്തു. എയര്‍ബസ് 320/321, ബോയിങ് 737, എടിആര്‍ 42, 72, ഡിഎച്ച്സി ക്യു 400, ട്വിന്‍ ഓട്ടര്‍, എംബ്രയര്‍ 145, 175, ടെക്നം പി 2006 ടി, സെസ്ന 208 ബി ഗ്രാന്‍ഡ് കാരവന്‍ എക്സ്, ഡോര്‍ണിയര്‍ 228, എയര്‍ബസ് എച്ച് 130, ബെല്‍ 407 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1,000ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്, ഇത് നിലവിലുള്ള 800 വിമാനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചു.

വിനോദസഞ്ചാരം

ടയര്‍-2, ടയര്‍-3 നഗരങ്ങളിലേക്ക് സാര്‍വത്രിക എത്തിച്ചേരല്‍ സൗകര്യം നല്‍കുന്നതിന് മാത്രമല്ല ആര്‍സിഎസ്- ഉഡാന്‍ സമര്‍പ്പിച്ചിരിക്കുന്നത്; വളര്‍ന്നുവരുന്ന വിനോദസഞ്ചാര മേഖലയുടെ ഒരു പ്രധാന സംഭാവനയായി ഇത് നിലകൊള്ളുന്നു. ഉഡാന്‍ 3.0 പോലുള്ള സംരംഭങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വഴികള്‍ അവതരിപ്പിച്ചു, അതേസമയം വിനോദസഞ്ചാരം, ആതിഥ്യമര്യാദ, പ്രാദേശിക സാമ്പത്തിക വളര്‍ച്ച എന്നിവയെ ഉത്തേജിപ്പിക്കുന്നതിനായി മലയോര മേഖലകളില്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഉഡാന്‍ 5.1 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഖജുരാഹോ, ദിയോഘര്‍, അമൃതസര്‍, കിഷന്‍ഗഡ് (അജ്മീര്‍) തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പ്രാപ്യമാണ്. മതപരമായ വിനോദസഞ്ചാര വിഭാഗത്തിന് ഇത് ഉപകാരപ്രദമാണ്. കൂടാതെ, പാസിഘട്ട്, സിറോ, ഹോളോംഗി, തേസു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ആരംഭിച്ചത് വടക്കുകിഴക്കന്‍ ടൂറിസം വ്യവസായത്തില്‍ വളര്‍ച്ചയ്ക്ക് കാരണമായി. ലക്ഷദ്വീപിലെ വിനോ ദസഞ്ചാരം വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ അഗത്തി ദ്വീപും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലക്ഷദ്വീപിലെ വിനോദസഞ്ചാരം വർധിപ്പിക്കുന്നു.

വ്യോമ ഗതാഗതം മെച്ചപ്പെടുത്തുന്നു

ഗുജറാത്തിലെ മുന്ദ്ര മുതല്‍ അരുണാചല്‍ പ്രദേശിലെ തേസു വരെയും ഹിമാചല്‍ പ്രദേശിലെ കുളു മുതല്‍ തമിഴ്നാട്ടിലെ സേലം വരെയും ആർസിഎസ്- ഉഡാൻ രാജ്യത്തുടനീളമുള്ള 34 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ പത്ത് ഹെലിപോര്‍ട്ടുകളും രണ്ട് ഹെലിപോര്‍ട്ടുകളും ഉള്‍പ്പെടെ മൊത്തം 86 എയറോഡ്രോമുകള്‍ ഉഡാന് കീഴില്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ദര്‍ഭംഗ, പ്രയാഗ്രാജ്, ഹുബ്ബള്ളി, ബെല്‍ഗവി, കണ്ണൂര്‍ തുടങ്ങിയ വിമാനത്താവളങ്ങള്‍ കൂടുതല്‍ സുസ്ഥിരമാകുകയാണ്. ഈ സ്ഥലങ്ങളില്‍ നിന്ന് നിരവധി ആര്‍സിഎസ് ഇതര വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

കുതിപ്പിലേക്ക്: ചില ഉഡാൻ

വിമാനത്താവളങ്ങള്‍

* ദര്‍ഭംഗ വിമാനത്താവളം (സിവില്‍ എന്‍ക്ലേവ്): വ്യോമയാന ഭൂപടത്തില്‍ നിന്ന് ഒരിക്കല്‍ പുറത്തായ ദര്‍ഭംഗ, 2020 നവംബര്‍ 9-ന് അതിന്‍റെ ആദ്യ വിമാനത്തിന്‍റെ വരവ് ആഘോഷിച്ചു. ഈ വിമാനത്താവളം ഇപ്പോള്‍ വടക്കന്‍ ബിഹാറിലെ 14 ജില്ലകള്‍ക്കുള്ള കവാടമായി പ്രവര്‍ത്തിക്കുന്നു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത പോലുള്ള പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നു.

* ഝാര്‍സുഗുഡ (എഎഐ എയര്‍പോര്‍ട്ട്): മുമ്പ് രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന എയര്‍സ്ട്രിപ്പ്, ഒഡിഷയിലെ രണ്ടാമത്തെ വിമാനത്താവളമെന്ന നിലയില്‍ 2019 മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമായി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷത്തിലധികം യാത്രക്കാരുമായി ഇത് ഇപ്പോള്‍ ഈ മേഖലയെ ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു.

* പിത്തോരാഗഢ്: ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം 2018ല്‍ ആർസിഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിലയിരുത്തപ്പെട്ടു. 2019 ജനുവരിയില്‍ സര്‍വീസ് ആരംഭിച്ചു. നിലവില്‍, ഡെറാഡൂണിലേക്കും പന്ത്‌നഗറിലേക്കും സര്‍വീസ് നടത്തുന്നു എന്നത് അതിന്‍റെ തന്ത്രപരമായ പ്രാധാന്യം കാണിക്കുന്നു.

* തേസു: പ്രകൃതി ഭംഗിക്കും മതപരമായ പ്രാധാന്യത്തിനും പേരുകേട്ട തേസു എയര്‍പോര്‍ട്ട് 2021 ഓഗസ്റ്റില്‍ ആർസിഎസ് പ്രവര്‍ത്തനം ആരംഭിച്ചു.

ആം നാഗരിക്കിനെ

പരിവര്‍ത്തനം ചെയ്യുന്നു

ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ വ്യോമയാന മേഖല ഗണ്യമായ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഫലപ്രദമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ പാതകള്‍ ഉള്‍പ്പെടെ 601 പാതകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഈ പാതകളില്‍ ഏകദേശം 28% വിദൂര മേഖലകളില്‍ സേവനം നല്‍കുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഇതു പ്രവേശനക്ഷമത വർധിപ്പിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014ല്‍ 74 ആയിരുന്നത് 2024ല്‍ 157 എന്ന നിലയില്‍ ഇരട്ടിയായി. 2047ഓടെ ഇത് 350-400 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അവരുടെ എയര്‍ലൈനുകള്‍ വര്‍ധിപ്പിച്ചതിനൊപ്പം, കഴിഞ്ഞ ദശകത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായി. 71 വിമാനത്താവളങ്ങള്‍, 13 ഹെലിപോര്‍ട്ടുകള്‍, 2 വാട്ടര്‍ എയ്റോഡ്രോമുകള്‍ എന്നിവ ഉള്‍പ്പെടുന്ന മൊത്തം 86 എയ്റോഡ്രോമുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇത് 2.8 ലക്ഷത്തിലധികം വിമാനങ്ങളിലായി 1.44 കോടിയിലധികം യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കി.

ഉഡാന്‍ വെറുമൊരു പദ്ധതിയല്ല; വിമാനം എന്ന സമ്മാനത്താല്‍, ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുന്നേറ്റമാണിത്. പ്രാദേശിക സമ്പര്‍ക്ക സൗകര്യം മെച്ചപ്പെടുത്തുകയും താങ്ങാനാകുന്ന നിരക്ക് ഉറപ്പാക്കുകയും ചെയ്യുന്നത് സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും ഉത്തേജിപ്പിക്കും. ഉഡാന്‍ വികസിക്കുമ്പോള്‍ ആകാശം യഥാർഥത്തില്‍ എല്ലാവരുടെയും പരിധിയാണെന്ന് ഉറപ്പുവരുത്തി, ഇന്ത്യയുടെ വ്യോമയാന മേഖലയെ പരിവര്‍ത്തനം ചെയ്യുമെന്ന വാഗ്ദാനവും അത് ഉള്‍ക്കൊള്ളുന്നു. വ്യോമ സേവനങ്ങളില്ലാത്ത മേഖലകളെ കൂട്ടിയിണക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രതിബദ്ധതയോടെ, ഉഡാന്‍ പദ്ധതി ഇന്ത്യന്‍ വ്യോമയാനത്തിന് പരിവര്‍ത്തന ഘടകമായി തുടരുന്നു. ഇത് കൂട്ടിയിണക്കപ്പെട്ടതും സമൃദ്ധവുമായ രാജ്യമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് ഗണ്യമായ സംഭാവന നല്‍കുന്നു.

Trending

No stories found.

Latest News

No stories found.