#അതുൽ കുമാർ തിവാരി, സെക്രട്ടറി,
നൈപുണ്യ വികസന- സംരംഭകത്വ മന്ത്രാലയം
ആഗോള തലത്തിൽ, നാലാം വ്യാവസായിക വിപ്ലവം (IR 4.0), ഊർജ പരിവർത്തനം, നൂതന സാങ്കേതികവിദ്യകൾ എന്നിവയാൽ സ്വാധീനിക്കപ്പെടുക്കുന്ന "തൊഴിലിന്റെ ഭാവി' ("Future of work'), അവയുടെ നിർവഹണ രീതികളിലുൾപ്പെടെ വലിയ മാറ്റത്തിന് വിധേയമാകുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നാം. "തൊഴിൽ', "തൊഴിലിടം', "തൊഴിൽ ശക്തി' എന്നീ മേഖലകളിൽ സമഗ്ര പരിവർത്തനത്തിന് നൂതന സാങ്കേതികവിദ്യകൾ കാരണമായിട്ടുണ്ട്. ഉന്നതമായ അറിവും സാമൂഹിക- വൈകാരിക നൈപുണ്യവും ആവശ്യമായ പുതിയ തൊഴിലുകളുടെ ആവിർഭാവം, സമസ്ത മേഖലകളിലും തൊഴിൽ ഘടനയിൽ തന്നെ അടിസ്ഥാനപരമായ മാറ്റത്തിന് കാരണമായിട്ടുണ്ട്. സാമൂഹിക സാമ്പത്തിക മേഖലകളിലെല്ലാം "തൊഴിലിന്റെ ഭാവി' സംബന്ധിച്ച ശുഭാപ്തിവിശ്വാസത്തിനൊപ്പം ന്യായമായ ആശങ്കകളും നിലനിൽക്കുന്നു.
ഈ വ്യാപ്തിയിലുള്ള ആഗോള പരിവർത്തനങ്ങൾക്ക് ലക്ഷ്യമിടുമ്പോൾ ആഴത്തിലുള്ള പര്യാലോചനകൾ ആവശ്യമാണ്. ആഗോള ജിഡിപിയുടെ 85% സംഭാവന ചെയ്യുകയും ആഗോള ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ജി 20, അതിന്റെ എല്ലാ സാമ്പത്തിക സാമൂഹിക മാനങ്ങളോടെയും, "തൊഴിലിന്റെ ഭാവി' സംബന്ധിച്ച ചർച്ച നടത്തുന്നതിനുള്ള ശരിയായ വേദി തന്നെയാണ്. ആഗോള നന്മ ലക്ഷ്യമിട്ട് "തൊഴിലിന്റെ ഭാവി' സംബന്ധിച്ച ആധുനിക പ്രവണതകളെ നിയന്ത്രിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ രാജ്യങ്ങളുടെ പരസ്പരപൂരകമായ ശക്തിയിലൂടെ ജി20യ്ക്കു സാധിക്കും. നൈപുണ്യ വികസന തന്ത്രങ്ങൾ, കാര്യക്ഷമത വർധിപ്പിക്കുന്നതിലെ അനുബന്ധ വശങ്ങൾ, തുടർ വിദ്യാഭ്യാസം, നിരീക്ഷണം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ മുഖമുദ്രയായി സ്ഥാപിക്കപ്പെടുകയും ലോകമെമ്പാടും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രസക്തി കൈവരികയും ചെയ്തു. ജീവിതത്തെ മുന്നോട്ട് നയിക്കുന്നതിനും സമൂഹത്തിന് സംഭാവന നൽകുന്നതിനും വളർന്നുവരുന്ന തൊഴിൽ വിപണികളിൽ അഭിവൃദ്ധിപ്പെടുന്നതിനും ആവശ്യമായ വൈദഗ്ധ്യം ഉറപ്പാക്കി പഠിതാക്കളെ സജ്ജരാക്കാൻ ഉതകുന്ന വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങൾ പുനർരൂപകൽപ്പന ചെയ്യുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിനുള്ള അവസരമാണ് ജി20യ്ക്കും ലോകത്തിനും കൈവന്നിരിക്കുന്നത്.
ഓട്ടോമേഷൻ, ബിഗ് ഡാറ്റ, എഐ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ തുടങ്ങി, നമുക്ക് ചുറ്റുമുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളിൽ "തൊഴിലിന്റെ ഭാവി' വ്യക്തമാക്കുന്ന പ്രധാന ഘടകങ്ങൾ ദൃശ്യമാണ്. ഉത്പാദനക്ഷമതയിൽ ബഹുഗുണീകൃതമായ വളർച്ച കൈവരിക്കാൻ ഇതിലൂടെ സാധ്യമായിട്ടുണ്ടെങ്കിലും, തൊഴിൽ വിപണിയുടെ വ്യാപ്തി, വലുപ്പം, ഉൾക്കൊള്ളൽ എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നു വരുന്നു. ആഗോളതലത്തിലെ ജനസംഖ്യാപരമായ വൈവിധ്യവും, മുൻനിര സമ്പദ് വ്യവസ്ഥകളായ ചില രാജ്യങ്ങളിൽ 2050ഓടെ തൊഴിൽ ശേഷിയുള്ള പ്രായക്കാരുടെ സംഖ്യ 25%ലും താഴെയായിരിക്കുമെന്ന പ്രവചനവും ആശങ്കാജനകമാണ്. കൂട്ടായ ജി20 നൈപുണ്യ തന്ത്രങ്ങളും സ്കൂൾ വിദ്യാഭ്യാസവും സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനങ്ങളും (TVET) നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ജി 20 വിദ്യാഭ്യാസ, തൊഴിൽ കർമ സമിതിയുടെ ചർച്ചകളും പരിശ്രമങ്ങളും ചില മേഖലകളിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020, എല്ലാ തലങ്ങളിലും നൈപുണ്യവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. തടസരഹിത ക്രെഡിറ്റ് ശേഖരണവും കൈമാറ്റവും, തൊഴിലധിഷ്ഠിത- പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങൾ തമ്മിലുള്ള അതിർവരമ്പുകളില്ലാതാക്കുക, വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ സംസ്ഥാനങ്ങൾ എന്നിവയിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാഭ്യാസ, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങൾ ഏകീകരിക്കുന്നതിലൂടെയുള്ള നൈപുണ്യ വിതരണം എന്നിവ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയുന്നു. പഠനത്തെ കൂടുതൽ തൊഴിലധിഷ്ഠിതവും ആരോഗ്യകരവുമാക്കാനും തൊഴിലവസരം വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. നമ്മുടെ വിദ്യാഭ്യാസ, നൈപുണ്യ സ്ഥാപനങ്ങൾ സമ്പദ്വ്യവസ്ഥയിലും തൊഴിൽ വിപണിയിലും ദൃശ്യമാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ മാത്രമല്ല, പൊരുത്തപ്പെടാൻ കഴിയുന്ന വ്യക്തികളെ സജ്ജരാക്കാനും നയം വിഭാവനം ചെയ്യുന്നു.
"തൊഴിലിന്റെ ഭാവി' തൊഴിലാളികളെ സജ്ജരാക്കുകയെന്നത് ബഹുമുഖവും ബഹുപങ്കാളിത്തം ആവശ്യമുള്ളതുമായ ഒരു ഉത്തരവാദിത്തമാണ്. തൊഴിൽ മേഖലകളിലേക്കും, അനൗപചാരിക നൈപുണ്യത്തിലേക്കും നയിക്കുന്നതിനൊപ്പം സർഗാത്മക, പ്രശ്നപരിഹാര, വിശകലന ശേഷികൾ വിദ്യാർഥികളിൽ സന്നിവേശിപ്പിക്കാൻ വിദ്യാഭ്യാസ- നൈപുണ്യ ആവാസ വ്യവസ്ഥയ്ക്കാകണം. പുതിയ കാലത്തെ സമ്പദ്വ്യവസ്ഥയ്ക്ക് അനുഗുണമാം വിധം അവരെ സുസജ്ജരാക്കണം. യന്ത്രവത്ക്കരണം, ഉപഭോക്തൃ ഇടപഴകലിലും "ഷോപ്പ് ഫ്ലോർ' രീതികളിലും വലിയ പരിവർത്തനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ഉത്പാദന, സേവന മേഖലകളിൽ, നിരന്തര നൈപുണ്യ മൂല്യനിർണയത്തിന്റെയും വിലയിരുത്തലിന്റെയും ആവശ്യകത ഏറിയിരിക്കുകയാണ്.
സൈദ്ധാന്തിക ചിന്താ തലങ്ങൾക്കുപരിയായി പരസ്പര ബന്ധിത ലോകത്തിൽ പകർന്ന് നൽകാവുന്ന തൊഴിൽ നൈപുണ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് നൈപുണ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കേണ്ടതുണ്ട്. ഈ പരിവർത്തനം അക്ഷരാർഥത്തിൽ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പ്രേരണയും പ്രാദേശിക/ ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ ബന്ധപ്പെട്ട പങ്കാളികൾക്ക് പകർന്നു നൽകുന്നത് തുടരണം. തൊഴിൽ ശക്തിയിലെ വനിതാ പങ്കാളിത്തം, ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടന്ന് സമൂഹത്തിന്റെ താഴെത്തട്ടിലേക്കുള്ള നൈപുണ്യത്തിന്റെ പ്രവേശനം, നവ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളെ സഹായിക്കുക തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ സാങ്കേതിക വിദ്യകൾക്കൊപ്പം നവീനമായ ചില പരിശ്രമങ്ങളും "തൊഴിലിന്റെ ഭാവി' ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള "ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾ "തൊഴിലിന്റെ ഭാവി' ലക്ഷ്യമിട്ട് വിദ്യാഭ്യാസ- നൈപുണ്യ സംവിധാനങ്ങൾ നവീകരിക്കുന്നതിന് ആവശ്യമായ പരിഷ്കാരങ്ങൾ ഏറ്റെടുക്കുമ്പോൾ, സഹകരണത്തിലൂടെയും ചലനാത്മകതയിലൂടെയും സംജാതമാകുന്ന പരസ്പരപൂരകമായ ഒട്ടേറെ അവസരങ്ങൾ ജി20 രാജ്യങ്ങൾക്കായി തുറക്കപ്പെടുകയാണ്.